ഇന്ത്യ ഹിന്ദുക്കളുടെ മാതൃഭൂമിയാണ്, മുസ്ലിങ്ങള്‍ക്കു പോവാന്‍
അവരുടേതായ നാടുകളില്ലേ എന്നതാണ് ഇതില്‍ അന്തര്‍ലീനമായിട്ടുള്ള വാദം
ഇന്ത്യ ഒരു 'ഹിന്ദു പാകിസ്താന്' ആവാന്‍ പാടില്ലെന്നു നെഹ്രു പണ്ടേ പറഞ്ഞത് അതുകൊണ്ടാണ്
കേന്ദ്രത്തിലെ ബി.ജെ.പി. സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്ന പൗരത്വനിയമഭേദഗതി ബില്‍ വലിയ വിവാദത്തിനു വഴിവെച്ചിരിക്കുന്നു; പ്രത്യേകിച്ച് അസമില്‍. ബില്ലിനോടുള്ള പ്രതിഷേധസൂചകമായി അസം ഗണപരിഷത്(എ.ജി.പി.) സംസ്ഥാനത്തെ ബി.ജെ.പി.സഖ്യസര്‍ക്കാരില്‍നിന്ന് പിന്‍വാങ്ങി. സംസ്ഥാനത്ത് വര്‍ഗീയപ്രശ്നങ്ങള്‍ ഉടലെടുക്കുകയും ചെയ്തിരിക്കുന്നു. പുതിയ ബില്‍ 1985-ലെ അസം കരാറിന്റെ സത്തയെ ഉല്ലംഘിക്കുന്നുവെന്നതാണ് സംസ്ഥാനത്തെ പ്രക്ഷോഭകരെ ഏറ്റവുമധികം രോഷാകുലരാക്കുന്നത്. 1971-നുശേഷം സംസ്ഥാനത്തെത്തിയ വിദേശകുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നതിനു ബില്‍ വഴിയൊരുക്കുമെന്നതിനാലാണിത്. പക്ഷേ, ഇതിനെക്കാളേറെ പ്രധാനപ്പെട്ടതും കൂടുതല്‍ ശ്രദ്ധ അര്‍ഹിക്കുന്നതുമായ ചില ചോദ്യങ്ങളുയര്‍ത്തുന്നുണ്ട് കേന്ദ്രസര്‍ക്കാരിന്റെ ഈ നിയമനിര്‍മാണശ്രമം. ഇന്ത്യന്‍ ദേശീയതയുടെ അടിസ്ഥാനസത്തയെത്തന്നെ അത് ഉല്ലംഘിക്കുന്നുണ്ട് എന്നതിനാലാണത്. പാകിസ്താന്, ബംഗ്ലാദേശ്, അഫ്ഗാനിസ്താന് എന്നീ അയല്‍രാജ്യങ്ങളില്‍നിന്ന് അഭയാര്‍ഥികളായെത്തിയ ഹിന്ദു, സിഖ്, ബൗദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യന്‍ മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് ഇന്ത്യന്‍ പൗരത്വം അനുവദിക്കാന്‍ വ്യവസ്ഥചെയ്യുന്നതാണ് പുതിയ ബില്‍. ഇത്തരമൊരു നിയമത്തില്‍ മതവിഭാഗങ്ങളുടെ പേരെടുത്തുപറയുന്നത് ആദ്യമായിട്ടാണെന്നുമാത്രമല്ല, ഒരു പ്രത്യേക മതവിഭാഗത്തെ ഒഴിവാക്കിയതും ശ്രദ്ധേയമാണ്. കഴിഞ്ഞ മൂവായിരത്തോളം വര്‍ഷങ്ങളായി ഭൂമിയുടെ നാനാഭാഗങ്ങളില്‍നിന്നുള്ള അഭയാര്‍ഥികളെ ഇരുകരങ്ങളും നീട്ടി വരവേറ്റപ്പോഴൊന്നും ഏതെങ്കിലുമൊരു പ്രത്യേകവിഭാഗത്തെ ഇന്ത്യ മാറ്റിനിര്ത്തുകയുണ്ടായിട്ടില്ല. പക്ഷേ, ബി.ജെ.പി. സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്ന ഈ ബില്‍ അതിന്റെ സംരക്ഷണപരിധിയില്നിന്നു മുസ്ലിങ്ങളെ ബോധപൂര്‍വം മാറ്റിനിര്‍ത്തുന്നു.
എന്നാല്‍, ബില്ലിനെ ശക്തിയുക്തം അനുകൂലിക്കുന്ന ബി.ജെ.പി. കേന്ദ്രങ്ങള്‍ തങ്ങളുടെ അസഹിഷ്ണുത ഒട്ടും മറച്ചുവെക്കുന്നില്ല. 'ഹിന്ദുക്കള്‍ക്ക് ഇന്ത്യയില്‍ അഭയം കൊടുത്തില്ലെങ്കില്പ്പിന്നെ മറ്റെവിടേക്കാണവര് പോവുക' എന്നാണവരുടെ ചോദ്യം. ഇന്ത്യ ഹിന്ദുക്കളുടെ മാതൃഭൂമിയാണ് എന്നതാണ് ഇതില്‍ അന്തര്‍ലീനമായിട്ടുള്ള വാദം; മുസ്ലിങ്ങള്‍ക്കു പോവാന്‍ അവരുടേതായ നാടുകളില്ലേ എന്നും!
അസഹിഷ്ണുത മുഖമുദ്രയായുള്ള ഒരു നിയമനിര്മാണശ്രമത്തിലൂടെ ഇന്ത്യന്‍ ദേശീയതയുടെ അടിസ്ഥാനസത്ത അപ്രസക്തമാക്കപ്പെട്ടതായി നമ്മെ ബോധ്യപ്പെടുത്തുന്നതിനാല്‍ ഈ വാദം ഞെട്ടിപ്പിക്കുക തന്നെചെയ്യും. 1947-ലെ വിഭജനത്തിലൂടെ മുസ്ലിങ്ങളുടെ മാതൃഭൂമിയെന്നനിലയില് പാകിസ്താന് രൂപംകൊണ്ടപ്പോള്‍, ശേഷിച്ച ഭാഗം ഹിന്ദുക്കളുടെ മാതൃഭൂമിയാവട്ടെയെന്നു മഹാത്മാഗാന്ധിയും ജവാഹര്‍ലാല്‍ നെഹ്രുവുമടക്കമുള്ള ഇന്ത്യന്‍ ദേശീയവാദികള്‍ വിചാരിച്ചില്ല. രാജ്യത്തിന്റെ വിഭജനത്തിലേക്കു നയിച്ച കൗശലയുക്തികളെ തിരസ്കരിച്ചുകൊണ്ടുമാത്രമേ ഇന്ത്യയെന്ന ആശയത്തെ സാക്ഷാത്കരിക്കാനാവൂ എന്ന് അവര്‍ക്കറിയാമായിരുന്നു.
ഭൂരിപക്ഷ വിഘടനവാദം
'പുതുയുഗം, പുതു ഇന്ത്യ'('ദി എലിഫന്റ്, ദ ടൈഗര്‍ ആന്‍ഡ് ദ സെല്‍ഫോണ്‍: റിഫ്ളക്ഷന്‍സ് ഓണ്‍ ഇന്ത്യ, ദി എമേര്‍ജിങ് ട്വന്റിഫസ്റ്റ് സെഞ്ചുറി പവര്‍' എന്ന എന്റെ പുസ്തകത്തിന്റെ മലയാളപരിഭാഷയുടെ ശീര്‍ഷകം ഇങ്ങനെയാണ്)യില്‍ ഞാന്‍ എഴുതിയതുപോലെ, രാജ്യത്തെ ഇപ്പോഴത്തെ ഭരണകക്ഷിയിലുള്ള മതനിരപേക്ഷവിരുദ്ധര്ക്കുവേണ്ടത് മേല്‍പ്പറഞ്ഞതരത്തിലുള്ള മതനിരപേക്ഷത അനുവര്ത്തിക്കുന്നൊരു ഇന്ത്യയെ ഇല്ലാതാക്കുകയാണ്. മുസ്ലിംവിഭാഗീയവാദത്തില് നിന്നു വ്യത്യസ്തമാണെന്ന വിധത്തില്‍ സ്വയം ചിത്രീകരിക്കാനാണ് ഹിന്ദുസങ്കുചിതവാദം എപ്പോഴും ശ്രമിച്ചിട്ടുള്ളത്. ഹിന്ദു വര്‍ഗീയവാദത്തിന്റെ അപകടങ്ങളെക്കുറിച്ച് ജവാഹര്‍ലാല്‍ നെഹ്രു 1950-കളില്‍ത്തന്നെ മുന്നറിയിപ്പുതന്നിട്ടുണ്ട്. ദേശീയതയുമായി സ്വയം കൂട്ടിയിണക്കുമെന്നതിനാല് ഭൂരിപക്ഷവര്‍ഗീയത കൂടുതല്‍ ആപത്താണെന്നു നെഹ്രു പറയുമായിരുന്നു. നമ്മളില്‍ ഭൂരിഭാഗവും ഹിന്ദുക്കളായതിനാല്‍ ഹിന്ദു ദേശീയവാദവും ഇന്ത്യന്‍ ദേശീയവാദവും തമ്മിലുള്ള വേര്‍തിരിവ് എളുപ്പത്തില്‍ മങ്ങിപ്പോവുമെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം.
മുസ്ലിംനാമങ്ങളുള്ള സ്ഥലങ്ങള്‍ പുനര്നാമകരണംചെയ്യാനുള്ള ഇപ്പോഴത്തെ വ്യാപകവും നിന്ദാര്‍ഹവുമായ ശ്രമങ്ങളെ നാം ഇതിന്റെ ഭാഗമായിവേണം കാണാന്‍. ഇന്ത്യ ഒരു 'ഹിന്ദു പാകിസ്താന്' ആവാന്‍ പാടില്ലെന്നു നെഹ്രു പണ്ടേ പറഞ്ഞത് അതുകൊണ്ടാണ്. 'ഹിന്ദു പാകിസ്താന്' എന്ന പദദ്വയം പലവുരു പ്രയോഗിച്ച് ഞാനിപ്പോള്‍ പലര്‍ക്കും കണ്ടുകൂടാത്തവനായിട്ടുണ്ട്!
ഹിന്ദുത്വവാദികള്‍ പ്രചരിപ്പിക്കുന്നതും പൗരത്വനിയമഭേദഗതി ബില്ലില്‍ ഉള്ളടങ്ങിയിട്ടുള്ളതുമായ യുക്തി പാകിസ്താന് രൂപവത്കരണത്തിനുവേണ്ടി ഉയര്‍ത്തപ്പെട്ട വാദങ്ങളുടെ സ്വഭാവത്തില്‍ നിന്ന് ഒട്ടും വിഭിന്നമല്ല. പക്ഷേ, ഇപ്പറഞ്ഞ ദ്വിരാഷ്ട്രവാദയുക്തിയുടെ തുടിക്കുന്ന നിരാസമാണ് ഇന്ത്യന്‍ ദേശീയത. 1947-ലെ മുസ്ലിം വര്‍ഗീയതയുടെ കണ്ണാടിബിംബമാണ് ഇപ്പോഴത്തെ ഹിന്ദുത്വപ്രസ്ഥാനം. എന്തിനെ നിരാകരിക്കാനാണോ ഇന്ത്യ കെട്ടിപ്പടുക്കപ്പെട്ടത്, അതേ സങ്കുചിതത്വമാണ് ഹിന്ദുത്വവാദമുഖങ്ങളില് മാറ്റൊലികൊള്ളുന്നത്. അതിന്റെ വിജയമാവട്ടെ, ഇന്ത്യയെന്ന ആശയത്തിന്റെ അന്ത്യംകുറിക്കലാവും.
മുന്‍ കോണ്‍ഗ്രസുകാരനായ ഹിമന്തബിശ്വശര്മയാണ് ഇപ്പോള്‍ വടക്കുകിഴക്കന്‍ മേഖലയില്‍ ബി.ജെ.പി.യുടെ മുഖ്യ തന്ത്രജ്ഞന്‍. വടക്കുകിഴക്കനിന്ത്യ 'ജിന്നയുടെ കൈയിലേക്കു പോവാതിരിക്കു'ന്നതിന് പൗരത്വനിയമഭേദഗതി ബില്‍ അത്യന്താപേക്ഷിതമാണെന്നാണു ശര്‍മ പ്രഖ്യാപിച്ചത്. പുത്തനച്ചിയുടെ അമിതാവേശമെന്നല്ലാതെ എന്തുപറയാന്‍! വാസ്തവത്തില്‍ ഈ ബില്‍ 'ജിന്ന'യ്ക്കുമുമ്പാകെയുള്ള കീഴടങ്ങലാണ്. ഇന്ത്യയെ ഒരു മുസ്ലിം ഇതര രാജ്യമായി മാറ്റിയാല്‍, പാകിസ്താന് എന്ന ആശയത്തെ നാം കടമെടുത്തപോലാവുമത്. മതമാണ് രാഷ്ട്രപദവിയെ നിര്‍ണയിക്കുന്നത് എന്നതാണ് ആ ആശയം.
രാജ്യത്തെ വിവിധ ജനവിഭാഗങ്ങളുടെ സ്വപ്നങ്ങളെ അഭിസംബോധനചെയ്യലാണ് ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി. ഹിന്ദുമതത്തിന്റെ സര്‍വാശ്ലേഷിയും അയവാര്‍ന്നതും സുഘടിതവുമായ മൂല്യവ്യവസ്ഥയാണ് ഇത്തരം വെല്ലുവിളികളെ നേരിടാന്‍ ഇന്ത്യയ്ക്കു കരുത്തുപകരാറുള്ളത്. പൗരത്വബില്‍ അപകടകരമാണെന്നു പറയേണ്ടിവരുന്നത് അതുകൊണ്ടാണ്. രാജ്യം അതിന്റെ വിവിധ ഖണ്ഡങ്ങളുടെ ആകെത്തുകയെക്കാള്‍ മഹത്തരമായിരിക്കണമെന്നതാണ് ഇന്ത്യയെ സംബന്ധിച്ച് സാധ്യമായ ഒരേയൊരു ആശയം. ഇന്ത്യയെന്ന ഈ ആശയം ഇപ്പോള്‍ നമ്മളില്‍ ചിലര്‍ക്കു നിഷേധിക്കപ്പെടുന്നപക്ഷം അതു ഭാവിയില്‍ നമുക്കെല്ലാവര്‍ക്കും നിഷേധിക്കപ്പെട്ടേക്കാം.
മതനിരാസമല്ല മതനിരപേക്ഷത
ഏറെ ദുരുപയോഗംചെയ്യപ്പെട്ട മതനിരപേക്ഷത എന്ന വാക്കുകൊണ്ട് നാം അര്‍ഥമാക്കുന്നത് ഇതാണെന്ന് 'ഇന്ത്യ: അര്‍ധരാത്രിമുതല്‍ അരനൂറ്റാണ്ട്'('ഇന്ത്യ: ഫ്രം മിഡ്നൈറ്റ് ടു മില്ലെനിയം' എന്ന എന്റെ പുസ്തകത്തിന്റെ മലയാള പരിഭാഷയുടെ ശീര്‍ഷകം ഇങ്ങനെയായിരുന്നു) എന്ന പുസ്തകത്തില്‍ ഞാന്‍ എഴുതിയിട്ടുണ്ട്. പാശ്ചാത്യ നിഘണ്ടുക്കള്‍ 'മതനിരപേക്ഷത'യെ 'മതങ്ങളില്ലാത്ത അവസ്ഥ' എന്നു നിര്വചിക്കുന്നുണ്ടാവാം. എന്നാല്‍, അത്തരമൊരാശയം ഇന്ത്യയ്ക്കു പരിചിതമല്ല. രാജ്യത്തെ എല്ലാ വിഭാഗങ്ങള്‍ക്കിടയിലും രൂഢമൂലമായ ഒന്നാണ് മതം എന്നതിനാല്‍ അവയുടെ രാഹിത്യത്തെക്കുറിച്ച് ഇന്ത്യക്കാര്‍ക്ക് ചിന്തിക്കാന്‍പോലുമാവില്ല. മതനിരാസമോ മതരാഹിത്യമോ നമ്മുടെ രാജ്യത്ത് ഒരിക്കലും ജനസമ്മതി നേടുകയില്ല. അതിനാല്‍, മതരാഹിത്യമല്ല വേണ്ടത്. എല്ലാ മതങ്ങളും ഇന്ത്യയില്‍ പരിലസിക്കുന്നു. ഇന്ത്യയില്‍ മതനിരപേക്ഷതയെന്ന രാഷ്ട്രീയാശയത്തിന്, ആത്മീയതയ്ക്കുമേല് ലൗകികതയെ പ്രതിഷ്ഠിക്കുന്ന പാശ്ചാത്യമാതൃകയോടു സാമ്യമില്ല. മറിച്ച്, വര്‍ഗീയതയെന്ന ബദലിനോടുള്ള പ്രകടമായ പ്രതികരണമെന്നനിലയില്‍ 1920-കള്തൊട്ടാണ് അത് ഇവിടെ ഉരുവംകൊണ്ടത്. രാഷ്ട്രീയസ്വത്വം രൂപപ്പെടുത്തുന്നതിലെ ഏറ്റവും സുപ്രധാനമായ ഘടകം മതമാണെന്ന വിശ്വാസത്തെ ഖണ്ഡിക്കുകയാണ് ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി രൂപപ്പെട്ടുവന്ന മതനിരപേക്ഷരാഷ്ട്രീയംചെയ്തത്. രാജ്യത്ത് ബഹുവിധ മതങ്ങളുണ്ടെന്നും ഭരണകൂടം അതിലൊന്നിനും പ്രത്യേക പരിഗണന നല്കിക്കൂടെന്നുമുള്ള നിലപാടാണ് ഇന്ത്യന്‍ മതനിരപേക്ഷതയുടെ കാതല്‍.
