സ്ത്രീകള്‍ പ്രവേശിച്ചാല്‍ നട അടച്ചിടുമെന്ന് പറഞ്ഞ തന്ത്രി കണ്ഠരര് രാജീവര് നിര്‍ദേശിച്ച പ്രകാരം താന്‍ ശബരിമലയില്‍ പോയിട്ടുണ്ടെന്ന് എഴുത്തുകാരിയും ക്ഷേത്ര ഗവേഷകയുമായ ലക്ഷ്മി രാജീവ്.പത്ത് വർഷം മക്കളില്ലാത്തിനെ തുടര്‍ന്നുള്ള നേർച്ചയുടെ ഭാഗമായാണ് ശബരിമലയില്‍ പോയതെന്നും അവര്‍ പറഞ്ഞു. മാതൃഭൂമി ന്യൂസിന്റെ ഞങ്ങള്‍ക്കും പറയാനുണ്ട് ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു അവര്‍. ആറ്റുകാലമ്മ ദി ഗോഡസ്സ് ഓഫ് മില്ല്യൺസ്  എന്ന പുസ്തകം രചിച്ചിട്ടുണ്ട് ലക്ഷ്മി. നിലവിൽ ശബരിമലയെ കുറിച്ചും തിരുപ്പതിയെകുറിച്ചും ലോകപ്രശസ്തനായ ഫോട്ടോഗ്രാഫര്‍ രഘുറായിക്കൊപ്പമുള്ള പുസ്തക രചനയിലാണ്.

"ബസന്ത് നഗറില്‍ ഞാന്‍ താമസിക്കുമ്പോള്‍ ഞങ്ങളുടെ വീടിന്റടുത്ത് ഒരു അയ്യപ്പ ക്ഷേത്രമുണ്ടായിരുന്നു.സ്ത്രീകള്‍ പ്രവേശിച്ചാല്‍ നടപൂട്ടി പുറത്തുപോകുമെന്ന് പറഞ്ഞ തന്ത്രി കണ്ഠരര് രാജീവര് ഉള്ള ക്ഷേത്രത്തിലെ നിത്യസന്ദര്‍ശകയായിരുന്നു ഞാന്‍. അന്നെനിക്ക് മക്കളില്ലായിരുന്നു.പത്ത് വര്‍ഷം കുഞ്ഞുങ്ങളില്ലായിരുന്നു. ഞാന്‍ മുട്ടാത്ത വാതിലുകളില്ല.ഞാന്‍ പ്രാര്‍ഥിക്കാത്ത ദൈവങ്ങളില്ല. ഞാന്‍ ചെയ്യാത്ത പൂജകളും വഴിപാടുമില്ല.അവസാനം എനിക്ക് പോവാന്‍ പറ്റാത്ത ക്ഷേത്രമായി തോന്നിയത് ശബരിമലയാണ്. ഭര്‍ത്താവ് വൈമാനികനായിരുന്നു. മുകളില്‍ നിന്ന് താഴോട്ടു നോക്കി അയ്യപ്പനെ വിളിച്ച് പ്രാര്‍ഥിച്ചിട്ടുണ്ട് ഞാന്‍", ലക്ഷ്മി വെളിപ്പെടുത്തി. 

"കണ്ഠരര് രാജീവരെ തന്റെ വിഷമം അറിയിച്ചപ്പോൾ മകനെക്കൊണ്ട് മല ചവിട്ടാന്‍ നേര്‍ന്നോളൂ എന്നാണ് അദ്ദേഹം പറഞ്ഞത്. ഞാന്‍ പോയി എന്നതാണ് പരമസത്യം. മകനെ കിട്ടി. ഒരു ഉത്തമ സ്ത്രീയായാണ് ഞാന്‍ ജീവിക്കുന്നത്. എനിക്ക് ഒരു കുറവും ഇതുവരെയുണ്ടായിട്ടില്ല", അവർ കൂട്ടിച്ചേർത്തു.