നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കാനെന്ന പേരില്‍ സര്‍ക്കാര്‍ പണം ധൂര്‍ത്തടിച്ചും സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്തും ജനുവരി ഒന്നിന് സി.പി.എം. തീര്‍ക്കാന്‍ പോകുന്ന വനിതാ മതില്‍ അപകടകരമായ ഒരു രാഷ്ട്രീയക്കളിയാണ്. വിവേകപൂര്‍വം ശബരിമല പ്രശ്‌നം കൈകാര്യം ചെയ്യാന്‍ കഴിയാതെ മുഖ്യമന്ത്രിയും സര്‍ക്കാരും വരുത്തിവെച്ച വീഴ്ച മൂടിവെക്കുന്നതിനുള്ള തന്ത്രം മാത്രമാണിത്. പക്ഷേ, അതിന് കേരളം നല്‍കേണ്ടിവരുന്ന വില വലുതാണ്. ഒരു വിഭാഗം സംഘടനകളെ മാത്രം ഉള്‍പ്പെടുത്തി നടത്തുന്ന ഈ അഭ്യാസം സമൂഹത്തില്‍ ആഴത്തിലുള്ള വിഭാഗീയതയും സാമുദായിക സ്പര്‍ദ്ധയുമാണ് സൃഷ്ടിക്കുന്നത്. സര്‍ക്കാര്‍ ചെലവില്‍ത്തന്നെ അത് സംഭവിക്കുന്നു എന്നതാണ് ദുരന്തം. 

മതില്‍ എന്തിന്?

വനിതകളെ മാത്രം ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന ഈ മതില്‍ എന്തിന് വേണ്ടിയാണെന്ന ലളിതവും പ്രാഥമികവുമായ ചോദ്യത്തിന് വ്യക്തമായ ഉത്തരം ബന്ധപ്പെട്ടവര്‍ നല്‍കുന്നില്ല.  നവോത്ഥാനമൂല്യങ്ങള്‍ കാത്തുസൂക്ഷിക്കാനാണെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന മറുപടി. സ്ത്രീശാക്തീകരണത്തിനാണെന്നാണ്   സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്. ശബരിമല വിഷയവുമായി ഈ മതിലിന് ഒരു ബന്ധവുമില്ലെന്ന് സി.പി.എം. സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മന്ത്രിമാരും ആവര്‍ത്തിച്ച് ആണയിടുന്നു. അതേസമയം ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ടാണ് വനിതാമതില്‍ എന്നാണ്  മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്.  ജനങ്ങളെ ഇങ്ങനെ അണിനിരത്തിയുള്ള ഒരു സംരംഭം എന്തിനുവേണ്ടിയാണെന്ന് പറയാന്‍പോലും കഴിയാതെ കള്ളക്കളി കളിക്കുന്നത് എന്തുകൊണ്ടാണ്? നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കാനാണെങ്കില്‍ സ്ത്രീകള്‍ മാത്രം മതില്‍ കെട്ടിയാല്‍ പോരല്ലോ? പുരുഷന്മാരും വേണം. അപ്പോള്‍ അതല്ല പ്രശ്‌നം. ശബരിമലയിലെ യുവതീ പ്രവേശമാണ് യഥാര്‍ഥപ്രശ്‌നമെന്ന് കൊച്ചു കുഞ്ഞുങ്ങള്‍ക്കുപോലും അറിയാവുന്ന കാര്യമാണ്. പക്ഷേ, അത് തുറന്നുപറയാന്‍ സര്‍ക്കാരിന് തന്റേടമില്ല. തുറന്ന് പറഞ്ഞാല്‍ കൂടെ നില്‍ക്കുന്നവര്‍ പിണങ്ങും. മതിലിന്റെ അപഹാസ്യതയാണ് ഇവിടെ പുറത്തു വരുന്നത്. 

 ധൂര്‍ത്തിന്റെ മതിലൊരുക്കം

സര്‍ക്കാര്‍ ഖജനാവില്‍നിന്ന് വനിതാ മതിലിനുവേണ്ടി ഒരു പൈസ ചെലവഴിക്കില്ലെന്നാണ് മുഖ്യമന്ത്രി നിയമസഭയിലും പുറത്തും ആവര്‍ത്തിച്ച് പറയുന്നതെങ്കിലും സര്‍ക്കാര്‍ പണം യഥേഷ്ടം ധൂര്‍ത്തടിച്ചാണ് മതില്‍ നിര്‍മാണത്തിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നത്. ധനകാര്യ വകുപ്പ് മതിലിന് പണം നല്‍കണമെന്ന ഉത്തരവ് ചീഫ് സെക്രട്ടറി ഭേദഗതി ചെയ്‌തെങ്കിലും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സര്‍ക്കാരിന്റെ പണം മതിലിന് ചെലവഴിക്കും എന്നുതന്നെയാണ് വ്യക്തമാക്കുന്നത്. സര്‍ക്കാര്‍ മെഷിനറിയും പൂര്‍ണമായി ദുരുപയോഗപ്പെടുത്തുകയാണ്. മതിലില്‍ പങ്കെടുക്കാന്‍ കീഴുദ്യോഗസ്ഥര്‍ക്ക് വകുപ്പ് മേധാവികള്‍ രേഖാമൂലംതന്നെ ഉത്തരവ് നല്‍കുന്നു. ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നു. ക്ഷേമപെന്‍ഷന്‍ വാങ്ങുന്ന പാവങ്ങളുടെ പോലും പിച്ചച്ചട്ടിയില്‍ ൈകയിട്ടുവാരുന്നു. 

 ന്യൂനപക്ഷങ്ങളെ ഒഴിവാക്കി എന്തു നവോത്ഥാന സംരക്ഷണം

കേരളത്തിന്റെ നവോത്ഥാനമൂല്യങ്ങളുടെ സംരക്ഷണത്തിന് വനിതകളുടെ മതില്‍ തീര്‍ക്കുമ്പോള്‍ അത് നമ്മുടെ നവോത്ഥാന സംരംഭങ്ങളുമായി ബന്ധമുള്ള എല്ലാ വിഭാഗക്കാരെയും അണിനിരത്തിക്കൊണ്ടുള്ളതാകണം. ദൗര്‍ഭാഗ്യവശാല്‍ ഇവിടെ അതല്ല സംഭവിച്ചത്. ഹൈന്ദവവിഭാഗത്തില്‍പ്പെട്ട ഏതാനും സംഘടനകളുടെ  യോഗം മാത്രമാണ് മുഖ്യമന്ത്രി വിളിച്ചത്. ക്രിസ്ത്യന്‍, മുസ്ലിം ന്യൂനപക്ഷ വിഭാഗങ്ങളെ അദ്ദേഹം ബോധപൂര്‍വം ഒഴിവാക്കി. കേരളത്തിന്റെ നവോത്ഥാനത്തിന് ഹൈന്ദവ സമൂഹത്തിനോടൊപ്പം ക്രിസ്ത്യന്‍, മുസ്ലിം വിഭാഗങ്ങളിലെ മനുഷ്യസ്‌നേഹികളും നല്‍കിയ നിസ്തുലമായ സംഭാവനകളെ തമസ്‌കരിക്കുന്നത് ചരിത്രത്തോട് കാട്ടുന്ന അവഹേളനമാണ്. അതുകൊണ്ടുതന്നെ ഈ മതില്‍  സമൂഹത്തില്‍ വര്‍ഗീയത വളര്‍ത്തുന്നതിനും വിഭാഗീയത സൃഷ്ടിക്കുന്നതിനും മാത്രമേ ഉതകൂ. അദ്ദേഹം നവോത്ഥാനമതില്‍ തീര്‍ക്കാന്‍ മുന്നില്‍ നിര്‍ത്തിയിരിക്കുന്നത് ആരെയാണ്? ബാബറി മസ്ജിദ് പൊളിക്കുന്നതിന് കാര്‍സേവ നടത്തിയ ഒരു ഹിന്ദുപാര്‍ലമെന്റ് നേതാവിനെ. പമ്പയില്‍ സംഘര്‍ഷമുണ്ടാക്കുകയും അവിടെ റിപ്പോര്‍ട്ടിങ്ങിനെത്തിയ മാധ്യമ പ്രവര്‍ത്തകയെപ്പോലും തടയുകയും ചെയ്ത  ഇദ്ദേഹത്തെ മുന്‍നിര്‍ത്തിയാണ് മുഖ്യമന്ത്രി ശബരിമലയിലെ തന്നെ  സ്ത്രീപ്രവേശ പ്രശ്‌നത്തിന്റെ പശ്ചാത്തലത്തിലെ നവോത്ഥാനമതില്‍ നിര്‍മിക്കുന്നത്. അതാണ് പരിഹാസ്യത. 

വര്‍ഗസമരത്തിന് പകരം വര്‍ഗീയസമരം 

ആര്‍.എസ്.എസിന്റെ ഹിന്ദു അജന്‍ഡയെ നേരിടാനെന്ന നാട്യത്തില്‍ ഹൈന്ദവ വര്‍ഗീയതയെ ഉപയോഗിച്ച് രാഷ്ട്രീയനേട്ടം ഉണ്ടാക്കുക എന്ന തന്ത്രമാണ് കേരളത്തില്‍ സി.പി.എം. അടുത്തകാലത്തായി നടപ്പാക്കുന്നത്. വനിതാമതിലും   ഈ തന്ത്രത്തിന്റെ പുതിയ ആവിഷ്‌കാരമാണ്.  സി.പി.എം. ഒരിക്കല്‍ തള്ളിക്കളഞ്ഞ സ്വത്വരാഷ്ട്രീയമാണ് ഇവിടെ പിണറായി പരീക്ഷിക്കുന്നത്. ജാതിസംഘടനകളെ കൂട്ടുപിടിച്ചുള്ള സമരം വര്‍ഗസമരത്തിന്റെ വഴിയല്ലെന്ന് സി.പി.എം.സ്ഥാപക നേതാവായ വി.എസ്. അച്യുതാനന്ദന്‍ ചൂണ്ടിക്കാട്ടുമ്പോള്‍ പ്രതിക്കൂട്ടിലാവുന്നത് പിണറായിയാണ്. 

നവോത്ഥാനവും സി.പി.എമ്മും തമ്മിലെന്തു ബന്ധം 

കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ സി.പി.എമ്മിന് പങ്കൊന്നുമില്ല. വൈക്കം സത്യാഗ്രഹമായാലും ഗുരുവായൂര്‍ സത്യാഗ്രഹമായലും അവ കോണ്‍ഗ്രസിന്റെ പരിപാടികളായിരുന്നു. അവയില്‍ സി.പി.എം. ഊറ്റം കൊള്ളുന്നതെങ്ങനെ? 

മാത്രമല്ല ശബരിമലയിലെ യുവതീപ്രവേശവിഷയം കേരളത്തിന്റെ നവോത്ഥാനപ്രസ്ഥാനത്തെ സ്പര്‍ശിക്കുന്ന കാര്യമല്ല. കേരളത്തിലെ മറ്റു ക്ഷേത്രങ്ങളില്‍ നിന്ന് നൂറ്റാണ്ടുകളായി എത്രയോ ഭിന്നമാണ് ശബരിമല. ജാതിമത ഭേദമില്ലാതെ എല്ലാവര്‍ക്കും പ്രവേശനമുള്ള ആരാധനാലയം. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും അവിടെ ഒരു കാലത്തും ഉണ്ടായിരുന്നില്ല. സ്ത്രീകള്‍ക്കും അവിടെ നിരോധനമില്ല. അവിടത്തെ പ്രതിഷ്ഠയുടെ പ്രത്യേകത കാരണം പ്രായപരിധി അനുസരിച്ച് ചില നിയന്ത്രണങ്ങളേ ഉണ്ടായിരുന്നുള്ളൂ. നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ആചാരമാണത് എന്നതിന് തെളിവുകളും ഇപ്പോള്‍ ലഭ്യമായിട്ടുണ്ട്. ആ ആചാരം വൈകാരികമായ കാര്യം കൂടിയാണ്. അത് സംരക്ഷിക്കപ്പെടണമെന്ന് ആവശ്യപ്പെടുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് വനിതകളായ ഭക്തരാണ് എന്നതാണ് പ്രത്യേകത. 

content highlights: Ramesh Chennithala criticises women wall