Representative image/AFP
സ്വന്തം വീട്ടുമുറ്റത്തേക്കുപോലും യുദ്ധം വന്ന് പെരുകുമ്പോള്‍ ഉള്ളതുമെടുത്ത് അതിര്‍ത്തിക്കപ്പുറത്തേക്ക് നടത്തിയ ഒരു പലായനത്തിന്റെ ഡയറിക്കുറിപ്പുകളാണിത്. റഷ്യനില്‍ എഴുതുന്ന യുക്രൈന് എഴുത്തുകാരന് ആന്ദ്രേ കുര്‍ക്കോവിന്റെ മകള്‍ ഗബ്രിയേല, സ്ലൊവാക്യ വഴി ലണ്ടനിലേക്കാണ് രക്ഷപ്പെട്ടത്. അധിനിവേശസേന രാജ്യത്തെത്തുമ്പോള്‍ സ്ത്രീകളില്‍ സംഭവിക്കുന്ന അരക്ഷിതാവസ്ഥയുടെ നിഴലുകള്‍ ഈ കുറിപ്പില്‍ കാണാം...
ഞാന്‍ എഴുന്നേറ്റ് ഫോണില്‍നോക്കി. രാവിലെ അഞ്ചുമണിയായിരുന്നു. അമ്മയുടെ ഒരു മിസ്ഡ് കോളും ഒരു സന്ദേശവും ബി.ബി.സി.യുടെ, റഷ്യന്‍ തലക്കെട്ടില്‍ വരുന്ന ഒരു ബ്രേക്കിങ് വാര്‍ത്തയും ഫോണില്‍ വന്നിട്ടുണ്ടായിരുന്നു. ഞാനെന്റെ പങ്കാളി വാലിക്കിനെ തട്ടിയുണര്‍ത്തി. തലേന്നുരാത്രിയാണ് എന്റെ സഹോദരന്മാരായ ആന്റണും തിയോയും ആന്റണിന്റെ സുഹൃത്ത് മരിയയും ഞങ്ങളുടെ സുഹൃത്ത് വാദിമും ലീവിവില്‍ (Lviv-ഒരു പടിഞ്ഞാന്‍ യുക്രൈനിയന്‍ നഗരം) എത്തിയത്. പടിഞ്ഞാറന്‍ യുക്രൈനിലെ പുരാതനനഗരമായ ലീവിവില്‍ വാരാന്ത്യമാഘോഷിക്കാന് എത്തിയതായിരുന്നു ഞങ്ങള്‍. ഞാന്‍ എഴുന്നേറ്റ് എല്ലാവരെയും വിളിക്കാന്‍പോയി. ഞങ്ങളെല്ലാവരും ആ മുറിയില്‍ ഒത്തുചേര്‍ന്നപ്പോഴാണ് ആദ്യ സൈറണ്‍ മുഴങ്ങിയത്. ഞങ്ങള്‍ ടി.വി. ഓണ്‍ചെയ്തു. 'ദയവുചെയ്ത് ഒഴിഞ്ഞുപോകുക, സമീപത്ത് സുരക്ഷിതസ്ഥലം തേടുക' എന്ന് നീലനിറത്തിലുള്ള പശ്ചാത്തലത്തില്‍ വെളുത്ത അക്ഷരങ്ങളില്‍ തെളിഞ്ഞു. അടുത്തുള്ള സുരക്ഷിതസ്ഥലം (ഷെല്‍ട്ടര്‍) ഏതെന്നറിയാതെ, ആരോടുചോദിക്കണമെന്നറിയാതെ സൈറണ്‍ നിലയ്ക്കുന്നതു പ്രതീക്ഷിച്ച് ഞങ്ങള്‍ കിടക്കയിലിരുന്നു. ശബ്ദംനിലച്ചപ്പോള് ഞാന്‍ കുളിക്കാന്‍പോയി. ചിലര്‍ അടുത്തുള്ള സുരക്ഷിതസ്ഥലം തിരക്കിയിറങ്ങി. ഇതിനിടയ്ക്ക് ഞാന്‍ അമ്മയെ വിളിച്ചു സംസാരിച്ചു. അവര്‍ പതിവിലും ശാന്തയായിരുന്നു. അച്ഛനും അമ്മയും സുരക്ഷിതരാണെന്ന് അമ്മ പറഞ്ഞു. കീവിലെ കുന്നിന്മുകളിലുള്ള വീട്ടില്‍നിന്ന് രാത്രിതാമസം താഴെയുള്ള സുഹൃത്തിന്റെ വീട്ടിലേക്കുമാറ്റാന് ആലോചിക്കുന്നതായും അമ്മ പറഞ്ഞു. അടുത്തദിവസം അവര്‍ കീവ് വിട്ടേക്കും.
കുളികഴിഞ്ഞ് പുകവലിക്കാനായി ഞാന്‍ ആന്റണിനൊപ്പം ബാല്‍ക്കണിയിലെത്തി. തലയില്‍ ടവല്‍ ചുറ്റിയാണ് ഞാന്‍ നിന്നിരുന്നത്. അപ്പോള്‍ ആന്റണ്‍ യുക്രൈന്റെ ദേശീയഗാനം പാടാന്‍ തുടങ്ങി. മരണത്തിലേക്കുള്ള വഴിയില്‍ പാട്ടുപാടിപ്പോകുന്ന ഒരു സിനിമാരംഗംപോലെ അത് തോന്നിച്ചു. ആന്റണിനോട് നിര്‍ത്താന്‍ ഞാനാവശ്യപ്പെട്ടു. അവനത് അനുസരിച്ചു. അപ്പോള്‍ മറ്റൊരു സൈറണ്‍ കേട്ടു. ഞങ്ങളവിടെ പുകവലിച്ചുകൊണ്ടുനിന്നു. ആ സമയത്ത് ഞാന്‍ പേടിച്ചിരുന്നോ? ഒരുപക്ഷേ, ഉണ്ടായിരിക്കാം. പക്ഷേ, എനിക്കത് വിശ്വസിക്കാനായില്ല. ചുറ്റുപാടുമുള്ള തെരുവുകളുടെ സൗന്ദര്യത്തില്‍നിന്ന് എനിക്ക് കണ്ണെടുക്കാനായില്ല. ഇവിടെ ശരിക്കും എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ? ആ ദിവസം അല്പനേരം വാദിമിനൊപ്പം നടന്നതൊഴിച്ചാല്‍ ബാക്കിസമയം ഞങ്ങള്‍ ടി.വി. കണ്ടിരുന്നു. ഇടയ്ക്ക് ഭക്ഷണം കഴിക്കാന്‍ ഒരു കഫേയില്‍ പോയി. അവിടെ കാര്യങ്ങള്‍ സാധാരണനിലയിലായിരുന്നു. ഇനി എന്തുചെയ്യണമെന്നതിനെക്കുറിച്ചും ഞാന്‍ എങ്ങനെ ലണ്ടനിലേക്കു തിരിച്ചുപോകുമെന്നതിനെക്കുറിച്ചും ഞങ്ങള്‍ ചര്‍ച്ചചെയ്തു. ബാല്യകാലം ഞാന്‍ ചെലവഴിച്ച കീവ് വഴി തിരിച്ചുപോകുന്നത് ശരിയാകില്ല. അവിടമൊക്കെ ഇനിയെനിക്ക് എന്നു കാണാനാകുമെന്ന് ആര്‍ക്കറിയാം? അതിനെക്കുറിച്ചൊന്നും ചിന്തിക്കാതിരിക്കാന്‍ ഞാന്‍ ശ്രമിച്ചു.
ഫെബ്രുവരി 25
പുലര്‍ച്ചെ മൂന്നുമുതല്‍ അഞ്ചുവരെ ഞാനുറങ്ങി. എണീറ്റപ്പോള്‍ മുതല്‍ ടി.വി.യില്‍ നോക്കിയിരുന്നു. എട്ടുമണിക്ക് ചായയും പ്രഭാതഭക്ഷണവുമുണ്ടാക്കി. ചായകുടിച്ചുതീരുംമുമ്പ് വീണ്ടും മരണം വരുന്നതുപോലെ സൈറണ്‍ മുഴങ്ങി. പെട്ടെന്നുതന്നെ ബാഗുകളുമെടുത്ത് ഞങ്ങള്‍ താഴത്തെ നിലയിലെ ഷെല്‍ട്ടറിലേക്കു കുതിച്ചു. ഞാന്‍ ചായയും കൈയില്‍ കരുതിയിരുന്നു. ഉള്ളില്‍ കയറാന്‍ വാതിലിനുമുന്നില്‍ കാത്തുനില്‍ക്കവേ അമ്മ വിളിച്ചു. കീവ് വിടുകയാണെന്നും ഞങ്ങള്‍ക്ക് എന്തെങ്കിലും ആവശ്യമുണ്ടോ എന്നും അമ്മ ചോദിച്ചു. മറ്റൊന്നുമാലോചിക്കാതെ ഞാന്‍ ഇല്ലെന്ന് പറഞ്ഞു. തിയോയ്ക്ക് അവന്റെ ലാപ്ടോപ്പ് ആവശ്യമുണ്ടാകില്ലേ എന്ന് അമ്മ ചോദിച്ചു. അതിനും ഇല്ല എന്ന് ഞാന്‍ മറുപടിപറഞ്ഞു. അവര്‍ എത്രയുംപെട്ടെന്ന് സുരക്ഷിതസ്ഥാനത്തേക്കു മാറുക എന്നതുമാത്രമായിരുന്നു എന്റെ ആവശ്യം. അടിത്തട്ടിലെ കവാടം തുറന്നപ്പോള്‍ അതിനുചുറ്റിലുമുള്ള വന്‍ ചിലന്തിവലകള്‍ എന്റെ ശ്രദ്ധയില്‍പ്പെട്ടു. അതോടെ ഫ്ളാറ്റിലേക്ക് തിരിച്ചുപോകാന്‍ ഞാന്‍ തീരുമാനിച്ചു. വാലിക്കും വാദിമും ഞാനും സഹപാഠികളായിരുന്നു. ഞങ്ങളുടെ അധ്യാപിക ലീവിവിലായിരുന്നു. അവരെ കാണാന്‍ ഞങ്ങള്‍ തീരുമാനിച്ചു. തിയോയും ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നു. യാത്രയ്ക്കിടെ തിയോയുടെ ലാപ്ടോപ്പിനെക്കുറിച്ച് ആലോചിച്ച് എനിക്ക് കുറ്റബോധം തോന്നി. അവന് പുതിയൊരെണ്ണം ഞാന്‍ വാഗ്ദാനംചെയ്തു. അച്ഛനും അമ്മയും ഇപ്പോള്‍ ലീവിവിലേക്കുള്ള യാത്രയിലായിരിക്കുമെന്ന് എനിക്കറിയാമായിരുന്നു. അവരുടെ യാത്രയ്ക്കിടയില്‍ എന്തെങ്കിലും സംഭവിക്കുമെന്ന ഭയത്താല്‍ വാര്‍ത്തകള്‍ ശ്രദ്ധിക്കാതെയും മൊബൈല്‍ഫോണ്‍ നോക്കാതെയുമിരിക്കാന് ഞാന്‍ ശ്രമിച്ചു. വാടകഫ്ളാറ്റില്‍ മടങ്ങിയെത്തിയപ്പോള്‍ മരിയ പറഞ്ഞു: അവളുടെ സുഹൃത്ത് കീവില്‍നിന്നുള്ള തീവണ്ടിയിലാണെന്ന്. ആ വണ്ടി ലീവിവിലെത്താന് അര്‍ധരാത്രിയാകും. പക്ഷേ, അവള്‍ക്കിവിടെ താമസിക്കാന്‍ സ്ഥലമില്ല. സ്റ്റേഷനില്‍ച്ചെന്ന് അവളെ കാണാനും ഇങ്ങോട്ട് കൂട്ടിക്കൊണ്ടുവരാനും തീരുമാനിച്ചു. രാത്രി എട്ടുമുതല്‍ രാവിലെ എട്ടുവരെ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഥിതി എന്തായിരിക്കുമെന്ന് അറിയാത്തതിനാല്‍ ആറുപേരും പോകാന്‍ തീരുമാനിച്ചു. എല്ലാ രേഖകളും സഹിതം അരമണിക്കൂര്‍ നടത്തത്തിന് ഞങ്ങള്‍ തയ്യാറെടുത്തു. നാലിടത്ത് പോലീസ് തടഞ്ഞു. പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടിയെ കൂട്ടാന്‍ സ്റ്റേഷനിലേക്കു പോകുകയാണെന്ന വിശദീകരണത്തില്‍ ഞങ്ങളെ വിട്ടു. ഭാവിയില്‍ കര്ഫ്യൂനിയമങ്ങള് അനുസരിക്കണമെന്ന് ഞങ്ങള്‍ക്ക് അവര്‍ മുന്നറിയിപ്പുനല്‍കി. അപ്പോഴേക്കും തിയോയുടെ അന്വേഷണങ്ങള്‍ക്കു മറുപടിയായി, രാവിെലയെത്തുമെന്ന് അമ്മ സന്ദേശമയച്ചു.
ഫെബ്രുവരി 26
പുലര്‍ച്ചെ നാലുമണിക്ക് ഞാന്‍ അമ്മയുമായി സംസാരിച്ചു. എട്ടുമണിയാവുമ്പോഴേക്കും എത്തുമെന്ന് അമ്മ പറഞ്ഞു. ഏറെ അടുത്തെത്തിയിരുന്നെങ്കിലും വന്‍ ഗതാഗതക്കുരുക്ക് അവര്‍ക്ക് തടസ്സമായിനിന്നു. (അവരെ സമാശ്വസിപ്പിച്ച്) ഞാന്‍ വീണ്ടും ഉറങ്ങാന്‍ കിടന്നു. ഞങ്ങളുടെയടുത്ത് എത്തിയശേഷം ലാപ്ടോപ്പ് ഓണ്‍ചെയ്ത് അച്ഛന് ഇമെയിലുകള്‍ അയക്കാനും അഭിമുഖങ്ങള്‍ നല്‍കാനും തുടങ്ങി. 22 മണിക്കൂര്‍ കാറോടിച്ചാണ് അച്ഛനെത്തിയത്. കാറില്‍ രണ്ടുമണിക്കൂര്‍ മാത്രമാണ് അദ്ദേഹം ഉറങ്ങിയത്. പ്രാതലിനുശേഷം അടുത്തനീക്കത്തെക്കുറിച്ച് ഞങ്ങള്‍ ആലോചിച്ചു. എത്രയുംപെട്ടെന്ന് എനിക്ക് ലണ്ടനില്‍ എത്തണമായിരുന്നു. അതിര്‍ത്തിയിലെ ഏറ്റവുമടുത്ത രാജ്യം പോളണ്ടായിരുന്നു. പക്ഷേ, അവിടേക്കു കടക്കാന്‍ അഞ്ചുദിവസം ക്യൂ നില്‍ക്കണം. സ്ലൊവാക്യഹംഗറി അതിര്‍ത്തിയിലേക്കു പോകാമെന്ന് അച്ഛന് പറഞ്ഞു. അവിടെ ക്യൂ കുറവാണ്. ഏഴുസീറ്റുള്ള ഞങ്ങളുടെ മിത്സുബിഷി ഗ്രാന്‍ഡിസ് വണ്ടിയോട് അന്നാദ്യമായി എനിക്ക് ആരാധനതോന്നി. മരിയ ഒരു ടാക്സിപിടിച്ച് 20 കിലോമീറ്റര്‍ അകലെയുള്ള അവളുടെ അച്ഛനെ കാണാന്‍പോയി. അദ്ദേഹവും കീവില്‍നിന്ന് വണ്ടിയോടിച്ചുവരുകയാണ്. വാലിക്കിനും വാദിമിനുമൊപ്പം എന്റെ കുടുംബം ഉഴ്ഗൊറോഡിലേക്കു (Uzhhorod-ഒരു പടിഞ്ഞാന്‍ യുക്രൈനിയന്‍ നഗരം) തിരിച്ചു. ആദ്യമണിക്കൂറില്‍ ഞങ്ങളുടെ യാത്ര അതിവേഗത്തിലായിരുന്നു. പക്ഷേ, പിന്നീട് ഗതാഗതക്കുരുക്ക് കൂടി. ഒരു സ്ഥലത്ത് ഞങ്ങള്‍ ഏറെനേരം കുടുങ്ങി. ഉച്ചയോടെ ഞങ്ങള്‍ ലീവിവിനു പുറത്തെത്തി. സാധാരണനിലയില്‍ ഉഴ്ഗൊറോഡിലെത്താന് നാലുമണിക്കൂര്‍ വണ്ടിയോടിച്ചാല്മതി. പക്ഷേ, രാത്രി പത്തുമണിയാവുമ്പോഴും ഞങ്ങള്‍ 40 കിലോമീറ്റര്‍ അകലെയായിരുന്നു. ഞങ്ങള്‍ക്ക് വിശ്രമം ആവശ്യമായിരുന്നു. ഹൈവേക്കു സമീപമുള്ള എല്ലാ ഹോട്ടലുകളും നിറഞ്ഞിരിക്കുകയായിരുന്നു. പക്ഷേ, കുട്ടികളുടെ ഒരു വേനല്‍ക്കാല ക്യാമ്പ് അച്ഛന് കണ്ടെത്തി. അഭയാര്ഥികള്ക്കെന്നപോലെ അതിന്റെ വാതിലുകള്‍ ഞങ്ങള്‍ക്കായി തുറക്കപ്പെട്ടു. ഞങ്ങളപ്പോള്‍ ശരിക്കും അഭയാര്ഥികള്തന്നെയായിരുന്നു. ആ സ്ഥലം 30 വര്‍ഷമെങ്കിലും മുമ്പ് ഉടമസ്ഥര്‍ ഉപേക്ഷിച്ചുപോയതുപോലെ തോന്നിച്ചു. അവിടെ വെള്ളവും മേല്ക്കൂരയുമുണ്ടായിരുന്നു. ഞങ്ങള്‍ക്ക് പരാതിയില്ലായിരുന്നു. അച്ഛന് കുപ്പിയില്നിന്നുതന്നെ വീഞ്ഞ് കുടിച്ചു. അമ്മ എരിവുള്ള കാരറ്റ് സലാഡ് വിരലുകള്‍കൊണ്ട് എടുത്തുകഴിച്ചു. ഞാന്‍ ചിരിക്കാന്‍ ശ്രമിച്ചു.
ഫെബ്രുവരി 27
അതിനുള്ളില്‍ കിടന്നുറങ്ങാമെന്ന് അവിടെയുള്ളവര്‍ ഞങ്ങളോടുപറഞ്ഞു. പക്ഷേ, അച്ഛന് ആറുമണിക്കുതന്നെ എഴുന്നേറ്റു. റോഡുകള്‍ വിജനമായിരുന്നു. അഞ്ചുമിനിറ്റിനുള്ളില്‍ ഞങ്ങള്‍ കാറില്‍ കയറി. ഉഴ്ഗൊറോഡിലെത്താന് രണ്ടുമണിക്കൂറെടുത്തു. ഇടയ്ക്ക് കാപ്പികഴിക്കാനും പെട്രോളടിക്കാനുമായി 15 മിനിറ്റ് നിര്‍ത്തി. ഉഴ്ഗൊറോഡില് ഞങ്ങള്‍ അച്ഛന്റെ സുഹൃത്തിനെ കണ്ടു. അദ്ദേഹത്തിന്റെ വീട്ടില്‍ അദ്ദേഹത്തിന്റെ ഭാര്യ ഞങ്ങള്‍ക്ക് പ്രാതല്‍ വിളമ്പി. എനിക്കൊരു പവര്‍ബാങ്കും വാലിക്കിന് ഒരു ലാപ്ടോപ്പും ആവശ്യമുണ്ടായിരുന്നു. അച്ഛന്റെ സുഹൃത്ത് ഞങ്ങളെ ഒരു കടയിലേക്കു കൊണ്ടുപോയി. വണ്ടിയില്‍ കൂടുതല്‍ പെട്രോള്‍ നിറയ്ക്കണമെന്ന ലക്ഷ്യത്തോടെ അച്ഛനും കൂടെവന്നു. ഹംഗറിയിലേക്ക് ട്രെയിന്‍ ടിക്കറ്റ് സംഘടിപ്പിക്കുക എന്നതായിരുന്നു അടുത്തലക്ഷ്യം. എല്ലാ ടിക്കറ്റും വിറ്റുപോയിരുന്നു. സ്വയം അനുഭവപ്പെട്ട ശാന്തതയില്‍ എനിക്കുതന്നെ അദ്ഭുതംതോന്നി. പരിഭ്രമം തോന്നാതിരിക്കാന്‍ ഒന്നു കുളിക്കാന്‍ ഞാന്‍ തീരുമാനിച്ചു. കുളികഴിഞ്ഞ് പുറത്തെത്തിയപ്പോള്‍, സുഹൃത്ത് ഒരു ബസില്‍ എങ്ങനെയൊക്കെയോ ഒരു സീറ്റ് സംഘടിപ്പിച്ചതായി അച്ഛന് പറഞ്ഞു. മണിക്കൂറുകള്‍ക്കുള്ളില്‍ അതിര്ത്തിയിലേക്കുപോകുന്ന ബസാണത്. എല്ലാവരും ബസ് സ്റ്റേഷനിലേക്കു വന്നു. ഞങ്ങളൊരുമിച്ച് സെല്‍ഫിയെടുത്തു. അമ്മമാരും കുട്ടികളും നിറഞ്ഞുകവിഞ്ഞ ബസിലേക്കാണ് ഞാന്‍ ചെന്നുകയറിയത്. മറ്റെല്ലാവരും ധൈര്യത്തോടെ നില്‍ക്കുന്നത് കണ്ടതിനാല്‍ ഞാന്‍ കരയാതിരിക്കാന്‍ ശ്രമിച്ചു. അതിനുള്ള അവസരം ബസില്‍ കയറുന്നതുവരേക്ക് ഞാന്‍ മാറ്റിവെച്ചു. നിര്‍ഭാഗ്യവശാല്‍, എനിക്കു തൊട്ടടുത്തിരുന്നത് തീരെ ചെറിയൊരു പെണ്‍കുട്ടിയായിരുന്നു. അവള് അവളുടെ ലഘുഭക്ഷണം എനിക്ക് പങ്കുവെക്കാന്‍ ശ്രമിച്ചു. അവള് തുടര്‍ച്ചയായി ചിരിച്ചുകൊണ്ടിരുന്നു. അതെന്നെ ഒരേസമയം ദുഃഖിതയും സന്തോഷവതിയുമാക്കി. അതുകൊണ്ടുതന്നെ കരയാന്‍ എനിക്ക് അവസരം ലഭിച്ചില്ല. അതിര്‍ത്തികടക്കാന്‍ പത്തുമണിക്കൂറെങ്കിലും എടുക്കുമെന്ന വിവരം ലഭിച്ചു. കുറച്ചു മണിക്കൂറുകള്‍ മാത്രമേ എടുക്കൂ എന്നുകരുതി ഞാന്‍ ഭക്ഷണം കരുതിയിട്ടുണ്ടായിരുന്നില്ല. പാതയോരത്ത് ഭക്ഷണം വിതരണംചെയ്യുന്ന വൊളന്റിയര്മാരുണ്ടായിരുന്നു. അവരുടെ അടുത്തേക്കുപോകവേ ബുദാപെസ്റ്റിലുള്ള സുഹൃത്തിനെ ഞാന്‍ വിളിച്ചു. അന്നുരാത്രി അവളുടെകൂടെ താമസിക്കാമെന്നാണ് എന്നോടുപറഞ്ഞിരുന്നത്. ഞാനെവിടെയാണെന്ന് അവള് ചോദിച്ചു. ഞാന്‍ മറുപടി പറഞ്ഞപ്പോള്‍, ഞാനുള്ള സ്ഥലം സ്ലൊവാക്യയ്ക്കടുത്താണ്, ഹംഗറിക്കടുത്തല്ലെന്ന് അവള് പറഞ്ഞു! ഞാന്‍ സാന്ഡ്വിച്ച് നല്കുന്ന സ്ത്രീകളുടെ അടുത്തേക്കുചെന്നു. മാംസമില്ലാത്ത അല്പം സാന്ഡ്വിച്ച് നല്‍കാമോ എന്നു ചോദിച്ചു. അതില്ലാത്തതിനാല്‍ അവര്‍ വെണ്ണചേര്ത്ത സാന്ഡ്വിച്ച് ഉണ്ടാക്കി. ഞാന്‍ ലണ്ടനിലേക്കു പോകുകയാണെന്നറിഞ്ഞപ്പോള്‍ എന്നന്നേക്കുമായി രാജ്യം വിടുകയാണോ എന്നവര്‍ ചോദിച്ചു. യുദ്ധംജയിച്ച് ഏറെ വൈകാതെ തിരിച്ചുവരുമെന്ന് ഞാന്‍ മറുപടിനല്കി. അവര്‍ ചിരിച്ചുകൊണ്ട് എനിക്ക് ശുഭയാത്ര ആശംസിച്ചു. ഞാന്‍ ബസില്‍ തിരികെക്കയറി. വാലിക്കിനെ വിളിച്ചു. സ്ലൊവാക്യയിലെത്തിയശേഷം എങ്ങോട്ടുപോകണമെന്ന് എനിക്കറിയണമായിരുന്നു. കിഴക്കന്‍ സ്ലൊവാക്യയിലെ കൊസൈസില്നിന്നുള്ള ചില വിമാനങ്ങളെക്കുറിച്ച് അവന് പറഞ്ഞുതന്നു. പക്ഷേ, ടിക്കറ്റ് വാങ്ങാന്‍ രാവിലെവരെ കാത്തിരിക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഉഴ്ഗൊറോഡില്നിന്ന് വൈകുന്നേരം 5.20ന് പുറപ്പെട്ട ഞങ്ങള്‍ സ്ലൊവാക്യന്‍ അതിര്‍ത്തികടന്നത് അടുത്തദിവസം രാവിലെ 8.30നാണ്. വണ്ടി അവിടത്തെ ഗ്രാമങ്ങളിലൂടെ ഓടിക്കൊണ്ടിരിക്കവേ ലണ്ടനിലേക്ക് രാത്രി പത്തിന് ഒരു ടിക്കറ്റെടുക്കാന്‍ ഞാന്‍ അച്ഛനോടു പറഞ്ഞു. തുടര്‍ന്ന്, ജനാലയിലൂടെ പുറത്തെ വയലുകളിലേക്കും മലനിരകളിലേക്കും കണ്ണുംനട്ടിരുന്നു. ബാഗില്‍ മുകളിലായി ആ പെണ്‍കുട്ടി വെച്ച ചോക്ലേറ്റുകള്‍ ഞാന്‍ കണ്ടു. അടുത്തിരുന്ന പെണ്‍കുട്ടിയെ നോക്കി. അവളെന്നെയും. ഞങ്ങളിരുവരും പരസ്പരം ചിരിച്ചു. എനിക്കത്ര പ്രിയപ്പെട്ടതല്ലാത്ത ക്രീം കലര്‍ന്ന ചോക്ലേറ്റുകള്‍ ഞാന്‍ ബാഗിനുള്ളില്‍ നിക്ഷേപിച്ചു. ഞങ്ങള്‍ യുദ്ധംജയിക്കുമ്പോള് ഞാനതു കഴിക്കും. എനിക്കറിയാം, അപ്പോള്‍ അതിന് മുടിഞ്ഞ രുചിയായിരിക്കും. ഞാന്‍ വേണ്ടെന്നുപറഞ്ഞിരുന്നെങ്കിലും അമ്മ തിയോയുടെ ലാപ്ടോപ്പ് എടുത്തിരുന്നു. അതോടെ ഞങ്ങളുടെ താമസസ്ഥലത്തുനിന്നും ഒരു വസ്തുകൂടി പലായനത്തിന്റെ ഭാഗമായി. ആര്‍ക്കറിയാം ഞങ്ങളുടെ പ്രിയപ്പെട്ട കീവിന് എന്ത് വിധിയാണ് വന്നുചേരുകയെന്ന്!
(4/10/2022 മാതൃഭൂമി വാരാന്തപതിപ്പില്‍ പ്രസിദ്ധീകരിച്ചത്)
Content Highlights: Russia Ukrain war
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..