ഔഷധമാഫിയക്കെതിരായ പ്രക്ഷോഭങ്ങള്‍: അറുപതാണ്ടില്‍ പരിഷത്ത് നടന്നുകയറിയ ആരോഗ്യ വഴികള്‍ | ഭാഗം 5


ശ്രുതി ലാല്‍ മാതോത്ത്SERIES

.

രോഗവുമായി ബന്ധപ്പെട്ട് അശാസ്ത്രീയമായ നിരവധി വിശ്വാസങ്ങള്‍ പിന്തുടര്‍ന്ന ഒരു കാലം മലയാളിക്കുണ്ടായിരുന്നു. അതിലൊരുമാറ്റം വരുത്തുകയെന്ന ലക്ഷ്യവുമായി 1970-കളിലാണ് ശാസ്ത്ര സാഹിത്യ പരിഷത്ത് ആരോഗ്യ മേഖലയില്‍ ചുവട് വയ്ക്കുന്നത്. അക്കാലത്ത് കേരളീയരെ ഗൗരവമായി ബാധിച്ച അസുഖമായിരുന്നു വയറിളക്ക രോഗങ്ങള്‍. ഛര്‍ദ്ദിയും വയറിളക്കവും വന്നാല്‍ ഒന്നും കഴിക്കാതിരിക്കുക എന്നതാണ് അന്നത്തെ മലയാളി ശീലം. 70കളില്‍ ഛര്‍ദ്ദി, അതിസാര രോഗങ്ങള്‍ സംസ്ഥാനത്ത് മൂര്‍ധന്യത്തിലെത്തി നില്‍ക്കെ, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഗ്രാമപത്രം എന്ന പദ്ധതിയുമായി ജനങ്ങളിലേക്ക് ഇറങ്ങി. ഗ്രാമങ്ങളിലെ ആളുകൂടുന്നയിടത്തൊക്കെ കറുത്ത ബോര്‍ഡ് സ്ഥാപിക്കും. ഗ്രാമ പത്രം, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ബോര്‍ഡ് എന്ന് എഴുതിയതിന്റെ താഴെയായി ആരോഗ്യം മാത്രമല്ല, പരിസ്ഥിതി, കൃഷി തുടങ്ങി എല്ലാ മേഖലയെ കുറിച്ചുമുള്ള ശാസ്ത്രീയ അറിവ് അതിലുണ്ടാവും. അത്തരത്തിലൊരു ബോര്‍ഡിലാണ് വയറിളക്ക രോഗത്തിന്, പാനീയ ചികിത്സ ഉത്തമം എന്ന അറിവ് കേരളീയരിലേക്ക് ആദ്യമായെത്തുന്നത്.

ഗ്രാമ പത്രത്തില്‍ എഴുതിയത് വായിച്ചവര്‍ക്ക് അത് പുതിയ അറിവായിരുന്നു. ഛര്‍ദ്ദിയും വയറിളക്കവും വന്നാല്‍ ഒന്നും കഴിക്കരുത് എന്നു വിശ്വസിച്ചിരുന്നവര്‍ക്ക് പുതിയ പാഠങ്ങള്‍ പഠിപ്പിക്കുന്ന വിദ്യാലയമായി പതിയെ ആ ബോര്‍ഡ് മാറാന്‍ തുടങ്ങി. ശരീരത്തിലെ ജലാംശം, നിര്‍ജ്ജലീകണം, ഇതുവഴിയുണ്ടാകുന്ന മരണം എല്ലാത്തിനെക്കുറിച്ചും സാധാരണക്കാര്‍ക്ക് ശാസ്ത്രീയമായ അറിവു നല്‍കിക്കൊണ്ട് ഗ്രാമ പത്രം നിലകൊണ്ടു. 1978-80 കാലയളവില്‍ ഒ.ആര്‍.എസിന്റെ പ്രചരണത്തിന് വേണ്ടി നടത്തിയ വിവിധ ക്യാമ്പയിനുകള്‍, ശുചിത്വ മേഖലയില്‍ ടോയ്‌ലറ്റുകള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ഒക്കെയായിരുന്നു വയറിളക്കരോഗത്തിന് പരിഹാരമായി പരിഷത്ത് നിര്‍ദ്ദേശിച്ചത്. പതിയെ ഒട്ടിക്കുന്ന പോസ്റ്റര്‍ മാറിയില്ലെങ്കില്‍ അന്വേഷണമായി. 'ഇതെന്താ പുത്യേതൊന്നും ഒട്ടിക്കാത്തത്'-ഒട്ടിക്കുന്ന കാര്യങ്ങള്‍ ജനങ്ങള്‍ വായിക്കുന്നു എന്നറിഞ്ഞ പരിഷത്ത്കാര്‍ പുതിയ പുതിയ അറിവുകളുമായി ആരോഗ്യ മേഖലയില്‍ സജീവമായി.ഇന്ത്യയിലാദ്യമായി സമ്പൂര്‍ണ്ണ സാനിറ്റേഷന്‍ ആശയം അവതരിപ്പിക്കുന്നു

