'അധ്യാപകര്‍ എവിടെയെന്നുപോലും അറിയില്ല, നാട്ടില്‍ പഠിക്കാനാവുമോ? ഞങ്ങള്‍ എവിടെ പോകണം?'


അഞ്ജന രാമത്ത്‌

യുക്രൈനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികൾ | Photo: ANI

'വിദേശത്ത് പഠിച്ചാല്‍ ലഭിക്കുന്ന സാധ്യതകള്‍ പരിഗണിച്ചാണ് നല്ലൊരു ഡോക്ടറാകാന്‍ ഇല്ലാത്ത പൈസ ലോണെടുത്ത് യുക്രൈനിലെത്തിയത്. യുദ്ധം തകര്‍ത്തത് ഞങ്ങളുടെ ഭാവി ജീവിതമാണ്', യുക്രൈനിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ അശ്വിന്‍ പറയുന്നു. നിരാശയല്ലാതെ യാതൊരു ഭാവവും അവന്റെ മുഖത്ത് കാണാനാവില്ല. യുദ്ധത്തെത്തുടര്‍ന്ന് യുക്രൈനില്‍നിന്ന് തിരിച്ചെത്തിയ മലയാളി മെഡിക്കല്‍ വിദ്യാര്‍ഥികളുടെ തുടര്‍പഠനം അനിശ്ചിതത്വത്തിലാണ്. 3379 കുട്ടികള്‍ കേരളത്തില്‍ തിരിച്ചെത്തിയെന്നാണ് ഓള്‍ കേരള യുക്രൈന്‍ മെഡിക്കല്‍ സ്റ്റുഡന്റ്‌സ് ആന്‍ഡ് പാരന്റ്‌സ് അസോസിയേഷന്റെ (എ.കെ.യു.എം.എസ്.പി.എ.) കണക്ക്. ഇന്ത്യയിലുടനീളം 22,000 വിദ്യാര്‍ഥികളുണ്ട്. ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍മുതല്‍ കോഴ്‌സ് തീരാന്‍ മൂന്നുമാസംമാത്രം ബാക്കിയുള്ളവര്‍വരെ ഇക്കൂട്ടത്തിലുണ്ട്.

യുക്രൈനിലെ നിലവിലെ സാഹചര്യത്തില്‍ തിരിച്ചുപോവാനാവാതെ നില്‍ക്കുകയാണിവര്‍. ഇപ്പോള്‍ സര്‍വകലാശാലകള്‍ ഓണ്‍ലൈന്‍ ക്ലാസുകളാണ് നടത്തുന്നത്. വളരെയധികം പ്രാക്ടിക്കല്‍ പരിചയം ആവശ്യമുള്ള കോഴ്‌സ് ഓണ്‍ലൈനാവുമ്പോള്‍ നിരവധി പരിമിതികളാണ് ഇവര്‍ നേരിടുന്നത്. ഓഫ് ലൈന്‍ ക്ലാസാവുന്ന സാഹചര്യത്തില്‍ തിരികെ പോവാനാവുമോ എന്ന കാര്യത്തിലും ഇവര്‍ക്ക് വ്യക്തതയില്ല.

കൈയില്‍ ഇഷ്ടം പോലെ പൈസയുള്ളതുകൊണ്ട് വ്യാജമെഡിക്കല്‍ ബിരുദം നേടാനായി യുക്രൈനില്‍ പോയി എന്നാണ് ചിലരുടെ വാദം. ഇത് വേദനാജനകമാണെന്ന് അമിത്ത് പറയുന്നു. യുക്രൈനിലെ മൂന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ് ഇദ്ദേഹം. അവിടെത്തെ മികച്ച സര്‍വകലാശാലയില്‍ പ്രവേശനപരീക്ഷയെഴുതിയാണ് പഠിക്കാന്‍ അവസരം ലഭിച്ചത്. മിഡില്‍ ക്ലാസ് കുടുംബമായ ഞങ്ങളുടെ സ്വപ്നമായിരുന്നു യുക്രൈനിലെ മെഡിക്കല്‍ പഠനം. ലോണെടുത്താണ് പഠനം മുന്നോട്ടു കൊണ്ടുപോയത്. മുപ്പത് ലക്ഷത്തോളം രൂപ ഇപ്പോള്‍ തന്നെ ചെലവായി. മികച്ച പഠനാന്തരീക്ഷമാണ് അവിടെയുണ്ടായിരുന്നത്. മികച്ച സാധ്യതകളും മുന്നിലുണ്ടായിരുന്നു. സമ്മര്‍ദ്ദമില്ലാതെ ആസ്വദിച്ച് പഠിക്കാനാണ് അധ്യാപകര്‍ നിര്‍ദേശിച്ചത്. പരിപൂര്‍ണ്ണ പിന്തുണയുമായി അധ്യാപകര്‍ ഒപ്പമുണ്ടായിരുന്നു. യുദ്ധം തുടങ്ങി ഒരു മാസത്തോളം പിടിച്ചുനിന്നു. വെള്ളവും വെളിച്ചവുമില്ലാതെ ടാങ്കറില്‍ ദിവസങ്ങള്‍ തള്ളി നീക്കുമ്പോഴും പഠനം മാത്രമായിരുന്നു മനസ്സില്‍. ജീവന്‍ പോവുമെന്ന അവസ്ഥയില്‍ വേറെ നിവൃത്തിയില്ലാതെയാണ് നാട്ടിലേക്ക് മടങ്ങിയത് അമിത്ത് പറയുന്നു

യുക്രൈനിൽ നിന്നുള്ള വിദ്യാർഥികൾ ഡൽഹി വിമാനത്താവളത്തിൽ എത്തിയപ്പോൾ | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി


ഇന്നിപ്പോള്‍ ക്ലിനിക്കല്‍ പരിശീലനം ലഭിക്കുമോയെന്ന് അറിയാന്‍ നാല് ആശുപത്രിയില്‍ ശ്രമിച്ചുനോക്കി. നിരാശയായിരുന്നു ഫലം. അവര്‍ക്ക് അവിടെ കുട്ടികള്‍ ഉണ്ടെന്നും ഇനിയും ആളെ എടുക്കാന്‍ പറ്റില്ലെന്നുമാണ് പറയുന്നത്. ഓണ്‍ലൈന്‍ ക്ലാസ് കൊണ്ട് മാത്രം എങ്ങനെ ഡോക്ടറാവാനാണ്. വല്ലാത്തൊരു അവസ്ഥയാണ്, അമിത്ത് കൂട്ടിചേര്‍ത്തു

എല്ലാ വിദ്യാര്‍ഥികളെയും ഇന്ത്യയില്‍ത്തന്നെ പഠിപ്പിക്കാന്‍ വേണ്ട സാഹചര്യം ഒരുക്കണമെന്ന ആവശ്യം ഉന്നയിച്ച് വിദ്യാര്‍ഥികളും രക്ഷിതാക്കളും സംഘടന രൂപവത്കരിച്ച് രംഗത്തിറങ്ങിയിട്ടുണ്ട്. സംഘടനയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെയും എല്ലാ മന്ത്രിമാരെയും എം.എല്‍.എ.മാരെയും എം.പി.മാരെയും കണ്ട് നിവേദനങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ പഠനം തുടരുന്നതിന് നാഷണല്‍ മെഡിക്കല്‍ കമ്മിഷന്റെ (എന്‍.എം.സി.) അനുമതി വേണം. സര്‍വകലാശാല മാറുന്നതിനുവേണ്ടിയുള്ള അനുമതിയാണ് നല്‍കേണ്ടത്. ഇതിന് നിയമഭേദഗതി വരുത്തണം. ഇക്കാര്യങ്ങളുള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് സംഘടന മന്ത്രിമാരെ കാണുന്നത്. വിദ്യാഭ്യാസവായ്പയെടുത്താണ് ഭൂരിഭാഗം പേരും യുക്രൈനില്‍ പഠിക്കാന്‍ പോയത്. ഇവരെല്ലാം ഇപ്പോള്‍ വലിയ ആശങ്കയിലാണ്. എല്ലാ ജില്ലകളിലും കുട്ടികളുടെയും രക്ഷിതാക്കളുടെയും സംഘടന നിലവില്‍വന്നിട്ടുണ്ട്. വൈകാതെത്തന്നെ തുടര്‍പഠനം സംബന്ധിച്ച് തീരുമാനം വന്നില്ലെങ്കില്‍ കുട്ടികള്‍ക്ക് ഒരുവര്‍ഷം നഷ്ടമാകുമെന്ന ആശങ്കയും രക്ഷിതാക്കള്‍ പങ്കുവെക്കുന്നുണ്ട്.

കുട്ടികള്‍ നേരിടുന്ന രണ്ടാമത്തെ പ്രശ്‌നം സര്‍ട്ടിഫിക്കറ്റുകള്‍ കിട്ടാത്തതാണ്. സര്‍ട്ടിഫിക്കറ്റുകളൊന്നുമില്ലാതെയാണ് എല്ലാവരും തിരിച്ചുവന്നത്. എന്‍.എം.സി.യും ഇന്ത്യന്‍ എംബസിയും ഇക്കാര്യത്തില്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം. യുക്രൈനില്‍നിന്ന് തിരിച്ചുവന്ന കുട്ടികളുടെ തുടര്‍വിദ്യാഭ്യാസത്തിനായി 10 കോടിരൂപ സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ നീക്കിവെച്ചിരുന്നു. ഇത് വിദ്യാര്‍ഥികള്‍ക്ക് പ്രതീക്ഷയേകുന്ന ഘടകമാണ്.

പോളണ്ട്, ഹംഗറി തുടങ്ങിയ രാജ്യങ്ങളിലേക്ക് മാറ്റം നല്‍കാമെന്നാണ് സര്‍വകലാശാലയില്‍ നിന്ന് യുദ്ധം തുടങ്ങിയ സമയത്ത് പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇക്കാര്യങ്ങളില്‍ യാതൊരു പ്രതികരണവും ലഭിക്കുന്നില്ല. ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കുന്നുണ്ടെങ്കിലു എല്ലാം പൂര്‍ണ്ണതോതില്‍ നടക്കുന്നില്ല. പല അധ്യാപകരും എവിടെയാണെന്ന് യാതൊരു വിവരവും ഇല്ല. വിദ്യാര്‍ത്ഥികളുടെ ഇന്റേണല്‍ മാര്‍ക്കുകള്‍, അസൈന്‍മെന്റുകള്‍ എന്നിവയുടെ മാര്‍ക്ക് കൈകാര്യം ചെയ്യുന്നവരാണ് പലരും. ജീവിച്ചിരിപ്പുണ്ടോയെന്ന് പോലും അറിയാത്ത സാഹചര്യമാണെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു

ഇന്ത്യയിൽ തുടർന്ന്‌ പഠിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ യു​ക്രൈനിൽ നിന്ന്‌ തിരികെയെത്തിയ എം.ബി.ബി.എസ്‌. വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും ഡൽഹി ജന്തർമന്ദിറിൽ ഒത്തുകൂടിയപ്പോൾ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയിലെ കോളേജുകളില്‍ ക്ലിനിക്കല്‍ പരിശീലനം പൂര്‍ത്തിയാക്കാന്‍ അവസരമൊരുക്കുന്ന കാര്യത്തില്‍ ജസ്റ്റിസ് ഹേമന്ത് ഗുപ്ത അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചിന്റെ നിര്‍ദ്ദേശമുണ്ടായിരുന്നു. നാഷണല്‍ മെഡിക്കല്‍ കമ്മീഷനും കേന്ദ്രസര്‍ക്കാരും ഇടപെട്ടാല്‍ ഈ പ്രശ്‌നം എളുപ്പത്തില്‍ പരിഹരിക്കാമെന്ന് ഓള്‍ കേരള യുക്രൈന്‍ മെഡിക്കല്‍ സ്റ്റുഡന്റ്‌സ് ആന്‍ഡ് പാരന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സതീശന്‍ പറയുന്നു.

''ചില കുട്ടികളുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങി, അവസാനിച്ചു. ചിലര്‍ക്ക് പരീക്ഷ ഉടനുണ്ടാവുമെന്ന് പറയുന്നു. കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നോ നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്റെ ഭാഗത്തുനിന്നോ വിദ്യാർഥികളുടെ പഠനം സംബന്ധിച്ച് യാതൊരു നിര്‍ദേശങ്ങളും വന്നിട്ടില്ല. എല്ലാവരും പറയുന്നു, ആശ്വാസകരമായ തീരുമാനം വരുമെന്ന്. എന്നാല്‍ ഇതിന് ഔദ്യോഗികമായ യാതൊരു ഉറപ്പും ഇതുവരെ നല്‍കിയിട്ടില്ല. ഞങ്ങളെക്കൊണ്ട് പറ്റാവുന്ന സ്ഥലത്തെല്ലാം അപേക്ഷകള്‍ സമര്‍പ്പിക്കുന്നുണ്ട്. പല ഏജന്‍സികളും പുറത്തു കൊണ്ടുപോയി പഠിപ്പിക്കാമെന്ന് പറയുന്നുണ്ടെങ്കിലും ഇവര്‍ക്കും കാര്യമായ ഉറപ്പൊന്നുമില്ല. നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദേശമില്ലാതെ ഏജന്‍സികള്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്നില്ല. കമ്മീഷന്റെ നിയമപ്രകാരം ഒരു കുട്ടി എവിടെ നിന്നാണോ മെഡിക്കല്‍ ഡിഗ്രിയെടുക്കുന്നത് അവിടെനിന്നുതന്നെ അത് പൂര്‍ത്തിയാക്കണം. ഈ നിയമം മാറ്റാതെ ഈ കുട്ടികള്‍ക്ക് എവിടെയും പോയി പഠിക്കാന്‍ പറ്റില്ല. പഠിച്ചാല്‍ തന്നെ ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യാനുള്ള യോഗ്യതാ പരീക്ഷ എഴുതാന്‍പോലും പറ്റില്ല, സതീശന്‍ പറയുന്നു.

വന്‍ തുക ലോണെടുത്ത രക്ഷിതാക്കള്‍ എന്തുചെയ്യുമെന്ന് സതീശന്‍ ചോദിക്കുന്നു. ''ഹംഗറി, പോളണ്ട്, റുമാനിയ പോലുള്ള സ്ഥലങ്ങളില്‍ പോയി ബിരുദം പൂര്‍ത്തിയാക്കാന്‍ സൗകര്യം തരാമെന്നു പറയുന്നുണ്ടെങ്കിലും വലിയ തുകതന്നെ അതിനായി കാണണം. അത് ഭൂരിഭാഗം പേര്‍ക്കും പറ്റില്ല. ഈ കുട്ടികള്‍ എല്ലാവരും 90 ശതമാനം മാര്‍ക്കുള്ളവരാണ്. ഇവിടെത്തെ സീറ്റ് പരിമിതി കൊണ്ടാണ് അവര്‍ അവിടേക്ക് എത്തിയത്. ലോക റാങ്കിങ്കില്‍ മുന്‍പന്തിയിലുള്ള കോളേജുകളിലാണ് മിക്ക കുട്ടികളും പഠിക്കുന്നത്.

ഈ ജൂണ്‍, ജൂലായ് മാസത്തോടെ മറുപടി ലഭിച്ചില്ലെങ്കില്‍ കൂടുതല്‍ ബുദ്ധിമുട്ടുകളിലേക്ക് കടക്കും. പല സര്‍വകലാശാലകളും അടുത്ത സെമസറ്റര്‍ ഫീസ് ചോദിച്ചുതുടങ്ങി. മാനസികമായി തകര്‍ന്നിരിക്കുകയാണ് കുട്ടികളും രക്ഷിതാക്കളും. ഇവരെ ഇന്ത്യയിലെ മെഡിക്കല്‍ കോളേജില്‍ പഠിപ്പിക്കാനുള്ള അവസരം സര്‍ക്കാര്‍ തരണം. ഇതിന്റെ ഫീസ് സര്‍ക്കാര്‍ തീരുമാനിക്കണം. കേരള സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പൂര്‍ണ്ണ പിന്തുണയാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്. എന്നാല്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെയും കേന്ദ്രസര്‍ക്കാരിന്റെയും കൈയിലാണ് ഞങ്ങളുടെ കുട്ടികളുടെ ഭാവി'', സതീശന്‍ കൂട്ടിചേര്‍ത്തു.

യുക്രൈനില്‍ നിന്ന് മടങ്ങിയെത്തിയ 412 വിദ്യാര്‍ഥികളുടെ തുടര്‍പഠനം സംബന്ധിച്ച് ബംഗാള്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത് വലിയ വാര്‍ത്തയായിരുന്നു. വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി രണ്ടും മൂന്നും വര്‍ഷങ്ങളില്‍ പഠിക്കുന്ന 172 വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കിക്കൊണ്ട് സര്‍ക്കാര്‍ തീരുമാനമെടുത്തു. ഇതിനെതിരേ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ രംഗത്തുവന്നു.

നിലവിലുള്ള ചട്ടപ്രകാരം ഇത് അനുവദനീയമല്ലെന്ന നിലപാടാണ് കമ്മീഷന്‍ എടുത്തിരിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ ഓരേ കോളേജില്‍തന്നെ അവരുടെ പഠനം പൂര്‍ത്തിയാക്കേണ്ടതുണ്ട്. രണ്ട് വര്‍ഷം വിദേശരാജ്യത്ത് പഠിച്ചശേഷം ബാക്കി ഇന്ത്യയില്‍ പൂര്‍ത്തിയാക്കുന്നത് അനുവദിക്കില്ല. ഇത്തരത്തില്‍ പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് വിദേശത്ത് മെഡിക്കല്‍ വിദ്യാഭ്യാസം നടത്തിയവര്‍ക്കുള്ള സ്‌ക്രീനിങ് പരീക്ഷ എഴുതാന്‍ യോഗ്യതയില്ലെന്നും കമ്മീഷന്‍ പറയുന്നു. അനുകൂലമായ തീരുമാനത്തിനായി കാത്തിരിക്കുകയാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും.

Content Highlights: Russia ukraine war indian medical students under pressure

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vijay babu

3 min

സമ്മതപ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത വേണം -ഹൈക്കോടതി

Jun 23, 2022


Tom Mann

2 min

കല്ല്യാണ വീട് മരണവീടായി മാറി; പ്രിയതമയെ നഷ്ടപ്പെട്ട ഗായകന്‍ കണ്ണീര്‍ക്കടലില്‍

Jun 22, 2022


rahul gandhi's office attacked

1 min

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു; സംഘര്‍ഷം

Jun 24, 2022

Most Commented