കുഞ്ഞുങ്ങളെ തൊടരുത് ,കല്യാണമണ്ഡപത്തില്‍ ഭ്രഷ്ട്; കുട്ടികളില്ലാത്തവര്‍ നടക്കുന്ന കനല്‍വഴികള്‍


അഞ്ജന രാമത്ത്



Representative image: Freepik

വര്‍ഷങ്ങളായി ഞാനൊരു കല്യാണത്തിന് പോയിട്ട്. അമ്മാവന്റെ മോളുടെ കല്യാണത്തിന് വരണ്ടെന്ന് പോലും പറഞ്ഞിട്ടുണ്ട്. കൈകുഞ്ഞുങ്ങളെ ഞാനെടുക്കാറില്ല. നാളെ അവരൊന്ന് തുമ്മിയാല്‍ എന്റെ ദോഷമെന്നെ അവര്‍ പറയു''.

സര്‍ക്കാര്‍ ഉദ്യോഗസ്ഥയായരാധികയെന്ന വിവാഹമോചിതയുടെ വാക്കുകളാണിത്. 'മച്ചി', 'പെറാത്തോള്‍', 'ചെനപിടിക്കാത്തവള്‍' തുടങ്ങി കുട്ടികളില്ലാത്ത സ്ത്രീകള്‍ക്ക്‌ സമൂഹം ചാര്‍ത്തിക്കൊടുത്ത പേരുകള്‍ അനവധിയാണ്. കുഞ്ഞുങ്ങളില്ലെന്ന വേദനയ്ക്ക് പുറമേ ഇവര്‍ നേരിടേണ്ടി വരുന്ന ഈ സാമൂഹിക ഒറ്റപ്പെടുത്തലാണ് ഏറ്റവും ഭീകരം.പുരുഷനും സമാന അനുഭവത്തിലൂടെ കടന്നു പോവുന്നുണ്ടെങ്കിലും സ്ത്രീകള്‍ നേരിടേണ്ടി വരുന്ന സാമൂഹിക സമ്മര്‍ദം ചെറുതല്ല.ലോകാരോഗ്യ സംഘടന പുറത്ത് വിട്ട കണക്ക് പ്രകാരം 186 മില്യണ്‍ ജനങ്ങള്‍ വന്ധ്യത പ്രശ്‌നങ്ങള്‍ നേരിടുന്നു.ആരാധനാലയങ്ങളിലും ഐവിഎഫ് ചികിത്സ കേന്ദ്രങ്ങളിലും ലക്ഷങ്ങള്‍ പൊട്ടിക്കുന്ന ദമ്പതിമാര്‍ കേരളത്തിലുണ്ട്. ഇവരെ ചൂഷണം ചെയ്യുന്ന മാഫിയകളെ കുറിച്ചും റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്.സാക്ഷരകേരളത്തിലും കുട്ടികളിലാത്ത സ്ത്രീകള്‍ നേരിടുന്ന മാറ്റിനിര്‍ത്തലുകള്‍ ഞെട്ടിപ്പിക്കുന്നതാണ്

'' വിവാഹം നടക്കുമ്പോള്‍ നീ മണ്ഡപത്തില്‍ കയറാതിരിക്കുന്നതാണ് നല്ലത്, കുട്ടികളില്ലാത്തവര്‍ അവിടെ നില്‍ക്കുന്നത് ദുശ്ശകുനമാണ്‌. ഒന്നും തോന്നല്ലേട്ടോ നമ്മടെ കുടുംബത്തിലെ കുട്ട്യോള്‍ക്ക് വേണ്ടിയല്ലേ''..

വിവാഹം കഴിഞ്ഞ് കുഞ്ഞുണ്ടാവാതിരുന്ന ദീപയോട് ബന്ധു ഒരു കല്യാണ ചടങ്ങില്‍ പറഞ്ഞതാണ് ഈ വാക്കുകള്‍. വിവാഹം കഴിഞ്ഞ് വെറും മൂന്ന് വര്‍ഷമേ ആയിരുന്നുള്ളു അന്ന്‌
ഇത് ദീപയുടെ(യഥാര്‍ത്ഥ പേരല്ല)മാത്രം അനുഭവമല്ല കേരളത്തില്‍ കുട്ടികളില്ലാത്തതിന്റെ പേരില്‍ വേദന തിന്നുന്ന നിരവധി സ്ത്രീകളുടെ കൂടി അവസ്ഥയാണ്‌

വന്ധ്യത

സ്ത്രീയുമായി ബന്ധപ്പെട്ട കാരണങ്ങള്‍ മാത്രമല്ല വിവിധങ്ങളായ കാരണങ്ങള്‍ മൂലം വന്ധ്യത സംഭവിക്കാം. അതില്‍ സ്ത്രീയും പുരുഷനും ഒരു പോലെ ഉള്‍പ്പെടുന്നുണ്ട്‌. സ്ത്രീകളിലെ അണ്ഡോത്പാദനത്തിലെ തകരാറുകള്‍, അണ്ഡവാഹിനി കുഴലിലെ പ്രശ്‌നങ്ങള്‍, ഫൈബ്രോയിഡുകള്‍, എന്‍ഡോമെട്രിയോസിസ്, ഗര്‍ഭപാത്രത്തിലെ തകരാറുകള്‍, നേരത്തെ നടന്ന ശസ്ത്രക്രിയയെ തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ തുടങ്ങി പലകാരണങ്ങളും വന്ധ്യതയ്ക്കിടയാക്കിയേക്കാം.

പുരുഷന്മാരില്‍ ബീജത്തിന്റെ എണ്ണത്തിലുണ്ടാകുന്ന കുറവ്, ബീജമില്ലാതാകുന്ന അവസ്ഥ, ബീജത്തിന്റെ ചലനശേഷിക്കുറവ്, ബീജത്തിന്റെ ആകൃതിയിലെ വ്യതിയാനം, ശുക്ലത്തിലെ തകരാറുകള്‍, ഉദ്ദാരണ സംബന്ധമായ ബുദ്ധിമുട്ടുകള്‍ മുതലായ കാരണങ്ങളും വന്ധ്യതയിലേക്ക് നയിക്കാം. എന്നാല്‍ ഈ ശാസ്ത്രീയ വശങ്ങള്‍ ഒന്നും കാണാതെ വന്ധ്യത സ്ത്രീയുടെ മാത്രം തെറ്റാണെന്ന് കരുതുന്നവരാണ് സമൂഹത്തില്‍ ഭൂരിഭാഗവും


''കല്യാണം കഴിഞ്ഞ് പിറ്റേ ദിവസം മുതല്‍ കുഞ്ഞുങ്ങള്‍ വേണമെന്നായിരുന്നു വീട്ടുകാരുടെയും നാട്ടുകാരുടെയും സ്റ്റഡി ക്ലാസ്. എന്നാല്‍ യാത്രകളെ ഇഷ്ടപ്പെട്ട ഞങ്ങള്‍ കുഞ്ഞുങ്ങള്‍ ഒരു വര്‍ഷത്തിന് ശേഷം മതിയെന്ന തീരുമാനത്തിലായിരുന്നു. എന്നാല്‍ 2 വര്‍ഷത്തിന് ശേഷം കുഞ്ഞുങ്ങളാവാതായതോടെ ശാപവാക്കുകളായി. തങ്ങളുടെ മകന് സന്താന ഭാഗ്യം നല്‍കാത്ത താടകയായി ഞാന്‍, ടെക്കിയായ അശ്വതി(യഥാര്‍ത്ഥ പേരല്ല) പറയുന്നു. പൂര്‍ണ്ണ പിന്തുണയുമായി കിരണ്‍ എനിക്കൊപ്പം കൂടെയുണ്ടായിരുന്നെങ്കിലും അവന് തടയാന്‍ പറ്റുന്നതിനും അപ്പുറമായി കാര്യങ്ങള്‍. ഞങ്ങളിലാര്‍ക്കാണ് പ്രശ്‌നമെന്ന് പോലും ആരും അന്വേഷിച്ചില്ല. എനിക്ക് ഡിപ്രഷന്‍ സ്ഥിരികരിച്ചതോടെ കിരണ്‍ ട്രാന്‍സ്ഫര്‍ വാങ്ങി എന്നെയും കൊണ്ട് ബാംഗ്ലൂരിലേക്ക് പോയി''.

