'സാമ്പത്തിക സംവരണം വരേണ്യ വിഭാഗത്തിന് കൂടുതല്‍ സമ്പത്തും അധികാരവും നൽകും,എതിർക്കപ്പെടണം' |discussion


Discussion

Representative Image / Design: Dileep T G

സാമ്പത്തിക ശാക്തീകരണമായിരുന്നില്ല സംവരണത്തിന്റെ ലക്ഷ്യം. ഭരണപരവും നിയമനിര്‍മ്മാണപരവുമായ പ്രക്രിയയില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടവര്‍ക്ക് അര്‍ഹിക്കുന്ന പ്രാതിനിധ്യം ലഭ്യമാക്കാനാണ് സംവരണം കൊണ്ടുവന്നതെന്ന് സാമ്പത്തിക സംവരണത്തിനെതിരെ സുപ്രീംകോടതിയില്‍ വാദിച്ച സീനിയര്‍ അഭിഭാഷകന്‍ പ്രൊഫ. മോഹന്‍ ഗോപാല്‍. ഈ വിധിയിലൂടെ സംവരണം എന്ന സാമൂഹ്യ ഉടമ്പടിയില്‍ നിന്ന് നമ്മള്‍ പിന്‍വാങ്ങുകയാണ്. ഈ വരേണ്യത എതിര്‍ക്കപ്പെടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സാമ്പത്തിക സംവരണം വരേണ്യ വിഭാഗത്തിന് കൂടുതല്‍ സമ്പത്തും അധികാരവും നൽകുമെന്നും അതിലൂടെ ജാതീയമായ വിവേചനം ഒന്നുകൂടി ഊട്ടിയുറപ്പിക്കപ്പെടുമെന്നും സെന്റര്‍ ഫോര്‍ മോഡേണ്‍ ഇന്ത്യന്‍ സ്റ്റഡീസ്, യൂണിവേഴ്സിറ്റി ഓഫ് ഗോട്ടിഞ്ഞന്‍ ഫാക്കല്‍റ്റി അംഗം ജയശീലന്‍ രാജ് പ്രതികരിച്ചു. സാമൂഹിക നീതിയിലും ജനാധിപത്യ പ്രാതിനിധ്യത്തിലും സാമ്പത്തിക തലം തിരുകിക്കയറ്റുന്നത് ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്ക് തന്നെ എതിരാണെന്ന് കാലടി സര്‍വ്വ കലാശാല ഇംഗ്ളീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. അജയ് ശേഖറും അഭിപ്രായപ്പെട്ടു.

പ്രൊഫ. മോഹൻ ഗോപാൽ

സാമ്പത്തിക സംവരണം അംഗീകരിക്കാനാവില്ല, വരേണ്യത എതിർക്കപ്പെടണം- പ്രൊഫ. മോഹന്‍ ഗോപാല്‍സാമ്പത്തിക സംവരണത്തിനെതിരെ സുപ്രീംകോടതിയില്‍ വാദിച്ച സീനിയര്‍ അഭിഭാഷകന്‍

"രാജ്യത്തെ ജനാധിപത്യ, പ്രാതിനിധ്യ വിരുദ്ധ നടപടികള്‍ സ്ഥാപനവത്കരിക്കുന്നതിനുള്ള മുന്നേറ്റമായി സുപ്രീംകോടതി വിധി കാണാനാവും. സാമ്പത്തിക ശാക്തീകരണമായിരുന്നില്ല സംവരണത്തിന്റെ ലക്ഷ്യം. ഭരണപരവും നിയമനിര്‍മ്മാണപരവുമായ പ്രക്രിയയില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടവര്‍ക്ക് അര്‍ഹിക്കുന്ന പ്രാതിനിധ്യം ലഭ്യമാക്കാനാണ് സംവരണം കൊണ്ടുവന്നത്. വരേണ്യ വിഭാഗത്തിന്റെ അധീശത്വം ചെറുക്കുന്നതിനുള്ള നീക്കമായിരുന്നു അത്. എന്നാല്‍ ഈ വിധിയിലൂടെ സംവരണം എന്ന സാമൂഹ്യ ഉടമ്പടിയില്‍ നിന്ന് നമ്മള്‍ പിന്‍വാങ്ങുകയാണ്. ഈ വരേണ്യത എതിര്‍ക്കപ്പെടണം. സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കും. നിയമപരവും സമാധാനപരവുമായ വഴികളിലൂടെയാണ് ഇതിനെതിരെയുള്ള പ്രക്ഷോഭം മുന്നോട്ടുകൊണ്ടുപോവേണ്ടത്. പ്രശ്നത്തിന്റെ ഗൗരവത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനുള്ള ശ്രമവും സമാന്തരമായി നടക്കണം.

ഇനിയങ്ങോട്ട് ഒരു തിരഞ്ഞെടുക്കപ്പെട്ട സംവിധാനത്തിനും ഇങ്ങനെ പ്രാതിനിധ്യ വിരുദ്ധ സമീപനം സ്വീകരിക്കുന്ന കാര്യം ആലോചിക്കാന്‍ പോലുമാവാത്ത രീതിയിലായിരിക്കണം പ്രചാരണം നടത്തേണ്ടത്. ബാലറ്റിന്റെ ശക്തി ജനങ്ങള്‍ ശരിക്കും വിനിയോഗിക്കണം. പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതെങ്ങിനെയാണെന്ന് ജനങ്ങള്‍ നിരീക്ഷിക്കണം. അര്‍ഹിക്കുന്ന പ്രാതിനിധ്യം നല്‍കുന്നില്ലെങ്കില്‍ ആ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വോട്ട് ചെയ്യരുത്. സാമ്പത്തിക സംവരണം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യപ്പെട്ടില്ലെന്നും അതുകൊണ്ടാണ് അത് കോടതിയിലെത്തിയതെന്നും നമ്മള്‍ തിരിച്ചറിയണം".

ഡോ. ജയശീലൻ രാജ്

സാമൂഹ്യ നീതിയുടെ ആസൂത്രിത അട്ടിമറി- ജയശീലന്‍ രാജ്

Also Read

10 % സാമ്പത്തിക സംവരണം ശരിവെച്ച് സുപ്രീം ...

അസമത്വത്തിനുള്ള പരിഹാരം സംവരണമല്ല; സമ്പത്തിന്റെ ...

ഫാക്കല്‍റ്റി അംഗം, സെന്റര്‍ ഫോര്‍ മോഡേണ്‍ ഇന്ത്യന്‍ സ്റ്റഡീസ്, യൂണിവേഴ്സിറ്റി ഒഫ് ഗോട്ടിഞ്ഞന്‍, ജര്‍മ്മനി

"സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണം പ്രാതിനിധ്യം എന്ന ആശയത്തെ നിരാകരിക്കുന്നു. സാമൂഹ്യ നീതി ഉറപ്പാക്കുന്നതിന് ഭരണഘടനയുടെ അടിസ്ഥാനത്തില്‍ ഇതുവരെ എടുത്തിട്ടുള്ള നടപടികളെല്ലാം തന്നെ തള്ളിക്കളയുന്ന സമീപനമാണിത്. ജാതി സമ്പ്രദായത്തിനെ മുന്‍നിര്‍ത്തിയുള്ള സംവരണം മുന്നോട്ടുവെയ്ക്കുന്ന ആശയങ്ങള്‍ ആസൂത്രിതമായി അട്ടിമറിക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. അതുകൊണ്ടാണ് ഇപ്പോള്‍ സംവരണം ലഭിക്കുന്ന വിഭാഗങ്ങളിലെ ദരിദ്രര്‍ സാമ്പത്തിക സംവരണത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടിരിക്കുന്നത്. ഒരു വശത്ത് വരേണ്യ ജാതികളിലെ ദരിദ്രരാണ് യഥാര്‍ത്ഥ ദരിദ്രരെന്ന് ചിത്രീകരിക്കുകയും മറുവശത്ത് അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളില്‍ നിന്നുള്ള ദരിദ്രരെ അദൃശ്യവത്കരിക്കുകയും ചെയ്യുന്ന പ്രക്രിയയാണിത്. ഇതിന്റെ ആകത്തുകയാണ് സമത്വത്തിന്റെയും ഉള്‍ക്കൊള്ളലിന്റെയും പുതിയ മന്ത്രമായി സാമ്പത്തിക സംവരണം അവതരിപ്പിക്കപ്പെടുന്നത്.

ബിസിനസ്, രാഷ്ട്രീയം, ഭൂമി, തൊഴില്‍, വിദ്യാഭ്യാസം എന്നീ മേഖലകളിലുള്ള ഭൂരിഭാഗം വിഭവങ്ങളും വരേണ്യ വിഭാഗങ്ങളുടെ നിയന്ത്രണത്തിലാണെന്ന വസ്തുത മറന്നുപോകരുത്. ദേവസ്വം ബോര്‍ഡ് പോലുള്ള സ്ഥാപനങ്ങള്‍ പൂര്‍ണ്ണമായും അവരുടെ അധീനതയിലാണ്. പ്രബല ജാതികളിലെ ദരിദ്രര്‍ക്കായി സര്‍ക്കാര്‍ പല ക്ഷേമ പദ്ധതികളും നടപ്പാക്കുന്നുണ്ട്.

സാമ്പത്തിക സംവരണം വരേണ്യ വിഭാഗങ്ങള്‍ക്ക് കൂടുതല്‍ സമ്പത്തും അധികാരവും നല്‍കും. അതിലൂടെ ജാതീയമായ വിവേചനം ഒന്നുകൂടി ഊട്ടിയുറപ്പിക്കപ്പെടും. ജാതീയമായ ശ്രേണി നിലനിര്‍ത്തുമെന്ന കൃത്യമായ സൂചനയാണ് സാമ്പത്തിക സംവരണത്തിലൂടെ കോടതിയും ഭരണകൂടവും നല്‍കുന്നത്. ബിജെപി മാത്രമല്ല കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ഉള്‍പ്പെടുന്ന മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ എല്ലം തന്നെ ഇതില്‍ ഒറ്റക്കെട്ടാണ്. അടിച്ചമര്‍ത്തപ്പെടുന്ന വിഭാഗങ്ങള്‍ കൂടുതലായി ആക്രമിക്കപ്പെടുകയാണ് എന്ന് സാരം".

ഡോ. അജയ് ശേഖർ

വരേണ്യ വര്‍ഗ്ഗം കൂടുതല്‍ ശക്തരാവും- ഡോ. അജയ് ശേഖര്‍

ഇംഗ്ളീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍, കാലടി സര്‍വ്വ കലാശാല

"സാമൂഹ്യ നീതിയും പ്രാതിനിധ്യവും ഉറപ്പ് വരുത്തുന്നതിന് ഭരണഘടന നല്‍കുന്ന സംരക്ഷണമാണ് സംവരണം. തട്ട് തട്ടായി അനീതി നിലനില്‍ക്കുന്ന ജാതി വ്യവസ്ഥിതിയില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്ക് പ്രാതിനിധ്യം ഉറപ്പ് വരുത്തുന്ന ജനാധിപത്യ അവകാശമാണിത്. നിയമനിര്‍മ്മാണം, ഭരണനിര്‍വ്വഹണം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ അവശ വിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യം ഉറപ്പ് വരുത്തുന്ന സംവിധാനമാണിത്. സംവരണം വ്യക്തമാക്കുന്ന ഭരണഘടനയുടെ 16.4 പട്ടികയില്‍ സാമ്പത്തിക സംവരണം പരാമര്‍ശിക്കപ്പെടുന്നില്ല. സാമൂഹ്യ നീതിയിലും ജനാധിപത്യ പ്രാതിനിധ്യത്തിലും സാമ്പത്തിക തലം തിരുകിക്കയറ്റുന്നത് ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്ക് തന്നെ എതിരാണ്.

സാമ്പത്തിക സംവരണം ലഭിക്കുന്നവരില്‍ നിന്ന് സാമൂഹ്യമായി പിന്നാക്കം നില്‍ക്കുന്നവരെ ഒഴിവാക്കിയിരിക്കുന്നവെന്നത് അത്യധികം പ്രതിലോമപരവും വരേണ്യവുമായ നടപടിയാണ്. ഇപ്പോള്‍ തന്നെ എല്ലാ മേഖലകളിലും ആധിപത്യവും അധീശത്വവുമുള്ള സവര്‍ണ്ണര്‍ക്ക് കൂടുതല്‍ അവസരങ്ങളും കൂടുതല്‍ പ്രാതിനിധ്യവും ഉറപ്പുവരുത്തുന്ന പ്രക്രിയയാണിത്. പ്രാതിനിധ്യ സ്വഭാവമുള്ള കോടതികള്‍ക്കേ നീതി നല്‍കാനാവൂ.ജുഡീഷ്യറിയിലും ഭരണകൂടത്തിലും മാദ്ധ്യമങ്ങളിലും അക്കാദമിക ലോകത്തും കൃത്യമായ സാമൂഹ്യ പ്രാതിനിധ്യമില്ലാതെ വരുമ്പോള്‍ ഇത്തരം വിധികള്‍ പരക്കെ അംഗീകരിക്കപ്പെടുന്നതിന് ഇടയാവും. സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്ക് ന്യായമായും ലഭിക്കേണ്ട പ്രാതിനിധ്യം അട്ടിമറിക്കുന്നതിനും അധികാരത്തിലുള്ള പങ്കാളിത്തം നിഷേധിക്കുന്നതിനും വഴിയൊരുക്കുന്ന വിധിയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്".

മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയ തീരുമാനം കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതി ശരിവെച്ചത്. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കുന്നതിന് കൊണ്ടുവന്ന ഭരണഘടന ഭേദഗതിക്കെതിരായ ഹര്‍ജികളിലാണ് സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ നിര്‍ണായക വിധി. അഞ്ചംഗ ബെഞ്ചിലെ മൂന്ന് ജഡ്ജിമാരാണ് സംവരണത്തെ അനുകൂലിച്ചത്. ചീഫ് ജസ്റ്റിസ് യു.യു ലളിതും ജസ്റ്റിസ് രവീന്ദ്രഭട്ടും സാമ്പത്തിക സംവരണത്തെ എതിര്‍ത്തു. ജസ്റ്റിസ് ദിനേശ് മഹേശ്വരി, ജസ്റ്റിസ് ഭേല എം ത്രിവേദി, ജസ്റ്റിസ് ജെബി പര്‍ദിവാല എന്നിവരാണ് സംവരണത്തെ അനുകൂലിച്ചത്.

തയ്യാറാക്കിയത് : ആനന്ദ് പ്രിൻസ്

Content Highlights: responses against EWS reservation judgement of Supremecourt,discussion, social


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented