തിരുവനന്തപുരം: അഞ്ച് മാസത്തിനിടയില്‍ സംസ്ഥാനത്ത് കൊല്ലപ്പെട്ടത് ആറ് സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍.

  • തദ്ദേശ തിരഞ്ഞെടുപ്പിന് ഒരു ദിവസം മുമ്പാണ് കൊല്ലം മണ്‍റോത്തുരുത്തില്‍ സിപിഎം പ്രവര്‍ത്തകനെ കുത്തിക്കൊന്നത്. മണ്‍റോതുരുത്ത് ബാങ്കിനു മുമ്പില്‍ വെച്ചാണ് മണിലാലിനെ കൊലപ്പെടുത്തിയത്. കൊലയ്ക്കു പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമാണെന്നായിരുന്നു നേതൃത്വത്തിന്റെ ആരോപണം. വ്യക്തി വൈരാഗ്യമാണെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍.
  • ഒക്ടോബര്‍ 4നായിരുന്നു സിപിഎം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിയുമായിരുന്ന സനൂപിനെ കൊലപ്പെടുത്തിയത്. പ്രതികള്‍ ആര്‍.എസ്.എസ്-ബി.ജെ.പി. പ്രവര്‍ത്തകരാണെന്നായിരുന്നു സി.പി.എം നേതാക്കളുടെ ആരോപണം.
  • തിരുവോണത്തലേന്ന് തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ഒരു സംഘം കൊലപ്പെടുത്തിയത് കേരളത്തെ ഞെട്ടിച്ചു. വെഞ്ഞാറമൂട്ടിലെ തേമ്പാമൂടിലെ ഹഖ് മുഹമ്മദും മിഥിലാജുമാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരടങ്ങുന്ന ഒമ്പത് പേരെ പ്രതിചേര്‍ത്ത് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പ്രാദേശിക രാഷ്ട്രീയ വൈരാഗ്യവും പോര്‍വിളിയുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു കുറ്റപത്രം. മരണപ്പെടുമ്പോൾ ഹഖിന്റെ ഭാര്യ നാല് മാസം ഗർഭിണിയായിരുന്നു. 
  • നാല് മാസം മുമ്പാണ് കായംകുളം എംഎസ്എം യുപി സ്‌കൂളിന് മുമ്പില്‍ വെച്ച് സിയാദ് കൊല്ലപ്പെട്ടത്. സിപിഎം പാര്‍ട്ടി അംഗമായിരുന്നു സിയാദ്. ഓഗസ്റ്റ് 18 രാത്രിയിലാണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. തന്നെ വെട്ടുമ്പോള്‍ "കൊല്ലരുത്, എനിക്ക് രണ്ട് മക്കളുണ്ട്" എന്ന് സിയാദ് യാചിച്ചിരുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. മത്സ്യവ്യാപാരം നടത്തുന്ന സിയാദ് ജോലി കഴിഞ്ഞ് വീട്ടില്‍ വന്ന് ഭാര്യയോടൊപ്പം ഭക്ഷണം ഉണ്ടാക്കി, കോവിഡ് ക്വാറന്റീൻ കേന്ദ്രത്തില്‍ എത്തിച്ച ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ആക്രമണം ഉണ്ടായത്.
  • കഴിഞ്ഞ അഞ്ച് മാസത്തിനിടെ കൊല്ലപ്പെടുന്ന ആറാമത്തെ സിപിഎം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണ് ഔഫ് അബ്ദുള്‍ റഹ്മാന്‍. ബൈക്കില്‍ പോവുകയായിരുന്ന ഔഫ് അബ്ദുറഹ്മാനെയും ഷുഹൈബിനെയും യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു. കാഞ്ഞങ്ങാട് നഗരസഭയിലെ 35ാം വാര്‍ഡില്‍ എല്‍ഡിഎഫ് വിജയം നേടിയതോടെയാണ് കല്ലൂരാവിയിലും മുണ്ടത്തോടും അക്രമസംഭവങ്ങള്‍ ആരംഭിച്ചത്. വിജയിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥിയടക്കമുള്ള സംഘം ആഹ്ലാദപ്രകടനം നടത്തുന്നതിനിടെ യൂത്ത് ലീഗുകാര്‍ കല്ലെറിഞ്ഞിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നലത്തെ സംഭവം.

പാര്‍ട്ടിയെ തകര്‍ക്കുന്നതിനുള്ള എതിരാളികളുടെ ഗൂഢാലോചനയാണെന്നും കേരളത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ഗൂഢാലോചനയുണ്ടോ എന്നത് ശ്രദ്ധിക്കേണ്ടതുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ ഇന്ന് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

content highlights: Six CPM DYFI workers murdered in Kerala in Six months