ചികിത്സയെല്ലാം കഴിഞ്ഞ് അശ്വതി പൂര്‍ണ്ണ ആരോഗ്യവതിയാണ്. ഒറ്റപ്പെടുത്തലുകളും കുത്തുവാക്കുകളും തുടരുന്നുണ്ടെങ്കിലും അതെല്ലാം നേരിടാനും കുറിക്ക് മറുപടി കൊടുക്കാനും ഇന്നവള്‍ പ്രാപ്തയാണ്‌.

പ്രിവിലേജുകളുള്ള അശ്വതിക്ക് ഈ ഘട്ടം മറികടക്കാനായ പോലെ പ്രിവിലേജുകളില്ലാത്ത ഒരു സ്ത്രിക്ക് പറ്റണമെന്നില്ല. ജോലിയും വിദ്യാഭ്യാസവും ഉണ്ടെങ്കിലും കുടുബത്തിന്റെ അഭിമാനത്തിന്റെ കുടുക്കില്‍ പെടുന്നവരാണ് ഭുരിഭാഗം സ്ത്രീകളും. പാട്രിയാര്‍ക്കിയല്‍ ചട്ടകൂടിനുള്ളില്‍ ഒതുങ്ങി കൂടുന്നതാണ് നല്ലതെന്ന് ചിന്തിക്കുന്ന വിദ്യാസമ്പന്നരും
ഇവിടെയുണ്ട്. വിദ്യാഭ്യാസം അധികമില്ലാതെ സാമൂഹികമായ സാധ്യതകള്‍ അധികം ലഭിക്കാത്ത സാധാരണ വീട്ടമ്മമാരുടെ കാര്യം അതിലും കഷ്ടമാണ്. താന്‍ ഇതെല്ലാം അനുഭവിക്കേണ്ടത കാര്യമുണ്ടോയെന്ന് ചിന്തിക്കാനുള്ള അറിവ്‌ പോലും പലര്‍ക്കുമുണ്ടാവില്ല.

അതിനൊരു ഉദാഹരണമാണ്‌ വീട്ടമ്മയായ ലത. മുഴുക്കുടിയനായ ആദ്യഭര്‍ത്താവിന്റെ പീഡനം സഹിക്ക വയ്യാതെയാണ് ലത(യഥാര്‍ത്ഥ പേരല്ല) അന്ന് ആ വീട് വിട്ടത്. ആദ്യത്തെ ഗര്‍ഭം ഭര്‍ത്താവുമായുള്ള മല്‍പ്പിടിത്തതില്‍ അലസി പോയിരുന്നു. ഈ വിവരം മറച്ച് വെച്ചാണ് വീട്ടുകാര്‍ ലതയുടെ രണ്ടാം വിവാഹം നടത്തിയത്. പാലക്കാടുള്ള ഉള്‍ഗ്രാമത്തിലേയ്ക്കാണ് ലത വിവാഹം കഴിഞ്ഞ് പോയത്. ആദ്യമെല്ലാം സ്വാഭാവികമായി വിവാഹ ജീവിതം മുന്നോട്ട് പോയി. ആദ്യത്തെ ഗര്‍ഭം അലസി പോയെന്ന് ഭര്‍ത്താവിനോട് ലത പറഞ്ഞിരുന്നു. വളരെ സ്വാഭാവികമായി തന്നെ ഭര്‍ത്താവ് ഈ വിഷയത്തെ കൈകാര്യം ചെയ്തു

ഒരു വര്‍ഷം കഴിഞ്ഞും കുഞ്ഞുങ്ങള്‍ ഇല്ലാതായതോടെ ലതയ്ക്ക് പിന്നെ കഷ്ടകാലമായി. 8 വര്‍ഷങ്ങള്‍ക്കിപ്പുറവും ഒരു വൈദ്യസഹായം പോലും ഇവര്‍ തേടിയിട്ടില്ല. ആര്‍ക്കാണ് പ്രശ്‌നമെന്ന് അറിയുന്നതിന് മുന്‍പ് തന്നെ ലതയുടെ പ്രശ്‌നം കൊണ്ടാണ് കുട്ടികളില്ലാത്തതെന്ന് അവര്‍ വിധിയെഴുതി. അതിന്റെ പേരില്‍ ലത നേരിടാത്ത ബുദ്ധിമുട്ടുകളില്ല. ഇന്നവര്‍ അധികമാരോടും സംസാരിക്കാറില്ല, ആഘോഷങ്ങള്‍ക്ക് പോവാറുമില്ല.ആറ് മാസം നന്നായി സംസാരിക്കും, ആറ് മാസം നിശബ്ദത. മാനസിക രോഗ വിദഗ്ദനെ കാണിച്ചുകൂടെ എന്ന ചോദ്യത്തിന് ''അവള്‍ക്ക് ധിക്കാരമാണ് രോഗമല്ലെന്നാണ്'' വീട്ടുകാര്‍ പറഞ്ഞത്. അപ്പോഴും നിര്‍വികാരയായി ലത അടുക്കളയിലുണ്ടായിരുന്നു.

