'നരന് നരന് അശുദ്ധ വസ്തുപോലും, ധരയില്‍ നടപ്പത് തീണ്ടലാണു പോലും' എന്ന കുമാരനാശാന്റെ കവിതയെ ശബരിമല വിഷയത്തില്‍ ഓര്‍മ്മിപ്പിച്ച് ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം. പ്രളയം അതിജീവിക്കാന്‍ രൂപപ്പെട്ട ജനകീയ ഐക്യം തകര്‍ക്കാനുള്ള നിക്ഷിപ്ത താത്പര്യക്കാരുടെ ശ്രമമാണ് കേരളം കണ്ടതെന്ന് ശബരിമല വിധിക്ക് ശേഷമുണ്ടായ അക്രമത്തെ മുന്‍നിര്‍ത്തി തോമസ് ഐസക്ക് പറഞ്ഞു. സുപ്രീം കോടതി വിധിയെ വര്‍ഗ്ഗീയ ധ്രുവീകരണത്തിനുള്ള സുവര്‍ണ്ണാവസരമായി ഉപയോഗിക്കാന്‍ വര്‍ഗ്ഗീയ വാദികള്‍ അരയും തലയും മുറുക്കി ഇറങ്ങി. ഇത് പ്രളയത്തിനു ശേഷം കേരളം നേരിട്ട രണ്ടാമത്തെ ദുരന്തമായിരുന്നുവെന്നും തോമസ് ഐസക്ക് കൂട്ടിച്ചേര്‍ത്തു.
അമ്പലങ്ങളല്ല, ഇനി പള്ളിക്കൂടങ്ങളും വ്യവസായങ്ങളുമാണ് വേണ്ടതെന്ന ഗുരുവചനത്തെ ഓര്‍ത്ത പ്രസംഗത്തില്‍ കുമാരനാശനെ കൊണ്ട് ഓട്ടു കമ്പനിയും ശുചിത്വം വളര്‍ത്താന്‍ കേശവന് വൈദ്യരെ കൊണ്ട് സോപ്പു കമ്പനിയും തുടങ്ങാന്‍ ഗുരു ആഹ്വാനം ചെയ്ത കഥയും ബജറ്റില്‍ ധനമന്ത്രി ഓര്‍മ്മിപ്പിച്ചു.
തുല്യതയുടെയും നീതിബോധത്തിന്റെയും കാര്യത്തില്‍ കൂടുതല്‍ പ്രബുദ്ധമായ ഒരു സാമൂഹിക നിര്‍മ്മിതിക്കുവേണ്ടിയുള്ള സംഭാവന കൂടിയാവണം ഈ ബജറ്റെന്ന് പറഞ്ഞ് കൊണ്ടായിരുന്നു പ്രഖ്യാപനങ്ങൾ തുടങ്ങിയത്.
ബജറ്റിലെ നവോത്ഥാന പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം
മനുഷ്യരുടെ മതം, വേഷം, ഭാഷ മുതലായവ എങ്ങിനെയായിരുന്നാലും അവരുടെ ജാതി ഒന്നാണെന്ന ശ്രീനാരായണ ഗുരുദര്‍ശനം ഏറ്റവും പ്രസക്തമായ കാലമാണിത്. ഗുരു വിഭാവനം ചെയ്ത മനുഷ്യജാതിയിലുള്ളവരായാണ് നവോത്ഥാനം മലയാളികളെ പുനഃസൃഷ്ടിച്ചത്. മനുഷ്യനെ നവീകരിക്കുന്നതോടൊപ്പം നവോത്ഥാനം കേരളത്തെ ആധുനികവത്കരിക്കുന്നതിനും മുതിര്‍ന്നു. അതു കൊണ്ടാണ് കുമാരനാശാനെ കൊണ്ട് നാരായണ ഗുരു ഓട്ടു കമ്പനി തുടങ്ങിച്ചത്. മനുഷ്യന് വൃത്തിയും ആരോഗ്യവുമുണ്ടാവാനാണ് ശിഷ്യനായ സി.ആര്. കേശവന് വൈദ്യരെ കൊണ്ട് ഗുരു സോപ്പു കമ്പനി തുടങ്ങിച്ചത്. അമ്പലങ്ങളല്ല, ഇനി പള്ളിക്കൂടങ്ങളും വ്യവസായങ്ങളുമാണ് വേണ്ടതെന്ന് ഗുരു പറഞ്ഞു. അയ്യങ്കാളിയും ചാവറയച്ഛനും മന്നത്തു പദ്മനാഭനും മക്തി തങ്ങളും വിദ്യാലയ നിര്‍മ്മിതിക്കായി ഒരുങ്ങിയതും ഈ സാഹചര്യത്തിലാണ്. ഇവയെല്ലാമാണ് കേരള പുനര്‍നിര്‍മ്മാണത്തിനായി മുന്നോട്ടിറങ്ങുമ്പോള്‍ നമ്മുടെ മനസ്സിലുണ്ടാവേണ്ടത്.
എന്നാല്‍ പ്രളയം അതിജീവിക്കാന്‍ രൂപപ്പെട്ട ജനകീയ ഐക്യം തകര്‍ക്കാനുള്ള നിക്ഷിപ്ത താത്പര്യക്കാരുടെ ശ്രമമാണ് പിന്നീട് കണ്ടത്. ആരാധനക്കുള്ള സ്ത്രീകളുടെ തുല്യ അവകാശം ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് ശബരിമലയില്‍ യുവതീ പ്രവേശനം സുപ്രീം കോടതി അനുവദിച്ചു. എന്നാല്‍ സുപ്രീം കോടതി വിധിയെ വര്‍ഗ്ഗീയ ധ്രുവീകരണത്തിനുള്ള സുവര്‍ണ്ണാവസരമായി ഉപയോഗിക്കാന്‍ വര്‍ഗ്ഗീയ വാദികള്‍ അരയും തലയും മുറുക്കി ഇറങ്ങി. ഇതായിരുന്നു രണ്ടാമത്തെ ദുരന്തം. തെരുവില്‍ അഴിച്ചുവിട്ട അക്രമ പരമ്പരകളിലൂടെ കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങളെയാകെ അട്ടിമറിക്കാമെന്നായിരുന്നു അവരുടെ വ്യാമോഹം.
അതേസമയം നവോത്ഥാന ആശയങ്ങളെയും പ്രവര്‍ത്തനങ്ങളെയും മുന്നോട്ടു കൊണ്ടുപോവുന്നതില്‍ നമുക്കുണ്ടായിരുന്ന അലംഭാവവും ദൗര്‍ബല്യവും വെളിപ്പെട്ട അവസരം കൂടിയായിരുന്നു അത്. തീക്ഷ്ണമായ ആശയസംവാദവും സംഘര്‍ഷവുമാണ് സുപ്രീം കോടതി വിധിയെ തുടര്‍ന്ന് കേരളം കണ്ടത്. നവോത്ഥാന മൂല്യങ്ങളില്‍ അടിയുറച്ചു നില്‍ക്കുമെന്ന് പ്രതിജ്ഞ ചെയ്തു കൊണ്ടുള്ള മഹാ മുന്നേറ്റത്തിലേക്കാണ് ആ സംവാദം ഉയര്‍ന്നത്.
നരന് നരന് അശുദ്ധ വസ്തുപോലും
ധരയില്‍ നടപ്പത് തീണ്ടലാണു പോലും
നരകം ഇവിടമാണ് ഹന്ത കഷ്ടം.
ഹര ഹര ഇങ്ങിനെ വേറെ നാടുണ്ടോ
എന്ന് പഴയ കേരളത്തെ നോക്കി കുമാരനാശാന് നടത്തിയ വിലാപം നാം മറന്നിട്ടില്ല. ഈ ശുദ്ധാശുദ്ധ സങ്കല്പത്തെ നല്ലൊരളവ് തുടച്ചു നീക്കിയാണ് നവോത്ഥാന കേരളം വികസിച്ചത്.
കേരള നവോത്ഥാനത്തിന്റെ മഹാകവിയാണ് കുമാരനാശാന്. ആശാന്റെ എക്കാലത്തെയും മഹാകൃതിയായ ചിന്താവിഷ്ടയായ സീത പ്രസിദ്ധീകരിച്ചതിന്റെ നൂറാം വാര്‍ഷികമാണിത്. ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ മലയാള സാഹിത്യകാരന് എസ്എന്‍ഡിപി യോഗത്തിന്റെ സ്ഥാപക സെക്രട്ടറിക്ക്, മിടുക്കനായ വ്യവസായിക്ക്, ഉന്നത ശീര്ഷനായ പത്രാധിപര്‍ക്ക് ചിന്താവിഷ്ടയായ സീതയുടെ നൂറാം വാര്‍ഷികത്തില്‍ അഭിവാദ്യമര്‍പ്പിക്കുന്നു.
പാവയോ ഇവള് എന്ന് ആശാന്റെ സീത രാമനോട് ചോദിച്ചതിന്റെ നൂറാം വാര്‍ഷികത്തിലാണ് തങ്ങള്‍ അശുദ്ധകളല്ലെന്ന് പ്രഖ്യാപിക്കാന്‍ കേരളത്തിലെ ലക്ഷോപലക്ഷം സ്ത്രീകള്‍ തെരുവിലിറങ്ങിയത്. അവര്‍ തീര്‍ത്ത പ്രതിരോധത്തിന്റെ വന്മതില് തങ്ങള്‍ പാവകളല്ല എന്ന ധീര പ്രഖ്യാപനമായിരുന്നു. മത നിരപേക്ഷതയുടെയും പുരോഗമന ചിന്താഗതിയുടെയും ഊര്‍ജ്ജം പ്രസരിക്കുന്ന ഭൂമിയായി കേരളം തുടരുമെന്ന പ്രഖ്യാപനമായിരുന്നു വനിതാ മതില്. ആശാന്റെ സീത പറയുന്ന പോലെ 'എന്‍ മനവും ചേതനയും വഴങ്ങിടാ' എന്ന് പ്രഖ്യാപിച്ച മതില് ലോകത്തിനു മുന്നില്‍ മലയാളികളുടെ ആത്മാഭിമാനം വാനോളം ഉയര്‍ത്തി. അതിന്റെ തുടര്‍ച്ചയായി തുല്യതയുടെയും നീതിബോധത്തിന്റെയും കാര്യത്തില്‍ കൂടുതല്‍ പ്രബുദ്ധമായ ഒരു സാമൂഹിക നിര്‍മ്മിതിക്കുവേണ്ടിയുള്ള സംഭാവന കൂടിയാവണം ഈ ബജറ്റെന്ന് ഞാന്‍ ആഗ്രഹിക്കുന്നു എന്നു പറഞ്ഞു കൊണ്ടായിരുന്നു ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം തുടങ്ങിയത്.
content highlights: Sabarimala. Kerala renaissance, Kumarananashan, Sreenarayanaguru , Budget speech of Thomas Issac