കൂലിയില്ലാത്ത ഗാര്‍ഹിക അധ്വാനം ചര്‍ച്ചയാക്കി; ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 60 വര്‍ഷങ്ങള്‍/ഭാഗം 3


ശ്രുതി ലാല്‍ മാതോത്ത്SERIES

Image: AP

ത് കലികാലത്തിന്റെ തുടക്കമാണ്, അതാണ് നീയൊക്കെ ഇങ്ങനെ......തൃശ്ശൂര്‍ ജില്ലയിലെ പെരിഞ്ഞനം പഞ്ചായത്തില്‍ മദ്യപാനിയായ യുവാവ് പ്രദേശവാസിയായ സ്ത്രീയോട് ആക്രോശിച്ച് കൊണ്ട് പറഞ്ഞ വാക്കുകളാണിത്. 2018 ഫെബ്രുവരിയില്‍ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ നടന്ന കലുങ്ക് പ്രതിഷേധത്തിന് നേരെയായിരുന്നു യുവാവിന്റെ ആക്രോശം. തെരുവുകളും കവലകളും തങ്ങള്‍ക്ക് കൂടി അവകാശപ്പെട്ടതാണെന്ന് പ്രഖ്യാപിച്ചു കൊണ്ട് വനിതകള്‍ക്കായി പരിഷത് നടത്തിയ വേറിട്ട ഒരു സമര മുറയുടെ ഭാഗമായിരുന്നു കലുങ്ക് സമരം.

പഞ്ചായത്തിലെ പതിനാലാം വാര്‍ഡിലെ കള്ളുഷാപ്പിന് മുന്‍വശത്തുള്ള കലുങ്കില്‍ കാലങ്ങളായി പ്രദേശവാസികളായ പുരുഷന്മാരും ഷാപ്പില്‍ നിന്ന് മദ്യപിച്ചിറങ്ങുന്നവരുമാണ് ഇരുന്നിരുന്നത്. അവിടെ ഇരിക്കുന്ന പുരുഷന്‍മാരുടെ ശല്യം ചെയ്യല്‍ കാരണം സ്ത്രീകള്‍ വഴിമാറി പോകുന്ന സാഹചര്യവും നിലനിന്നിരുന്നു. സന്ധ്യ കഴിഞ്ഞുള്ള സമയങ്ങളില്‍ ഈ വഴി സഞ്ചാരയോഗ്യമല്ലെന്ന് സ്ത്രീകളും വിദ്യാര്‍ഥികളും പരാതി ഉന്നയിക്കുകയും ചെയ്തു. ഇതേകാലയളവിലാണ് ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന തലത്തിലുള്ള ഇടപെടലിലൂടെ കേരളത്തിലെ പതിനാലു പഞ്ചായത്തുകള്‍ വനിതാശിശു സൗഹൃദപരമാക്കണമെന്ന ദൗത്യവുമായി മുന്നോട്ടുവരുന്നത്. അതിന്റെ ഭാഗമായി ഒന്നോ രണ്ടോ മാതൃകാ പഞ്ചായത്തുകള്‍ കേരളത്തില്‍ രൂപപ്പെടുത്തുക എന്ന ആശയത്തിന്റെ പുറത്ത്് പെരിഞ്ഞനം പഞ്ചായത്തില്‍ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിരുന്നു.പൊതു ഇടങ്ങളിലൂടെ പലപ്പോഴും സ്ത്രീകള്‍ക്ക് സൈ്വര്യ സഞ്ചാരം സാധ്യമാകുന്നില്ല എന്നതായിരുന്നു പഞ്ചായത്തിലെ ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്ന പ്രധാന പരാതികളില്‍ ഒന്ന്. തുടര്‍ന്ന്, ശാസ്ത്ര സാഹിത്യ പരിഷത്തും പഞ്ചായത്തും പ്രാദേശിക സ്ത്രീകളും സംയോജിച്ച് വൈകുന്നേരം കലുങ്കില്‍ വന്നിരിക്കുകയായിരുന്നു. പിറ്റേന്ന് വൈകുന്നേരം പുരുഷന്മാര്‍ കലുങ്ക് കൈവശപ്പെടുത്തി. ആ സമയത്ത് പ്രതിഷേധിക്കാനെത്തിയ സ്ത്രിയോടാണ് യുവാവ് മോശമായി പെരുമാറിയത്. സ്ത്രീകള്‍ക്കുള്ള എല്ലാ സഞ്ചാര സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും കെട്ടിയുറപ്പിക്കാന്‍ ഏകീകൃതമായി മുന്നോട്ട് പോവാന്‍ പ്രദേശത്തെ വനിതകള്‍ തീരുമാനിച്ചതോടെ പ്രശ്നം പരിഹരിക്കപ്പെട്ടു. 1980കളുടെ തുടക്കം മുതല്‍ പാതി ആകാശത്തിനും പാതി ഭൂമിക്കും ഉടമ സ്ത്രീകളാണെന്ന ആശയം മുറുകെ പിടിച്ച് പരിഷത് ലിംഗനീതിക്കായുള്ള സമരരംഗത്ത് സജീവമാണ്.

ആദ്യ ചുവട് വയ്പും ലക്ഷ്യങ്ങളും

ശാസ്ത്ര സാഹിത്യ പരിഷത്ത് രൂപീകരിച്ച് രണ്ട് പതിറ്റാണ്ട് പിന്നിട്ടപ്പോള്‍, അതായത് 1980കളില്‍ മുപ്പതിനായിരത്തോളം അംഗങ്ങളുളള സംഘടനയില്‍ 10 ശതമാനത്തോളം മാത്രമായിരുന്നു സ്ത്രീകള്‍. സംഘടനാ പ്രവര്‍ത്തനത്തിലേക്ക് വരുമ്പോള്‍ പങ്കാളിത്തം പിന്നെയും താഴും. ഇന്ന് അറുപതിനായിരത്തിലധികം വരുന്ന അംഗങ്ങളില്‍ 35 ശതമാനം വനിതകളാണ്. കേന്ദ്ര നിര്‍വഹണ സമിതി മുതല്‍ യൂണിറ്റ് കമ്മിറ്റി വരെ 25 ശതമാനം പങ്കാളിത്വത്തില്‍ എത്തി നില്‍ക്കുന്നു. ഈ പറയുന്ന 35 ശതമാനം പോലും കുറവാണെന്ന് ഒറ്റ വായനയില്‍ തോന്നാം. എന്നാലത് അഭിമാനാര്‍ഹമായ നേട്ടമാണെന്ന് മനസിലാവുക ലോകത്തെ ശാസ്ത്രജ്ഞരുടെയും ശാസ്ത്ര പ്രചാരകരുടെയും സംഘടനകളിലെ സ്ത്രീ പങ്കാളിത്വത്തിന്റെ കണക്ക് നോക്കുന്നയിടത്താണ്. വെറും 11 ശതമാനത്തില്‍ താഴെയാണ് അത്തരം സംഘടനകളില്‍ വനിതകളുള്ളത്.

1975ല്‍ അന്താരാഷ്ട്ര വനിതാ ദിനം ആചരിക്കാന്‍ യുഎന്‍ തീരുമാനിച്ചതോടെയാണ് പരിഷതും ലിംഗ നീതി എന്ന ആശയത്തെ കുറിച്ച് ആലോചിക്കുന്നത്. സ്വയം വിമര്‍ശനം ആയിരുന്നു ആദ്യ ഘട്ടം. സംഘടനയിലെ സ്ത്രീ പങ്കാളിത്തം കുറയുന്നതിനെ കുറിച്ച് തന്നെയായിരുന്നു തുടക്കത്തിലെ ചര്‍ച്ച. എന്തുകൊണ്ടാണ് പരിഷത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സ്ത്രീകളുടെ പങ്കാളിത്തം കുറഞ്ഞിരിക്കുന്നത്? പരിഷത്ത് ഏറ്റെടുത്തിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ എല്ലാം തന്നെ പുരുഷന്‍മാര്‍ക്കെന്നപോലെ സ്ത്രീകള്‍ക്കും പ്രാധാന്യമുളളവയല്ലേ? ശാസ്ത്രസാഹിത്യ പരിഷത്തില്‍ മാത്രമല്ലല്ലോ സ്ത്രീകളുടെ പങ്കാളിത്തക്കുറവുളളത്. മറ്റു പ്രസ്ഥാനങ്ങളിലും സജീവമായി പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായി വരുന്ന സ്ത്രീകളുടെ സംഖ്യയും കുറവല്ലേ? സമൂഹത്തില്‍ മൊത്തം ബാധകമായ ഏതോ വിലക്കുകളും പ്രതിബന്ധങ്ങളും ആയിരിക്കുകയില്ലേ സ്ത്രീപങ്കാളിത്തം താഴ്ന്നിരിക്കുന്നതിന്റെ കാരണം? പക്ഷേ ഈ വിലക്കുകളില്‍നിന്നും ചങ്ങലകളില്‍നിന്നും പരിഷത്ത് സ്വതന്ത്രമാണെന്ന് അവകാശപ്പെടുവാന്‍ കഴിയുമോ? പരിഷത്തിന്റെ സംഘടനാ സംവിധാനത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം ദുഷ്‌ക്കരമാക്കുന്ന എന്തെങ്കിലുമുണ്ടോ? സ്ത്രീകള്‍ക്ക് പ്രത്യേകം താല്പര്യമുള്ള ഏതെങ്കിലും പുതിയ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കേണ്ടതുണ്ടോ? വനിതാരംഗത്ത് ഇന്ന് നടക്കുന്ന വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ക്ക് അനുപൂരകവും സംപൂരകവുമായി തനതായി പരിഷത്തിന് എന്ത് സംഭാവന ചെയ്യാന്‍ കഴിയും? എന്നിങ്ങനെ ഒട്ടനവധി ചോദ്യങ്ങള്‍ ഉയര്‍ന്നുവന്നു.

1987 ജൂലൈ 24, 25, 26 തീയതികളില്‍ വലപ്പാട്ട് ചേര്‍ന്ന വനിതാ ശിബിരത്തിലും സെപ്റ്റംബര്‍ 26-ന് തിരുവനന്തപുരത്തു നടന്ന വര്‍ക്ക്‌ഷോപ്പിലും ഇത്തരം പ്രശ്‌നങ്ങള്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെട്ടു. പിന്നാലെ പരിഷത്തിന്റെ ഓരോ യൂണിറ്റിലും വനിത സെല്ലുകള്‍ രൂപികരിക്കാന്‍ തിരുമാനിച്ചു. വനിതകള്‍ക്കായുള്ള ആദ്യകാല പരിഷത് പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യങ്ങള്‍ ഇനി പറയുന്നവയാണ്.

  1. പൊതുസമൂഹത്തിന്റെ പുരുഷാധിപത്യ ചിന്താഗതിയെ മാറ്റുകയും ലിംഗ തുല്യതയില്‍ അധിഷ്ഠിതമായ സമൂഹ സൃഷ്ടിക്കുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുക
  2. വ്യക്തിപരമായും സാമൂഹികമായും പുരുഷനു ലഭിക്കുന്ന മേല്‍ക്കൈ സാമൂഹ്യ നിര്‍മിതി ആയതിനാല്‍ ശാരീരിക വ്യത്യസ്ഥതകള്‍ക്കപ്പുറം പുരുഷനും മറ്റു ലൈഗിംക വിഭാഗങ്ങളും തുല്യരാണ് എന്ന മനോഭാവം വളര്‍ത്തുവാന്‍ ശ്രമിക്കുക.
  3. കുടുംബം, മതം, രാഷ്ട്രീയകക്ഷികള്‍, മറ്റു സംഘടനകള്‍ എല്ലാം പുരുഷകേന്ദ്രീകൃത വ്യവസ്ഥിതിയെ പിന്‍തുടരുന്നതിനാല്‍ കാലത്തിന്റെ മാറ്റത്തിനനുസരിച്ച് ലിംഗപദവി തുല്യത സംജാതമായിട്ടില്ല. അതിനാല്‍ അധികാരത്തിലും സമ്പത്തിലും സംസ്‌ക്കാരത്തിലും ലിംഗതുല്യത ഉറപ്പു വരുത്തുന്നതിന് ആവശ്യമായ പ്രതിഷേധങ്ങള്‍ ഉയര്‍ത്തുക, പഠനങ്ങള്‍ നടത്തുക, നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വെക്കുക, പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തുക, നടപ്പിലാക്കാന്‍ യത്നിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ചെയ്യുക.

കൂലിയില്ലാത്ത ഗാര്‍ഹിക അധ്വാനം ചര്‍ച്ചയ്ക്ക് എത്തിച്ച സംഘടന

1987ലെ വനിത ശിബിര ചര്‍ച്ചകളില്‍ നിന്ന് ഉരുത്തിരിഞ്ഞ ആശയങ്ങള്‍ വച്ച് നിരവധി ശില്‍പശാലകളും സംവാദങ്ങളും പരിഷത് സംഘടിപ്പിച്ചു. സ്ത്രീകളും സമ്പദ് ഘടനയും, സ്ത്രീകളും ആരോഗ്യവും, സ്ത്രീകളും വിദ്യാഭ്യാസവും, സ്ത്രീകളും പരിസ്ഥിതിയും, സ്ത്രീകളും നിയമങ്ങളും, സ്ത്രീകളും മാധ്യമങ്ങളും ഇങ്ങനെ വ്യത്യസ്തമാര്‍ന്ന വിഷയങ്ങളിലായിരുന്നു പരിപാടികള്‍. ഈ ശില്‍പശാലകളിലെ കണ്ടെത്തലുകളാണ് 1989ല്‍ വനിതാ കലാജാഥയിലൂടെ പരിഷത് കേരള ജനതയ്്ക്ക് മുന്നില്‍ അവതരിപ്പിച്ചത്. കേരളത്തിലെ വനിത തൊഴിലാളി 16 മണിക്കൂറും വീട്ടമ്മ 10 മണിക്കൂറും പണിയെടുക്കുന്നു എന്ന കണക്ക് ആദ്യമായി പൊതുസമൂഹത്തിന്റെ മുന്നില്‍ വച്ചതും പരിഷത് തന്നെയാണ്. ഇതോടെ കൂലിയില്ലാത്ത ഗാര്‍ഹിക അധ്വാനം, സ്ത്രീധന സമ്പ്രദായം, പൊതുരംഗത്തും ആരോഗ്യ-വിദ്യാഭ്യാസ രംഗത്തും നിലനില്‍ക്കുന്ന വിവേചനമെല്ലാം കേരള സമൂഹം വ്യാപകമായി ചര്‍ച്ച ചെയ്തു.

ഇതിനായി രണ്ട് വനിതാ കലാജാഥയാണ് നടന്നത്. 163 കേന്ദ്രങ്ങളിലായി നടന്ന പരിപാടിയില്‍ അക്കാലത്ത് തന്നെ ലക്ഷകണക്കിന് കാണികളെ എത്തിക്കാനും പരിഷതിന് സാധിച്ചു. പിന്നാലെ ആയിരകണക്കിന് സ്ത്രീകള്‍ പൊതുരംഗത്തേക്ക് വരാനും തയ്യാറായി. തൊട്ടടുത്തവര്‍ഷം കലാജാഥയുടെ എണ്ണം 2ല്‍ നിന്ന് 15 ആയി. ഇതോടെ കേരളത്തിലെ മുക്കിലും മൂലയിലും വരെ സ്ത്രീ പ്രശ്‌നങ്ങള്‍ ചര്‍ച്ചയ്ക്ക് എത്തിച്ചു. പിന്നീട് സമത വിജ്ഞാനോല്‍സവം, സമതകലാജാഥ, പെണ്‍പിറവി നാടകയാത്ര, സാക്ഷരതാ പ്രസ്ഥാനം, ജനകീയ ആസുത്രണം, സ്ത്രീ സൗഹര്‍ദ്ദ പഞ്ചായത്തുകള്‍, തുല്യതാ സംഗമം മുതലായ പ്രവര്‍ത്തനങ്ങളിലൂടെ സമസ്ത മേഖലകളിലും സ്ത്രീ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ പരിഷത്തിന് സാധിച്ചു. ഇതിനിടെ പരീഷത്തിലേക്ക് സ്ത്രീകളെടേതായ ഒഴുക്കുണ്ടായത് 1990കളിലാണ്. സമ്പൂര്‍ണ സാക്ഷരതയുമായി നടന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടായിരുന്നു അത്.

ഏകദേശം 18000 ത്തോളം വരുന്ന സ്ത്രീകള്‍ ഈ മുന്നേറ്റത്തിന്റെ പ്രവര്‍ത്തകരായി മാറി. ലിംഗനീതി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നാല് പതിറ്റാണ്ട് ആകുമ്പോള്‍ ലൈഗിംക ചൂഷണങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കുമെതിരെ പ്രചാരണം, ലിംഗതുല്യതാ മനോഭാവം വളര്‍ത്തുന്നതിന് പൊതുജനങ്ങള്‍ക്ക് ക്ലാസുകള്‍ നല്‍കല്‍, സംവാദങ്ങള്‍ സംഘടിപ്പിക്കല്‍, സംഘടനയുടെ മറ്റു വിഷയ സമിതി പ്രവര്‍ത്തനങ്ങളിലും ലിംഗ തുല്യത കാഴ്ചപ്പാട് ഉള്‍ച്ചേര്‍ക്കല്‍, തദ്ദേശ ഭരണ സ്ഥാപനങ്ങളെ ജെന്റര്‍ സൗഹൃദമാക്കുന്നതിന് നേതൃത്വം കൊടുക്കല്‍, രാത്രി പിടിച്ചെടുക്കല്‍, ആര്‍ത്തവ സമരം, ഹോസ്റ്റല്‍ സമരം, ജിഷ - സൗമ്യ - വാളയാര്‍ തുടങ്ങിയ പീഡന - കൊല തുടങ്ങിയ സമീപകാല പോരാട്ടങ്ങളില്‍ പോലും പരിഷത്തിന്റെ സാന്നിധ്യവും ശ്രദ്ധേയമാണ്.

Content Highlights: Shahstra sahithya parishath activities for gender equality


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


21:00

'ഒരു സീനിന് വേണ്ടി എട്ട് ബീഡി വലിച്ചു!' | Manju Pillai Interview

Dec 4, 2022

Most Commented