കുഞ്ഞുങ്ങളുണ്ടായില്ലെങ്കില്‍ സമൂഹത്തിന്റെ വിരല്‍ സ്ത്രീകള്‍ക്ക് നേരെയാണ് ചൂണ്ടുകയെന്ന്‌. മാനസിക രോഗ വിദഗ്ദന്‍ സി.ജെ ജോണ്‍ പറയുന്നു

പുരുഷന്റെ വന്ധ്യതയെ ആരും പരിഗണിക്കാറേയില്ല. കുട്ടിയുണ്ടാവുന്നത് സ്ത്രീയുടെ ഉത്തരവാദിത്ത്വമാണെന്ന ബോധം സമൂഹം വളര്‍ത്തിയെടുത്തിട്ടുണ്ട്. കുട്ടിയുണ്ടാവുന്നത് അത്യാവശ്യകാര്യമാണെന്ന ബോധവുമുണ്ട്. അതൊരു ശാരിരിക അവസ്ഥ മാത്രമാണെന്ന് മനസിലാക്കുന്നില്ല. ഈ സമ്മര്‍ദ്ദങ്ങളെല്ലാം സ്ത്രിയെ ഡിപ്രഷനിലേക്ക് തള്ളിവിടാം. വന്ധ്യത ചികിത്സയുടെ ഭാഗമായി സ്ത്രീകള്‍ കഴിക്കുന്ന മരുന്നുകളില്‍ ചിലത് ഡിപ്രഷന് കാരണമാവാന്‍ സാധ്യതയുമുണ്ട്. പല ചികിത്സകള്‍ക്കും വിജയശതമാനം കുറവാണ്. ഇത് ശരിയാവുമോ ഇല്ലയോ എന്ന സമ്മര്‍ദ്ദം ആക്‌സൈറ്റി പ്രശ്‌നങ്ങളുമുണ്ടാക്കും. വന്ധ്യത ചികിത്സയിലൂടെ കടന്നുപോവുന്ന ദമ്പതിമാര്‍ക്ക് തണലാവുകയാണ് ചുറ്റുമുള്ളവര്‍ ചെയ്യേണ്ടത്. അല്ലാതെ കുത്തുവാക്കുകള്‍ കൊണ്ട് തളര്‍ത്തുകയല്ല.

ഭര്‍ത്താവിന് വന്ധ്യതയുണ്ടെങ്കിലും അത് സൗകര്യപൂര്‍വം ഭാര്യയുടെ തലയില്‍ വെയ്ക്കുന്ന വിരുതന്‍മാരും കുറവല്ല. തനിക്ക് വന്ധ്യതയെന്ന് പറഞ്ഞാല്‍ സമൂഹത്തില്‍ തനിക്ക് നഷ്ടമാവുന്ന പുരുഷത്ത്വത്തെ കുറിച്ച് ആശങ്കയുള്ളവരാണിവര്‍. ഇല്ലാത്ത വന്ധ്യതയുടെ പേരില്‍ 10 വര്‍ഷത്തോളം ഭര്‍ത്താവിന്റെ വീട്ടില്‍ മാനസിക ശാരിരിക ബുദ്ധിമുട്ടുകള്‍ നേരിട്ടവളാണ് രാധിക. (യഥാര്‍ത്ഥ പേരല്ല)

അമ്മ ഒറ്റയ്ക്ക് വളര്‍ത്തിയതാണ് എന്നെ ഇഷ്ടം പോലെ സ്വത്തുണ്ട്. നല്ല ജോലിയും സ്വത്തുമുള്ള വീട്ടില്‍ നിന്ന് കല്യാണം ആലോചന വന്നപ്പോള്‍ എല്ലാവരും സന്തോഷിച്ചു. സര്‍ക്കാര്‍ സര്‍വീസില്‍ എല്‍ഡി ക്ലര്‍ക്കായ രാധിക( യഥാര്‍ത്ഥ പേരല്ല) പറയുന്നു

''ചെറുപ്പം മുതലേ തടിയുള്ള പ്രകൃതമായിതിനാല്‍ ആലോചനകളും എല്ലാം തെറ്റി പോവുമായിരുന്നു. ആഢ്യത്തുമുള്ള വീട്ടില്‍ നിന്നാണ് നിന്റെ മരുമകന്‍...എന്ന് വല്യമ്മ പറഞ്ഞപ്പോള്‍ മരുമകനല്ല എന്റെ മകനെന്ന് പറഞ്ഞാണ് അമ്മ തിരുത്തിയത്‌. അങ്ങനെ കരുതിയ ആ മനുഷ്യന്‍ എന്നോട് ചെയ്ത് ക്രൂരതകള്‍ പറഞ്ഞാലും തീരില്ല. ആദ്യത്തെ കൊല്ലം കഴിഞ്ഞപ്പോള്‍ കുഞ്ഞുങ്ങളാവത്തതിനാല്‍ ഡോക്ടറെ കണ്ടിരുന്നു. പ്രശ്‌നം അയാള്‍ക്കാണെന്ന് അന്ന് ഡോക്ടര്‍ പറഞ്ഞു. വീട്ടിലേക്കെത്തി അയാള്‍ എന്നെ റൂമിലേക്ക് കൊണ്ടുപോയി, കരണം പുകച്ചൊരു അടിയായിരുന്നു ആദ്യം കിട്ടിയത്. എന്റെ കുഴപ്പമാണെന്ന് പറഞ്ഞാല്‍ നിന്റെ ജീവിതം നരകമായിരിക്കുമെന്ന് പറഞ്ഞു. അന്ന് കവിളിലുണ്ടായിരുന്ന നീറ്റല്‍ ഇന്നും എനിക്ക് അനുഭവപ്പെടാറുണ്ട്‌..

അയാള്‍ക്കാണ് കുഴപ്പമെന്ന് ഞാനൊരു മനുഷ്യകുട്ടിയോടും പറയില്ലായിരുന്നു. കുഞ്ഞുങ്ങള്‍ വേണ്ടെന്ന് തീരുമാനത്തിലായിരുന്നു ആശുപത്രിയില്‍ നിന്ന് ഞാന്‍ വന്നത്. പിന്നെ നടന്ന ജീവിതം പറയാന്‍ പറ്റാത്തതാണ്. എന്റെ പ്രശ്‌നമാണെന്ന് നാട്ടില്‍ മുഴുവന്‍ അയാള്‍ പറയാതെ പറഞ്ഞു . പനി വന്ന് ഒരു പാരസെറ്റമോള്‍ വാങ്ങിയാല്‍ അതിനു പോലും കണക്ക്‌. ഇഷ്ടപ്പെട്ട പച്ചക്കറി വാങ്ങിച്ചാല്‍ അയാള്‍ കണക്ക് പറയും. വീട്ടില്‍ നിന്ന് കിട്ടുന്ന പൈസയായിരുന്നു ആകെ കൈയിലുണ്ടായിരുന്നത്. സ്ഥിതി ഇനിയും വഷളാവുമെന്ന് കരുതി ഒളിച്ചിരുന്ന്‌ പിഎസ്‌സിക്ക് പഠിച്ച് എല്‍ഡി ക്ലാര്‍ക്ക് ജോലി വാങ്ങി. ശമ്പളം കിട്ടി അന്ന് തന്നെ അയാള്‍ക്ക് കൊടുക്കണം. എന്നിട്ടും ഞാന്‍ സഹിച്ചു.

മറ്റു സ്ത്രീകളുമായുള്ള അടുപ്പം പിടികൂടിയപ്പോള്‍. അങ്ങനെ പോയാല്‍ എന്താണ്, എനിക്ക് കുട്ടികളെ നല്‍കാന്‍ കഴിയില്ല ,എനിക്കത്‌ ബാധ്യതയാവില്ലെന്ന് എന്റെ മുഖത്ത് നോക്കി അയാള്‍ പറഞ്ഞു. ഇനിയും സഹിക്കാന്‍ പറ്റില്ലെന്ന് ആയപ്പോളാണ് ഞാന്‍ വീട് വിട്ട് ഇറങ്ങി പോന്നത്. സ്വന്തം കാലില്‍ നില്‍ക്കാന്‍ ഇന്നെനിക്ക് ജോലിയുണ്ട്, പക്ഷേ ഈ സമൂഹത്തില്‍ ഒരു പെണ്ണ് ഒറ്റയ്ക്ക് ജീവിക്കുമ്പോള്‍ നേരിടുന്ന ബുദ്ധിമുട്ട് നല്ലോണമുണ്ട്.

ഇന്ന സ്ഥലത്തെ ഡോക്ടറെ കണ്ടിരുന്നെങ്കില്‍ നിന്നെ അവന്‍ ഒഴിവാക്കില്ലെന്ന കുത്തുവാക്കുകളും ഇഷ്ടം പോലെയുണ്ട്. വര്‍ഷങ്ങളായി ഞാനൊരു കല്യാണത്തിന് പോയിട്ട്. അമ്മാവന്റെ മോളുടെ കല്യാണത്തിന് വരണ്ടെന്ന് പോലും പറഞ്ഞിട്ടുണ്ട്. കൈകുഞ്ഞുങ്ങളെ ഞാനെടുക്കാറില്ല. നാളെ അവരൊന്ന് തുമ്മിയാല്‍ എന്റെ ദോഷമെന്നെ അവര്‍ പറയു''. രാധിക പറയുന്നു.

കുഞ്ഞുങ്ങളില്ലാത്ത സ്ത്രീകള്‍ ദുശ്ശകുനമാണെന്ന് പറഞ്ഞ് മാറ്റി നിര്‍ത്തുക മാത്രമല്ല അവര്‍ മനസറിഞ്ഞ് ചിരിക്കുന്നതിനെ പോലും വിലക്കുന്നവര്‍ ഇവിടെയുണ്ട്. 50 വയസിന് ശേഷം സിനിമയില്‍ സജീവയായ ഗിത ( യഥാര്‍ത്ഥ പേരല്ല) പറയുന്നു.

കുട്ടികളില്ലാത്തവര്‍ ചിരിക്കാന്‍ പാടില്ല ഈശ്വര പ്രാത്ഥന ചെയ്ത് ജീവിക്കണമെന്നാണ് ഇവരുടെ ഉപദേശം. ഞങ്ങളുടെ സ്വത്ത് മരണശേഷം ആര്‍ക്കെന്നതാണ് ഇവരുടെ പ്രധാന ചര്‍ച്ച വിഷയം. കുഞ്ഞുങ്ങളില്ലാത്തതിന്റെ പേരില്‍ നിരവധി അനുഭവിച്ചു. സെക്ഷ്വലി അറപ്പുണ്ടാക്കുന്ന തരത്തിലുള്ള കമന്റുകള്‍ വരെ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. അതില്‍ നിന്നെല്ലാം പുറത്ത് കൊണ്ടു വന്നത് എന്റെ ഭര്‍ത്താവാണ്. അദ്ദേഹത്തിന്റെ പിന്തുണയാണ്‌ എന്നെ പിടിച്ച് നിര്‍ത്തിയത്

എല്ലാവരും വിചാരിക്കുന്നത് പോലെ ഐവിഎഫ് ചികിത്സ അത്ര എളുപ്പമല്ല. ചികിത്സ കാലയളവില്‍ ഒരുപാട് ശാരിരിക അസ്വസ്ഥതകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ആ സമയത്ത് ഞാന്‍ നേരിട്ടിരുന്ന പ്രധാന പ്രശ്‌നം ശര്‍ദ്ദിയാണ്. ഞാന്‍ ഒരോ വട്ടം ശര്‍ദ്ദിക്കുമ്പോളും ഇവര്‍ വിചാരിക്കും എനിക്ക് ഗര്‍ഭമാണെന്ന് . പക്ഷേ എനിക്ക് നന്നായി അറിയാം ഇത് മരുന്നതിന്റെ പാര്‍ശ്വഫലമാണെന്ന്. ആ കാലഘട്ടം ഓര്‍ക്കാന്‍ പോലും ബുദ്ധിമുട്ടാണ്- ഗിത പറയുന്നു

സര്‍ക്കാര്‍ ജോലിക്കാരും സാമ്പത്തിക പശ്ചാത്തലവുമുള്ള ഈ ദമ്പതികള്‍ക്ക് പറയാനുള്ളത് മറ്റൊരു കഥയാണ്‌

ഞാനും ഭര്‍ത്താവും സര്‍ക്കാര്‍ ജോലിക്കാരാണ്. ഞങ്ങളുടെ പിശുക്കാണ് എല്ലാവര്‍ക്കും വിഷയം .സഹോദരിയുടെ മകന്റെ കല്യാണത്തിന് ഒരു ലക്ഷമാണ് സമ്മാനമായി ഞങ്ങള്‍ നല്‍കിയത്. എന്നാല്‍ എന്തിനാണ് ഇത്ര പിശുക്ക്. കൂട്ടിവെച്ചിട്ട് കൊടുക്കാന്‍ പിള്ളേരില്ലല്ലോയെന്ന് എല്ലാവരുടെ മുന്നിലും വെച്ച് അടുത്ത ബന്ധു പൊട്ടിചിരിച്ചു കൊണ്ട് പറഞ്ഞു. തകര്‍ന്നു പോയി ആ നിമിഷം. ചത്താലോ എന്ന് വരെ തോന്നി.

എല്ലാവരുടെയും വിചാരം ഞങ്ങള്‍ സമ്പാദിക്കണ്ട എല്ലാ സ്വത്തും നാട്ടുകാര്‍ക്ക് കൊടുക്കണമെന്നുമാണ്. വയസാം കാലത്ത് ഞങ്ങളെ നോക്കാന്‍ ആരുമില്ല. പൈസയില്ലാണ്ട് ആരെങ്കിലും ചികിത്സിക്കുമോ. നല്ലൊരു ഓള്‍ഡ്‌ ഏജ് ഹോമില്‍ വാര്‍ദ്ധക്യം ചിലവഴിക്കാനാണ് ആഗ്രഹിക്കുന്നത്. ഞങ്ങള്‍ ഹാപ്പിയാണ്. പക്ഷേ ഈ കുത്തുവാക്കുകളാണ് തകര്‍ത്തുകളയുന്നത്. പ്രസവിച്ച് കിടക്കുന്ന സ്ത്രീകളെ കാണാന്‍ പോവാറില്ല. ഒരിക്കല്‍ ഗര്‍ഭിണിയായ ബന്ധത്തിലെ അനിയത്തിയെ ചേര്‍ത്തുപിടിച്ചതിന് കേട്ട ശകാരം മറക്കാനാവില്ല''- രേഖ പറയുന്നു

കുഞ്ഞുങ്ങളില്ലാത്തത് അപമാനമായി കാണാതിരിക്കുകയാണ് ആദ്യം വേണ്ടത്. ഇതൊരു അവസ്ഥ മാത്രമാണ്. ഇതിനായുള്ള ചികിത്സ ഔദ്യോഗികമായ കേന്ദ്രങ്ങളില്‍ നിന്ന് സ്വീകരിക്കാവുന്നതാണ്. വിശേഷമായില്ലേ എന്ന മടുപ്പന്‍ ചോദ്യം ഒഴിവാക്കാനാണ് സമുഹം ശ്രമിക്കേണ്ടത്. കുഞ്ഞുങ്ങളില്ലാത്തത് മഹാപാപമാണെന്ന മട്ടില്‍ ദമ്പതികളോട് സംസാരിക്കുകയുമരുത്‌.വന്ധ്യതയെ കുറിച്ചുള്ള സാമൂഹിക ബോധവത്കരണം ഇന്ന്‌ അത്യാവശ്യമാണ്. വന്ധ്യതയില്‍ ബുദ്ധിമുട്ടുന്നവര്‍ക്കുള്ള കൗണ്‍സിലിങ്ങ് പരിപാടികളും സര്‍ക്കാര്‍ മുന്‍കൈയെടുത്ത് നടത്തണം

Content Highlights: Social stigma and infertility


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented