കോഴിക്കോട് : ഇതൊരിക്കലും നടി ഭാമയില്‍ നിന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും മരിക്കുന്നതുവരെ താന്‍ അവള്‍ക്കൊപ്പം നില്‍ക്കുമെന്നും നടിയുടെ സുഹൃത്തും സംഗീതജ്ഞയുമായ സയനോര. നടന്‍ സിദ്ദിഖ്, നടി ഭാമ തുടങ്ങീ സിനിമാ മേഖലയിലെ ചിലര്‍ മൊഴിമാറ്റിയതുമായി ബന്ധപ്പെട്ട സംഭവത്തില്‍ മാതൃഭൂമി ഡോട്ടകോമിനോട് പ്രതികരിക്കുകയായിരുന്നു സയനോര.

മരിക്കുന്നതുവരെ ഞാന്‍ അവള്‍ക്കൊപ്പം നില്‍ക്കും. അതിന്റെ പേരില്‍ എന്ത് സംഭവിച്ചാലും കുഴപ്പമില്ല. അത്തരത്തില്‍ അവള്‍ക്കൊപ്പം നില്‍ക്കുന്ന ആത്മാഭിമാനമുള്ള വിശ്വസ്തരായ ഒരുകൂട്ടമുണ്ടെന്നും സയനോര പറഞ്ഞു. 

' ഞാന്‍ എന്നും ഇങ്ങനെയാണ്. അതിലൊരുമാറ്റവും ഉണ്ടാവില്ല, നിലപാടിലും. വ്യക്തിപരമായി എനിക്കെന്ത് സംഭവിച്ചാലും ഞാനെന്റെ സുഹൃത്തിനൊപ്പം നില്‍ക്കും. അതുകൊണ്ട് എന്ത് പ്രശ്‌നമുണ്ടായാലും എനിക്ക് കുഴപ്പമില്ല. അവള്‍ അവള്‍ക്ക് വേണ്ടി മാത്രമല്ല പോരാടുന്നത്. പീഡിപ്പിക്കപ്പെട്ട, സൈബര്‍ ആക്രമണങ്ങള്‍ക്കിരയായ, ആത്മഹത്യ ചെയ്ത, ആത്മഹത്യ ചെയ്യാനൊരുങ്ങുന്ന ആയിരക്കണക്കിന് പെണ്‍കുട്ടികള്‍ക്ക് വേണ്ടികൂടിയാണ് അവള്‍ പോരാടുന്നത്. മരണം മാത്രം രക്ഷ എന്ന് ചിന്തിക്കുന്നവര്‍ക്ക് ജീവിക്കാനും പോരാടാനുമുള്ള ഊര്‍ജ്ജമാണ് അവള്‍.  അതുകൊണ്ട് തന്നെ അവള്‍ക്കൊപ്പം നില്‍ക്കാതിരിക്കുന്നത് ഈ കാണുന്ന ആയിരക്കണക്കിന് സത്രീകള്‍ക്കൊപ്പം നില്‍ക്കാത്തതിന് തുല്യമാണെന്നും സയനോര പറഞ്ഞു. 

"മൊഴി മാറുന്ന ആളുകള്‍ ഒരിക്കലും എന്റെ ജീവിതത്തില്‍ കടന്നു വരരുതേ എന്നാണ് എന്റെ പ്രാര്‍ഥന. സുഹൃത്തിന്റെ കൂടെ കട്ടക്ക് നില്‍ക്കേണ്ട സമയത്ത് ഒരു സ്ത്രീ കൂടെ നിക്കാത്ത അവസ്ഥ എന്റെ സുഹൃത്ത് വലയത്തിലോ പരിസരത്തോ ഉണ്ടാകരുത് എന്നാണ് എന്റെ പ്രാര്‍ഥന. മൊഴി മാറ്റുന്നതിലൂടെ നമ്മള്‍ നമ്മളെ മാത്രമല്ല വഞ്ചിക്കുന്നത്. പീഡനത്തിനിരയായ, അതിജീവിക്കാനൊരുങ്ങുന്ന ഒരു വലിയ പെണ്‍ സമൂഹത്തിനെ കൂടിയാണ് അവര്‍ വഞ്ചിക്കുന്നത്. അതിജീവിക്കാന്‍ വേണ്ടി ചെറിയ കച്ചിത്തുരുമ്പാഗ്രഹിക്കുന്നവരെ ഒരു വലിയ കയത്തിലേക്ക് തള്ളിവിടുകയാണ് അവര്‍. അതൊരു വലിയ സമൂഹത്തിന്റെ പ്രതീക്ഷയാണ് തല്ലിക്കൊടുത്തത്", സയനോര കൂട്ടിച്ചേര്‍ത്തു.

content highlights: Sayanora Philip Response witness turn hostile