ബരിമല ക്ഷേത്രത്തിലെ സ്ത്രീപ്രവേശത്തെക്കുറിച്ചുള്ള വിധിന്യായം കേരളത്തില്‍ ഉയര്‍ത്തിവിട്ടിരിക്കുന്ന പ്രതിഷേധം മനസ്സിലാക്കാവുന്നതാണ്. കേരളീയരുടെ മനസ്സില്‍ ശബരിമലക്ഷേത്രം അത്രത്തോളം സ്വാധീനം ചെലുത്തിയ ഒരു ആരാധനാലയമാണ്. സ്ത്രീസ്വാതന്ത്ര്യം, ലിംഗനീതി, സ്ത്രീ-പുരുഷ സമത്വം എന്നൊക്കെയുള്ള ആശയങ്ങള്‍ സര്‍വഥാ സ്വീകാര്യമാണ്. ക്ഷേത്രാരാധനയുടെ സന്ദര്‍ഭത്തിലും സ്ത്രീ-പുരുഷ വിവേചനം ഒരു അന്ധമായ ആചാരമായോ അനാചാരമായോ നിലനില്‍ക്കുന്നില്ല എന്നുള്ള സത്യം നാം അംഗീകരിക്കണം. ആര്‍ത്തവം സംബന്ധിച്ചുള്ള ചില നിയന്ത്രണങ്ങള്‍ ലിംഗവിവേചനം എന്ന അസ്വീകാര്യമായ അനാചാരവുമായി കൂട്ടിക്കുഴയ്ക്കുന്നത് വികലമായ ഒരു കാഴ്ചപ്പാടാണ്. 

മനുഷ്യസമൂഹം എന്നും ഭൗതികവും ആധ്യാത്മികവും എന്ന രണ്ടുതലങ്ങളിലാണ് നിലകൊള്ളുന്നത്. ആധ്യാത്മികതലം പൂര്‍ണമായി ഉപേക്ഷിക്കാന്‍ മനുഷ്യന് ഒരിക്കലും കഴിഞ്ഞിട്ടില്ല; കഴിയുകയുമില്ല. ഏതെങ്കിലുമൊരു ആചാരം അനാചാരമായി മാറുമ്പോള്‍ അത് തിരസ്‌കരിക്കാനുള്ള വിവേകം മനുഷ്യസമൂഹം എന്നും കാണിച്ചിട്ടുണ്ട്. ആ തിരസ്‌കരണത്തിലും ആധ്യാത്മികതയുണ്ട്. തെറ്റിനെക്കുറിച്ച് ബോധ്യമുണ്ടാവുന്നത് ശരിയെക്കുറിച്ചുള്ള സങ്കല്പമുള്ളതുകൊണ്ടാണ്. ശരിയുടെ അടിസ്ഥാനം അന്വേഷിച്ചുപോകുമ്പോള്‍ ചെന്നുനില്‍ക്കുന്നത് ആധ്യാത്മികതലത്തില്‍ത്തന്നെയാണ്. 

മതവും കോടതിയും

സുപ്രീംകോടതി മതപരമായ കാര്യങ്ങളെക്കുറിച്ച് അനേകം വിധിന്യായങ്ങള്‍ നല്‍കിയിട്ടുണ്ട്. ആ വിധിന്യായങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും-ആരാധനാലയങ്ങളില്‍ നിലനില്‍ക്കുന്ന പല ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും കുടികൊള്ളുന്ന ആധ്യാത്മികത ഉള്‍ക്കൊള്ളാന്‍ ആ ന്യായാധിപര്‍ക്ക് കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ആ വിധിന്യായങ്ങളില്‍ മതത്തിന്റെ കാതലായ ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണം എന്നുപറഞ്ഞിരുന്നു. അതുപോലെത്തന്നെ അന്ധവിശ്വാസങ്ങളിലും വികലമായ സാമൂഹിക വീക്ഷണത്തിലും അധിഷ്ഠിതമായ ആചാരങ്ങളെ അനാചാരങ്ങളായി പുറംതള്ളാനും അവയ്‌ക്കെതിരേ നിയമങ്ങള്‍കൊണ്ടുവരാന്‍ ഭരണകൂടത്തിനോട് ആജ്ഞാപിക്കാനും ശ്രദ്ധിച്ചിരുന്നു. 

ശബരിമലയെ സംബന്ധിച്ചുള്ള വിധിന്യായം സൂക്ഷ്മമായി പരിശോധിച്ചാല്‍ ഈ സമീപനത്തില്‍നിന്നും കാഴ്ചപ്പാടില്‍നിന്നും കുറേയധികം വ്യതിചലിച്ചിട്ടുണ്ടെന്ന് കാണാം. 1954-ല്‍ സുപ്രീംകോടതി ശിരൂര്‍മഠക്കേസില്‍ ഇറക്കിയ വിധിന്യായത്തില്‍ പ്രധാനപ്പെട്ട ഒരു കാര്യം പറഞ്ഞിരുന്നു. അതായത് ഒരു മതത്തിന്റെ കാതലായ ആചാരാനുഷ്ഠാനങ്ങള്‍ പരിഷ്‌കരിക്കപ്പെടണമെന്നും കാതലായ ആചാരങ്ങള്‍ (Essential and integral) ഏതൊക്കെയെന്ന് കണ്ടുപിടിക്കേണ്ടത് കോടതിയാവണമെന്നും.  പക്ഷേ, കോടതി അത് കണ്ടുപിടിക്കേണ്ടത് ആ മതത്തിന്റെ തത്ത്വങ്ങളുടെയും വിശ്വാസങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കണമെന്നുമായിരുന്നു ആ പ്രസ്താവം. 

മതം എന്ന വിഷയത്തെ നിയമദൃഷ്ടിയിലൂടെ നമ്മുടെ പരമോന്നതനീതിപീഠം വ്യാഖ്യാനിച്ചിട്ടുണ്ട്. ഭരണഘടനയുടെ 25-ാം വകുപ്പില്‍ നല്‍കപ്പെട്ടിരിക്കുന്ന ആരാധനാസ്വാതന്ത്ര്യം, മതപ്രചാരണസ്വാതന്ത്ര്യം എന്നീ മൗലികാവകാശങ്ങളുടെ സന്ദര്‍ഭത്തിലാണ് ഈ വ്യാഖ്യാനങ്ങള്‍ വന്നിട്ടുള്ളത്. ഈ വ്യാഖ്യാനങ്ങളനുസരിച്ച് മതാചാരങ്ങളെല്ലാം മതത്തിന്റെ ഭാഗമായി വരുന്നു. 

എല്ലാ ആചാരങ്ങളും ഭരണഘടനയുടെ പരിരക്ഷ ലഭിക്കുന്നവയല്ലെന്ന് പ്രത്യേകം പറയട്ടെ. കാതലായ ആചാരങ്ങള്‍മാത്രമേ മതത്തിന്റെ അടിസ്ഥാനപരവും അഭിന്നവുമായ ആചാരങ്ങളാവുകയുള്ളൂ എന്നും അവയ്ക്കുമാത്രമേ ഭരണഘടനയുടെ പരിരക്ഷ ലഭിക്കുകയുള്ളൂവെന്നും കോടതി വ്യക്തമാക്കുന്നു. ശിരൂര്‍ മഠക്കേസിനു ശേഷം വന്നിട്ടുള്ള അനേകം കേസുകളില്‍ കാതലായ മതാചാരങ്ങളെക്കുറിച്ച് മറ്റൊരു സുപ്രധാനകാര്യംകൂടി പറഞ്ഞു. അതായത്, കാതലായ മതാചാരങ്ങള്‍ ഏതൊക്കെയെന്ന് കണ്ടുപിടിക്കുന്നത് അവയുമായി ബന്ധപ്പെട്ട ജനസമൂഹത്തിന്റെ അഭിപ്രായം ആരാഞ്ഞിട്ടായിരിക്കണം. ശിരൂര്‍ മഠക്കേസ് തീരുമാനിച്ചത് എട്ട് ന്യായാധിപന്മാരടങ്ങിയ െബഞ്ചായിരുന്നു. മറ്റനേകം കേസുകള്‍ തീരുമാനിച്ചത് അഞ്ച് ന്യായാധിപരടങ്ങുന്ന ബെഞ്ചുകളായിരുന്നു. ഈ വിധിന്യായങ്ങളില്‍നിന്നൊക്കെ വ്യക്തമാകുന്ന ഒരു കാര്യമുണ്ട്. ആചാരാനുഷ്ഠാനങ്ങള്‍ പ്രാധാന്യമുള്ളവയാണ്. അവ പാലിക്കപ്പെടേണ്ടവയാണ്. പക്ഷേ, കാതലായ ആചാരാനുഷ്ഠാനങ്ങള്‍ക്കുമാത്രമേ ഭരണഘടനയുടെ പരിരക്ഷ ലഭിക്കുകയുള്ളൂ എന്നുപറഞ്ഞതിന്റെ അര്‍ഥം കാതലായ ആചാരങ്ങള്‍ക്ക് ആരാധനാസ്വാതന്ത്ര്യം എന്ന മൗലികാവകാശത്തിന്മേല്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താവുന്നവയാണ് എന്നുള്ളതാണ്. 

വിധി പൂര്‍ണമോ?

ശബരിമലയെ സംബന്ധിച്ചുള്ള വിധിന്യായത്തില്‍ പറഞ്ഞിരിക്കുന്ന രണ്ട് കാര്യങ്ങള്‍ ശ്രദ്ധേയമാണ്. ഒന്ന്, സ്ത്രീകളെ ഒഴിച്ചുനിര്‍ത്തുന്ന ആചാരം ഹിന്ദുമതത്തിന്റെ കാതലായ ഒരാചാരമല്ല. രണ്ട്, ഈ ആചാരത്തിന് പൗരാണികത്വമോ തുടര്‍ച്ചയോ ഇല്ല. ഈ കാരണങ്ങള്‍കൊണ്ട് ഈ ആചാരം ഭരണഘടനയുടെ 25-ാം വകുപ്പ് നല്‍കുന്ന ആരാധനാസ്വാതന്ത്ര്യം എന്ന മൗലികാവകാശ ധ്വംസനമാണ്. അതുകൊണ്ട് അത് നിലനില്‍ക്കാന്‍ പാടില്ലാത്തതാണ്. ഹിന്ദുമതം എന്താണെന്നോ അതിന്റെ അടിസ്ഥാനസ്വഭാവം എന്താണെന്നോ ഒന്നും ഈ വിധിന്യായത്തിലില്ല. ലിംഗനീതി എന്ന ഒരു വിഷയംമാത്രമാണ് ഈ തീരുമാനത്തിന്റെ അടിസ്ഥാനതത്ത്വം. 
ഹിന്ദുമതത്തിന്റെ സങ്കീര്‍ണങ്ങളായ ആചാരാനുഷ്ഠാന വൈവിധ്യങ്ങളെക്കുറിച്ചൊന്നും ചിന്തിക്കാനോ ചിന്തിപ്പിക്കാനോ ന്യായാധിപന്മാര്‍ ശ്രമിച്ചിട്ടില്ല. ആചാരങ്ങളും അനുഷ്ഠാനങ്ങളും പാരമ്പര്യങ്ങളും എല്ലാം മതത്തിന്റെ പരിധിയില്‍ വരുന്നതാണെന്ന് അര്‍ഥശങ്കയ്ക്കിടയില്ലാതെ പ്രസ്താവിച്ച വിധിന്യായങ്ങളുടെ പശ്ചാത്തലത്തില്‍ ശബരിമല എന്ന ക്ഷേത്രത്തിലെ ആചാരങ്ങളെക്കുറിച്ചും പ്രതിഷ്ഠാസങ്കല്പത്തിനെക്കുറിച്ചുമൊക്കെ മനസ്സിരുത്തി ചിന്തിക്കാന്‍ ന്യായാധിപന്മാര്‍ക്ക് കഴിഞ്ഞില്ല എന്നുള്ളത് ഈ വിധിന്യായത്തിന്റെ അപൂര്‍ണതകളിലേക്ക് വിരല്‍ചൂണ്ടുന്ന വസ്തുതയാണ്. 

ഈ ആചാരത്തിന് പൗരാണികത്വമില്ലെന്നും തുടര്‍ച്ചയില്ലെന്നുമുള്ള കണ്ടെത്തല്‍ കേവലം ഒന്നോ രണ്ടോ സത്യവാങ്മൂലങ്ങളുടെ അടിസ്ഥാനത്തിലാണ് നടത്തിയിരിക്കുന്നത്. ഈ സത്യവാങ്മൂലങ്ങളാവട്ടെ യുക്തിഭദ്രതയില്ലാത്തവയും ശബരിമല തീര്‍ഥാടനത്തിന്റെ ഉയര്‍ന്ന, വ്യത്യസ്തമായ ആധ്യാത്മികമാനങ്ങളെ മനസ്സിലാക്കാതെ തട്ടിക്കൂട്ടിയവയുമാണ്. കേരളസര്‍ക്കാറിന്റെ സത്യവാങ്മൂലത്തില്‍, വിദഗ്ധരുടെ ഒരു കമ്മിഷനെ കോടതി നിയമിക്കണമെന്നുള്ള ആവശ്യം കോടതിയില്‍നടന്ന വാദത്തില്‍ ശക്തമായി ഉന്നയിക്കാത്തതിന്റെ കാരണം മനസ്സിലാകുന്നില്ല. കോടതി ആ ആവശ്യം അവഗണിക്കുകയാണുണ്ടായത്. കമ്മിഷനെന്നുള്ള ആശയം സ്വീകാര്യമാകേണ്ടതായിരുന്നു. 

ഓര്‍ഡിനന്‍സ് സാധ്യമോ?

പ്രതിഷേധപ്രകടനങ്ങള്‍ രാഷ്ട്രീയകക്ഷികളുടെ കൈകളിലെത്തി സങ്കീര്‍ണമാകുന്ന ലക്ഷണങ്ങള്‍ കാണുന്ന ഈ സന്ദര്‍ഭത്തില്‍ ഓര്‍ഡിനന്‍സിനെക്കുറിച്ചുള്ള വാദ പ്രതിവാദങ്ങള്‍ നടക്കുകയാണല്ലോ. സുപ്രീംകോടതിയുടെ വിധിന്യായം മറികടക്കാന്‍ വേണ്ടി ഓര്‍ഡിനന്‍സുകൊണ്ടുവരുന്നത് സൂക്ഷ്മതയോടുകൂടി കൈകാര്യംചെയ്യേണ്ട കാര്യമാണ്. വിധിന്യായത്തെ മറികടക്കാനെന്നുകാണിച്ച് ഇറക്കുന്ന ഓര്‍ഡിനന്‍സ് അസാധ്യമായിരിക്കും എന്നോര്‍ക്കണം. 2002-ല്‍ പീപ്പിള്‍സ് യൂണിയന്‍ ഓഫ് ലിബര്‍ട്ടീസ് Vs യൂണിയന്‍ ഓഫ് ഇന്ത്യ എന്ന വിധിന്യായത്തില്‍, സുപ്രീംകോടതിയുടെ വിധിന്യായത്തിന്റെ അടിസ്ഥാനമായ വസ്തുതകള്‍ മാറ്റി മറ്റുവസ്തുതകളുടെ അടിസ്ഥാനത്തില്‍ നടത്തുന്ന നിയമംമാത്രമേ നിലനില്‍ക്കുകയുള്ളൂവെന്ന് പ്രസ്താവിച്ചിട്ടുണ്ട്. 

ശബരിമലവിധിയുടെ അടിസ്ഥാനവസ്തുത സ്ത്രീകളെ ഒഴിച്ചുനിര്‍ത്തുന്ന ആചാരം ഹിന്ദുമതത്തിന്റെ കാതലായ ഭാഗമല്ലെന്നും ഈ ആചാരത്തിന് പൗരാണികത്വവും തുടര്‍ച്ചയുമില്ലെന്നുമുള്ളതാണ്. വാസ്തവത്തില്‍ ശബരിമലയില്‍ സ്ത്രീപ്രവേശനം നിഷേധിച്ചിട്ടേയില്ല. വിഗ്രഹസങ്കല്പം നൈഷ്ഠിക ബ്രഹ്മചാരിയെന്നുള്ളതുകൊണ്ട്, ആരാധകരും അയ്യപ്പന്‍ നിലകൊള്ളുന്ന ആധ്യാത്മികതലത്തിലേക്കുയര്‍ന്ന് അയ്യപ്പന്മാരാകണം. അങ്ങനെ ഉയരണമെങ്കില്‍ ശരീരത്തെയും മനസ്സിനെയും കഠിനമായ വ്രതത്തിലൂടെ ശുദ്ധീകരിക്കണം. ആര്‍ത്തവോന്മുഖരായ സ്ത്രീകള്‍ക്ക് അത്തരം വ്രതമനുഷ്ഠിക്കാന്‍ സാധിക്കുന്നില്ല എന്നുള്ളതുകൊണ്ടും അങ്ങനെയുള്ള സ്ത്രീകള്‍ക്ക് ശബരിമലതീര്‍ഥാടനം നടത്താന്‍ സാധിക്കാതെവരുന്നു എന്നുള്ളതാണല്ലോ സാധാരണ പറയപ്പെടുകയും വിശ്വസിക്കുകയും ചെയ്യുന്ന വസ്തുത. അപ്പോള്‍ നിയമനിര്‍മാണത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ ഈ കാര്യങ്ങളെല്ലാം ശ്രദ്ധിക്കേണ്ടതുണ്ട്. ധൃതിപിടിച്ച് ഇക്കാര്യത്തില്‍ ഒരു നിയമം ഉണ്ടാക്കാന്‍ സാധ്യമല്ല. പക്ഷേ, ശബരിമലക്ഷേത്രം ഫലത്തില്‍ ഒരു ദേശീയ തീര്‍ഥാടനകേന്ദ്രമായതുകൊണ്ട് ഇതൊരു സാധാരണക്ഷേത്രമല്ലല്ലോ. ഈ ക്ഷേത്രത്തിനുവേണ്ടി ഒരു പ്രത്യേക നിയമം ഉണ്ടാക്കുന്നതില്‍ തെറ്റില്ല എന്നുതോന്നുന്നു. 

കാലത്തിനൊത്ത് ആചാരങ്ങളും അനുഷ്ഠാനങ്ങളും മാറണമെന്നുള്ള അഭിപ്രായങ്ങളില്‍ അടങ്ങിയിരിക്കുന്ന ശരി അംഗീകരിച്ചുകൊണ്ടുതന്നെ, ചിലതൊക്കെ സംരക്ഷിച്ചുനിര്‍ത്തണമെന്നുള്ള ആവശ്യത്തിലടങ്ങുന്ന ആര്‍ജവത്തെയും നാം കാണാതെപോകരുത്. 

(ലോക്സഭാ 
മുന്‍ സെക്രട്ടറിജനറലാണ് 
ലേഖകന്‍)