പ്രതീകാത്മക ചിത്രം | ഫോട്ടോ:വിജേഷ് വിശ്വം
പതിനെട്ട് വയസ്സുവരെയും കുട്ടികളുടെ ജീവിതത്തിലെ പ്രധാന ഭാഗവും വിദ്യാലയങ്ങളുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും ജനാധിപത്യത്തിന്റെയുമൊക്കെ ബാലപാഠങ്ങള്‍ അവര്‍ അഭ്യസിച്ചു തുടങ്ങുന്നത് അവിടെ നിന്നാണ്. വിദ്യാലയങ്ങളില്‍ അവര്‍ അനുഭവിക്കുന്ന വിവേചനങ്ങളും മാനസിക ശാരീരിക പീഡനങ്ങളുടെ ഓര്‍മ്മകളും ട്രോമകളും ജീവിതകാലം മുഴുവന്‍ അവരെ പിന്തുടരാതിരിക്കില്ല.
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം 2014ൽ ഇറക്കിയ സര്‍ക്കുലര്‍ കുട്ടികള്‍ക്ക് നേരെയുള്ള പീഡനം തടയുന്നതിനുള്ള മാര്‍ഗ്ഗരേഖകളായിരുന്നു.
വീടുമായി ബന്ധപ്പെട്ട ബാലപീഡനങ്ങളില്‍ കുട്ടികള്‍ക്ക് സംരക്ഷണം ഒരുക്കലായിരുന്നു ആ സര്‍ക്കുലര്‍ പ്രധാനമായും ഉദ്ദേശിച്ചത്. പോക്‌സോ കേസുകള്‍ വിദ്യാലയങ്ങളില്‍ നിന്ന് അധികമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതു കൊണ്ടാവാം 2012 ലെ പോക്‌സോ നിയമവുമായി ബന്ധപ്പെട്ട സൂചനകളൊന്നും ആ സര്‍ക്കുലറില്‍ ഇല്ലായിരുന്നു. എന്നാല്‍ നിരവധി സ്‌കൂളുകളില്‍ നിന്ന് കുട്ടികള്‍ക്കു നേരെ അധ്യാപകന്‍ നടത്തുന്ന ലൈംഗിക പീഡനങ്ങള്‍ സംബന്ധിച്ച പരാതികള്‍ ഉയര്‍ന്നു വരുന്നുണ്ട്. വിദ്യാഭ്യാസ വകുപ്പും കുട്ടികളുടെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളും വളരെ ഗൗരവപൂര്‍വം സമീപിക്കേണ്ട ഒരു വിഷയമാണിത്.
സ്ത്രീ പുരുഷ ബന്ധങ്ങളിലെ ജനാധിപത്യവത്കരണത്തിന്റെ കാര്യത്തില്‍ വളരെ പിന്നാക്കമായ ഒരു സമൂഹമാണ് മലയാളിയുടേത്. എന്നാല്‍ അധ്യാപക വിദ്യാര്‍ത്ഥി ബന്ധങ്ങളിലെ ജനാധിപത്യവത്കരണം മുന്‍പത്തെക്കാള്‍ വളരെ വികസിച്ചിട്ടുണ്ട്. എന്നിട്ടും വിദ്യാലയങ്ങളില്‍ നിന്നുള്ള ലൈംഗിക പീഡനാരോപണങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതിന് കാരണം അധികാരപ്രയോഗത്തിന്റെ സാധ്യത നിലനില്‍ക്കുന്നത് കൊണ്ടാണ്.
മലപ്പുറം ജില്ലയിലെ പേരും പ്രശസ്തിയുമുള്ള സെന്റ് ജമ്മാസ് സ്‌കൂളിലെ ഒരധ്യാപകന്‍ മുപ്പത് വര്‍ഷത്തോളം കാലം ഒരു അധ്യാപകനായിട്ടല്ല ക്രിമിനലായിട്ടാണ് കുട്ടികളോട് പെരുമാറിയിരുന്നത് എന്ന വിവരം പുറത്ത് വരുന്നത് അയാള്‍ വിരമിച്ചതിനു ശേഷമാണ്. കുട്ടികള്‍ പരാതിപ്പെട്ടിട്ടും അയാളുടെ പ്രവൃത്തികള്‍ ക്രിമിനല്‍ കുറ്റമായിരുന്നു എന്ന് തിരിച്ചറിയാനോ അയാളെ നിയമ നടപടിക്ക് വിധേയമാക്കാനോ രക്ഷിതാക്കള്‍ക്കോ അധ്യാപകര്‍ക്കോ കഴിയാതിരുന്നതിന് എന്തൊക്കെ ന്യായീകരണങ്ങള്‍ ഉണ്ടെങ്കിലും അവരും ക്രിമിനല്‍ കുറ്റത്തിന് കൂട്ടുനിന്നവരാണ്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. ഇതിനു മുമ്പും ശേഷവും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സംഭവങ്ങള്‍ ഒരു പക്ഷേ അതിലും അധികമുണ്ടാവാം.
ക്ലാസ് മുറികളിലെ പിന്‍ബഞ്ചിന്റെ പിന്നിലൂടെ ഒരു ആണ്‍ ലിംഗം മുട്ടിയുരുമ്മി നടക്കാറുണ്ടെന്ന്, ഉടുപ്പിന്റെയോ പാവാടയുടേയയോ ഉള്ളിലൂടെ ഒരു കൈനീണ്ടു വരാറുണ്ടെന്ന്, ചേര്‍ത്ത് പിടിച്ച് ഉമ്മ വെക്കാറുണ്ടെന്ന്, സ്വകാര്യ ഭാഗങ്ങളില്‍ നുള്ളി നോവിക്കാറുണ്ടെന്ന് അവര്‍ക്കെങ്ങനെ ആരോടെങ്കിലും തുറന്നു പറയാന്‍ കഴിയും. പദവിയുള്ള അധികാര കേന്ദ്രങ്ങളാണല്ലോ അധ്യാപകര്‍. തുറന്ന് പറഞ്ഞാല്‍ തങ്ങളെ കണ്ണുരുട്ടി പേടിപ്പിക്കുന്നവരാകില്ല ചുറ്റിലുമുള്ളത് എന്ന് ഉറപ്പില്ലാത്തിടത്തോളം അവര്‍ പറയില്ല. പണ്ടും ഇത്തരം അധ്യാപകന്‍മാര്‍ ഉണ്ടായിരുന്നു. ചോദ്യം ചെയ്യപ്പെടേണ്ട കുറ്റകൃത്യമാണന്ന് തിരിച്ചറിയാത്ത തലമുറ അത് പുറത്തറിയിച്ചില്ലെന്നു മാത്രം.
ശക്തമായ നിയമങ്ങള്‍ ഉണ്ടായിട്ടും എന്ത് കൊണ്ടാണ് കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നത്?
കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനു വേണ്ടി ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കിയ നിയമമാണ് പോക്‌സോ ആക്ട് (Protection of Children from sexual offences Act 2012 ) .2012 ലെശിശുദിനത്തിലാണ് നിയമം നിലവില്‍ വന്നത്. ലിംഗഭേദമില്ലാതെ 18 വയസ്സില്‍ താഴെയുള്ള എല്ലാ കുട്ടികളെയും ലൈംഗികാതിക്രമങ്ങളില്‍ നിന്ന് സുരക്ഷിതമാക്കാന്‍ ലക്ഷ്യമിട്ടു കൊണ്ടുള്ളതാണ് നിയമം. വളരെ ശക്തവും ശിശു സൗഹാര്‍ദ്ദപരവുമായ ഉള്ളടക്കമാണ് ഈ നിയമത്തിലുള്ളത്. എന്നാല്‍ ഈ നിയമത്തിലുള്ള പൊതു സമൂഹത്തിന്റെ അജ്ഞതയും നിയമം കൃത്യമായി നടപ്പിലാക്കുന്നതിലുള്ള വീഴ്ചയും കാലതാമസവും പീഡനങ്ങള്‍ പരാതിപ്പെടാതിരിക്കുന്നതിനും കുട്ടികള്‍ക്ക് നിയമ പരിരക്ഷ കിട്ടാതിരിക്കുന്നതിനുമുള്ള പ്രധാന കാരണമാണ്.
.jpg?$p=efe4ac0&&q=0.8)
വിദ്യാലയങ്ങള്‍ എന്തുകൊണ്ടാണ് ലൈംഗിക പീഡന പരാതികള്‍ മൂടിവെക്കുന്നത്?
കുട്ടികള്‍ക്ക് നേരെയുണ്ടാകുന്ന ലൈംഗികാതിക്രമങ്ങളില്‍ അധികവും അപരിചിതരില്‍ നിന്നല്ല അവരുടെ സംരക്ഷണച്ചുമതലയുള്ളവരില്‍ നിന്നാണ്. അധ്യാപകര്‍, പിതാവ് ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍, അനാഥാലായങ്ങള്‍, ചില്‍ഡ്രന്‍സ് ഹോമുകള്‍, പ്രൊട്ടക്ഷന്‍ ഹോമുകള്‍ ഒബ്‌സര്‍വേഷന്‍ ഹോമുകള്‍, ആശുപത്രികള്‍ തുടങ്ങിയവയുടെ നടത്തിപ്പുകാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരൊക്കെ നിയമപ്രകാരം സംരക്ഷണച്ചുമതലുള്ളവരില്‍പ്പെടും. ഇവര്‍ കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നതോ അതിന് ശ്രമിക്കുന്നതോ ചുരുങ്ങിയത് 10 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവുശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്.പോക്‌സോ നിയമത്തില്‍ 2019ലെ ഭേദഗതിയില്‍ 16 വയസ്സില്‍ താഴെയുള്ള കുട്ടിയാണ് ഇരയായതെങ്കില്‍ 20 വര്‍ഷത്തില്‍ കുറയാത്തതോ അല്ലെങ്കില്‍ ജീവപര്യന്തമോ വധശിക്ഷയോ നല്‍കേണ്ടlതാണെന്ന പറയുന്നു. എന്നാല്‍ എഫ്.ഐ.ആറിലും കുറ്റപത്രത്തിലുമൊക്കെ സംരക്ഷണച്ചുമതലയുള്ളവര്‍ ചെയ്ത കുറ്റകൃത്യം എന്ന നിലയ്ക്കുള്ള വകുപ്പുകള്‍ ചേര്‍ക്കാതിരിക്കാന്‍ പോലീസ് ശ്രമിച്ചിട്ടുണ്ടെന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് നേരെ നടക്കുന്ന ലൈംഗികാതിക്രമം റിപ്പോര്‍ട്ട് ചെയ്യാതെ മൂടിവെച്ചാല്‍ മൂടിവെച്ചവരെല്ലാം പ്രേരണ കുറ്റത്തിന് പ്രതിയാവും. യഥാസമയം പരാതി ബന്ധപ്പെടവരെ അറിയിക്കാതെ പ്രതിയായ അധ്യാപകന് ട്രാന്‍സ്ഫര്‍ നല്കിയ സ്ഥാപന മേധാവിയും ഡി.ഡി.ഇയുമൊക്കെ പ്രതിയായ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
ലൈംഗികാതിക്രമം സ്ത്രീക്കു നേരെയാവുമ്പോള്‍ അവള്‍ക്കു നേരെ നടന്ന ക്രിമിനല്‍ കുറ്റം എന്നതിനു പകരം 'മാനഭംഗം' ആയിട്ടാണ് പത്രമാധ്യമങ്ങളടക്കം ഇന്നും വിശേഷിപ്പിക്കുന്നത്. നിലനില്ക്കുന്നസാമുഹ്യ, സദാചാരബോധം ലൈംഗികാതിക്രമങ്ങളെ, അതനുഭവിക്കുന്ന സ്ത്രീയുടെ, കുടുംബത്തിന്റെ, നാടിന്റെ, തൊഴിലിടത്തിന്റെ , വിദ്യാലയത്തിന്റെ ഒക്കെ മാനവും മാനക്കേടുമായി വിലയിരുത്തപ്പെടുമെന്നതിനാല്‍ പീഡന പരാതികള്‍ പരമാവധി പുറത്തു വരാതിരിക്കാന്‍ ശ്രദ്ധിക്കും.
കുട്ടികളില്‍ നിന്ന് പരാതി ഉണ്ടായാല്‍ അവ പിന്‍വലിപ്പിക്കാനും നിയമ നടപടികളിലേക്ക് പോകാതിരിക്കാനും തന്ത്രങ്ങള്‍ പലതുണ്ട്. കുട്ടികളെ ഭീഷണിപ്പെടുത്തിയോ മനോവീര്യം കളഞ്ഞോ പരാതി പിന്‍വലിപ്പിക്കല്‍ കുട്ടിയുടെ ഭാവി, പരാതിയുമായി മുന്നോട്ടു പോയാലുണ്ടാകാവുന്ന ഭവിഷ്യത്തുകള്‍ എന്നിവ ഓര്‍മ്മിപ്പിച്ച് കുട്ടിയുടെ രക്ഷിതാക്കളെ സമ്മര്‍ദ്ദത്തിലാക്കല്‍, സ്‌കൂളിന്റെ സല്‍പ്പേര്, അഡ്മിഷന്‍ എന്നിവ പ്രശ്‌നവല്‍ക്കരിച്ചും പരാതിക്കാരെ പിന്തുണയ്ക്കുന്ന അധ്യാപകരെ ഒറ്റപ്പെടുത്തിയും അടക്കമുള്ള പലവിധ ശ്രമങ്ങളാണ് നടക്കുന്നത്
അധ്യാപകരില്‍ ആശയക്കുഴപ്പം ഉണ്ടാക്കല്‍, പ്രതിയായ അധ്യാപകനെ ലീവെടുപ്പിച്ചോ സ്ഥലം മാറ്റിയോ പ്രശ്‌നം പരിഹരിക്കല്‍ അധ്യാപക സംഘടനകളുടെയോ രാഷ്ട്രീയ പാര്‍ട്ടികളുടെയോ പിന്തുണയോടെ മധ്യസ്ഥ ശ്രമങ്ങള്‍ ,അധ്യാപക രക്ഷാകര്‍തൃ സമിതിയെ തെറ്റിദ്ധരിപ്പിക്കല്‍ എന്നിവയും ഇതിൽ ഉൾപ്പെടും. പരാതിക്കാരായ കുട്ടിയില്‍ നിന്ന് മുമ്പുണ്ടായിട്ടുള്ള ഏതെങ്കിലും സംഭവത്തെ പര്‍വ്വതീകരിച്ച് നിരന്തരം കുറ്റപ്പെടുത്തി ക്ലാസിലും സ്‌കൂളിലും ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളും നടക്കാറുണ്ട്. പരാതി കോടതിയില്‍ തെളിയിക്കാന്‍ കഴിയാതിരുന്നാല്‍ ശിക്ഷാ നടപടി നേരിടേണ്ടി വരുന്നത് പരാതിക്കാരിയായിരിക്കും എന്ന് തെറ്റിദ്ധരിപ്പിച്ച് പരാതിയില്‍ നിന്ന് പിന്‍മാറാന്‍ കുട്ടിയെയും രക്ഷിതാക്കളെയും നിര്‍ബന്ധിക്കുന്നതും സാധാരണമാണ്.
.jpg?$p=2ceb658&&q=0.8)
പ്രതിബന്ധങ്ങളെ മറികടന്ന് കൊണ്ട് മുന്നോട്ട് പോകുന്ന പരാതികളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടാത്തതെന്തുകൊണ്ട്?
പോക്‌സോകേസുകളില്‍ ഒരു കൊല്ലത്തിനകം തന്നെ കുറ്റപത്രം നല്കി വിചാരണ പൂര്‍ത്തിയാക്കണമെന്ന് നിയമം അടിവരയിട്ട് പറയുന്നുണ്ടെങ്കിലും 9 വര്‍ഷം വരെ പഴക്കമുള്ള കേസുകള്‍ നടപടിപൂര്‍ത്തിയാകാതെ കിടപ്പുണ്ടെന്നാണ് പത്രവാര്‍ത്തകളില്‍ കാണുന്നത്. ഈ കാലതാമസം പ്രതികള്‍ക്ക് സാക്ഷികളെ ( ഇരയായവരാണല്ലോ സാക്ഷികള്‍) സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ അവസരം ഉണ്ടാക്കിക്കൊടുക്കുന്നു. മാത്രമല്ല നടന്ന സംഭവങ്ങള്‍ കുട്ടികള്‍ക്ക് ക്രമപ്രകാരം ഓര്‍ത്തിരിക്കാന്‍ കഴിയാതിരിക്കുകയും കോടതിയില്‍ അത് പ്രതിക്ക് അനുകൂലമാവുകയും ചെയ്യും. പ്രതിയുടെയും ഇരയായവളുടെയും കുടുംബാംഗങ്ങളെ ഉപയോഗിച്ച് വൈകാരികമായ പ്രതികരണങ്ങള്‍ ഉണ്ടാക്കി കേസ് ദുര്‍ബലമാക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നു. കൃത്യമായ തെളിവുകള്‍ നല്കാന്‍ വിദ്യാലയങ്ങള്‍ അനാസ്ഥ കാണിക്കുന്നു. പല തരം സമ്മര്‍ദ്ദങ്ങള്‍, പഠനം തുടരാന്‍ കഴിയാത്ത അവസ്ഥ, ഒറ്റപ്പെടല്‍, പിന്തുണാ സംവിധാനങ്ങള്‍ കാര്യക്ഷമമല്ലാതിരിക്കല്‍ ഭാവിയെക്കുറിച്ചുള്ള ആശങ്ക, പ്രതിസ്ഥാനത്തുള്ള അധ്യാപകനെ സംരക്ഷിക്കുന്ന സാമൂഹ്യ-രാഷ്ട്രീയ പോലീസ് സംവിധാനങ്ങള്‍, നിയമ സഹായത്തിന്റെ അപര്യാപ്തത ഇതൊക്കെ പോക്‌സോ കേസുകളില്‍ നിന്ന് പിന്നോട്ടു പോകാന്‍ കുട്ടികളെയും രക്ഷിതാക്കളെയും നിര്‍ബന്ധിതരാക്കുന്നു. പ്രതികള്‍ ശിക്ഷിക്കപ്പെടാതിരിക്കാന്‍ പ്രധാനകാരണം ഇതാണ്. പല വിധ സമ്മര്‍ദ്ദങ്ങളാല്‍ പരാതിയില്‍ നിന്ന് പിന്നോട്ടു പോയ, ഇരയായ കുട്ടികളുടെ ആനുകൂല്യത്താല്‍ തെളിയിക്കപ്പെടാതെ പോയ കേസുകളുടെ കണക്കായിരിക്കാം പത്രമാധ്യമങ്ങളെക്കൊണ്ടും ഒദ്യോഗിക സംവിധാനങ്ങളെക്കൊണ്ടും പോക്‌സോ ക്കേസുകളില്‍ 17 ശതമാനവും വ്യാജമെന്ന് പറയിപ്പിച്ചത്. രജിസ്റ്റര്‍ ചെയ്ത പോക്‌സോ ക്കേസുകളില്‍ 1/4 പോലും ശിക്ഷിക്കപ്പെടാതിരിക്കുന്നതിന്റെ പ്രധാന കാരണവും ഇതാണ്.
കുട്ടികള്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ തുറന്നു പറയാനുള്ള ഇടമാണ് സ്‌കൂൾ കൗണ്‍സിലര്‍മാർ .മിക്ക സ്‌കൂളുകളിലും ദിവസ വേതനക്കാരായ ഇവര്‍ക്ക് പീഡനത്തിനിരയായ കുട്ടികളെ പിന്തുണയ്ക്കുന്നതിന് പരിമിതികളുണ്ട്. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ 2014ലെ സര്‍ക്കുലര്‍ പ്രകാരം തന്നെ സ്‌കൂളില്‍ ജാഗ്രതാ സമിതികള്‍ ഉണ്ടാവണം, കുട്ടികള്‍ക്ക് പരാതി സമര്‍പ്പിക്കാന്‍ വേണ്ടി സുരക്ഷിതമായ ഡ്രോപ്പ് ബോക്‌സ് സ്ഥാപിക്കണം, കിട്ടുന്ന പരാതികള്‍ എഴുതിയ രജിസ്റ്ററുകള്‍ സൂക്ഷിക്കണം, പീഡന പരാതികള്‍ പോലീസിനെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിക്കും റിപ്പോര്‍ട്ട് ചെയ്യണം, റിപ്പോര്‍ട്ട് ചെയ്യാത്ത പ്രധാനാധ്യാപകര്‍ക്കെതിരെ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യണം തുടങ്ങിയ കാര്യങ്ങളൊക്കെ പാലിക്കേണ്ടതാണ്. എന്നിട്ടും ക്രിമിനല്‍ കുറ്റം ചെയ്ത അധ്യാപകര്‍ രക്ഷപ്പെടുന്നത് നിയമങ്ങളും സര്‍ക്കുലറുകളും വെറും ഏട്ടിലെ പശുവായി ചുരുങ്ങുന്നത് കൊണ്ടാണ്. സര്‍ക്കാര്‍ പൊതുവിദ്യാലയങ്ങള്‍ മാത്രമല്ല 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ പഠിക്കുന്ന അണ്‍എയ്ഡഡ് വിദ്യാലയങ്ങള്‍, മതപാഠശാലകള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവയിലേക്കും ഇക്കാര്യങ്ങളില്‍ സര്‍ക്കാരിന്റെ ജാഗ്രതയുണ്ടാവണം.
Content Highlights: sexual abuse in schools and how to prevent, social, Mathrubhumilatest, POCSO
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..