മതനിരപേക്ഷത, ഏതെങ്കിലും പ്രത്യേക മതത്തോട് പ്രതിപത്തിയോ വിപ്രതിപത്തിയോ കാണിക്കാത്തതിനാല്‍ എല്ലാ മതങ്ങളുടെയും നിലനില്‍പ്പിന് അനുഗുണമാവുന്നു. 'ഏകം സത്, വിപ്ര ബഹുധാ വദന്തി' എന്ന സൂക്തത്തെ പിന്‍പറ്റി അത് എല്ലാ മതങ്ങളെയും തുല്യമായി കരുതുന്നു. രാജ്യത്തിന്റെ ജനസംഖ്യയുടെ 80 ശതമാനം ഹിന്ദുക്കളാണെങ്കിലും മുസ്ലിങ്ങള്‍ക്ക് പ്രത്യേക മാതൃഭൂമി വേണമെന്ന ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ് രാജ്യം വിഭജിക്കപ്പെട്ടതെങ്കിലും ഇന്ത്യയുടെ രാഷ്ട്രപതിമാരില്‍ മൂന്നുപേര്‍ മുസ്ലിങ്ങളായിരുന്നു. മാത്രമല്ല, ഒട്ടേറെ ഗവര്‍ണര്‍മാരും കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും സ്ഥാനപതിമാരും സൈനിക ജനറല്‍മാരും ന്യായാധിപന്മാരുമൊക്കെ ആ സമുദായത്തില്‍നിന്നുള്ളവരായിരുന്നു. 1971-ലെ ഇന്ത്യ- പാക് യുദ്ധത്തില്‍ വടക്കന്‍ യുദ്ധമുഖത്ത് നമ്മുടെ വ്യോമസേനയെ നയിച്ചത് ഒരു മുസ്ലിമായിരുന്നു(എയര്‍മാര്‍ഷല്‍ ലത്തീഫ്), കരസേനാ കമാന്‍ഡര്‍ പാഴ്സിയായിരുന്നു(ജനറല്‍ മനേക്ഷാ), ബംഗ്ലാദേശിലേക്ക് സൈന്യത്തെ നയിച്ച ജനറല്‍ ഓഫീസര്‍ കമാന്‍ഡിങ്(ജി.ഒ.സി.) ഒരു സിഖുകാരനായിരുന്നു(ലഫ്റ്റനന്റ് ജനറല്‍ അറോറ), പരാജയമടഞ്ഞ പാക് സൈന്യവുമായി കീഴടങ്ങല്വ്യവസ്ഥകള് ചര്‍ച്ചചെയ്യാന്‍ നിയോഗിക്കപ്പെട്ട സൈനികോദ്യോഗസ്ഥന് ജൂതനായിരുന്നു(മേജര്‍ ജനറല്‍ ജേക്കബ്). അതാണ് ഇന്ത്യന്‍ മതനിരപേക്ഷത!
(21 -1 -19ലെ മാതൃഭൂമി എഡിറ്റോറിയൽ പേജിൽ പ്രസിദ്ധീകരിച്ചത്)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..