പ്രതീകാത്മക ചിത്രം/ അജിത്ത് പനച്ചിക്കൽ (Photo: പ്രതീകാത്മക ചിത്രം/ അജിത്ത് പനച്ചിക്കൽ)
കോഴിക്കോട്: ''പണി വളരെ മോശമാണ്, ചെലവിനായി കടംവാങ്ങുകയാണ്. അതിനിടയിലാണ് മണ്ണെണ്ണയ്ക്കും ഡീസലിനും വിലകൂട്ടിയത്.'' മീന്‍പിടിച്ച് വെള്ളയില്‍ ഹാര്‍ബറില്‍ തിരിച്ചെത്തിയ മത്സ്യത്തൊഴിലാളി ബഷീര്‍ പറഞ്ഞു.
ഒരുദിവസം കടലില്‍ പോകണമെങ്കില്‍ വലിയ എന്‍ജിന്‍ വള്ളങ്ങള്‍ക്ക് കുറഞ്ഞത് 25,000 രൂപയെങ്കിലും ചെലവാക്കണം. അതിനനുസരിച്ച് മീനൊന്നും കിട്ടാനില്ല. വലിയ വള്ളത്തില്‍ 36 പണിക്കാര്‍ വരെയുണ്ടാകും. അവര്‍ക്ക് 500 രൂപ വെച്ച് കൊടുക്കണം. പിന്നെ ഡീസലും അടിച്ചാല്‍ കൈയില്‍ ഒന്നുമുണ്ടാകില്ല. ബഷീര്‍ പറഞ്ഞു. മണ്ണെണ്ണയുടെയും ഡീസലിന്റെയും വിലവര്‍ധന മത്സ്യമേഖലയ്ക്ക് ഇരുട്ടടിയായിരിക്കുകയാണ്. വേനല്‍ കടുത്തതോടെ മീന്‍ലഭ്യത കുറഞ്ഞത് മേഖലയെ വലിയ സാമ്പത്തികബാധ്യതയിലേക്ക് തള്ളിവിടുകയാണ്. പുതിയാപ്പ ഹാര്‍ബറിലെ 75 ശതമാനത്തോളം ബോട്ടുകളും ആഴ്ചയില്‍ ഒരുതവണമാത്രമേ കടലിലേക്ക് പോകുന്നുള്ളൂവെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
വരവിനെക്കാള്‍ ചെലവ്; കടുത്ത പ്രതിസന്ധി
മണ്ണെണ്ണവില കുതിച്ചുയര്‍ന്നതോടെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുള്‍പ്പെടെ പ്രതിസന്ധിയിലായിരിക്കുകയാണ്. കരിഞ്ചന്തയില്‍ 8590 രൂപയ്ക്ക് കിട്ടിയിരുന്ന മണ്ണെണ്ണയ്ക്കിപ്പോള്‍ നൂറുരൂപയിലധികം നല്‍കണം. ഒരുതവണ കടലില്‍ പോകാന്‍ 50 ലിറ്റര്‍ മണ്ണെണ്ണ ചെലവാകും. എന്നാല്‍, ഇപ്പോള്‍ അതിനനുസരിച്ച് മീന്‍ കിട്ടുന്നില്ലെന്ന് തൊഴിലാളികള്‍ പറഞ്ഞു.
മത്സ്യഫെഡില്‍നിന്ന് ഒരുമാസം ആകെ 140 ലിറ്റര്‍ മണ്ണെണ്ണയാണ് ലഭിക്കുന്നത്. ലിറ്ററിന് 123 രൂപ നല്‍കണം. നേരത്തേ 104 രൂപ നല്‍കിയാല്‍ മതിയായിരുന്നു. ലിറ്ററിന് 25 രൂപമാത്രമാണ് സബ്‌സിഡി കിട്ടുന്നത്. പെര്‍മിറ്റുകളുള്ള 400 വള്ളങ്ങള്‍മാത്രമാണ് പുതിയാപ്പയിലെ ബങ്കില്‍നിന്ന് മണ്ണെണ്ണ വാങ്ങുന്നത്.
ഐ.ഒ.സി.യുടെ ഡീസല്‍പമ്പില്‍ നൂറുരൂപയാണ് ലിറ്ററിന് വില. നൂറുലിറ്ററിനുമുകളില്‍ ഡീസലടിക്കുമ്പോള്‍ ഒരുരൂപ കിഴിവ് ലഭിക്കും. ഒരുദിവസം വലിയ എന്‍ജിനുള്ള ബോട്ട് കടലില്‍ പോകാന്‍ 500600 ലിറ്റര്‍ ഡീസല്‍ ചെലവാക്കണം.
''അഞ്ചുദിവസത്തേക്ക് പോകുന്ന ബോട്ടിന് 2500 ലിറ്റര്‍ ഡീസല്‍ വേണം. രണ്ടരലക്ഷം രൂപയോളം ഡീസല്‍ അടിക്കാനായി ചെലവാക്കണം. കിട്ടുന്നതാകട്ടെ രണ്ടുലക്ഷം രൂപയ്ക്കുള്ള മീനും. വല, ഐസ്, തൊഴിലാളികളുടെ ബാറ്റ എന്നിവയ്ക്കുള്ള പണം കടംവാങ്ങി കണ്ടെത്തണം.'' പുതിയാപ്പയിലെ ബോട്ടുടമ പി.കെ. നിത്യാനന്ദന്‍ പറഞ്ഞു.
'സെര്‍ച്ചിങ്' നിര്‍ത്തി ബോട്ടുകള്‍
കടലില്‍ മീന്‍ ഏതുഭാഗത്താണുള്ളതെന്നറിയാന്‍ വലയെറിഞ്ഞ് മണിക്കൂറുകളോളം ബോട്ടുകള്‍ പരിശോധന നടത്തിയിരുന്നു. എന്നാല്‍, ഡീസല്‍വില കുതിച്ചുയര്‍ന്നതോടെ ഇത്തരം 'സെര്‍ച്ചിങ്' നിര്‍ത്തലാക്കിയിരിക്കുകയാണ്.
മീനിനെ തേടി നേരിട്ടുപോകും. അവിടെനിന്ന് മീന്‍ പിടിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മടങ്ങിവരും. അല്ലെങ്കില്‍ കടലിലുള്ള മറ്റ് ബോട്ടുകളുടെ സഹായത്തോടെ മീനുകളുള്ള ഭാഗത്തേക്കുമാത്രം പോകും. വെറുതേ ഡീസല്‍ പാഴാക്കാനില്ലാത്തതിനാല്‍ ബോട്ടുകളിപ്പോള്‍ ഏറെനേരം കടലില്‍ ചെലവഴിക്കാറില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
Content Highlights: Rising prices of kerosene and diesel adversely affected to fisheries Sector


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..