അവളുടെ മരണം വെറുതെയാവില്ല, അത്തരം സംഭവങ്ങള്‍ ഇനിയൊരിക്കലും ആവര്‍ത്തിക്കാതിരിക്കാന്‍ സാധ്യമായതെല്ലാം നമുക്ക് ചെയ്യാം.

നിര്‍ഭയയുടെ മരണശേഷം രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങും രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞ വാക്കുകളാണിവ. അതിനു ശേഷവും ആയിരക്കണക്കിന് ബലാത്സംഗങ്ങൾ രാജ്യത്തരങ്ങേറി. ആ ആയിരങ്ങളിലൊരുവളാണ് 2016 ജൂലൈ 13ന് പൂനെയിൽ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട  15കാരിയും. ബലാത്സംഗത്തിന് ശേഷം കുറ്റവാളികൾ പെണ്‍കുട്ടിയെ ക്രൂരമായി ദേഹോപദ്രവവും ഏല്‍പ്പിച്ചിരുന്നു. മുടി പറിച്ചെടുക്കുകയും പല്ല് അടിച്ച് കൊഴിക്കുകയും ചെയ്തു അവർ. മേലാസകലം മര്‍ദനമേറ്റ പാടുകളും തോളെല്ല് പൊട്ടിയ നിലയിലുമായിരുന്നു അവളുടെ മൃതദേഹം. ഈ കേസില്‍ പ്രതികളായ മൂന്നുപേര്‍ക്കും പുനെ  സെഷന്‍സ് കോടതി ഇന്ന് വധ ശിക്ഷ വിധിച്ചിരിക്കുന്നു. പക്ഷെ ഇപ്പോഴും  രാജ്യ തലസ്ഥാനത്ത് ഓരോ നാല് മണിക്കൂറിലും ഓരോ പീഡനം വീതം നടക്കുന്നുണ്ടെന്നാണ് ഡല്‍ഹി പോലീസിന്റെ റിപ്പോര്‍ട്ട്. വധ ശിക്ഷ നടപ്പിലാകുന്നത് കൊണ്ട് മാത്രം ബലാത്സംഗക്കുറ്റങ്ങൾക്ക് യാതൊരു വിധ കുറവും വരുന്നില്ലെന്നാണ് ഈ റിപ്പോര്‍ട്ടുകളെല്ലാം ചൂണ്ടിക്കാണിക്കുന്നത്.

നിർഭയക്കേസിലെ കുറ്റവാളികൾക്ക് സുപ്രീം കോടതി വധ ശിക്ഷ വിധിച്ചത് കഴിഞ്ഞ മെയിലാണ്. പക്ഷെ അതിന് ശേഷവും ഓരോ ഒമ്പത് മിനിട്ടിനുള്ളിലും എന്തെങ്കിലും സഹായം അഭ്യര്‍ത്ഥിച്ചുള്ള സ്ത്രീകളുടെ ഫോണ്‍ വിളികളാണ് ഡല്‍ഹിയിലെ ഹെല്‍പ്പ് ലൈനിലേക്കൊഴുകുന്നത്. 2016ല്‍ ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത 2,09,519 കേസുകളില്‍ 73 ശതമാനവും സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങളില്‍ പെട്ടവയായിരുന്നു.

തലസ്ഥാനത്ത് നിന്ന് വിഭിന്നമല്ല രാജ്യത്ത് നിന്നാകമാനം വരുന്ന വാര്‍ത്തകളും. നിർഭയയുടെ മരണത്തിനുത്തരവാദികളായവരെ മജിസ്‌ട്രേറ്റ്‌കോടതി 2013ല്‍ വധശിക്ഷയ്ക്ക് വിധിച്ചിട്ടും ഇന്ത്യയില്‍ ബലാത്സംഗ കുറ്റവാളികള്‍  കൂടിയതല്ലാതെ കുറഞ്ഞില്ല. നിര്‍ഭയ കൊല്ലപ്പെട്ട 2012ല്‍ 24,293 ബലാത്സംഗക്കേസുകളാണ് ഇന്ത്യയില്‍  റിപ്പാര്‍ട്ട് ചെയ്യപ്പെട്ടതെങ്കില്‍  2015ലേക്ക് കടക്കുമ്പോള്‍ അത് 34,651 ആയി വര്‍ധിച്ചു.ഇത്തരത്തില്‍ കുറ്റവും ശിക്ഷയും എന്ന ദ്വന്ദത്തില്‍ പോയാല്‍ ലഭിക്കുന്ന ഒന്നാണോ സ്ത്രീകളുടെ സുരക്ഷ എന്ന ഏറെ പഴക്കമുള്ള അതേ ചോദ്യത്തിലേക്കാണ് ഈ കണക്കുകള്‍ നമ്മെ എത്തിക്കുന്നത്.

2011നും 2015നും ഇടയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ 43ശതമാനമാണ് വര്‍ധനവുണ്ടായിരിക്കുന്നത്. 2005 മുതല്‍ 2015 വരെയുള്ള പത്ത് വര്‍ഷക്കാലയളവില്‍ വര്‍ധന 105ശതമാനമാണ്. കടുത്ത ശിക്ഷകളിലൂടെ മാത്രം സമൂഹത്തിന് സ്ത്രീ സുരക്ഷ കൈവരിക്കാനാവില്ല  എന്നാണ് നിര്‍ഭയക്കേസിലെ നാല് പ്രതികള്‍ക്കും വധ ശിക്ഷ പ്രഖ്യാപിച്ചു കൊണ്ട മൂന്നംഗ ബെഞ്ചിലെ ഏക വനിത ജഡ്ജിയായ ജസ്റ്റിസ് ആര്‍ ഭാനുമതി നിരീക്ഷിച്ചത്.

 

nirbhaya

 'പാരമ്പര്യത്തില്‍ കെട്ടപ്പെട്ട സമൂഹം സ്ത്രീകളോടുള്ള മനോഭാവത്തില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. അതിലൂടെയെ ലിംഗ നീതി ഉറപ്പു വരുത്താനാവൂ. കുട്ടിക്കാലം മുതലേ പുരുഷന്‍മാരെ ബഹുമാനിക്കാന്‍ എങ്ങനെയെല്ലാമാണോ നമ്മള്‍ പെണ്‍കുട്ടികളെ പഠിപ്പിക്കുന്നത് അതു പോലെ സ്ത്രീകളെ ബഹുമാനിക്കാന്‍ ആണ്‍കുട്ടികളെയും പഠിപ്പിക്കണം', ജസ്ററിസ് ഭാനുമതി പറഞ്ഞു

ഡല്‍ഹി കൂട്ടബലാത്സംഗ ശേഷം സ്ത്രീകളില്‍ മാറ്റമുണ്ടായിട്ടുണ്ട്. മാധവിക്കുട്ടി പറഞ്ഞതുപോലെ ഡെറ്റോളിട്ട് കഴുകിയാല്‍ തീരുന്ന അശുദ്ധിയേ ഉള്ളൂ എന്ന ആര്‍ജ്ജവം ഇന്ന് പല സ്ത്രീകള്‍ക്കുമുണ്ട്.  രാജ്യത്ത് ബലാത്സംഗം ചെയ്യപ്പെട്ട് ദിനംപ്രതി കൊല്ലപ്പെടുന്ന മൂന്ന് സ്ത്രീകളില്‍ ഒരു പക്ഷെ നാളെ ഞാനും ഉള്‍പ്പെട്ടേക്കാം എന്ന പൊരുത്തപ്പെടലിലേക്കും ബലാത്സംഗം ചെയ്യപ്പെട്ട് കഴിഞ്ഞാല്‍ ആത്മഹത്യ ചെയ്യാതെ പോലീസില്‍ പരാതി നല്‍കുന്ന നിലയിലേക്കും സ്ത്രീകള്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. അവര്‍ മാനസികമായി ശക്തരാണ്.എന്നാല്‍ സ്ത്രീകളോടുള്ള പുരുഷന്‍മാരുടെ മനോഭാവത്തില്‍ മാറ്റമുണ്ടാവണമെങ്കില്‍ കാലങ്ങളായി സ്ത്രീകളെമാത്രം ഉത്ബുദ്ധരാക്കുന്ന ബോധവത്കരണ ക്യാമ്പുകളില്‍ നിന്ന് സര്‍ക്കാറും എന്‍ജിഒകളും ആണ്‍കുട്ടികളിലേക്കും പുരുഷന്‍മാരിലേക്കും നീങ്ങേണ്ടതുണ്ട്. സ്ത്രീകളെ ബഹുമാനിക്കാനും തുല്യതയോടെ കാണാനും കുടുംബത്തിലെ സ്ത്രീ വിരുദ്ധനിലപാടുകളെയും മതങ്ങളിലെ ലിംഗവിവേചനങ്ങളെ തിരിച്ചറിയാനും ആണ്‍കുട്ടികളെയും പുരുഷന്‍മാരെയും സമൂഹം പ്രാപ്തരാക്കേണ്ടതുണ്ട്.അതൊന്നും നടക്കാത്തിടത്തോളം കാലം രാഷ്ട്രപതിയും പ്രധാനമന്ത്രിയും പറഞ്ഞ പോലെ ആ മരണം വെറുതെയായില്ലെന്ന് സമ്മതിച്ചു തരാന്‍ ബുദ്ധിമുട്ടുണ്ട്. 

ലൈംഗികതയോ ലൈംഗിക വൈകൃത രോഗങ്ങളോ അല്ല ഡല്‍ഹിയിലെ കുറ്റവാളികളെ സൃഷ്ടിച്ചത്. അരികു ജീവിതങ്ങളിലേക്ക് ഇനിയും ഇറങ്ങി ചെല്ലാത്ത വിദ്യാഭ്യാസ പ്രവര്‍ത്തകരുടെയും സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഇടപെടല്‍ കുറവിന്റെയും അഭാവമുണ്ട് ആ ആറ് കുറ്റവാളികളുടെയും ഭൂതകാലത്തില്‍. അവരെ സമൂഹവിരുദ്ധരാക്കാതെ വളര്‍ത്തുന്നതില്‍ സമൂഹവും രാഷ്ട്രീയ സംവിധാനങ്ങളും അവര്‍ പിന്തുടരുന്ന മതങ്ങളും അമ്പെ പരാജയപ്പെട്ടിരിക്കുന്നു. സ്ത്രീകളെ രണ്ടാംകിടക്കാരായി കണക്കാക്കുന്ന മതസാംസ്‌കാരിക ബോധങ്ങളിലെ തിരുത്തലുകളുടെ അഭാവവും ആ ബലാത്സംഗത്തിലേക്കെത്തിച്ചുണ്ടാവാം. വലിയൊരു ഭൂരിപക്ഷം മതവിശ്വാസികളായ ഇന്ത്യയില്‍ ഓരോ 20 മിനുട്ടിലും ഒരു സ്ത്രീ വീതം ബലാത്സംഗം ചെയ്യപ്പെടുന്നു എന്ന അവസ്ഥ ചര്‍ച്ച ചെയ്യേണ്ടതു തന്നെ.

juvenile rapist

രാജ്യത്തെ പിടിച്ചു കുലുക്കിയ, പ്രതിഷേധങ്ങളും അലയൊലികളും സൃഷ്ടിച്ച സംഭവമായിരുന്നിട്ടും നിര്‍ഭയ കേസിലെ ഒന്നാം പ്രതി ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഉറപ്പിക്കാന്‍ ശ്രമിച്ചത് പുരുഷന്‍ നടത്തുന്ന ലൈംഗിക കയ്യേറ്റം ഒരു സ്ത്രീ വരുത്തി വെക്കുന്നതാണെന്ന നികൃഷ്ട ചിന്താഗതിയാണ്. മുകേഷ് സിങ് ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത് മാന്യയായ സ്ത്രീ രാത്രി 9മണിക്ക് ശേഷം പുറത്ത് കറങ്ങി നടക്കില്ലെന്നാണ്. വിദ്യാഭ്യാസം ഇല്ലാത്തയാളുടെ വിവരക്കേടായി ഇതിനെ കുറച്ച് കാണാനാവില്ല. പ്രതികള്‍ക്ക് വേണ്ടി കേസ് വാദിക്കുന്ന അഭിഭാഷകന്‍ എം എല്‍ ശര്‍മ്മയുടെ വാക്കുകള്‍ കൂടി ഇതോട് ചേര്‍ത്ത് വായിക്കേണ്ടതാണ്

' സ്ത്രീ എന്നത് ഒരു രത്‌നമാണ്. നിങ്ങള്‍ ആ രത്‌നത്തെ തെരുവില്‍ വെക്കുകയാണെങ്കില്‍ തീര്‍ച്ചയായും അത് ഒരു നായ എടുത്ത് കൊണ്ട് പോകും. നിങ്ങള്‍ക്കാര്‍ക്കും അവനെ തടയാനാവില്ല'.

മറ്റൊരു അഭിഭാഷകനായ എ പി സിങ് പറഞ്ഞത് തന്റെ മകളോ പെങ്ങളോ വിവാഹപൂര്‍വ്വ ബന്ധം വെച്ചു പുലര്‍ത്തുകയാണെങ്കില്‍ അവളെ കുടുംബത്തിന്റെയാകെ മുന്നില്‍ വെച്ച് പെട്രോളൊഴിച്ച് കത്തിക്കുമെന്നാണ്.

ഓരോ കുറ്റവാളികളും അയാളെ കുറ്റകൃത്യത്തിലേക്ക് നയിച്ച ഇത്തരത്തിലുള്ള സ്ത്രീ വിരുദ്ധ നിലപാട് തുറന്ന് പറയുന്ന ഇന്ത്യാസ് ഡോട്ടര്‍ എന്ന ലെസ്ലി ഉഡ്വിന്റെ ഡോക്യുമെന്ററി രാജ്യത്ത് നിരോധിച്ചു കൊണ്ടാണ് ഇന്ത്യയെന്ന രാജ്യം ഈ പ്രശ്‌നത്തെ നേരിട്ടത്. ഡോക്യുമെന്ററി ബാന്‍ ചെയ്യുന്നതിലൂടെ രാജ്യത്തെ ജനങ്ങളെ  സ്ത്രീവിരുദ്ധചിന്താഗതിക്കാരായി വളര്‍ത്തുന്നതില്‍ കുടുംബവും സമൂഹവും സംസ്‌കാരവും മതങ്ങളും ചെയ്യുന്ന പാതകങ്ങളെ മറച്ചു പിടിക്കുകയായിരുന്നു സര്‍ക്കാര്‍. സ്ത്രീ വിരുദ്ധതയിലേക്ക് നയിക്കുന്ന ജീവിതസാഹചര്യങ്ങളെയോ കുടുംബ ഘടനയേയോ സംസ്‌കാരത്തേയോ നിശിത വിമര്‍ശനത്തിന് വിധേയമാക്കി പൊതു മധ്യത്തില്‍ ചര്‍ച്ച ചെയ്യാനുള്ള അവസരം അതോടെ അടഞ്ഞു.

നിര്‍ഭയയ്ക്ക് ശേഷമുള്ള ഇന്ത്യയും 'ബലാത്സംഗത്തിന്' വന്ന ഭേദഗതി​യും

എന്നോട് ഈ ക്രൂരത ചെയ്തവരെ ഒന്നുകില്‍ മരണം വരെ തൂക്കിലേറ്റണം അല്ലെങ്കില്‍ ചുട്ടുകൊല്ലണം എന്ന നിര്‍ഭയയുടെ അന്ത്യാഭിലാഷം സാധിച്ചു കൊടുക്കാന്‍ നമുക്കായിട്ടുണ്ട്. പക്ഷെ അവളെപ്പോലെ ചിറകരിഞ്ഞ് വീഴ്ത്തപ്പെട്ട ആയിരക്കണക്കിന് സ്ത്രീകളുടെ ജീവിതാഭിലാഷത്തിന്റെയും സുരക്ഷയുടെയും കാര്യത്തിൽ നമ്മൾ പലപ്പോഴും പരാജയപ്പെട്ടു.

നിര്‍ഭയയ്ക്ക് ശേഷമുള്ള ഇന്ത്യയില്‍ ബലാത്സംഗ കുറ്റങ്ങൾക്ക് കടുത്ത ശിക്ഷ ഉറപ്പു വരുത്താൻ  രാജ്യം ശ്രമിച്ചുണ്ട്. ബലാത്സംഗത്തിലൂടെ ഇര കൊല്ലപ്പെട്ടാലോ അബോധാവസ്ഥയിലായാലോ വധ ശിക്ഷ വരെ നല്‍കാമെന്ന ഭേദഗതി വരുത്തി. ക്രമിനല്‍ ലോ അമെന്റ്‌മെന്റ് ആക്ടില്‍ ബലാത്സംഗം എന്ന നിര്‍വ്വചനത്തിന് വന്ന ഭേദഗതി സുപ്രധാനമാണ്. ലിംഗം യോനിയില്‍ പ്രവേശിപ്പിച്ചാല്‍ മാത്രം ബലാത്സംഗമാവുന്ന നിര്‍വ്വചനത്തിന് മാറ്റം വരുത്തി ഓറല്‍ പെനട്രേഷനും അനല്‍ പെനട്രേഷനും യോനിയില്‍ എന്ത് വസ്തുവും കടത്തുന്നതും ബലാത്സംഗത്തിന്റെ നിര്‍വ്വചനത്തില്‍ വന്നു എന്നത് വലിയ ഒരു ചുവടുവെപ്പായിരുന്നു.

 ക്രമിനല്‍ പ്രൊസിജര്‍ കോഡ് എവിഡന്‍സ് ആക്ട് പ്രകാരം ഇരയുടെ സ്വഭാവം പരിഗണനാവിഷയേമേയല്ല എന്ന തിരുത്തലും വന്നു. സ്ത്രീകളെ സഹായിക്കാന്‍ ഹെല്‍പ്ലൈനുകളും മൊബൈല്‍ ആപ്പുകളു നിലവില്‍ വന്നു. എന്നിട്ടും 2016ല്‍ കേരളത്തില്‍ മാത്രം  റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 2568 ബലാത്സംഗക്കേസുകളാണ്. ഇതില്‍ 1644 പേര്‍ സ്ത്രീകളും 924 പേര്‍ കുട്ടികളുമാണ്.1263, 720 എന്ന 2015ലെ കണക്കിനേക്കാള്‍ കൂടുതലാണിത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ 2016ല്‍ 16960 അതിക്രമ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 14061 പേര്‍ സ്ത്രീകളും 2093 പേര്‍ കുട്ടികളുമാണ്.

അതായത് ഡല്‍ഹി മജിസ്‌ട്രേറ്റ് കോടതിയും ഹൈക്കോടതിയും 2013ല്‍ പ്രതികള്‍ക്ക് വധ ശിക്ഷ വിധിച്ചതിന് ശേഷവും പത്രം വായിക്കുന്ന സാക്ഷര കേരളത്തില്‍ ദിവസം ചുരുങ്ങിയത് ഏഴ് ബലാത്സംഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 

കേരളത്തില്‍ 2016 വര്‍ഷത്തില്‍ മലിനമാക്കപ്പെട്ട 16,960 പുരുഷ മസ്സുകള്‍ നമ്മുടെ വിഷയമല്ലാതായി (റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മാത്രമാണ് 16960. ഗാര്‍ഹിക പീഡനങ്ങളുള്‍പ്പെടെ സ്ത്രീകളെ അക്രമിച്ച പുരുഷന്‍മാര്‍ ഇതിലുമെത്രയോ വരും). ഇതെല്ലാം വിരല്‍ ചൂണ്ടുന്നത് കുറ്ററ്വും ശിക്ഷയും എന്ന സിദ്ധാന്തത്തിന്  ഒരുസമൂഹത്തിനെ സ്ത്രീവിരുദ്ധയില്‍ നിന്ന് മോചിപ്പിക്കാനോ അക്രമിക്കപ്പെടുന്നതില്‍ നിന്ന് വലിയ തോതില്‍ സംരക്ഷിക്കാനോ കഴിയില്ല എന്നാണ്.

ഡിറ്ററന്റ് എഫക്ട്

കുറ്റവും ശിക്ഷയും പ്രതിപാദിക്കുന്ന ഡിറ്ററെന്റ് എഫക്ട് എന്ന ആശയ പ്രകാരം ഒരു കുറ്റത്തിന് ശിക്ഷ ഉറപ്പാകുമ്പോള്‍ അത് സമാനമനസ്‌കരായ മറ്റു കുറ്റവാളികളില്‍ ഭീതി ജനിപ്പിക്കുമെന്നും അവര്‍ അങ്ങനെ ഒരു കുറ്റം ചെയ്യുന്നതില്‍ നിന്ന് പിന്‍മാറുമെന്നുമാണ്. അതേസമയം പിടിക്കപ്പെടുന്ന പേടി ചിലരെയെങ്കിലും കുറ്റകൃത്യങ്ങളില്‍ നിന്ന് അകറ്റുന്നുണ്ടെങ്കിലും ഭാവിയില്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് ഇവരെ ജയില്‍ ശിക്ഷ ചെറിയ തോതിലേ തടയൂ എന്നാണ് ഡിറ്ററന്റ് എഫക്ട്ുമായി ബന്ധപ്പെട്ട് പല പഠനങ്ങളും പറയുന്നത്.

ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം

പാരമ്പര്യവും സംസ്‌കാരവും സ്ത്രീക്കും പുരുഷനും കല്‍പിച്ച റോളുകളില്‍ നിന്ന് മാറിനടക്കുക എന്നതാണ് ജെന്‍ഡര്‍ സെന്‍സിറ്റീവ് ആയി ചിന്തിക്കുക എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. അത്തരത്തില്‍ ജെന്‍ഡര്‍ സെന്‍സിറ്റീവ് ആയും ലിംഗ തുല്യതയോടെയും ഒരു സമൂഹം പെരുമാറിയാലേ അതിക്രമങ്ങളെ തടയിടാനാവൂ എന്നാണ് ലോകാരോഗ്യ സംഘടന പുറപ്പെടുവിച്ച മാര്‍ഗ്ഗ നിര്‍ദേശങ്ങളില്‍ പറയുന്നത്. ലിംഗ തുല്യത ഏറ്റവും അധികം ഉറപ്പുവരുത്താനാവുന്നത് മാധ്യമങ്ങളിലൂടെയും സ്‌കൂളുകളിലൂടെയുമാണെന്നും ലോകാരോഗ്യ സംഘടന നിരീക്ഷിക്കുന്നുണ്ട്. 

ആണ്‍കുട്ടികള്‍ ഒരിക്കലും കരയില്ല, പെണ്‍കുട്ടികള്‍ ലോല ഹൃദയരാണ്, വീട്ടകങ്ങളിലെ ജോലി വീട്ടമ്മമാരുടേതാണ്, അമ്മ എന്ന വാക്കിന്റെ അമിത മഹത്വവത്കരണം, പെണ്‍കുട്ടികള്‍ക്ക് പാവകളെയും ആണ്‍കുട്ടികള്‍ക്ക് വണ്ടികളും കളിപ്പാട്ടമായി നല്‍കുന്നതിലെ വിവേചനം തുടങ്ങിയ എണ്ണമറ്റ ജെന്‍ഡര്‍റോളുകളില്‍ തിരുത്തലുകള്‍ വരുത്താതെ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുടെ കണക്കുകളില്‍ പ്രകടമായ മാറ്റം വരില്ല എന്ന് ലോകാരോഗ്യ സംഘടന തന്നെയാണ് ചര്‍ച്ച ചെയ്തത്.ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും പരസ്പരം ഇടകലരാന്‍ അവസരം കൊടുക്കാത്ത സ്‌കൂള്‍( ഗേള്‍സ് ഓണ്‍ലി ബോയ്‌സ് ഓണ്‍ലി സ്‌കൂള്‍)അന്തരീകഷങ്ങളുടെ അഭാവത്തെ കുറിച്ച് ഇനിയും പഠനങ്ങള്‍ നടക്കേണ്ടിയിരിക്കുന്നു.

പൗരുഷത്തിന്റെ ലക്ഷണവും യോഗ്യനായ യുവാവിന്റെ ലക്ഷണവും സ്ത്രീകളെ ബഹുമാനിക്കുന്നതു കൂടിയാണെന്നും പകരം വാക്കിലോ നോക്കിലോ ഇകഴ്ത്തലല്ലെന്നും ഇനിയെന്നാണ് നാം കുട്ടികളെ പഠിപ്പിക്കുന്നത്. പെണ്‍കുട്ടികളെ കരാട്ടെ പഠിപ്പിക്കുന്നതില്‍ മാത്രമായി ഒതുങ്ങാതെ ആണ്‍കുട്ടികള്‍ക്ക് ലിംഗനീതിയെ കുറിച്ച് ബോധവാന്‍മാരാക്കുന്ന യജ്ഞം ജനമൈത്രി പോലീസ് ഇനിയെന്നാണ് ആലോചിച്ചു തുടങ്ങുക .

കാമത്തിന്റെ ക്രൂര രൂപമല്ല പകരം അധികാരത്തിന്റേയും ലിംഗവിവേചനത്തിന്റെയും സത്രീ വിരുദ്ധതയുടെയും ഭയാനകമായ മുഖമാണ് രാജ്യത്ത് അങ്ങോളമിങ്ങോളം അരങ്ങേറുന്ന ബലാത്സംഗങ്ങളുടെ മൂലബിന്ദുവെന്ന് ഇനിയെങ്കിലും നാം തിരിച്ചറിയേണ്ടതുണ്ട്. ഇരകളെ ഒരു വശത്ത് ശാക്തീകരിക്കുകയും പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ പഠിപ്പിക്കുകയും ചെയ്യുന്നതോടൊപ്പം പുരുഷ മനസ്സുകളെ പാരമ്പര്യ, മത സാംസ്‌കാരിക അധീശത്വ പാഠങ്ങളില്‍ നിന്നും മോചിപ്പിക്കുകയും അവരുടെ മനസ്സ് മലിനപ്പെടാതെ നോക്കുകയും ചെയ്യണമെന്ന ഭാരിച്ച ഉത്തരവാദിത്വം സമൂഹത്തിനും സര്‍ക്കാരിനുമുണ്ട്. സര്‍ക്കാര്‍ പോലും പുരുഷ മേധാവിത്ത ഘടനയിലാണെങ്കില്‍പ്പോലും.