വികസനരേഖയ്ക്ക് താഴെയായ ചില ജീവിതങ്ങള്‍- രണ്ടാം ഭാഗം തിരുവനന്തപുരം: കഴക്കൂട്ടത്തു തുടങ്ങി സംസ്ഥാന അതിര്‍ത്തിക്കടുത്ത കാരോട് വരെ നീളുന്ന ദേശീയപാത ബൈപ്പാസിലെ ചാക്ക വരെയുള്ള ഭാഗം അതിവേഗത്തില്‍ വികസിക്കുകയാണ്. ടെക്നോപാര്‍ക്കിന്റെ മൂന്നു ക്യാമ്പസുകളും ഇന്‍ഫോസിറ്റി അടക്കം പുറത്തുള്ള ഐ.ടി കമ്പനികളുമാണ് കാരണമായത്. പാതയോരത്തെ സ്ഥലത്തിന് വില കൂടിക്കൊണ്ടേയിരിക്കേ നിക്ഷേപമെന്ന നിലയില്‍ റിയല്‍ എസ്റ്റേറ്റ് കമ്പനികളും വ്യക്തികളും വാങ്ങിക്കൂട്ടി. ചതുപ്പുകളും വയലുകളുമായിരുന്ന സ്ഥലം മുഴുവന്‍ മണ്ണിട്ടുമൂടി മതില്‍കെട്ടിത്തിരിച്ചു. സ്വാഭാവിക ജലസ്രോതസുകള്‍ മണ്ണിനടിയിലായി.

ദേശീയപാത വികസനത്തിനൊപ്പം ആളുകളുടെ ആര്‍ത്തിയും കൂടിയപ്പോഴാണ് ആനയറ -വെണ്‍പാലവട്ടം ഭാഗത്തെ തോപ്പിനകം നിവാസികള്‍ക്ക് വീടിനുള്ളില്‍ സുരക്ഷിതമായി കിടന്നുറങ്ങാനാകാതെ വന്നത്. ഓരോ പുരയിടത്തിനും ചുറ്റും വെള്ളമൊഴുകാന്‍ ചാലുകളുണ്ടായിരുന്നു. ഇവ സ്വാഭാവികമായി കടലിലെത്തിയിരുന്നു. ഭൂമി പ്ലോട്ടുകളായി തിരിച്ചപ്പോള്‍ ഒഴുകാന്‍ വഴിയില്ലാതായി. നിര്‍മിച്ച ചില ഓടകളാവട്ടെ ജലനിരപ്പിനേക്കാള്‍ ഉയരത്തിലുമായിരുന്നു.

tvm

കരിക്കകം വാര്‍ഡില്‍ കോര്‍പ്പറേഷന്‍ നവീകരിച്ച ഏറുമല തോപ്പ് കുളം പോലും ഇതുപോലൊരു ചാലിന് മുകളില്‍ പണിതതാണെന്ന് പരിസരവാസികള്‍ പറയുന്നു.(ആ കുളം ആളുകള്‍ ഉപയോഗിക്കുന്നു പോലുമില്ല) മറ്റെങ്ങും പോകാനില്ലാതെ മലിനജലമുള്‍പ്പെടെ പുരയിടങ്ങളിലും വീടിനുള്ളിലും ഇരച്ചുകയറി. കട്ടിലിനൊപ്പം ഓട വെള്ളം കയറുന്നത് കണ്ട് ഭയന്ന് വീട്ടുകാരുടെ ഉറക്കം നഷ്ടപ്പെട്ടു.

പോകാന്‍ മറ്റിടങ്ങളില്ലാത്തവര്‍ എന്തുചെയ്യും?

അധികൃതരെ കണ്ടുമടുത്ത നിരവധി പേരില്‍ ഒരാളാണ് തോപ്പിനകം പറമ്പില്‍വീട്ടില്‍ സുരേന്ദ്രന്‍. വില്ലേജ് ഓഫീസില്‍ കയറിയിറങ്ങിയിട്ടും ഫലമില്ലാതെ വന്നപ്പോള്‍ കുതിര്‍ന്ന് പൊട്ടിയ വീടുനന്നാക്കാനും വീട്ടിലെ വെള്ളം നീക്കാനും സ്വയം പണം കണ്ടെത്തേണ്ടി വന്നയാള്‍. വാര്‍ഡ് കൗണ്‍സിലറുടെ സഹായം മൂലം മാസങ്ങള്‍ക്കു ശേഷമാണ് ദേശീയപാത അതോറിറ്റി തന്നെ പമ്പെത്തിച്ച് വെള്ളം നീക്കിയത്. മൂന്നുസെന്റും വീടുമാണ് ജീവിതത്തിലെ ഏക സമ്പാദ്യം. അടുത്ത രണ്ടുകുടുംബങ്ങള്‍ വീടുപേക്ഷിച്ചു പോയിട്ടും എങ്ങും പോകാനില്ലാതെ വെള്ളക്കെട്ടില്‍ തുടരുകയാണ് സുരേന്ദ്രന്‍.

സമാന്തരപാതയ്ക്കായി ഓട മണ്ണിട്ടുനികത്തിയത് ചോദ്യം ചെയ്തപ്പോള്‍ തങ്ങള്‍ക്ക് ഓടയുടെ പണിയില്ലെന്നായിരുന്നു മറുപടിയെന്ന് സുരേന്ദ്രന്‍ പറയുന്നു. പരാതിയെത്തുടര്‍ന്ന് ഒന്നരമാസം മുമ്പ് കളക്ടറുടെ നിര്‍ദേശപ്രകാരം തഹസില്‍ദാറും ഡെപ്യൂട്ടി തഹസില്‍ദാറും വില്ലേജ് ഓഫീസറും അടക്കം വന്നുപോയിട്ടും ഒന്നും നടന്നിട്ടില്ല.

പിന്നീട് ജെ.സി.ബി എത്തിച്ച് മണ്ണുമാറ്റി വെള്ളം വിട്ടെങ്കിലും അടുത്ത വീട്ടുകാര്‍ വഴിയ്ക്കായി വീണ്ടും ഓട മൂടി. പിന്നെയാരും തിരിഞ്ഞുനോക്കിയിട്ടില്ല. മഴ പെയ്ത് വെള്ളം പൊങ്ങിയ മൂന്നുദിവസവും മുങ്ങാറായ കസേരയില്‍ വീട്ടില്‍ തന്നെ ഇരിക്കുകയായിരുന്നു സുരേന്ദ്രന്‍. ആ കുഞ്ഞുവീടിന് മുന്നിലുമുണ്ട് മൂന്ന് ഏക്കറിലധികം മണ്ണിട്ടുനികത്തിയ ഭൂമിയും മലിനജലമൊഴുകുന്ന ഒരു ഓടയും.tvm

കുറച്ചകലെയുള്ള ശിവാനന്ദന്‍ റോഡില്‍ കാര്‍ത്തിക ദീപം വീട്ടില്‍ രഘുനാഥന്റെ വീട് കുറച്ചുകാലം മുമ്പ് വരെ തറനിരപ്പിനേക്കാള്‍ ഉയരത്തിലായിരുന്നു. ഇപ്പോഴത് അടുത്തുള്ള വെള്ളക്കെട്ടിന്റെ നിരപ്പിലാണ്. അടുക്കളയില്‍ നിന്ന് പിന്മുറ്റത്തേക്ക് നാലു പടികളുണ്ടായിരുന്നത് മണ്ണിനടിയിലായി. വാതില്‍പ്പടി പരമാവധി ഉയര്‍ത്തിയിരിക്കുകയാണ്. ഒരു കനത്തമഴ മതി മാസങ്ങളോളം പുരയിടത്തില്‍ വെള്ളം കെട്ടിനില്‍ക്കാന്‍. ശാശ്വത പരിഹാരമുണ്ടാക്കാന്‍ ആര്‍ക്കുമായിട്ടില്ല. രഘുനാഥന്റെ വീടിനടുത്തുള്ള പുരയിടവും മണ്ണിട്ടുനികത്തി മതില്‍കെട്ടി തിരിച്ചതാണ്. (തുടരും)