ഭിഷഗ്വരന്മാരെ അന്ധമായി വിശ്വസിക്കുന്നവരായിരുന്നു 80-കളിലെ ബഹുഭൂരിപക്ഷം ജനങ്ങളും. അതുകൊണ്ടുതന്നെ അവര്‍ നിര്‍ദേശിക്കുന്ന ഔഷധങ്ങളെപ്പറ്റി ജനങ്ങള്‍ സംശയിക്കാറുണ്ടായിരുന്നില്ല. വന്‍കിട മരുന്നുകമ്പനികള്‍ ഒരു നീതിബോധവുമില്ലാതെ വിദഗ്ധരായ ഡോക്ടര്‍മാരെപ്പോലും വിലയ്‌ക്കെടുത്തുകൊണ്ട് രോഗികളുടെമേല്‍ അടിച്ചേല്‍പ്പിക്കുന്ന അനാവശ്യ മരുന്നുകളെക്കുറിച്ച് അവബോധവും ഇല്ല. ഇത് മനസിലാക്കിയ പരിഷത്ത്,ആരോഗ്യം = ആസ്പത്രി + ഡോക്ടര്‍ + മരുന്ന് എന്ന പരമ്പരാഗത സങ്കല്‍പ്പത്തെ ശാരീരികവും മാനസികവുമായ സുസ്ഥിതി എന്നതിലേക്ക് മാറ്റിയെടുക്കാന്‍ മുന്നിട്ടിറങ്ങി. അതിന് വൃത്തിയായ ചുറ്റുപാടും, ജീവിതാന്തരീക്ഷവും അനിവാര്യമാണെന്നും ആവര്‍ത്തിച്ച് ഉറപ്പിച്ചു. വൃത്തിയുള്ള കക്കൂസ് സംവിധാനം, ശുദ്ധമായ കുടിവെള്ള ലഭ്യത, വൃത്തിയുള്ള പാര്‍പ്പിടം, ഗുണതയുള്ള ഭക്ഷണം എന്നിവയാണ് അടിസ്ഥാനപരമായ ആരോഗ്യ ആവശ്യങ്ങളെന്ന വാദം കേരളിയരെ കൊണ്ട് അംഗീകരിപ്പിച്ചു. അന്നത്തെകാലത്ത് 40% ജനങ്ങള്‍ക്കേ സുരക്ഷിത കക്കൂസുകള്‍ ഉണ്ടായിരുന്നുള്ളൂ. ഇന്ത്യയിലാദ്യമായി സമ്പൂര്‍ണ്ണ സാനിറ്റേഷന്‍ എന്ന ഒരു ആശയത്തിലേക്കെത്തിക്കുന്നതിനുള്ള പരിഷത്തിന്റെ ഒരുഇടപെടലായി അത് വളര്‍ന്നു. ഒപ്പം ചികിത്സാരംഗത്തെ നൈതികതയ്ക്ക് വേണ്ടിയും, മരുന്ന് വിപണിയുടെ കച്ചവടവല്‍ക്കരണത്തിന് എതിരെയുമുള്ള പ്രക്ഷോഭങ്ങളിലും കണ്ണിചേര്‍ന്നു.

ഔഷധമാഫിയക്കെതിരായ പ്രക്ഷോഭങ്ങള്‍

1980-കളുടെ ആരംഭത്തില്‍ ഇന്ത്യയില്‍ ബഹുരാഷ്ട്രമരുന്നുകമ്പനികള്‍ വികസിതരാജ്യങ്ങളില്‍ നിരോധിച്ച മരുന്നുകള്‍ മാര്‍ക്കറ്റ് ചെയ്യുന്നതിനെതിരായി ബഹുജനപ്രക്ഷോഭം ഉയര്‍ത്തി കൊണ്ടുവന്നതാണ് ഈ മേഖലയിലെ പരിഷത്തിന്റെ സുപ്രധാന സംഭാവന. പ്രക്ഷോഭങ്ങളുടെ ഫലമായി വിദേശ രാജ്യങ്ങളില്‍ നിരോധിച്ച നിരവധി മരുന്നുകള്‍ ഇന്ത്യയിലും നിരോധിക്കപ്പെട്ടു. എന്നാല്‍ അന്ന് ഔഷധങ്ങളുടെ ജനറിക്ക് നാമം മാത്രമാണ് സര്‍ക്കാര്‍ ഉത്തരവില്‍ കാണിച്ചിരുന്നത്. നിരോധിക്കപ്പെട്ട ഔഷധങ്ങളും ഔഷധച്ചേരുവകളുമടങ്ങിയ മരുന്നുകളുടെ കമ്പനിനാമങ്ങള്‍ കണ്ടുപിടിക്കുക അത്യധികം ദുഷ്‌ക്കരമായകാര്യമായിരുന്നു. ഈ സാഹചര്യത്തിലാണ് മരുന്നുകളുടെ കമ്പനിനാമങ്ങള്‍ അടങ്ങിയ നിരോധിച്ച മരുന്നുകള്‍, നിരോധിക്കേണ്ട മരുന്നുകള്‍, അവശ്യമരുന്നുകള്‍ (1986) എന്ന കൃതി പരിഷത്ത് പ്രസിദ്ധീകരിച്ചത്. അതോടൊപ്പം 'ഡിയര്‍ ഡോക്ടര്‍' എന്ന പേരില്‍ നിരോധിച്ച, നിരോധിക്കേണ്ട അവശ്യമരുന്നുകളെ പറ്റിയുള്ള വിവരങ്ങളടങ്ങിയ ഒരു ഔഷധ വിവര പാക്കറ്റ് തയ്യാറാക്കി ഡോക്ടര്‍മാര്‍ക്കിടയില്‍ വിതരണം ചെയ്തു. ഒപ്പം രാജ്യത്ത് ഒരു ജനകീയാരോഗ്യനയം വേണമെന്ന് പരിഷത്ത് തുടര്‍ച്ചയായി ആവശ്യപ്പെട്ടു. ആരോഗ്യമേഖലയിലെ അശാസ്ത്രീയതകളെ തുറന്നുകാട്ടുന്ന നിരവധി പുസ്തകങ്ങള്‍ പിന്നീട് പരിഷത്ത് പ്രസിദ്ധീകരിച്ചു. അഖിലേന്ത്യാ തലത്തിലും ആഗോളതലത്തിലും ശ്രദ്ധേയമായ ഏതാനും കൃതികളും പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

1985-ല്‍ നവംബര്‍ 24,25 തീയതികളില്‍ തിരുവനന്തപുരത്ത് വച്ച് 'ഹാത്തി കമ്മറ്റി: ഒരു ദശാബ്ദത്തിനുശേഷം' എന്ന സെമിനാര്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിച്ചു. സെമിനാറില്‍ പ്രബന്ധങ്ങളും ഹാത്തികമ്മറ്റിയുടെ പ്രസക്തഭാഗങ്ങളും ചേര്‍ത്ത് പരിഷത്ത് 1988 മെയ് മാസത്തില്‍ ഇംഗ്ലീഷിലും മലയാളത്തിലും പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. ഔഷധകമ്പനികളുടെ അധാര്‍മ്മിക വിപണന തന്ത്രങ്ങള്‍ക്കെതിരെ പോരാടിയ ഒലിഹാന്‍സന്റെ ആത്മകഥ രോഗം വില്‍ക്കുന്നവര്‍ക്കെതിരെ (1990) എന്ന പേരില്‍ പരിഷത്ത് പ്രസിദ്ധീകരിച്ചു. ബംഗ്ലാദേശിലെ ജനകീയാരോഗ്യപ്രവര്‍ത്തകന്‍ ഡോ.സഫറുള്ള ചൗധരിയുടെ അവശ്യമരുന്നുകളുടെ രാഷ്ടീയം (1998) പരിഷത്ത് പ്രസിദ്ധീകരിച്ചു. ഇന്ത്യന്‍ ഔഷധ മേഖലയെ സമഗ്രമായി വിലയിരുത്തിക്കൊണ്ടുള്ള 'ഇന്ത്യന്‍ ഔഷധമേഖല: ഇന്നലെ ഇന്ന്' എന്ന പുസ്തകം 2013ല്‍ പ്രസിദ്ധപ്പെടുത്തി. കേരളീയരുടെ ആരോഗ്യസ്ഥിതിയെപറ്റി പരിഷത്ത് നടത്തിയ പഠനങ്ങളൂടെ റിപ്പോര്‍ട്ടുകളും ഇംഗ്ലീഷിലും മലയാളത്തിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡോ.വി. രാമന്‍കുട്ടിയുടെ 'കേരളീയരുടെ ആരോഗ്യം (1993)', ഡോ.കെ.പി. അരവിന്ദന്‍ എഡിറ്റ് ചെയ്ത 'കേരള ആരോഗ്യമാതൃക: പുതിയ നൂറ്റാണ്ടിലേക്ക് (2001)' തുടങ്ങിയ പുസ്തകങ്ങള്‍ കേരളീയരുടെ ആരോഗ്യസ്ഥിതിയിലേക്ക് വെളിച്ചം വീശുന്നു. ജനകീയാരോഗ്യ കാഴ്ച്ചപ്പാട് വിശദീകരിച്ച് കൊണ്ട് 'ജനകീയാരോഗ്യം (1986)' എന്ന പേരില്‍ ലേഖന സമാഹാരവും പരിഷത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മനുഷ്യശരീരശാസ്ത്രത്തെ സംബന്ധിച്ച് ഡോ.സി.എന്‍. പരമേശ്വരന്‍ രചിച്ച വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളും ('മനുഷ്യശരീരം', 'മനസ്സും മസ്തിഷ്‌കവും') ഏറെ ശ്രദ്ധയാകര്‍ഷിച്ച പരിഷത്തിന്റെ പുസ്തകങ്ങളില്‍പ്പെടുന്നു.

ഔഷധവിലയിലെ മറിമായങ്ങള്‍ പുറത്ത് കൊണ്ട് വരുന്നു

അമോക്‌സിലിന്റെ 500 മില്ലിഗ്രാം 10 എണ്ണത്തിന്റെ വില 19.75 രൂപ. മോക്‌സ് എന്ന പേരില്‍ റാന്‍ബാക്‌സി വിപണിയില്‍ നല്‍കുന്നത് 95 രൂപയ്ക്ക്, പാരസറ്റമോള്‍ 10 എണ്ണത്തിന്റെ യഥാര്‍ഥവില 2 രൂപ. വിപണിവിലയോ 10 രൂപ. ഇത്തരത്തില്‍ ഔഷധവിലയിലെ മറിമായങ്ങളും 80കളില്‍ പുറത്ത് കൊണ്ട് വന്നതും പരിഷത്താണ്.

ജനറിക്-ബ്രാന്‍ഡഡ് വിലകളുടെ അന്തരത്തെ കുറിച്ച് കേരളീയരെ ബോധവല്‍ക്കരിച്ചു. ഇന്ത്യന്‍ ഔഷധവ്യവസായത്തിലെ പ്രതിസന്ധികള്‍, നൈതികത തൊട്ടുതീണ്ടാത്ത മരുന്നുപരീക്ഷണങ്ങള്‍, ബഹുരാഷ്ട്ര ഭീമനായ നൊവാര്‍ട്ടിന്റെ ക്രൂരതകള്‍, അശാസ്ത്രീയമായ ഔഷധച്ചേരുവകള്‍, ഔഷധനിയന്ത്രണ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ നിരവധി വിഷയങ്ങള്‍ ആധികാരികമായി തന്നെ ജനങ്ങളിലെത്തിച്ചു. ഇതിനായി നിരവധി പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു.സാങ്കേതികതയുടെ മടുപ്പിക്കല്‍ ഒട്ടുംതന്നെ ഇല്ലാത്തവിധം പാരായണക്ഷമമാണ് പരിഷത്ത് പുസ്തകങ്ങളിലെ ഭാഷ. ഓരോ വരിയിലും ഓരോ പുതിയ വിവരം പകരുന്നതിനാല്‍ വായനയില്‍ അലസത സാധ്യമല്ല താനും. അത് കൊണ്ട് തന്നെ അവയെല്ലാം മലയാളികള്‍ക്കിടയില്‍ വന്‍ സ്വീകാര്യത നേടി.

പ്രാഥമിക ആരോഗ്യപരിരക്ഷ എന്ന ആശയം

1976-77 കാലയളവിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഒരു പരിഷത്ത് യൂണിറ്റ് ആരംഭിക്കുന്നത്. ഒരു ആരോഗ്യ സ്ഥാപനത്തിലെ ആദ്യത്തെ പരിഷത്ത് യൂണിറ്റായിരുന്നു അത്. തുടര്‍ന്നു ഇമ്യൂണൈസേഷന്‍, പോളിയോ, ഡിപിടിതുടങ്ങിയ പ്രതിരോധമരുന്നുകള്‍ ഗ്രാമീണ മേഖലയിലെ ജനങ്ങളിലേക്കെത്തിക്കാനായിട്ടുള്ള ഉള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് പരിഷത്തിന്റെ നേതൃത്വത്തില്‍ തുടങ്ങി. തിരുവനന്തപുരത്ത് തുടങ്ങിയ ഈ പ്രവര്‍ത്തനം പിന്നീട് എല്ലാ ജില്ലകളിലേയ്ക്കും വ്യാപിപ്പിച്ചു. ആരോഗ്യാവബോധവല്‍ക്കരണത്തിനായി വിവിധപഠനങ്ങളും പ്രസിദ്ധീകരണങ്ങളും സര്‍വ്വേകള്‍, ലഘുലേഖകള്‍, കലാ ജാഥകള്‍, പുസ്തകങ്ങള്‍ അതിനെക്കു റിച്ചുള്ള ചര്‍ച്ചകള്‍ എന്നിവയൊക്കെ നടന്നു.

1980-മുതല്‍ നിലവിലുള്ള ആരോഗ്യ സംവിധാനങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് അവയുടെ സേവനങ്ങള്‍ ഗ്രാമാന്തരങ്ങളിലേക്കെത്തിക്കുന്ന രീതിയിലാണ് പരിഷത്ത് പരിപാടികള്‍ ആസൂത്രണം ചെയ്തിരുന്നത്. പിഎച്ച്‌സി, ആശുപത്രികള്‍, ആയുര്‍വേദ, ഹോമിയോ തുടങ്ങിയ സംവിധാനങ്ങളെല്ലാം തന്നെ ഗ്രാമങ്ങളില്‍ എത്തിക്കുന്നതിനുള്ളപ്രവര്‍ത്തനങ്ങള്‍ അതാത് സ്ഥാപനങ്ങളും ഗ്രാമശാസ്ത്രസമിതിയും ചേര്‍ന്ന് സംഘടിപ്പിക്കാന്‍ തുടങ്ങി. പോഷകമൂല്യമുള്ള ഭക്ഷണം, തൊഴില്‍ തുടങ്ങിയ ഘടകങ്ങളുടെ പ്രാധാന്യം മനസ്സിലാക്കികൊണ്ട് ആരോഗ്യത്തെ പുനര്‍നിര്‍വചിക്കുകയാണ് 1980കളില്‍ ചെയ്തത്. ഒരു കരട് ആരോഗ്യ നയം തയ്യാറാക്കി സംസ്ഥാനസര്‍ക്കാറിന് സമര്‍പ്പിച്ചു. അതിനടിസ്ഥാനമായിട്ടുുള്ള ക്യാമ്പയിനുകള്‍ രൂപപ്പെടുത്തി. നയം സമഗ്രമാക്കുന്നതിനുള്ള പഠനങ്ങളും സര്‍വേകളും നടന്നു.

കേരളത്തിന്റെ ആരോഗ്യാവസ്ഥയെ സംബന്ധിച്ച കൃത്യമായ ചിത്രം നല്‍കുന്ന ഒന്നാക്കി പരിഷത് ആരോഗ്യ സര്‍വെകളെ മാറ്റി. സര്‍വ്വേകളിലൂടെ അറിവുകളെ പ്രാഥമിക ആരോഗ്യപരിരക്ഷ എന്ന് പറയുന്ന ആശയത്തിന് കുറച്ചുകൂടി ഊന്നല്‍ കൊടുത്തുകൊണ്ട് ഒരുകാഴ്ചപ്പാട് പിന്നീട് വികസിപ്പിച്ചു. 'പി.എച്ച്.സിയെ അറിയുക' എന്ന ക്യാമ്പയിന്‍ അതിന്റെ വളര്‍ച്ചയാണ്. വയജോനജനങ്ങള്‍ക്കുള്ള പരിപാടികള്‍, എച്ച്‌ഐവി, ടിബി, തുടങ്ങിയ രോഗങ്ങളെചെറുക്കുന്നതിനുള്ള പഞ്ചായത്തുമായുള്ള ഇടപെടലുകള്‍. ഇവയിലെല്ലാംതന്നെ പരിഷത്തിന്റെ കയ്യൊപ്പ് കാണുവാന്‍ സാധിക്കും(അവലംബം- പരിഷത് വാര്‍ത്ത). ഇത്തരം നയങ്ങള്‍ ഒരുവശത്ത്‌സംരക്ഷിക്കുകയും നയരൂപീകരണത്തിന് സഹായിക്കുന്ന രീതിയിലുള്ളആശയങ്ങള്‍ ഉത്പാദിപ്പിക്കുകയും അത് പ്രാബല്യത്തില്‍ വരുത്തുകയും ചെയ്യുന്നതിനൊപ്പം തന്നെ നയവ്യതിയാനങ്ങളെ ചെറുക്കുവാനായിട്ടുള്ള വിവിധ ഇടപെടലുകളും നടന്നു.

