അക്ഷര സാക്ഷരതയില്‍ നിന്ന് വികസന സാക്ഷരതയിലേക്ക് /പരിഷത്ത് @60


ശ്രുതി ലാല്‍ മാതോത്ത്SERIES

Mathrubhumi archives

നിങ്ങളെന്തിനാണ് ഇതൊക്കെ ചെയ്യുന്നത്? അക്ഷരം പഠിപ്പിക്കാന്‍ വന്നാല്‍ അത് മാത്രം ചെയ്താല്‍ പോരെ, ഇത് കൊണ്ട് എന്ത് പ്രയോജനം, കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ വെളിച്ചമേ നയിച്ചാലും എന്ന സാക്ഷരത പദ്ധതിയുമായി ഇടമലക്കുടി ആദിവാസി പഞ്ചായത്തിലെത്തിയ വൊളന്റിയര്‍മാരോടാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. പദ്ധതി നടത്തിപ്പ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ കാണുന്നത്, ആദിവാസികുടിലിന് സമീപം വാഴ നടാനും വെള്ളം ഒഴിക്കാനും സഹായിക്കുന്ന വൊളന്റീയര്‍മാരെയാണ്. അക്ഷരം പഠിപ്പിക്കാതെ ഇവരെന്തിന് ഈ പണി ചെയ്യുന്നു. അക്ഷര സാക്ഷരതക്കൊപ്പം വിഭവ സാക്ഷരത, ശാസ്ത്രസാക്ഷരത മുതലായവയും കൊടുക്കുന്നത് നല്ലതല്ലെയെന്ന മറുചോദ്യം എറിഞ്ഞുകൊണ്ട് പരിഷത് പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകരെ സമാധാനിപ്പിച്ചു. 1989ലാണ് സംഭവം. സമഗ്രമായ വികസനത്തിന്റെ അടിത്തറയായി ആ വര്‍ഷമാണ് പരിഷത് സാക്ഷരത യജ്ഞം ആരംഭിക്കുന്നത്. പദ്ധതിയുമായി ഇടമുലക്കുടിയില്‍ എത്തിയപ്പോള്‍ പരിഷത് പ്രവര്‍ത്തകരെ സംശയത്തോടെയാണ് ആദിവാസികള്‍ കണ്ടത്. അതോടെ പരിഷത് പ്രവര്‍ത്തര്‍ അവിടെ തന്നെ താമസമാക്കി, അവരിലൊരാളായി മാറാന്‍ തീരുമാനിച്ചു. തൈകള്‍ നടുന്നതിന്റെയും നനയ്ക്കലിന്റെയും ശാസ്ത്രീയ രീതി ലളിതമായി അവര്‍ക്ക് പറഞ്ഞുകൊടുത്തു. പതിയെ അവരുടെ ദൈനംദിന കാര്യങ്ങളില്‍ കൂടി ഇടപെട്ടു. ഇതോടെ തുടക്കത്തിലെ പ്രശ്‌നങ്ങള്‍ മാറി ആദിവാസി കൂടിലിലുള്ളവര്‍ അക്ഷരം പഠിക്കാനെത്തി.

1989ലാണ് ദേശീയ സാക്ഷരത മിഷന്‍ അനുവദിച്ച പ്രൊജക്ട്രിന്റെ ഭാഗമായി എറണാകുളം ജില്ലയിലെ സമ്പൂര്‍ണ്ണ സാക്ഷരതായജ്ഞം ശാസ്ത്ര സാഹിത്യ പരിഷത്ത് ഏറ്റെടുത്തത്. വെളിച്ചമേ നയിച്ചാലും എന്നായിരുന്നു പദ്ധതിയുടെ പേര്. ഏപ്രില്‍ മാസത്തില്‍ ആരംഭിച്ച പദ്ധതി ഒക്ടോബര്‍ മാസത്തിനകം പൂര്‍ത്തിയാക്കുക ആണ് ലക്ഷ്യം. പരിഷത്തിന്റെ കണക്ക് പ്രകാരം അന്ന് രണ്ട് ലക്ഷത്തിലധികം പേരാണ് ജില്ലയില്‍ 5 വയസിനും 60നും ഇടയിലുള്ള നിരക്ഷകര്‍. ബസ് ബോര്‍ഡ് വായിക്കാന്‍ പറ്റുക, കത്ത് വായിക്കുക, സ്വന്തം പേര് എഴുതുക തുടങ്ങിയ അടിസ്ഥാന കാര്യങ്ങളില്‍ തുടങ്ങി സാക്ഷരതയിലൂടെ, ജീവിത പുരോഗതി സാധാരണക്കാരന് പ്രാപ്തമാക്കുക എന്ന ലക്ഷ്യവും പരിഷത്തിന് ഉണ്ടായിരുന്നു. കേവലമായ സാക്ഷരതാ പ്രവര്‍ത്തനം എന്നതിന് അപ്പുറത്ത് വിപുലമായ തലങ്ങള്‍ ഈ പ്രവര്‍ത്തനത്തിന് ഉണ്ടായിരുന്നു.കക്ഷിരാഷ്ട്രീയ, സാമൂദായിക മറതിരുവുകള്‍ക്ക് അപ്പുറത്ത് നാടിന്റെ മാറ്റത്തിന് വേണ്ട ഒരു പ്രവര്‍ത്തനത്തിന് ജനകീയ കൂട്ടായ്മയിലൂടെ നിര്‍വ്വചിക്കാനുള്ള ഒരു വലിയ ശ്രമം ആക്കി പദ്ധതിയെ പരിഷത്ത് മാറ്റിയെടുത്തു. സാമൂഹ്യ പ്രവര്‍ത്തകര്‍, അഭ്യസ്ഥരായ ചെറുപ്പക്കാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്നിവരുടെ ഒരു വലിയ കൂട്ടായ്മ സാക്ഷരതാ പ്രവര്‍ത്തനത്തില്‍ ദൃശ്യമായി. പ്രാദേശിക സര്‍ക്കാരുകളെയും, ഭരണ നേതൃത്വത്തേയും ഒരു സാമൂഹ്യ പ്രക്രിയയില്‍ നേതൃത്വസ്ഥാനത്തേക്ക് കൊണ്ടുവരാന്‍ ഇത് ഒരു ഉപകരണം ആയി. സാക്ഷരതാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വിപുലമായ പഞ്ചായത്ത് വാര്‍ഡ് തല കമ്മിറ്റികള്‍ എല്ലാ വിഭാഗങ്ങളുടേയും പങ്കാളിത്തത്തോടെ രൂപപ്പെടുത്താനും പരിഷത്തിന് സാധിച്ചു.

സമ്പൂര്‍ണ്ണ സാക്ഷരതാ യജ്ഞത്തിന്റെ ചവിട്ടുപടിയായി എറണാകുളം

1990 ആയപ്പോഴേക്കും പരിഷത്ത് എറണാകുളത്തെ സമ്പൂര്‍ണ സാക്ഷരതാ ജില്ലയാക്കി മാറ്റി. അന്നത്തെ പ്രധാനമന്ത്രി വി.പി.സിംഗ് 1990 ഫെബ്രുവരി 4ന് എറണാകുളത്തെ സമ്പൂര്‍ണ സാക്ഷരതാ ജില്ലയായി പ്രഖ്യാപിച്ചു. ഇതേ സമ്മേളനത്തില്‍ വച്ച് കേരളത്തെ സമ്പൂര്‍ണ്ണ സാക്ഷരമാക്കുന്നതിനുള്ള അക്ഷര കേരളം പദ്ധതിയും വി.പി.സിങ് പ്രഖ്യാപിച്ചു. പരിഷത്തിന് അഭിമാനിക്കാവുന്ന നേട്ടം ആയി അത് മാറി.വിവിധ വിഭാഗങ്ങളുടെ കൂട്ടായ്മയെ നാടിന്റെ പൊതുവികസന ലക്ഷ്യത്തിന് സംയോജിപ്പിച്ച വലിയ പ്രവര്‍ത്തനമായിരുന്നു കേരളത്തിലെ സാക്ഷരതാ പ്രവര്‍ത്തനം. നാടിന്റെ വികസനത്തിന് പ്രാദേശിക കൂട്ടായ്മകള്‍ പൊതു ലക്ഷ്യത്തോടെ രൂപീകരിക്കുക എന്ന ആശയത്തിന്റെ പ്രയോഗം കൂടി ആയിരുന്നു ഇതിലൂടെ പരിഷത്ത് സാധ്യമാക്കിയത്. സര്‍ക്കാരിന്റെ ഒരു അനപൗചാരിക പദ്ധതി എന്നതിനപ്പുറം പരിഷത്തിന്റെ സ്വന്തം പദ്ധതിയായാണ് സംഘടന ഇത് ഏറ്റെടുത്തത്. അഞ്ചുവര്‍ഷത്തിനകം കേരളത്തെ സമ്പൂര്‍ണ്ണ സാക്ഷരത സംസ്ഥാനം ആകും എന്ന 1986 ലെ എറണാകുളം വാര്‍ഷിക പ്രഖ്യാപനത്തിന്റെ സാക്ഷാത്കാരം കൂടിയായിരുന്നു സാക്ഷരകേരളം എന്ന നേട്ടം. ഒരു പൊതുലക്ഷ്യം നേടുന്നതിന് വേണ്ടി സര്‍ക്കാര്‍ സംവിധാനങ്ങളേയും, നാട്ടിലെ വൈദഗ്ധ്യത്തേയും, സംഘടനാ സംവിധാനങ്ങളെയും എല്ലാം ഫലപ്രദമായി കണ്ണി ചേര്‍ക്കാനാകും എന്ന ആശയത്തിന്റെ പരീക്ഷണ അനുഭവം കൂടിയായി സാക്ഷരത മാറുകയായിരുന്നു. സര്‍ക്കാരും ജനങ്ങളും തമ്മിലുള്ള കൂട്ടായ്മയിലൂടെ നാടിനെ മാറ്റിതീര്‍ക്കാനുള്ള വലിയ ശ്രമങ്ങള്‍ വളര്‍ത്തിയെടുക്കാനാകും എന്ന പാഠം കൂടിയാണ് സാക്ഷരത കേരളസമൂഹത്തിന് നല്‍കിയത്.കേവലമായ സാക്ഷരതക്ക് അപ്പുറത്ത് നാടിന്റെ അധികാര ഘടന, ഉദ്യോഗസ്ഥ സംവിധാനം എന്നിവയെ കുറിച്ചെല്ലാം വിമര്‍ശനപരമായ ചോദ്യങ്ങള്‍ ഉന്നയിക്കാനുള്ള ഘടകങ്ങള്‍ സാക്ഷരതാ പരിപാടിയുടെ ക്യാമ്പുകളിലും, ഗാനങ്ങളിലും എല്ലാം അനൗപചാരിക ഉള്ളടക്കമായി ഉണ്ടായിരുന്നു.

അക്ഷര സാക്ഷരതയില്‍ നിന്ന് വികസന സാക്ഷരതയിലേക്ക്

അക്ഷര സാക്ഷരതയില്‍ നിന്ന് വിഭവ സാക്ഷരതയിലേക്കുള്ള ഒരു വാതിലായി സാക്ഷരതാ പ്രവര്‍ത്തനം പിന്നീട് മാറി.സാക്ഷരതാ പ്രവര്‍ത്തനത്തിന് ശേഷം നാട്ടിലെ വിഭവങ്ങളെ പറ്റിയും ബോധവാന്‍മാരാക്കുക, പ്രാദേശിക ആസൂത്രണപ്രക്രിയയുടെ മാതൃകകള്‍ വളര്‍ത്തിയെടുക്കുക. എന്നീ ലക്ഷ്യങ്ങളോടെ വികസന ആസൂത്രണ പ്രക്രിയയകളിലേക്ക് പരിഷത്തിന്റെ മുഖ്യ ശ്രദ്ധ കേന്ദ്രീകരിക്കപ്പെട്ടു. അക്ഷര സാക്ഷരതക്കായി കേരളം നേടിയെടുത്ത കൂട്ടായ്മയുടെ സാമൂഹ്യ അനുഭവത്തെ പ്രദേശിക വികസന പ്രക്രിയയിലേക്ക് വികസിപ്പിക്കുക എന്നതോതില്‍ അക്ഷര സാക്ഷരതയില്‍ നിന്ന് വികസന സാക്ഷരതയിലേക്ക് എന്ന വിശാലമായ ലക്ഷ്യമായിരുന്നു പില്‍ക്കാല പ്രവര്‍ത്തനങ്ങള്‍ക്കുണ്ടായിരുന്നത്.ഈ ദിശയിലുള്ള പരിപാടികള്‍ 1979-82 കാലഘട്ടത്തിലെ ഗ്രാമശാസ്ത്ര സമിതി പ്രവര്‍ത്തനങ്ങളിലൂടെ തന്നെ ആരംഭിച്ചിരുന്നു. 1976 ലെ വാഴയൂര്‍ സര്‍വ്വെ ഇതിന്റെ പ്രാഗ് രൂപം ആയിരുന്നു. 1980 കളുടെ അവസാനത്തിലാണ് ഐ.ആര്‍.ടി.സിയുടെ നേതൃത്വത്തില്‍ പാലക്കാട് ജില്ലയില്‍ സ്ഥലജല ആസൂത്രണത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. 1987 ല്‍ പാലക്കാട് ജില്ലയില്‍ നടന്ന ഗാലസപരീക്ഷണം കാര്‍ഷിക രംഗത്തെ ഉത്പാദന വര്‍ദ്ധനവിനുള്ള ഒരു പുതിയ ശ്രമം ആയിരുന്നു. 1980 കളിലെ പരിഷത്ത് സമ്മേളനങ്ങളില്‍ കാര്‍ഷിക ആസൂത്രണം, വികേന്ദ്രീകൃത ആസൂത്രണ പ്രക്രിയ കേരളത്തിന്റെ വ്യവസായ രംഗം എന്നിവ ക്ലാസ്സുകള്‍, സെമിനാറുകള്‍, സുവനീറുകള്‍ എന്നിവയ ചര്‍ച്ചാവിഷയം ആയിരുന്നു. 1990 ല്‍ മണ്ണുത്തിയില്‍ നടന്ന സംസ്ഥാന പ്രവര്‍ത്തക ക്യാമ്പില്‍ കേരളത്തിനൊരു കാര്‍ഷക പരിപ്രേക്ഷ്യം എന്ന വിഷയത്തെ ആസ്പദമാക്കി ഒരു വലിയ സെമിനാര്‍ നടക്കുകയുണ്ടായി.

1990ല്‍ വികേന്ദ്രീകൃത ആസൂത്രണ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച എന്ന നിലയില്‍ പഞ്ചായത്തുകളില്‍ വികസന പ്രൊജക്ടുകള്‍ തയ്യാറാക്കുന്നതിനുള്ള ഒരു പഠന കളരി തിരുവനന്തപുരത്തു വെച്ചു നടന്നു. പഠന കളരിയെ തുടര്‍ന്ന് പഞ്ചായത്തുകള്‍ തോറും കേരളത്തിന്റെ വികസന പ്രതിസന്ധിയെക്കുറിച്ചും സംഘടന മുന്നോട്ടു വക്കുന്ന ബദല്‍ വികസന പരിപ്രേക്ഷ്യത്തെ കുറിച്ചും ക്ലാസുകള്‍ നടത്തുന്നതിനുള്ള പരിശീലനം നല്‍കി. കേരളത്തിന്റെ വികസന പരിപ്രേക്ഷ്യം എന്ന ലഘുലേഖ ഇതിന്റെ ഭാഗമായി പ്രസിദ്ധീകരിച്ചു.

ജലസാക്ഷരതാ പ്രവര്‍ത്തനം

1991 ല്‍ സാക്ഷരതാ പ്രഖ്യാപനത്തിന് ശേഷം പരിഷത്ത് ജലസാക്ഷരതാ എന്ന ആശയത്തില്‍ കേന്ദ്രീകരിച്ചു ഒരു ക്യാമ്പയിന്‍ പ്രവര്‍ത്തനമാണ് നടത്തിയത്. ജലം സംരക്ഷിക്കൂ ജീവന്‍ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി 1991 മെയ്, 10, 11, 13 തിയ്യതികളില്‍ സംസ്ഥാനത്തൊട്ടാകെ മേഖല തലത്തില്‍ 60 ജലസംരക്ഷണ ജാഥകള്‍ നടത്തി. അന്താരാഷ്ട്ര ജലദശകത്തിന്റെ അവസാന വര്‍ഷത്തില്‍ കേരളത്തിന്റെ സവിശേഷ ജല പ്രശ്നങ്ങള്‍ ജനങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുകയും അവ പരിഹരിക്കുന്നതിനുള്ള ദീര്‍ഘകാല പരിഹാരങ്ങള്‍ മുന്നോട്ടു വെക്കുകയും ചെയ്യുക എന്നതാണ് ഇതിലൂടെ ചെയ്തത്.

Content Highlights: Sastara sahithya parishath literary programmes


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented