വികസനപ്രവര്‍ത്തനങ്ങള്‍ ചിലരുടെ മാത്രം ജീവിതം മെച്ചപ്പെടുത്താനുള്ള ഏര്‍പ്പാടല്ല. തുല്യമായി എല്ലാവരിലും അത് പങ്കുവയ്ക്കപ്പെടണം. എന്നാല്‍ ഗുണഭോക്താക്കളുടെ നീണ്ട പട്ടികയില്‍ ഇടം കിട്ടാതെ ചിലരെങ്കിലും എല്ലായിടത്തും അവശേഷിക്കും. അങ്ങനെ ചില ജീവിതങ്ങള്‍ കാണാനുള്ള ശ്രമം 'വികസനരേഖയ്ക്ക് താഴെയായ ചില ജീവിതങ്ങള്‍' എന്ന പേരില്‍ പരമ്പരയായി തുടങ്ങുകയാണ്

കഴക്കൂട്ടം -കാരോട് ദേശീയപാത ബൈപ്പാസ് വികസിക്കെ ആ നിരപ്പിന് താഴെയായി പോകുന്ന ചില ജീവിതങ്ങളുണ്ട്. വിശാലമായി നാലുവരിപ്പാത ഉയരുമ്പോള്‍ ഇരുവശത്തെയും വീടുകള്‍ താഴെയാകും. അവിടങ്ങളിലെത്തേണ്ട വഴികളും. ഇത്തരം സമാന്തര പാതകളില്‍ ഓടകള്‍ക്ക് ഇടമുണ്ടാകില്ല. നഗരജീവിതത്തിന്റെ മാലിന്യം ഇവിടേക്കല്ലാതെ മറ്റെങ്ങും പോവുകയുമില്ല.

തിരുവനന്തപുരം ആനയറ -വെണ്‍പാലവട്ടം ഭാഗത്തെ 25 ഓളം കുടുംബങ്ങള്‍ക്ക് മഴ മാനത്തു കാണുമ്പോഴേ പേടിയാണ്. വെള്ളപ്പൊക്കം പേടിച്ച് പലരും പെണ്ണുങ്ങളെ സുരക്ഷിതമായി മാറ്റി. ആണുങ്ങള്‍ വെള്ളം കയറാത്ത ഭാഗങ്ങളിലെ പരിചയക്കാരുടെ വീടുകളിലേക്ക് പോയി. ജോലിക്കുപോകാനാകാതെ ചിലര്‍ പകല്‍മുഴുവന്‍ ഉള്ളിലെ വെള്ളം തേവി പുറത്തുകളഞ്ഞുകൊണ്ടിരിക്കുന്നു.

പെണ്ണുങ്ങളെ കുടിയൊഴിപ്പിച്ച വികസനം

കഴക്കൂട്ടത്തുനിന്ന് ബൈപ്പാസിലൂടെ ചാക്കയിലേക്ക് വരുമ്പോള്‍ വെണ്‍പാലവട്ടം ജങ്ഷനില്‍ ഒരു ഫ്ളൈഓവറിന്റെ പണി നടക്കുന്നുണ്ട്. അവിടെനിന്ന് സമാന്തരപാതയിലൂടെയാണ് എല്ലാ വാഹനങ്ങളും പോകുന്നത്. റോഡിന് വീതി കൂടുതല്‍ വേണമെന്നായപ്പോള്‍ ദേശീയപാത അതോറിറ്റി ഓടകള്‍ മണ്ണിട്ടുമൂടി. ആറുമാസമായി അഴുക്കുവെള്ളം പരിസരത്തെ താഴ്ന്ന വീടുകളിലേക്ക് കയറുകയാണ്.

ഈ വീടുകള്‍ക്കെല്ലാം പറമ്പില്‍ വീടെന്നാണ് പൊതുവായ പേര്. പത്തോളം വീടുകളാണ് ഒരു ഭാഗത്ത്. വ്യാഴാഴ്ച പെയ്ത കനത്ത മഴയില്‍ ഒന്നൊഴിയാതെ എല്ലായിടത്തും വെള്ളം കയറി. വെള്ളം പൊങ്ങിയപ്പോള്‍, പ്രാപ്തിയുള്ളവര്‍ ഉയരമുള്ള സ്ഥലങ്ങളിലേക്ക് മാറിപ്പോയി. നിവൃത്തിയില്ലാത്തവര്‍ പെണ്ണുങ്ങളെ മാത്രം കുടിയൊഴിപ്പിച്ചു.

പറമ്പില്‍ വീട്ടില്‍ സുഭാഷ് ചെയ്തത്

വെണ്‍പാലവട്ടം ജങ്ഷനില്‍ ലോഡിങ് തൊഴിലാളിയായ സുഭാഷിന്റെ വിലാസവും പറമ്പില്‍ വീടെന്നാണ്. മഴയത്ത് കുതിര്‍ന്ന് ഏതുനേരവും നിലംപതിക്കാവുന്ന പഴയവീട്ടില്‍ രണ്ട് അനുജന്മാരും അമ്മയും ഭാര്യയുമായി താമസിക്കുന്നു. ഫ്ളൈഓവറിന്റെ പണിതുടങ്ങിയതു മുതല്‍ വീട്ടിലേക്കുള്ള ഒറ്റയാള്‍ പാതയിലൂടെ അകത്തേക്ക് കയറിയ വെള്ളം വിട്ടുപോകാതെയായി.

കിടന്നുറങ്ങാനോ കക്കൂസില്‍ പോകാനോ പോലും കഴിയാതെയായി. കട്ടിലോളം വെള്ളമായപ്പോള്‍, അഞ്ചുമാസം ഗര്‍ഭിണിയായ ഭാര്യയെ അവരുടെ വീട്ടിലേക്ക് അയക്കേണ്ടി വന്നു. 60 വയസുകഴിഞ്ഞ അമ്മയെ പെങ്ങളുടെ വീട്ടിലേക്കും മാറ്റി. അപകടത്തില്‍ കാലിന് പരിക്കേറ്റ് കമ്പിയിട്ടിരിക്കുകയാണ് അനുജന്‍. സുഭാഷും മറ്റൊരു അനുജനും പകല്‍ മാത്രം വീട്ടില്‍ വന്നുപോകും. രാത്രി ഏതെങ്കിലും കൂട്ടുകാരുടെ വീട്ടില്‍ കഴിയും.

പരാതി പറയാനോ സഹായമഭ്യര്‍ത്ഥിക്കാനോ ആരും ബാക്കിയില്ലെന്ന് സുഭാഷ് പറയുന്നു. ദേശീയ പാത ഉദ്യോഗസ്ഥരോടും ജനപ്രതിനിധികളോടും പറഞ്ഞു. കഴിയുന്നതെല്ലാം ചെയ്യുന്നതായി വാര്‍ഡ് കൗണ്‍സിലര്‍ അറിയിച്ചു. നാലുമാസമായിട്ടും വെള്ളക്കെട്ട് മാറാത്ത വീട്ടില്‍, സ്വസ്ഥമായി തലചായ്ക്കാന്‍ എന്നുകഴിയുമെന്ന ആശങ്കയാണ് സുഭാഷില്‍ ബാക്കിയാവുന്നത്.