ആന്തൂരില്‍ പുതിയതായി നിര്‍മ്മിച്ച കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി നല്‍കാത്തതിനാല്‍ അതിന്റെ ഉടമ ആത്മഹത്യ ചെയ്ത സംഭവം 'ഒറ്റപ്പെട്ടതാണെന്ന്' മന്ത്രി. നാലുപേരെ സസ്പെന്‍ഡ് ചെയ്തിട്ടും ഉണ്ട്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരാല്‍ ഏതെങ്കിലും ഒക്കെ തരത്തില്‍ ദ്രോഹിക്കപ്പെടുനനതിനാല്‍ ആത്മഹത്യ ചെയ്യുന്നത് തീര്‍ച്ചയായും ഒറ്റപ്പെട്ട സംഭവം ആണ്. പക്ഷെ ഏതെങ്കിലും ആവശ്യത്തിനായി സര്‍ക്കാര്‍ സംവിധാനത്തില്‍ എത്തുന്നവരെ ബുദ്ധിമുട്ടിക്കുന്നത് ഒരു ദിവസം കേരളത്തില്‍ ആയിരക്കണക്കിന് തവണ സംഭവിക്കുന്ന കാര്യമാണ്. ഏതെങ്കിലും കാലത്ത് ഏതെങ്കിലും തരത്തില്‍ ഒരു സര്‍ക്കാര്‍ സംവിധാനത്താല്‍ ബുദ്ധിമുട്ടിക്കപ്പെടാത്ത ആരെങ്കിലും കേരളത്തില്‍ ഉണ്ടോ ?, അവരൊന്നും ആത്മഹത്യ ചെയ്തില്ലെങ്കിലും ഇത്തരം സാഹചര്യങ്ങള്‍ തീര്‍ച്ചയായും ഒറ്റപ്പെട്ടതല്ല. അതുകൊണ്ടു തന്നെ നാല് പേരെ സസ്പെന്‍ഡ് ചെയ്ത് തീര്‍ക്കാവുന്നതോ, തീര്‍ക്കേണ്ടതോ ആയ കേസല്ല ഇത്.

ഇതിന്റെ അര്‍ഥം സര്‍ക്കാര്‍ സംവിധാനത്തില്‍ എല്ലാവരും കുഴപ്പക്കാരോ ബുദ്ധിമുട്ടിക്കുന്നവരോ ആണെന്നല്ല. പക്ഷെ നമ്മുടെ ഇപ്പോഴത്തെ നിയമങ്ങള്‍ നാട്ടുകാരെ ബുദ്ധിമുട്ടിക്കാനുള്ള വിവേചന അധികാരം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൊടുക്കുന്നു എന്നതാണ്. അതുകൊണ്ടു തന്നെ ഈ സംഭവത്തില്‍ നിന്നും എന്തെങ്കിലും ഒക്കെ നമ്മള്‍ പഠിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അത് നിയമങ്ങള്‍ കൂടുതല്‍ കൃത്യത ഉള്ളതാക്കുകയും ആളുകളെ ആത്മഹത്യയിലേക്ക് വരെ നയിക്കാന്‍ കഴിയുന്ന വിവേചന അധികാരങ്ങള്‍ എടുത്തു കളയുകയും ആണ്.

തീര്‍ച്ചയായും ഒരു ഏതൊരു നാട്ടിലും എന്ത് ബിസിനസ്സ് തുടങ്ങിയാലും അത് ആ രാജ്യത്തെ നിയമങ്ങള്‍ അനുസരിക്കണം. ഈ കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. തര്‍ക്കം തുടങ്ങുന്നത് 'ഏതൊക്കെ നിയമങ്ങള്‍ ആണ് അനുസരിക്കേണ്ടത്' എന്ന അടിസ്ഥാനമായ ചോദ്യത്തില്‍ നിന്നാണ്. ഇതിന് പോലും ആര്‍ക്കും ശരിയായ ഉത്തരം നല്‍കാന്‍ പറ്റില്ല.

വെങ്ങോലയിലെ പ്രധാന വ്യവസായം പ്ലൈവുഡ് ആണ്. വെങ്ങോലയിലെ പ്ലൈവുഡ് കമ്പനികളെപ്പറ്റി സുപ്രീം കോടതി നിയമിച്ച കമ്മീഷന്‍ ഒരു പഠനം നടത്തിയിട്ടുണ്ട്. ഒരു പ്ലൈവുഡ് കമ്പനി നടത്താന്‍ എത്ര അനുമതികള്‍ വേണം, അതൊക്കെ കമ്പനികള്‍ക്ക് ഉണ്ടായിരുന്നോ എന്നൊക്കെ അതില്‍ വിശദീകരിച്ചിട്ടുണ്ട്. വായിച്ചാല്‍ വിഷമിച്ചു പോകും.

ഒരു പ്ലൈവുഡ് കമ്പനി നടത്താന്‍ എത്ര അനുമതികള്‍ വേണം ?

1. പഞ്ചായത്തിന്റെ 
2. വ്യവസായ വകുപ്പിന്റെ 
3. മലിനീകരണ നിയന്ത്രണ വകുപ്പിന്റെ 
4. തൊഴില്‍ വകുപ്പിന്റെ 
5. വനം വകുപ്പിന്റെ 
6. ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ 
7. രാസ വസ്തുക്കള്‍ ഉണ്ടെങ്കില്‍ അതിന് വേറെ 
8. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വകുപ്പിന്റെ

എന്നിങ്ങനെ നീണ്ടു നീണ്ടു പോകും ഈ ലിസ്റ്റ്. ഒരു പാറമട നടത്താന്‍ പതിനഞ്ച് ലൈസന്‍സുകള്‍ വേണമെന്ന് വായിച്ചിട്ടുണ്ട്. ഇതില്‍ പലതും ഒരു വര്‍ഷത്തേക്കുള്ള അനുമതി ആയിരിക്കും. അതോരോന്നും പുതുക്കി കിട്ടാന്‍ മാസങ്ങള്‍ പിന്നെയും എടുക്കും. ഇതുകൊണ്ട് ഒക്കെ ഏത് സമയത്തും കേരളത്തിലെ ഏതൊരു പ്രസ്ഥാനത്തില്‍ ചെന്നാലും ഏതെങ്കിലും ഒക്കെ 'അനുമതി' ഇല്ലാതെ, ഉള്ള അനുമതികള്‍ സമയം കഴിഞ്ഞു ഒക്കെ ആയിരിക്കും അത് പ്രവര്‍ത്തിക്കുന്നത്.

ഈ സാഹചര്യം ബിസിനസ്സ് തുടങ്ങുന്നവര്‍ക്ക് ഒഴിച്ച് മറ്റെല്ലാവര്‍ക്കും ഗുണകരമാണ്. അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് അനുമതികള്‍ നീട്ടിയും ഇല്ലാത്ത കാര്യം പറഞ്ഞു പേടിപ്പിച്ചും കൈക്കൂലി മേടിക്കാം, എപ്പോഴും ഉദ്യോഗസ്ഥരെ കൊണ്ട് പറഞ്ഞു കാര്യങ്ങള്‍ ചെയ്യിക്കാന്‍ വേണ്ടിവരുന്നതിനാല്‍ രാഷ്ട്രീയക്കാരോട് ബിസിനസ്സുകാര്‍ നയത്തിലേ പെരുമാറൂ. രാഷ്ട്രീയക്കാര്‍ക്ക്, ആവശ്യമുള്ളപ്പോള്‍ പിരിവു നടത്താം, അത്യാഗ്രഹം ഉള്ളവര്‍ ആണെങ്കില്‍ അതിലപ്പുറവും വാങ്ങാം. ഇനി ഏതെങ്കിലും ഒക്കെ സാഹചര്യത്തില്‍ ഒരു അപകടം ഉണ്ടായാല്‍ 'അനുമതി ഇല്ലാതെ പ്രവര്‍ത്തിച്ചതാണെന്ന് പറഞ്ഞു പ്രസ്ഥാനം ഉടന്‍ പൂട്ടിക്കെട്ടാം (ഒരാഴ്ച കഴിഞ്ഞു ആളുകളുടെ ഒച്ചപ്പാടൊക്കെ കഴിയുമ്പോള്‍ വീണ്ടും തുറക്കാമല്ലോ)

ഇതിന്റെ ഒക്കെ പരിണിതഫലം നാട് നന്നാവുന്നു, നിയമങ്ങള്‍ കൂടുതല്‍ അനുസരിക്കപ്പെടുന്നു എന്നൊന്നുമല്ല. മറിച്ച് നിയമം അനുസരിച്ചു ബിസിനസ്സ് നടത്താന്‍ കഴിവുള്ളവര്‍, നിയമം അറിഞ്ഞു ബിസിനസ്സ് നടത്താന്‍ താത്പര്യം ഉളളവര്‍, ഇവരൊന്നും ഇവിടെ ഒരു ബിസിനസ്സിനും ഇറങ്ങി പുറപ്പെടില്ല എന്നതാണ്. ഇത് കഷ്ടമാണ്. സ്‌കൂള്‍ തൊട്ട് ബസ് വരെ, മാര്‍ജിന്‍ ഫ്രീ തൊട്ട് തട്ടുകട വരെ, വിമാനത്താവളം തൊട്ട് ഹൗസ്ബോട്ട് വരെ പ്രസ്ഥാനങ്ങള്‍ ആക്കി നടത്തി വിജയിപ്പിച്ചെടുത്ത പാരമ്പര്യം ഉള്ള ആളുകള്‍ ആണ് മലയാളികള്‍. പുറത്തു നിന്ന് വരുന്നതും മണ്ണിലും സ്വര്‍ണ്ണത്തിലും കുഴിച്ചിടുന്നതും ആയി മൂലധനവും ഏറെ ഉണ്ട്, അഭ്യസ്ത വിദ്യരായ ആളുകള്‍ ഏറെ. അപ്പോള്‍ ലക്ഷക്കണക്കിന് തൊഴില്‍ സംരഭത്തിന് സാധ്യത ഉള്ള സ്ഥലമാണ്. കേരളത്തെ ഒരു മിഡില്‍ ഇന്‍കം രാജ്യമാക്കി ഉയര്‍ത്താനുള്ള എല്ലാ ചേരുവയും ഇവിടെ ഉണ്ട്. പക്ഷെ കഷ്ടപ്പെട്ടുണ്ടാക്കിയ പണം കൊണ്ട് ബിസിനസ്സ് ചെയ്യാന്‍ വരുന്നവരെ ഏതൊക്കെ തരത്തില്‍ ബുദ്ധിമുട്ടിക്കാം എന്ന് ഗവേഷണം ചെയ്യുന്ന ഔദ്യോഗിക സംവിധാനങ്ങള്‍ ഉള്ളപ്പോള്‍ ഇത്തരം നിയമങ്ങളുടെ നൂലാമാലകളെ തരികിട കൊണ്ട് നേരിടുന്നവര്‍, വേണമെങ്കില്‍ നിയമത്തിന് പുറത്തു കാര്യങ്ങള്‍ ചെയ്യാന്‍ മടിയില്ലാത്തവര്‍, ഉന്നതങ്ങളില്‍ പിടിപാടുള്ളവര്‍ ഇവര്‍ക്കൊക്കെ മാത്രമേ സ്വന്തം പണം ഇറക്കി കേരളത്തില്‍ ബിസിനസ്സ് ചെയ്യാന്‍ ധൈര്യം ഉണ്ടാകൂ. അല്ലാത്തവര്‍ ആ പണിക്കിറങ്ങിയാല്‍ പണി പാളും, കാശ് ആദ്യമേ പോകും, ചിലപ്പോള്‍ ജീവനും.

'ഈസ് ഓഫ് ഡൂയിങ് ബിസിനസ്സ്' ഇന്‍ഡക്‌സില്‍ ഇന്ത്യയുടെ സ്ഥാനം ഉയര്‍ത്തുക എന്നതാണ് കേന്ദ്ര ഗവര്‍മെന്റിന്റെ പ്രഖ്യാപിത നയം. ബിസിനസ്സ് തുടങ്ങാന്‍ സംരംഭകര്‍ക്കായി 'സിംഗിള്‍ വിന്‍ഡോ ക്ലിയറന്‍സ്' നടപ്പാക്കും എന്ന് കേരളത്തിലെ എത്രയോ നയപ്രഖ്യാപനം നമ്മള്‍ കേട്ടിരിക്കുന്നു. എന്നാലും ഏറ്റവും നിസ്സാരമായ ഒരു പ്രസ്ഥാനം എങ്കിലും നടത്താന്‍ ഉള്ള ഒരു സഹായം സര്‍ക്കാര്‍ സംവിധാനങ്ങള്‍ മുന്‍കൈ എടുത്തു ചെയ്യാറുണ്ടോ ?

ഒരു ചെറിയ ഉദാഹരണം പറയാം. കേരളത്തില്‍ലക്ഷക്കണക്കിന് വീടുകളും ഫ്‌ളാറ്റുകളും വെറുതെ കിടക്കുകയാണ്. അതേ സമയം ടൂറിസ്റ്റുകള്‍ക്ക് കേരളത്തില്‍ വേണ്ടത്ര ചെലവ് കുറഞ്ഞ താമസ സ്ഥലങ്ങള്‍ ലഭ്യമല്ല. 

വീടുകള്‍ ഹോം സ്റ്റേ ആക്കാനുള്ള നിയമങ്ങള്‍ എളുപ്പമാക്കിയാല്‍ ആളുകള്‍ക്ക് വരുമാനം ആകും, കൂടുതല്‍ ടൂറിസ്റ്റുകള്‍ വരും, അതോടനുമ്പന്ധിച്ച് വേറെ അനവധി സാമ്പത്തിക അവസരങ്ങള്‍ ഉണ്ടാകും. ജനീവയില്‍ ഒരു ഹോംസ്റ്റേ പോലെ എയര്‍ ബി ആന്‍ഡ് ബി തുടങ്ങണം എങ്കില്‍ ഒരു ദിവസത്തെ പണിയേ ഉള്ളൂ. എനിക്ക് ഒരിക്കല്‍ ഈ കാര്യത്തില്‍ താത്പര്യമുണ്ടായി, അല്‍പം ഗവേഷണം നടത്തി. പക്ഷെ കേരളത്തില്‍ ഒരു വീട് നിയമപരമായി ഒരു ഹോം സ്റ്റേ ആകണമെങ്കില്‍ ഉള്ള പേപ്പര്‍വര്‍ക്ക് നമ്മെ അമ്പരപ്പിക്കും. പഞ്ചായത്ത് മുതല്‍ പോലീസ് വരെ മാസങ്ങള്‍ എടുക്കും മിനിമം പേപ്പര്‍ വര്‍ക്ക് സംഘടിപ്പിക്കാന്‍. ഇതിനിടയില്‍ ഏതൊക്കെ തരത്തിലുള്ള ആളുകളെ നമ്മള്‍ കാണണം, കൈകാര്യം ചെയ്യണം. സത്യത്തില്‍ ഒരു ഹോം സ്റ്റേ ഉണ്ടാക്കാന്‍ ഏതൊക്കെ നിയമങ്ങള്‍ അനുസരിക്കണം എന്ന് പോലും ആര്‍ക്കും അറിയില്ല. കേരളത്തില്‍ ഏതെങ്കിലും ഒരു ഹോംസ്റ്റേ എല്ലാ നിയമങ്ങളും പൂര്‍ണ്ണമായി പാലിച്ച് ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. നിയമങ്ങളുടെ ആധിക്യം കൊണ്ടും സര്‍ക്കാര്‍ സംവിധാനവും ആയി നേരിടാന്‍ ഉള്ള പേടി കൊണ്ടും ബഹുപൂരിപക്ഷം ആളുകളും ഹോം സ്റ്റേ ഉണ്ടാക്കുന്നതിനെ പറ്റി ചിന്തിക്കാറുകൂടി ഇല്ല. ഒരു ദിവസം കൊണ്ട് അനുമതി കിട്ടും എന്ന് വന്നാല്‍ ഒരു വര്‍ഷത്തിനകം ഒരു ലക്ഷം ഹോം സ്റ്റേ കേരളത്തില്‍ ഉണ്ടാകും, ടൂറിസ്റ്റുകളുടെ എണ്ണം പത്തിരട്ടിയാകും, നമ്മുടെ സമ്പദ് വ്യവസ്ഥയെ അത് മേലോട്ട് കുതിപ്പിക്കും.

ഇത് മാറ്റാന്‍ ഒരു വഴിയുണ്ട്. പ്രസ്ഥാനങ്ങള്‍ കൊണ്ടുവരിക എന്നത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തം ആക്കണം. സംസ്ഥാന സര്‍ക്കാരില്‍ നിന്നും നല്‍കുന്ന പണം ആണ് പഞ്ചായത്തിന്റെയും കോര്‍പ്പറേഷന്റെയും ഒക്കെ വലിയ ഒരു വരുമാന സ്രോതസ്സ്. ഒരു പഞ്ചായത്തില്‍ പുതിയ പ്രസ്ഥാനങ്ങള്‍ വരുമ്പോള്‍ ആണ് ആ പഞ്ചായത്തിന് കൂടുതല്‍ വരുമാനം ഉണ്ടാകുന്നത് എന്നുള്ള കോമണ്‍ സെന്‍സുകൊണ്ടൊന്നും പഞ്ചായത്തുകള്‍ ബിസിനസ്സുകാരെ സഹായിക്കുന്നില്ല എന്ന് അടുത്തകാലത്തെ അനുഭവങ്ങളില്‍ നിന്നും അറിയാമല്ലോ. പക്ഷെ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് കിട്ടുന്ന വിഹിതം തദ്ദേശ സ്ഥാപനങ്ങളില്‍ പുതിയതായി വരുന്ന മൂലധന നിക്ഷേപത്തിന് ആനുപാതികം ആക്കണം. വരുമാനം ഇല്ലാത്ത പഞ്ചായത്തുകളിലെ സ്റ്റാഫിനെ ഒക്കെ വീട്ടില്‍ പറഞ്ഞു വിടണം. അപ്പോള്‍ എന്തെങ്കിലും പ്രസ്ഥാനം നടത്താന്‍ വരുന്നവരെ ആത്മഹത്യയിലേക്ക് തള്ളി വിടുന്ന ഈ സാറമ്മാര്‍ ഒക്കെ 'സാര്‍ ഞങ്ങളുടെ പഞ്ചായത്തില്‍ എന്തെങ്കിലും ഒക്കെ പുതിയ സ്ഥാപനം തുടങ്ങൂ' എന്നും പറഞ്ഞു നാട്ടുകാരുടെ പുറകേ വരും.

അതാണ് ഞാന്‍ സ്വപ്നം കാണുന്ന കിനാശ്ശേരി. എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം.... 

ഫെയ്‌സ്ബുക്ക് പോസ്റ്റ് ലിങ്ക്:  https://www.facebook.com/thummarukudy/posts/10217944041967999 

(ഐക്യരാഷ്ട്രസഭയുടെ ദുരന്ത ലഘൂകരണ വിഭാഗം മേധാവിയാണ് ലേഖകന്‍)

Content Highlights: Red Tapism, Muralee Thummarukudy