ഒ.പി ടിക്കറ്റില്‍ തുടങ്ങി ഇന്‍ഡോ- അമേരിക്കന്‍ വാക്‌സിന്‍ കരാറിനെ വരെ എതിര്‍ത്തു

നയ വ്യതിയാനങ്ങളെ ചെറുക്കുന്നതിനുള്ള നിരവധി ഇടപെടലുകള്‍ പരിഷത്ത് നടത്തിയിട്ടുണ്ട്. ഒ.പി ടിക്കറ്റിന് ചാര്‍ജ്ജിനെ എതിര്‍ത്തത്, സ്വകാര്യ മേഖലയില്‍ മെഡിക്കല്‍ പിജികള്‍ തുടങ്ങുന്നതിന് എതിരായുള്ള സമരങ്ങള്‍, സര്‍ക്കാര്‍ ആശുപത്രികളുടെ ആഭ്യന്തര സ്വകാര്യവത്കരണം തുടങ്ങിയ മേഖലയിലുള്ള നമ്മുടെ ഇടപെടലുകള്‍, അയഡൈസ്ഡ് ഉപ്പിനെതിരായിട്ടുള്ള ക്യാമ്പയിന്‍ എന്നിവയയോക്കെ ഇതിലുള്‍പ്പെടുന്നു.ജൈവയുദ്ധത്തിന് വഴിതെളിയിക്കുന്ന ഇന്‍ഡോ- അമേരിക്കന്‍ വാക്‌സിന്‍ കരാറിനെതിരെ ശക്തിയായി പ്രതികരിക്കാന്‍ കഴിഞ്ഞത് നാഴികകല്ലാണ്. ഇവയില്‍ ചിലതെല്ലാം ഇന്നും വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉള്ള മേഖലകളാണ്.

2000-ത്തോടെ പരിഷത്ത് പ്രവര്‍ത്തനം വര്‍ദ്ധിച്ചു വരുന്ന രോഗാതുരതയെ നേരിടാന്‍ പാകത്തിന് പൊതുജനാരോഗ്യ മേഖലയെ വികസിപ്പിക്കുക എന്ന ആശയത്തിലൂന്നിയായിരുന്നു. ആ ശൂന്യതയിലേക്ക് കടന്നു വന്ന സ്വകാര്യമേഖലയുടെ കൊള്ളയും തുറന്ന് കാട്ടി. സ്വകാര്യമേഖല വന്നതോടെ ആരോഗ്യ ചെലവ് വലിയ തോതില്‍ കുതിച്ചുയരാന്‍ തുടങ്ങി. 1970കളുടെ ആരംഭം വരെ വളരെക്കുറവായിരുന്നു സ്വകാര്യ ആശുപത്രികള്‍. പിന്നീട് ആശുപത്രികളുടെ എണ്ണം വളരെയധികം വര്‍ദ്ധിച്ചു. അതുകൊണ്ട് ആരോഗ്യച്ചെലവ് വര്‍ദ്ധിച്ചു വന്നപ്പോള്‍ സാധാരണക്കാര്‍ക്ക് ആരോഗ്യച്ചെലവ് താങ്ങാന്‍ പറ്റാത്ത ഒരു സ്ഥിതിയുണ്ടായി. സ്വാഭാവികമായും സാമൂഹ്യനീതിയിലും തുല്യതയിലും അധിഷ്ഠിതമായ കേരള ആരോഗ്യ മാതൃക വലിയൊരു പ്രതിസന്ധി നേരിടാന്‍ തുടങ്ങി. ഇതിനെതിരായ പോരാട്ടത്തിലാണ് പരിഷത്തിപ്പോള്‍.

Content Highlights: Shahstra sahithya parishath activities in health department


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented