പരിഷത്തിന്റെ പരിസ്ഥിതി മുന്നേറ്റങ്ങള്‍; ശാസ്ത്ര സാഹിത്യ പരിഷത്ത് 60 വര്‍ഷം പിന്നിടുമ്പോള്‍/ഭാഗം 2


ശ്രുതി ലാല്‍ മാതോത്ത്Representative image

നിങ്ങള്‍ക്ക് പ്രധാനം സിംഹവാലന്‍ കുരങ്ങോ ? നിങ്ങള്‍ പരിസ്ഥിതിയുടെ പക്ഷത്തോ അതോ വികസന പക്ഷത്തോ ? അമേരിക്കന്‍ സാമ്രാജ്യത്വ ശക്തികളുടെ പിന്നണിക്കാര്‍, സി.ഐ.എ പോലുള്ള ചാര സംഘടനകളില്‍ നിന്നും പണം വാങ്ങിയവര്‍. 1970കളില്‍ സൈലന്റ് വാലി പ്രക്ഷോഭത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന് നേരേ ഉയര്‍ന്ന വിമര്‍ശനശരങ്ങളാണിവ. പരിഷത്തിന്റെ പ്രവര്‍ത്തനം ശാസ്ത്ര പ്രചാരണത്തില്‍ നിന്ന് പരിസ്ഥിതി രംഗത്തേക്ക് എത്തുന്നതും സൈലന്റ് വാലി വിഷയത്തോടെയാണ്. നിശബ്ദ താഴ്‌വരയുടെ സംരക്ഷണത്തില്‍ നിര്‍ണായക പങ്ക് വഹിച്ചുകൊണ്ട് പരിസ്ഥിതി സംരക്ഷണത്തെ കേരളീയരുടെ അജണ്ടയാക്കി മാറ്റാന്‍ അന്ന് പരിഷത്തിന് കഴിഞ്ഞു. ഒപ്പം സുസ്ഥിരതയെ അടിസ്ഥാനമാക്കി ജനകീയ വികസനത്തിനായുള്ള ചര്‍ച്ചക്ക് തുടക്കമിടാനും ബദല്‍ വികസന രൂപങ്ങള്‍ വളര്‍ത്തിയെടുക്കാനും. മാവൂര്‍ ഗ്രാസിം റയോണ്‍സിനെതിരെയുള്ള സമരം, മോത്തി കെമിക്കല്‍സ്, മുണ്ടേരി വനസംരക്ഷണം, ജീരകപ്പാറ വനസംരക്ഷണം, കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ സമരം, ആലപ്പുഴയിലെ കരിമണല്‍ ഖന വിരുദ്ധ സമരം, കായംകുളം താപനിലയത്തിന് വേണ്ടിയുള്ള സമരം, ചാലക്കുടി പുഴയുടെ സംരക്ഷണത്തിനായുള്ള സമരം, കിനാലൂരിലെ വ്യവസായകേന്ദ്രവും നാലുവരിപ്പാതയും സംബന്ധിച്ച സമരം, കായല്‍ കച്ചവടത്തിനെതിരായ ഗോശ്രീ സമരം എന്നിവയും അത് കൂടാതെ മറ്റു പല പ്രാദേശിക സമരങ്ങളലുമെല്ലാം തന്നെ കൂടുതല്‍ ജാഗ്രതയോടെ, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സമൂഹത്തിന്റെ മുന്നില്‍വയ്ക്കാനും, യുക്തിയുടെയും ശാസ്ത്രത്തിന്റെയും പിന്‍ബലത്തോടെ പരിസ്ഥിതിക നൈതികതയിലൂന്നിയ സംരക്ഷണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും ഹരിതകുലത്തിനു ഒരു നവോന്മേഷം നല്‍കാനും പരിഷത്തിന്റെ പരിസ്ഥിതി മുന്നേറ്റങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. തികച്ചും ശാസ്ത്രീയമായ അടിത്തറയും വികേന്ദ്രീകൃത സമരങ്ങളുമായിരുന്നു അവയോരുന്നും.

നിശബ്ദ താഴ്‌വരയിലെ സമര ശബ്ദംസൈലന്റ് വാലിയിലെ കുന്തിപ്പുഴ(സൈരന്ധ്രി)യില്‍ അണകെട്ടി വൈദ്യുതി ഉത്പാദിപ്പിക്കാന്‍ 1973ല്‍ ആസൂത്രണ കമ്മീഷന്‍ സംസ്ഥാനസര്‍ക്കാരിന് അനുമതി നല്‍കിയതോടെയാണ് സംഭവത്തിന്റെ തുടക്കം. പദ്ധതി വൈദ്യുതി മേഖലയ്ക്ക് വന്‍ മുതല്‍ കൂട്ടായിരിക്കുമെന്നും 10000ത്തോളം ഹെക്ടര്‍ സ്ഥലത്ത് ജലസേചനം നടത്താനും ഇത് ഉപകരിക്കുമെന്നായിരുന്നു പദ്ധതി അനുകൂലികളുടെ വാദം. അന്ന് പക്ഷേ, സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ പക്കല്‍ പണമില്ലാതിരുന്നതിനാല്‍ പദ്ധതി മുന്നോട്ട് പോയില്ല. ഇടുക്കി പദ്ധതി കമ്മിഷന്‍ ചെയ്തതിന് ശേഷം ഹിന്ദുസ്ഥാന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ സമ്മര്‍ദഫലമായാണ് സൈലന്റ് വാലി പദ്ധതി ഇലക്ട്രിസിറ്റി ബോര്‍ഡ് ഏറ്റെടുക്കുന്നത്. സൈലന്റ് വാലി എന്നൊരു പ്രദേശമുണ്ടെന്നു പോലും കേരളത്തില്‍ അധികമാര്‍ക്കും അപ്പോള്‍ അറിയില്ലായിരുന്നു. വേള്‍ഡ് വൈഡ് ലൈഫ് ഫണ്ടിന്റെ ട്രസ്റ്റികളിലൊരാളും പരിസ്ഥിതി ശാസ്ത്രജ്ഞനുമായ സഫര്‍ ഫത്തേഹല്ലിയോട് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നിര്‍ദേശപ്രകാരം നാഷണല്‍ കമ്മിറ്റി ഫോര്‍ എന്‍വിറോണ്‍മെന്റ് ആന്‍ഡ് കണ്‍സര്‍വേഷന്‍ (എന്‍സിപിസിഇ) പശ്ചിമഘട്ടത്തില്‍ സംരക്ഷിക്കപ്പെടേണ്ട സ്ഥലങ്ങള്‍ ഏതെങ്കിലുമുണ്ടെങ്കില്‍ അത് കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടതോടെ 1976ലാണ് സൈലന്റ് വാലി സംരക്ഷിക്കപ്പെടേണ്ട സ്ഥലമാണെന്ന് ജനം മനസിലാക്കി തുടങ്ങുന്നത്. ഫത്തേഹല്ലിയുടെ റിപ്പോര്‍ട്ട് അന്ന് വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ടി (ഡബ്ല്യുഡബ്ല്യുഎഫ്)ന്റെ സതേണ്‍ കമ്മറ്റി അംഗവും പരിഷത്ത് അംഗവുമായ ഡോ. എം.കെ പ്രസാദിന്റെ കയ്യില്‍ എത്തി. പിന്നാലെ 1977 ഒക്ടോബറില്‍ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുഖപത്രമായ ശാസ്ത്രഗതി മാസികയില്‍ സൈലന്റ് വാലി-ഒരു ഇക്കോളജിയ സമീപനം എന്ന തലകെട്ടില്‍ അദ്ദേഹം ലേഖനമെഴുതി. സൈലന്റ് വാലിയില്‍ ജലവൈദ്യുത പദ്ധതി വന്നാലുണ്ടാകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് മലയാളത്തില്‍ ആദ്യം പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനമായിരുന്നു അത്. ലേഖനത്തില്‍ പറയുന്ന കാര്യങ്ങള്‍ ശരിയല്ലെന്ന് വാദിച്ച് ഒരു ഇലക്ട്രിസിറ്റി എന്‍ജിനിയര്‍ ശാസ്ത്രഗതിയുടെ അടുത്ത ലക്കത്തില്‍ മറുപടിയെഴുതി. അതിനടുത്ത ലക്കത്തില്‍ അതിനും മറുപടി എഴുതിയതോടെ വിഷയം ചര്‍ച്ചയായി. ഇതിനിടെ പരിഷത്തിനകത്ത് നടന്ന നിരന്തരമായ ചര്‍ച്ചകള്‍ക്ക് ശേഷം 1978 ഒക്ടോബര്‍ 10ന് പദ്ധതി നിര്‍ത്തിവക്കുന്നതിന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം പാസ്സാക്കി മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും അയച്ചുകൊടുത്തു. 1977ല്‍ പരിഷത്ത് നിയോഗിച്ച പഠന സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംഘടന വ്യാപകമായ ജനസംവാദം കേരളത്തില്‍ നടത്തി. ശാസ്ത്ര സാഹിത്യ പരിഷത് തെരുവ് നാടകങ്ങളും പ്രസംഗങ്ങളും ചര്‍ച്ചകളുമായി ശക്തമായ പ്രചാരണങ്ങള്‍ ആരംഭിച്ചത് ഈ കാലഘട്ടത്തിലാണ്.

പരിഷത്തിന്റെ ഇടപെടലുകള്‍

1 അക്കാലത്ത് സൈലന്റ് വാലിയില്‍ സിംഹവാലന്‍ കുരങ്ങുകളെ മാത്രമാണ് പലരും കണ്ടത്. എന്നാല്‍, 50 കോടി വര്‍ഷമെങ്കിലും പഴക്കമുണ്ടെന്നു ശാസ്ത്രലോകം കണക്കുകൂട്ടുന്ന സൈലന്റ് വാലി എന്ന നിത്യഹരിത വനം ജൈവവൈവിധ്യത്തിന്റെ അപാരമായ ഖനി കൂടിയാണെന്ന്, അവിടുത്തെക്കുറിച്ച് പഠിച്ച് കേരള ജനതയെ ബോധ്യപ്പെടുത്തിയത് പരിഷത്ത് ആണ്. ഇതേ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച എം.ജി.കെ.മേനോന്‍ സമിതിയുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പദ്ധതി ഉപേക്ഷിക്കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുകയും സൈലന്റ് വാലിയെ സംരക്ഷിത വിജ്ഞാപനം പുറപ്പടുവിക്കുകയും ചെയ്തു.

2 സൈലന്റ് വാലി കാടുകള്‍ക്കും വിശേഷമായ തനിമയൊന്നും ഇല്ലെന്നും ആ കാടുകള്‍ പാലക്കാട്-മലപ്പുറം ജില്ലകളുടെ കാലാവസ്ഥയെ ഒട്ടും തന്നെ സ്വാധീനിക്കുന്നില്ലെന്നും അവിടം അമൂല്യമായ ജീന്‍ കലവറയൊന്നുമല്ലെന്നും, പദ്ധതി നടപ്പാക്കിയാല്‍ പോലും കാടുകള്‍ നശിക്കുന്നതല്ലെന്നും, പദ്ധതി അവിടത്തെ പരിസ്ഥിതി സന്തുലനത്തില്‍ ഒരു മാറ്റവും വരുത്തുന്നതല്ലെന്നുമുള്ള അശാസ്ത്രീയവും യുക്തിക്കു നിരക്കാത്തതുമായ വാദങ്ങള്‍ പരിഷത്ത് പൊളിച്ചടുക്കി. അനുകൂല വാദങ്ങളെ ശാസ്ത്രീയ വിശദീകരണങ്ങളോടെയും പരിഷത്ത് ഗവേഷകരുടെ പഠന റിപ്പോര്‍ട്ടുകളെയും അടിസ്ഥാനമാക്കി തന്നെ ജനത്തെ ബോധ്യപ്പെടുത്തി. ഇക്കാര്യങ്ങള്‍ വിശദീകരിച്ച് ലഘുലേഖയും പരിഷത്ത് പ്രസിദ്ധീകരിച്ചു.

3 സൈലന്റ് വാലി ചര്‍ച്ചയെ കേരളത്തില്‍ നാളിതുവരെ നടന്നിട്ടുള്ളതും ഭാവിയില്‍ നടക്കാനിരിക്കുന്നതുമായ വികസന പ്രശ്‌നങ്ങളെ പുതിയൊരു കാഴ്ചപ്പാടിലൂടെ വിലയിരുത്താനും, വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയില്‍ കൂടുതല്‍ വ്യാപകമായ ജനപങ്കാളിത്തം ഉറപ്പു വരുത്താനും പരിഷത്ത് ശ്രമിച്ചു. ഈ പരിശ്രമത്തിന്റെ തുടക്കം എന്ന നിലയ്ക്ക് 1976ല്‍ 'കേരളത്തിന്റെ സമ്പത്തി' നെക്കുറിച്ച് വിശദമായ ഒരു പഠനം നടത്താനും പ്രസ്തുത പഠനത്തില്‍നിന്ന് തെളിഞ്ഞ വസ്തുതകള്‍, ക്ലാസുകളായി ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കാനും പരിഷത്ത് മുന്‍കയ്യെടുത്തു. വികസന പദ്ധതികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെല്ലാം സങ്കീര്‍ണമായ ശാസ്ത്രസാങ്കേതിക പ്രശ്‌നങ്ങള്‍ മാത്രമാണെന്നും അവ, അതാതു മേഖലകളിലെ ശാസ്ത്ര-സാങ്കേതിക വിദഗ്ധന്‍മാരും ഉദ്യോഗസ്ഥന്‍മാരും ചേര്‍ന്ന് കൈകാര്യം ചെയ്താല്‍ മതിയെന്നുമുള്ള തെററായ ഒരു ധാരണയാണ് അന്ന് പലര്‍ക്കുമുണ്ടായിരുന്നത്. ഇതില്‍ നിന്നു വ്യത്യസ്തമായി, ഏതൊരു വികസന പ്രവര്‍ത്തനത്തിന്റെയും സാമൂഹ്യ-രാഷ്ടീയ വശങ്ങള്‍ സുപ്രധാനമാണെന്നും, ജനങ്ങളുടെ അടിസ്ഥാനപരമായ ആവശ്യങ്ങളുമായി ബന്ധപ്പെടുത്തിയാണ് വികസ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യേണ്ടതെന്നും വികസനപദ്ധതികളുടെ യഥാര്‍ഥസ്വഭാവങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ കൂലങ്കുഷമായി ചര്‍ച്ചചെയ്യപ്പെട്ടേ മതിയാവൂ എന്നും ശാസ്ത്രസാഹിത്യ പരിഷത്ത് സാധാരണക്കാരെ ബോധ്യപ്പെടുത്തി.

4 സൈലന്റ് വാലി പദ്ധതിയെ എതിര്‍ക്കുമ്പോള്‍ തന്നെ കേരള വികസനത്തില്‍ വൈദ്യുതിയുടെ പങ്കിനേയും അതിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കേണ്ടതിന്റെയും ആവശ്യകതയേയും നിഷേധിച്ചുകൊണ്ടുള്ള സമീപനം അല്ല പരിഷത്ത് സ്വീകരിച്ചതെന്നതും ശ്രദ്ധേയമാണ്. സൈലന്റ് വാലി പ്രക്ഷോഭ കാലഘട്ടത്തില്‍ തന്നെ കേരളത്തിന്റെ ഭാവി ഊര്‍ജ്ജ ആവശ്യം ശാസ്ത്രീയമായി കണക്കാക്കി ആവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് താപവൈദ്യുത നിലയം അടിയന്തിരമായി സ്ഥാപിക്കേണ്ട തിന്റെ ആവശ്യം പരിഷത്ത് ചൂണ്ടിക്കാട്ടി. ശാസ്ത്രീയമായ മാനേജ്മെന്റിന്റെ അഭാവം മൂലം പാഴാവുന്ന വൈദ്യുതി സംരക്ഷിക്കേണ്ട തിന്റെ ആവശ്യവും അതിനുള്ള ബദല്‍ മാര്‍ഗ്ഗങ്ങളെപ്പറ്റിയും സംഘടന നിര്‍ദ്ദേശങ്ങള്‍ നല്‍കി. ഊര്‍ജ്ജം എന്ന വിഷയത്തില്‍ ഒരു സംസ്ഥാന തല സെമിനാര്‍ നടത്തുകയും കേരളത്തിന്റെ ബദല്‍ ഊര്‍ജ്ജ സാധ്യതകള്‍ വിശദീകരിക്കുന്ന ഊര്‍ജ്ജം എന്ന ലഘുലേഖ 1984 ല്‍ പുറത്തിറക്കുകയും ചെയ്തു. ഒരു പദ്ധതിയെ എതിര്‍ക്കുമ്പോള്‍ തന്നെ അതിന് ബദല്‍ നിര്‍ദ്ദേശങ്ങള്‍ വക്കുക എന്ന ക്രിയാത്മക വിമര്‍ശനത്തിന്റെ പരിഷത്ത് ശൈലി രൂപപ്പെട്ടുവന്ന അവസരം കൂടിയായി ഇതോടെ സൈലന്റ് വാലി മാറി.

പരിസ്ഥിതി സംരക്ഷണം സുസ്ഥിരമായ വികസനത്തിന്

പരിസ്ഥിതി സംരക്ഷണത്തിന്റെ പുതിയൊരു അധ്യായമാണ് സൈലന്റ് വാലിയിലൂടെ പരിഷത്ത് കേരളത്തില്‍ ആരംഭിച്ചത്. സൈലന്റ് വാലി സംവാദത്തെ തുടര്‍ന്ന് 1980കളുടെ അവസാനത്തിലും 1990കളുടെ തുടക്കത്തിലുമായി പരിസ്ഥിതിയേയും, വികസനത്തേയും സംബന്ധിച്ച് ഒരു സന്തുലിതമായ നിലപാട് എടുക്കാന്‍ പരിഷത്തിന് കഴിഞ്ഞു. പരിസ്ഥിതി സംരക്ഷണം സുസ്ഥിരമായ വികസനത്തിന് വേണ്ടിയാണ് എന്ന വാദം ഉയര്‍ത്തുകയും ചെയ്തു. ആറു പതിറ്റാണ്ടിനിടെ കേരളത്തിലുണ്ടായ 30ഓളം പരിസ്ഥിതി മുന്നേറ്റങ്ങളുടെ നേതൃനിരയില്‍ പരിഷത്തുണ്ടായിരുന്നു. മുണ്ടേരിയിലും ജീരകപാറയിലും വനം പതിച്ച് നല്‍കാനുള്ള നീക്കങ്ങള്‍ക്കെതിരേയും പൂയംകുട്ടി, അതിരപ്പള്ളി ജലവൈദ്യുത പദ്ധതിക്കായി വനം നശിപ്പിക്കുന്നതിനെതിരേയും മതി കൊട്ടാനിലെ വനം കൊള്ളയ്‌ക്കെതിരേയും കണ്ണവം, മൂക്കംപട്ടി വനമേഖലകളിലെ സെലക്ഷന്‍ ഫെല്ലിങ്ങിനെതിരേയും പരിഷത്ത് നിലപാട് എടുക്കുകയും ജനപങ്കാളിത്തം ഉറപ്പ് വരുത്തുകയും ചെയ്തു. ഇക്കാലമത്രയും പരിസ്ഥിതിപ്രശ്‌നങ്ങളില്‍ ഇടപെട്ടു പ്രവര്‍ത്തിക്കുന്നതിനു സഹായകമായ അനേകം പഠനങ്ങള്‍, ചര്‍ച്ചാസമ്മേളനങ്ങള്‍, പദയാത്രകള്‍ തുടങ്ങിയ വൈവിധ്യമേറിയ പ്രവര്‍ത്തനങ്ങളും സംഘടിപ്പിച്ചു. അച്ചന്‍കോവില്‍ പഠനം, പമ്പാനദിയുടെ പാരിസ്ഥിതികപ്രശ്‌നപഠനം, മലനാട് ശില്പശാല, ഇടനാട് ശില്പശാല, വയല്‍നികത്തല്‍-കുന്നിടിക്കല്‍ പഠനം, അഷ്ടമുടിക്കായല്‍ പഠനം, വേമ്പനാട്ടുകായല്‍ പഠനം, വളന്തക്കാട്ട് പഠനം, തണ്ണീര്‍ത്തടങ്ങളെ സംബന്ധിച്ച പഠനം, പാതിരാമണലിന്റെ പരിസ്ഥിതിക പഠനം, ജലം, ജനസഭ, അവസാനമായി സില്‍വര്‍ ലൈന്‍ തുടങ്ങിയവയെല്ലാം ഈ ദിശയില്‍ നടന്ന പ്രവര്‍ത്തനങ്ങളാണ്. അതുപോലെ കുട്ടനാട്ടിലെ സാധാരണക്കാരായ തൊഴിലാളികളും കര്‍ഷകരും അനുഭവിച്ചുവരുന്ന മലിനീകരണ പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാനും പ്രസ്തുത പ്രശ്‌നത്തിന്റെ ഗൗരവസ്വഭാവം ജനങ്ങളെ ബോധ്യപ്പെടുത്താനും സാധിച്ചിട്ടുണ്ട്. വികസനപ്രശ്‌നങ്ങളെയും പരിസ്ഥിതി സന്തുലനപ്രശ്‌നങ്ങളെയും അശാസ്ത്രീയമായ രീതിയില്‍ കൈകാര്യം ചെയ്തതുമൂലം സാധാരണക്കാരായ ജനങ്ങള്‍ അനുഭവിക്കേണ്ടിവരുന്ന ഗുരുതരമായ ബുദ്ധിമുട്ടുകള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്താനും, ഇത്തരം അശാസ്ത്രീയമായ സമീപനങ്ങള്‍ക്കെതിരെ ബഹുജനപ്രക്ഷോഭങ്ങള്‍ വളര്‍ത്തിയെടുക്കാനും ശാസ്ത്രസാഹിത്യപരിഷത്തിന് കഴിഞ്ഞിട്ടുണ്ട്. ബിര്‍ലയുടെ ഗ്വാളിയോര്‍ റയണ്‍സ് ഫാക്ടറിയില്‍ നിന്ന്, പുറം തള്ളുന്ന വിഷ ദ്രാവകങ്ങള്‍ ചാലിയാര്‍ പുഴയിലേക്ക് തള്ളിവിടുന്നതു മൂലം ഉണ്ടായിട്ടുള്ള ഗുരുതരമായ ജലമലിനീകരണ പ്രശ്‌നം മാവൂര്‍ നിവാസികളുടെ ശ്രദ്ധയില്‍പെടുത്താനും, അതിനെതിരെ ശക്തമായ പൊതുജനാഭിപ്രായം സൃഷ്ടിച്ചെടുക്കാനും കഴിഞ്ഞത് ഉദാഹരണം. എറണാകുളം, ആലപ്പുഴ വ്യവസായമേഖലയിലെ മലിനീകരണ പ്രശ്‌നങ്ങളും പരിഷത്തിന്റെ പഠനത്തിനു വിധേയമായിട്ടുണ്ട്. ഗോശ്രീ പാല നിര്‍മാണത്തിന്റെ പേരില്‍ ആയിരത്തോളം ഏക്കര്‍ കായല്‍ നികത്താനുള്ള അധികാരികളുടെ നീക്കത്തിനിരെ ജനങ്ങളെ അണിനിരത്തിയതും നികത്തപ്പെട്ട കായലിന്റെ അളവ് ഗണനീയമായി കുറയ്ക്കാന്‍ കഴിഞ്ഞതും പരിഷത്തിന്റെ വിജയമാണ്. ആറന്‍മുളയില്‍ നെല്‍പാടം നശിപ്പിച്ച് കൊണ്ട് വിമാനത്താവളം നിര്‍മിക്കാനുള്ള പദ്ധതിക്കെതിരേ ഉയര്‍ന്ന ജനരോഷത്തില്‍ കണ്ണിചേരാനും പരിഷത്തിന് കഴിഞ്ഞു.

ത്രി പരിസ്ഥിതി സിദ്ധാന്തം

മനുഷ്യനും ചുറ്റുപാടും എന്ന പുസ്തകത്തിലാണ് പ്രകൃതിയും മനുഷ്യനും തമ്മിലുണ്ടാകേണ്ട പാരസ്പര്യത്തില്‍ അധിഷ്ഠിതമായ ബന്ധത്തെ വ്യക്തമാക്കുന്ന കാഴ്ചപ്പാടുകള്‍ വിശദീകരിക്കുന്ന ത്രി പരിസ്ഥിതി സിദ്ധാന്തം സംഘടന മുമ്പോട്ട് വച്ചത്. ഈ പുസ്തകമാണ് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പരിസ്ഥിതി വീക്ഷണത്തിന് അടിത്തറ പാകിയതും. മനുഷ്യനും പ്രകൃതിയും തമ്മില്‍ പ്രതിപ്രവര്‍ത്തിക്കുന്ന ഭൗതിക പരിസ്ഥിതി, മനുഷ്യനും മനുഷ്യനും തമ്മില്‍ പ്രതിപ്രവര്‍ത്തിക്കുന്ന സാമൂഹിക സാമ്പത്തിക പരിസ്ഥിതി, ഇവ രണ്ടിനേയും നോക്കിക്കാണുന്ന സാംസ്‌കാരിക പരിസ്ഥിതി എന്നീ സങ്കല്‍പങ്ങളെ ഈ ഗ്രന്ഥത്തിലാണ് വിശദീകരിക്കാന്‍ ശ്രമിച്ചത്.

അവലംബം- പരിഷത് വാര്‍ത്ത, ശാസ്ത്രഗതി മാസിക.

Content Highlights: Shastra sahithya parishath


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented