അര നൂറ്റാണ്ട് മുമ്പാണ്. വല്ല്യമ്മാവന്‍ മാത്രമേ അക്കാലം ശബരിമലയ്ക്ക് പോകാറുള്ളൂ. മണ്ഡലവ്രതം നിര്‍ബന്ധം. കാലത്തും സന്ധ്യയ്ക്കും കുളിച്ചു തൊഴല്‍. വീട്ടിലാകെ ഭക്തിമയം. അഭിഷേകത്തിനുള്ള നെയ്യ് മുമ്പേ ഉരുക്കിത്തുടങ്ങും. അമ്മാവനും അയ്യപ്പനാണ്. അയ്യപ്പന്‍മാര്‍ക്ക് വഴിച്ചോറായി കേടാവാത്ത ഭക്ഷണം ഒരുക്കും. ഇരു മുടിക്കെട്ടുമായി ഇറങ്ങുമ്പോള്‍ അകായിയില്‍ വിങ്ങലാണ്. തിരിച്ചു വരുമോ എന്നാണ് പേടി.
അന്ന് വീട്ടില്‍ പാമ്പിന്‍കാവ് ഉണ്ടായിരുന്നു. ഞങ്ങള്‍ കുട്ടികള്‍ ചിത്രകൂടക്കല്ലിന് പിന്നില്‍ ഒളിച്ചിരിക്കും. വല്യമ്മയ്ക്ക് പാമ്പിനെ പേടിയാണ്. പക്ഷേ കുട്ടികളെ പാമ്പ് തൊട്ടില്ല.
അന്ന് കാവ് തീണ്ടല്ലേ എന്ന് അമ്മൂമ്മ പറഞ്ഞു. കാവു തീണ്ടണം എന്നായി വല്ല്യേട്ടന്‍. ഇപ്പോള്‍ ചേട്ടനും പറയുന്നു. കാവു തീണ്ടല്ലേ.
ഇപ്പോള്‍ മല ചവിട്ടാന്‍ മാലോകര്‍ക്കെല്ലാം അനുമതിയായി. സുപ്രീം കോടതി വിധിയുടെ ആവേശമാണ് എങ്ങും. എന്നാല്‍ വിധി ഉയര്‍ത്തുന്ന ചില പ്രശ്‌നങ്ങളുണ്ട്. ആര്‍.എസ്.എസും സി.പി.എമ്മും വിധിയെ സ്വാഗതം ചെയ്തിരിക്കുന്നു. ആദ്യമായിട്ടാകാം. അത് തന്നെയാണ് സംശയം വര്‍ദ്ധിപ്പിച്ചതും.
ഇത്ര കാലം ഇടതു പരോഗമനക്കാര്‍ വാദിച്ചു. സംഘ പരിവാര്‍ രാജ്യത്തെ ഒറ്റക്കല്ലില്‍ കൊത്തിയതാക്കുന്നു. വൈവിദ്ധ്യത്തെ നശിപ്പിക്കുന്നു. ബ്രാഹ്‌മണ്യത്തിന്റെ കൊടി പൊക്കുന്നു.
ഇനി വിധി നോക്കുക. അയ്യപ്പഭക്തര്‍ പ്രത്യേക ഗണമല്ല. സ്ത്രീകള്‍ പുരുഷന്മാര്‍ക്ക് താഴേയുമല്ല. ശരി തന്നെ. പക്ഷേ ഹിന്ദു ആചാരരീതികളില്‍ ചില കൗതുകങ്ങളുണ്ട്.
ഉദാഹരണത്തിന് ഗണപതിയെ തൊഴുമ്പോലെ അല്ല കൃഷ്ണനെ തൊഴുന്നത്. ശിവനെ പ്രദക്ഷിണം വയ്ക്കുന്ന പോലെ അല്ല ഭഗവതിയെ വലം വയ്ക്കുന്നത്. മുത്തപ്പന് നിവേദിക്കുന്നതല്ല ഗുരുവായൂരിലെ പ്രസാദം. ദൈവങ്ങളില്‍ വെജിറ്റേറിയനും നോണ്‍ വെജിറ്റേറിയനും ഉണ്ട്. കുളിച്ചു തൊഴുന്നതാണ് മലയാളിക്ക് ശീലം. ഉത്തരേന്ത്യന്‍ സന്യാസിമാര്‍ കുളിക്കാറേ ഇല്ല. വിഗ്രഹത്തെ അകലെനിന്ന് ആരാധിക്കാം. തൊട്ടുനിന്നും തൊഴാം. അമ്പലത്തില്‍ പോകാതിരിക്കാം. ഇനി ദൈവങ്ങളെ നിഷേധിച്ചാലോ. സാരമില്ല. ചാര്‍വാകന്മാരും ഹിന്ദുക്കളാണ്.
ഈ വൈവിദ്ധ്യം തന്നെയല്ലേ ഇന്ത്യയുടെ ശക്തി? കാട്ടുദൈവങ്ങളെ മാറ്റി രാമനെ പ്രതിഷ്ഠിക്കുന്നു എന്ന് സംഘപരിവാറിനെ വിമര്‍ശിക്കുന്നവര്‍ ശബരിമല വിധിയില്‍ ആവേശം കൊള്ളുന്നതില്‍ കൗതുകമുണ്ട്. മറ്റെങ്ങുമില്ലാത്ത ഭക്തി തന്നെയാണ് അയ്യപ്പന്മാര്‍ക്കും. അത് അവരുടേത് മാത്രമാണ്. ദൈവാരാധനയ്ക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരുന്നതില്‍ ചില അപാകങ്ങളുണ്ട്.
തീരുന്നില്ല. കോടതി വിധി തീര്‍ത്തും തെറ്റെന്ന് പറയുന്നതും കാലത്തിന് നിരക്കുന്നതല്ല. എന്തെന്നാല്‍ മല ചവിട്ടാന്‍ നിയന്ത്രണം നിര്‍മ്മിച്ചത് മനുഷ്യന്‍ തന്നെയാണ്. അത് മാറ്റാവുന്നതുമാണ്. ഇന്നത്തെ ആചാരം നാളത്തെ ശാസ്ത്രമാവുന്നതിലെ പന്തിപ്പഴുതുകള്‍ തിരുത്തുക തന്നെ വേണം. സ്ത്രീ സമത്വവുമായി ബന്ധപ്പെട്ട കോടതി ഉത്തരവിലെ ന്യായവാദങ്ങളെ അങ്ങനെ കാണാനാണ് ഇഷ്ടം.
പക്ഷേ അപ്പോഴും ഒരു ചോദ്യം ബാക്കിയാവുന്നു. എന്തിനാണ് മാലോകരെല്ലാം മല ചവിട്ടുന്നത്? ശബരിമലയിലെ കാനനഭൂമി ഇല്ലാതാവുന്നു എന്നതാണ് ഏറ്റവും സങ്കടകരം. ഇപ്പോള്‍ തന്നെ താങ്ങാവുന്നതിലേറെയാണ് തിരക്ക്. കൊല്ലം തോറും തള്ളുന്ന മാലിന്യം മറ്റൊരു മലയാണ്. ആ മല കയറാനേ വിധി സഹായിക്കൂ.
തന്ത്രി തീരുമാനിക്കട്ടെ എന്നാണ് മറ്റൊരു വാദം. പൗരോഹിത്യത്തിന്റെ കാലം കഴിഞ്ഞെന്നേ മറുപടി ഉള്ളൂ. ശ്രീനാരായണഗുരു പ്രതിഷ്ഠ നടത്തിയ നാടാണ് എന്ന് മറക്കരുത്.
ശബരിമലയെ രക്ഷിക്കലാണ് പ്രധാനം. അതിന്റെ തനിമ നിലനിര്‍ത്തണം. ദേവസ്വം ബോര്‍ഡിന്റെ ചുമലിലേക്കും ഇല്ലാത്ത അധികാരമുണ്ടെന്ന് ഭാവിക്കുന്ന പുരോഹിതരുടെ സന്നിധിയിലേക്കും കോടതി വിധിയുടെ നടത്തിപ്പിനെ സര്‍ക്കാര്‍ കൊണ്ടു വയ്ക്കരുത് , പകരം ശബരിമല ദര്‍ശനത്തിന് നിയന്ത്രണം കൊണ്ടു വരികയാണ് വേണ്ടത്.
ഏത് പ്രായത്തിലുള്ള സ്ത്രീ-പുരുഷന്മാരും മല കയറട്ടെ. സര്‍ക്കാര്‍ തുക നിശ്ചയിക്കട്ടെ. മാനസസരോവരം യാത്ര മാതൃകയാവട്ടെ. ഓരോ കൊല്ലവും പോകാവുന്ന അയ്യപ്പന്മാരുടെ എണ്ണം നിശ്ചയിക്കട്ടെ. ഏറ്റവും പാവപ്പെട്ട ഭക്തര്‍ക്കായി വിശ്വാസികളില്‍നിന്ന് നറുക്കെടുക്കട്ടെ. ഇതര സംസ്ഥാനക്കാര്‍ക്ക് ക്വാട്ട നിശ്ചയിക്കട്ടെ. അംബാനിമാര്‍ക്കും മല്യമാര്‍ക്കും അയ്യപ്പനെ കാണാന്‍ ഫീസ് ചുമത്തട്ടെ. തൊഴാന്‍ ആഗ്രഹമുള്ളവരെല്ലാം വിശ്വാസത്തോടെ മല കയറട്ടെ. വരുമാനം കുറയാതെ തന്നെ കൊല്ലം തോറും മലയിലെ തിരക്ക് കുറയ്ക്കട്ടെ.
പുണ്യ ഗംഗ ഉത്ഭവിക്കുന്ന ഗോമുഖിലേക്ക് പ്രതിദിനം ഇരുന്നൂറ് പേര്‍ക്ക് മാത്രമേ പ്രവേശനാനുമതി ഉള്ളൂ. പോകുന്നവര്‍ പ്ലാസ്റ്റിക് അടക്കം ഒന്നും നിക്ഷേപിക്കില്ലെന്ന് ഉറപ്പാക്കുന്നുണ്ട്. ശബരിമലയിലും മാലിന്യം നിക്ഷേപിക്കുന്നവരില്‍ നിന്ന് കനത്ത പിഴ ചുമത്താന്‍ സര്‍ക്കാര്‍ തയ്യാറാവട്ടെ.
അമ്പലക്കുളം നന്നാക്കാതെ പൂമുഖ ഗോപുരം പണിത് പ്രാമാണിത്തം കാണിക്കുന്നവരുടെ നാടാണ് നമ്മളുടേത്. ഇനിയെങ്കിലും മനസ്സിലാക്കണം, പ്രകൃതിയുടെ പരിശുദ്ധിയാണ് അയ്യപ്പന്റെ വിശുദ്ധി. ശബരിമല എക്കാലത്തേക്കും കൂടുതല്‍ പാവനമായി നിലനില്‍ക്കുകയാണ് പരമപ്രധാനം.
ഇരുമുടിക്കെട്ടും തലയിലേന്തി വരുന്നവരെ പരിഹസിക്കുന്നവര്‍ മല കയറാനുള്ള ക്യൂവില്‍ തിരക്കു കൂട്ടുന്നത് അപഹാസ്യമാണ്.