നരബലി, ജാതകദോഷം, സിദ്ധന്‍; വേണം കേരളത്തിലും അന്ധവിശ്വാസ നിര്‍മാര്‍ജ്ജന ബില്‍ | പരിഷത്ത് @60


ശ്രുതി ലാല്‍ മാതോത്ത്Representative image

തെരുവില്‍ കിടത്തിയ പൂമാല ചാര്‍ത്തിയ മുതലയുടെ മൃതദേഹം. സിദ്ധന്‍ അഗതികള്‍ക്ക് അനുഗ്രഹം നല്‍കുന്നു. അവിടേക്ക് സ്വന്തം ജീവിത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടിയെത്തുന്ന യുവതി. സിദ്ധന്‍ നിര്‍ദ്ദേശിക്കുന്നത് നരബലി. നരബലിക്കായി തയ്യാറാവുന്നവര്‍ക്ക് സ്വര്‍ഗം ഓഫര്‍. നരബലിക്കായി ആളെ തിരയുന്നതിനിടയില്‍ കലാകാരന്‍മാര്‍ കഥാപാത്രങ്ങളല്ലാതാവുന്നു. ഈ കിടത്തിയത് കേരളത്തിന്റെ യുക്തിബോധത്തിന്റെ ശവമാണെന്നും. ഇതല്ല കേരളം ഇതായിരുന്നില്ല കേരളം ഇതാവരുത് കേരളം എന്ന് സദസ്സിനോട് വിരല്‍ ചൂണ്ടിപ്പറയവേ, തിന്മകള്‍ നഖം മൂര്‍ച്ച കൂട്ടുന്ന കാലത്ത് നിങ്ങളുടെ മൗനം മഹാപാതകം...... എന്ന പാട്ടു പാടി സംഘം ജനങ്ങളിലേക്കിറങ്ങുന്നു. അറുപത് വര്‍ഷം പൂര്‍ത്തിയാവുന്ന കേരള ശാസ്ത്ര സാഹിത്യ പരിഷത് ഈ വര്‍ഷം ഏറ്റെടുത്തിരിക്കുന്ന പ്രധാന പ്രവര്‍ത്തനങ്ങളിലൊന്നാണ് അന്ധവിശ്വാസ ചൂഷണ നിരോധന നിയമം നടപ്പിലാക്കല്‍ പ്രചാരണം.കണ്ണൂരില്‍ നടന്ന പ്രചാരണപരിപാടിയിലാണ് ഈ നാടകം അരങ്ങേറിയത്. 2020ലെ പരിഷത്ത് 56ാം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ട ശക്തവും ഫലപ്രദവുമായ 'അന്ധവിശ്വാസ ചൂഷണ നിരോധന നിയമം' കേരളത്തില്‍ ആവിഷ്‌കരിച്ച് നടപ്പാക്കണമെന്ന പ്രമേയത്തിന്റെ തുടര്‍ച്ചയായാണ് പ്രചാരണം നടക്കുന്നത്.

ധബോല്‍ക്കര്‍ ചരമവാര്‍ഷികത്തില്‍ ആരംഭിച്ചത്2013 ആഗസ്ത് 20നാണ് മഹാരാഷ്ട്രയില്‍ സാമൂഹിക പ്രവര്‍ത്തകനായ നരേന്ദ്ര ധബോല്‍ക്കര്‍ കൊല്ലപ്പെടുന്നത്. അന്ധവിശ്വാസങ്ങള്‍ക്കും ആഭിചാരപ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ നടത്തിയ പ്രചാരണപ്രവര്‍ത്തനങ്ങളാണ് അദ്ദേഹത്തിന്റെ ജീവന്‍ അപഹരിച്ചത്. ധബോല്‍ക്കര്‍ വധം കഴിഞ്ഞ് നാലാം ദിനം മഹാരാഷ്ട്ര അന്ധ വിശ്വാസ നിര്‍മാര്‍ജന ബില്‍ പാസാക്കി. ധബോല്‍ക്കറിന്റെ ഒന്നാം ചരമവാര്‍ഷികത്തില്‍, അതായത് 2014 ആഗസ്തിലാണ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത,് വേണം കേരളത്തിലും അന്ധ വിശ്വാസം നിര്‍മാര്‍ജ്ജന ബില്‍ എന്ന ആവശ്യവുമായി രംഗത്ത് വരുന്നത്. അതിനും മുന്‍പ്, സാക്ഷരതാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന കാലം മുതല്‍ പരിഷത്ത് അന്ധവിശ്വാസങ്ങള്‍ക്കും ആഭിചാരപ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ പ്രതികരിച്ചിരുന്നു. ഉദാഹരണത്തിന് 1989ലെ പരിഷത്തിന്റെ സാക്ഷരത പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള വെളിച്ചമേ നയിച്ചാലും ലഘുലേഖയില്‍ ബലി എന്ന പേരില്‍ നരബലിയ്‌ക്കെതിരായ നാടകംഉള്‍പ്പെടുത്തിയത് കാണാം. അറിവുണ്ടെങ്കില്‍ ഇത്തരം ആഭിചാരങ്ങളെ ഒഴിവാക്കാം എന്ന പ്രമേയത്തിലായിരുന്നു നാടകം. എന്നാല്‍ അന്ധ വിശ്വാസം നിര്‍മാര്‍ജ്ജനം എന്ന കൃത്യമായ അജണ്ട പരിഷത്ത് സ്വീകരിക്കുന്നത് 2013ലാണ്. പിന്നാലെ
അന്ധവിശ്വാസങ്ങളും അതുമായി ബന്ധപ്പെട്ട ചൂഷണങ്ങളും തടയാന്‍ നിയമനിര്‍മാണം അവശ്യപ്പെട്ട് 2014 ആഗസ്റ്റ് 20ന് തിരുവനന്തപുരത്ത് വൈഎംസിഎ ഹാളിലും തുടര്‍ന്ന് 14 ജില്ലാ കേന്ദ്രങ്ങളിലും ശാസ്ത്രസാഹിത്യ പരിഷത്തിന്റെ അഭിമുഖ്യത്തില്‍ ജനകീയ കണ്‍വെന്‍ഷനുകള്‍ നടത്തി. പഞ്ചായത്ത് തലങ്ങളില്‍ അടക്കം നടത്തിയ കണ്‍വെന്‍ഷനുകള്‍ക്കും നിയമനിര്‍മാണത്തിന് വേണ്ടിയുള്ള ഒപ്പു ശേഖരണവും നടത്തിയിരുന്നു. ഒരു ലക്ഷത്തിലധികം പേര്‍ ഒപ്പിട്ട നിവേദനവും മാതൃകാ ബില്ലിന്റെ കരടും അന്നത്തെ സര്‍ക്കാരിനും കേരളത്തിലെ 140 എംഎല്‍.എമാര്‍ക്കും സമര്‍പ്പിക്കുകയും ചെയ്തു. അതേ തുടര്‍ന്ന് നിയമനിര്‍മാണത്തിനുള്ള ശ്രമം ആരംഭിച്ചതായി അന്നത്തെ സര്‍ക്കാര്‍ അറിയിക്കുക്കയും ചെയ്തു. പിന്നീട് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 2017 സെപ്റ്റംബര്‍ 21ന് മുഖ്യമന്ത്രി പിണറായി വിജയനെ പരിഷത്ത് പ്രതിനിധി സംഘം നേരിട്ട് കാണുകയും മുന്‍ സര്‍ക്കാരിന്റെ കാലത്ത് നടന്ന നടപടികളെക്കുറിച്ച് അറിയിക്കുകയും ചെയ്തു. ആ കൂടികാഴ്ചയില്‍ നിയമ നിര്‍മാണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച നിവേദനം പരിശോധിച്ച് വേണ്ടത് ചെയ്യും എന്ന മുഖ്യമന്ത്രിയുടെ ഉറപ്പും വാങ്ങി. എന്നാല്‍ ഇന്നും അത് ഫയലില്‍ ഉറങ്ങുകയാണ്.

പരിഷത്തിന്റെ ലക്ഷ്യം

അന്ധവിശ്വാസത്തിന്റെ വക്താക്കള്‍ക്കും പ്രയോക്താക്കള്‍ക്കും ഒരുകാര്യം വ്യക്തമായി അറിയാം. അവര്‍ പ്രചരിപ്പിക്കുന്നത് കേവലമായ കാപട്യമാണ്. ഈ കാപട്യമാണ് പരിഷത് തുറന്നുകാട്ടാന്‍ ഉദ്ദേശിക്കുന്നത്. സത്യത്തില്‍ മതത്തിനോ വിശ്വാസത്തിനോ എതിരായി പരിഷത് ഒന്നും ചെയ്യുന്നില്ല. ബാബമാരും ആള്‍ദൈവങ്ങളും അനുയായികളും അനുഷ്ഠിച്ചിരുന്ന അന്ധവിശ്വാസങ്ങളെയും അന്ധവിചാരങ്ങളെയുമാണ് അവര്‍ എതിര്‍ക്കുന്നത്. ഭസ്മവും മന്ത്രച്ചരടും ഉറുക്കും വഴി മന്ത്രവാദം നടത്തി പ്രേതങ്ങളെയും ദുരാത്മാക്കളെയും അകറ്റുമെന്ന പ്രചാരണത്തിനെതിരെയും ജനങ്ങളെ ഉദ്ബുദ്ധരാക്കുക. ഈ എതിര്‍പ്പുകളെ സജീവമായി നിര്‍ത്തുകയും ക്രമേണ അന്ധവിശ്വാസങ്ങളെ ഉന്മൂലനം ചെയ്യുക എന്ന പരിണാമത്തിന്റെ രീതിയാണത്.പൗരന്റെ മതവിശ്വാസത്തിനും ദൈവവിശ്വാസത്തിനും പൂര്‍ണസ്വാതന്ത്ര്യം അനുവദിച്ചുകൊണ്ട് ശാസ്ത്രബോധത്തിലും യുക്തിബോധത്തിലും അടിസ്ഥാനമായ ഒരു സാമൂഹിക ഉന്നതിയാണ് ഭരണഘടന വിഭാവനം ചെയ്തിട്ടുള്ളത്. ശാസത്രബോധവും അന്വേഷണത്വരയും വളര്‍ത്തേണ്ടത് ഓരോ പൗരന്റെയും കടമയായി ഭരണഘടന അംഗീകരിച്ചിട്ടുമുണ്ട്. ഭരണഘടന അനുശാസിക്കുന്ന സാമൂഹിക നിര്‍മിതി സാധ്യമാകണമെങ്കില്‍ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും നിയന്ത്രിക്കാനും ഉന്മൂലനം ചെയ്യാനും കഴിയുന്നവിധത്തില്‍ നിയമനിര്‍മാണം ഉണ്ടാകണമെന്നും പരിഷത് ആവശ്യപ്പെടുന്നു.

പരിഷത്തിന്റെ മാതൃക അന്ധവിശ്വാസ ചൂഷണ നിരോധന ബില്ല്

കേരളസംസ്ഥാനത്ത് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ആള്‍ദൈവവിശ്വാസവും പ്രചരിപ്പിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും അതിനനുസൃതമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതും തടഞ്ഞ് ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന ശാസ്ത്രബോധമുള്ള ഒരു സമൂഹമായി കേരളത്തെ മാറ്റുന്നതിനുള്ള ബില്‍ എന്ന വിശേഷണത്തോടെയാണ് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും (തടയുന്നതിനും നിര്‍മാര്‍ജ്ജനം ചെയ്യുന്നതിനുമുള്ള) ബില്‍ 2014 പരിഷത്് അവതരിപ്പിച്ചത്. പരിഷത്, ജനകീയ ചര്‍ച്ചകളിലൂടെ തയ്യാറാക്കിയ ഈ മാതൃകാ ബില്ല് സര്‍ക്കാരിന് സമര്‍പ്പിച്ചതുമാണ്.

ബില്‍ ചൂണ്ടികാട്ടുന്ന പ്രധാന വസ്തുതകള്‍

1.ഡ്രഗ്‌സ് ആന്റ് മാജിക് റെമഡീസ് (ഒബ്ജക്ഷനബിള്‍ അഡ്വര്‍ട്ടൈസ്‌മെന്റ്) ആക്ട് 1954 നിലവിലുണ്ടായിട്ടും മാന്ത്രിക ഏലസ്സുകള്‍, ധനാകര്‍ഷണ യന്ത്രം, ദിവ്യശക്തിപ്രാര്‍ത്ഥന, കുട്ടിച്ചാത്തന്‍ അനുഗ്രഹം, വാസ്തു, മന്ത്രവാദം, രോഗശാന്തിചികിത്സ, ഭാഗ്യനക്ഷത്രക്കല്ലുകള്‍, ജ്യോത്സ്യം, വലംപിരിശംഖ് തുടങ്ങി അനേകം തട്ടിപ്പുകളുടെ പരസ്യങ്ങള്‍ ബഹുജനമാധ്യമങ്ങളില്‍ നിര്‍ലോഭമായി വരുന്നു.

2.സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്‍ക്കുന്നവരാണ് അന്ധവിശ്വാസത്തിന്റെ പ്രധാന ഇരകള്‍. ഇത്തരക്കാരെ മാനസികമായി ദുര്‍ബലരാക്കാനും ചൂഷണത്തിന് വിധേയരാക്കാനും ബോധപൂര്‍വമായ ശ്രമങ്ങളും നടക്കുന്നുണ്ട്.

3.വ്യാപകമായ സ്ത്രീചൂഷണത്തിനും ശിശുപീഡനത്തിനും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഉപയോഗിക്കപ്പെടുന്നു.4 നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ചും ചാരിറ്റബിള്‍ സൊസൈറ്റികള്‍ രൂപീകരിച്ചും നികുതികള്‍ പോലും നല്‍കാതെയും സമ്പന്നരായി മാറുകയാണ് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍. മനുഷ്യന്റെ യുക്തിപരതക്കും ശാസ്ത്രബോധത്തിനും നിരക്കാത്ത ഇത്തരം പ്രവൃത്തികള്‍ സാമൂഹികപുരോഗതിയെ പിന്നോട്ടടിക്കുന്നു.

അന്ധവിശ്വാസ നിയന്ത്രണവും നിരോധനവും എങ്ങനെ വേണം

1. ഒരാള്‍ സ്വന്തം നിലയിലോ മറ്റു വ്യക്തികളുടെ പ്രേരണ, സമ്മര്‍ദ്ദം, നിര്‍ബന്ധം മൂലമോ അവര്‍ മുഖാന്തിരമോ, അനാചാരഅന്ധവിശ്വാസനിയമവിരുദ്ധ പ്രവൃത്തികളില്‍ ഏര്‍പ്പെടുകയോ, പങ്കാളിയാവുകയോ, സഹായിക്കുകയോ, ഗുണ ഭോക്താവാകുകയോ, പ്രചാരകനാവുകയോ ചെയ്യാന്‍ പാടുള്ളതല്ല.

2. അനാചാരഅന്ധവിശ്വാസനിയമവിരുദ്ധ പ്രവൃത്തികള്‍ക്ക് പ്രേരണയോ പ്രോത്സാഹനമോ പരസ്യമോ പ്രചാരണമോ ബോധനമോ നടത്താന്‍ പാടില്ല

3. ഇത്തരം പ്രവര്‍ത്തനം വഴി സാമൂഹികരാഷ്ട്രീയമതപരമായോ നേട്ടങ്ങളും സാമ്പത്തിക ലാഭവും ഉണ്ടാക്കാനോ അത് വഴി മറ്റൊരാള്‍ക്ക് കഷ്ടനഷ്ടങ്ങള്‍ ഉണ്ടാക്കാനോ പാടില്ല.

4. ഈ പ്രവൃത്തികള്‍ക്ക് പ്രേരകമോ പ്രോത്സാഹജനകമോ ആയ വിധം പരസ്യമോ പ്രചാരണമോ നല്‍കുന്നതിനായി ദൃശ്യശ്രവണ ഇലക്ട്രോണിക് മാധ്യമങ്ങളോ അവയുടെ ഉപാധികളോ വിനിയോഗിക്കുവാന്‍ പാടുള്ളതല്ല.

6. മേല്‍ വ്യവസ്ഥകളില്‍ പരാമര്‍ശിക്കുന്ന കൃത്യത്തിന്റെ ഫലമായി ശാരീരികമോ മാനസികമോ വൈകാരികമോ സാമ്പത്തികമോ സാമൂഹികമോ ആയ ചൂഷണമോ ധ്വംസനമോ പാടുള്ളതല്ല.

7. സര്‍ക്കാര്‍ ശമ്പളം പറ്റുന്നവരോ ജനപ്രതിനിധികളോ പട്ടികയില്‍ പെടുത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ പ്രചാരകരോ വിശ്വാസികളോ ആകാന്‍ പാടില്ല.

8 ബില്‍ പ്രാബല്യത്തില്‍ വന്നാല്‍ ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യാന്‍ കേരള സര്‍ക്കാറിന്റെ വിശേഷാല്‍ വിജ്ഞാപനംവഴി ഒരു ജില്ലയില്‍ 5ല്‍ കുറയാതെ പോലീസ് സ്റ്റേഷനുകളില്‍ ഇന്‍സ്‌പെക്ടര്‍ റാങ്കില്‍ താഴെയല്ലാത്ത ഒരു ഉദ്യോഗസ്ഥനെ വിജിലന്‍സ് ഓഫീസറായി നിയമിക്കണം.

കുറ്റവിചാരണയും ശിക്ഷയും

1. ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്തവരെ വാറന്റില്ലാതെ അറസ്റ്റുചെയ്യാനും ജാമ്യമില്ലാതെ കസ്റ്റഡിയില്‍ സൂക്ഷിക്കാനും കഴിയണം.

2. കേസ് 1ാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറയാത്ത ന്യായാധിപന്മാരുടെ കീഴില്‍ തന്നെ പരിഗണിക്കണം

3. 6 മാസം മുതല്‍ 7 വര്‍ഷം വരെ തടവോ, 5000 രൂപ മുതല്‍ 5 ലക്ഷം രൂപ വരെ പിഴയോ രണ്ടും കൂടിയോ ശിക്ഷ നല്‍കണം.

4. ഇരകളുടെ നഷ്ടപരിഹാരാര്‍ത്ഥം പ്രതികളില്‍നിന്നോ അവരുടെ സ്വത്തുവകകളില്‍നിന്നോ നഷ്ടപരിഹാരം ഈടാക്കിനല്‍കാന്‍ കോടതിക്ക് ഉത്തരവിടാവുന്നതാണ്.

5. ഇരകളുടെ സംരക്ഷണത്തിനായി വരുന്ന ചെലവുകള്‍ പ്രതിയുടെ വരുമാനത്തില്‍നിന്നോ സ്വത്തുവകകളില്‍ നിന്നോ വസൂലാക്കണം

6. കുറ്റവിചാരണ സംബന്ധമായ ഏതൊരു നടപടിയും റിവിഷന്‍, റിവ്യു, അപ്പീല്‍ എന്നിവ ക്രിമിനല്‍ നടപടിക്രമ നിയമസംഹിത വ്യവസ്ഥപ്പെടുത്തും വിധം ആയിരിക്കുന്നതാണ്.

7. കുറ്റാന്വേഷണവിചാരണയില്‍ ക്രിമിനല്‍ നടപടിക്രമനിയമം വകുപ്പ് 94 പ്രകാരമുള്ള നടപടികള്‍ പാലിച്ചിരിക്കേണ്ടതാണ്.

8. പ്രതികള്‍ കുറ്റക്കാരായി കണ്ട് ശിക്ഷിക്കപ്പെടുന്ന പക്ഷം തത്സംബന്ധമായ വിവരങ്ങള്‍ ദൃശ്യശ്രവണമാധ്യമങ്ങള്‍ വഴി സമൂഹശ്രദ്ധയില്‍ കൊണ്ടുവരേണ്ടതാണ്.

9. സര്‍ക്കാര്‍അര്‍ധസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഈ നിയമം പ്രതിപാദിക്കുന്ന കുറ്റകൃത്യം ചെയ്തതായി തെളിഞ്ഞാല്‍ പരമാവധി ശിക്ഷ ഉറപ്പാക്കേണ്ടതും അവരെ തല്‍സ്ഥാനത്തുനിന്നും നീക്കം ചെയ്യേണ്ടതുമാണ്.

10. ജനപ്രതിനിധികള്‍ ഈ കുറ്റകൃത്യം ചെയ്തതായി തെളിഞ്ഞാല്‍ പരമാവധി ശിക്ഷ ഉറപ്പാക്കേണ്ടതും അവരെ തല്‍സ്ഥാനത്തുനിന്നും നീക്കം ചെയ്യേണ്ടതുമാണ്.

ഐതിഹ്യങ്ങളിലും കെട്ടുകഥകളിലും ശാസ്ത്രത്തെ തളച്ചിടാന്‍ ബോധപൂര്‍വ്വമായ പരിശ്രമങ്ങള്‍ നടക്കുന്ന ഇക്കാലത്ത് അന്വേഷണത്തിലൂടെയും ബോധവല്‍ക്കരണത്തിലൂടെയും മുന്നോട്ട് പോകാനുള്ള ശാസ്ത്രീയമായ പ്രവര്‍ത്തന പദ്ധതികള്‍ കൂടുതലാവശ്യമാണ്. ആചാരാനുഷ്ഠാനങ്ങളിലും അന്ധവിശ്വാസങ്ങളിലും അടിമപ്പെടുന്ന പുതിയ തലമുറയ്ക്ക് പകരമായി നിര്‍ഭയത്വത്തോടെ മുന്നോട്ട് പോവുന്ന പുതിയ തലമുറയെ വാര്‍ത്തെടുക്കേണ്ടതുണ്ട്. ഇതിനുതകുന്ന കര്‍മ പദ്ധതികളും പുതിയ സമീപനങ്ങളുമാണ് അറുപത് വയസ് തികയുന്ന പരിഷത് ഒരുക്കികൊണ്ടിരിക്കുന്നത്.

Content Highlights: Sastra Sahithya parishath


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented