ഐഐടികളിൽ ഡയറക്ടർമാരില്ല, സര്‍വനാശത്തിലേക്കോ സര്‍വകലാശാലകള്‍?


രാമചന്ദ്ര ഗുഹ"ശാസ്ത്രവിഷയങ്ങളിലെ വൈദഗ്ധ്യവും ഭരണനിര്‍വഹണശേഷിയും മാത്രം വിലയിരുത്തിയാണ് നാളിതുവരെ ഐ.ഐ.ടി.കളിലെയും ഐ.ഐ.എമ്മുകളിലെയും ഡയറക്ടര്‍മാരെ തിരഞ്ഞെടുത്തിരുന്നത്. സംഘ്പരിവാറിനോടുള്ള ആശയപരമായ അടുപ്പം മാനദണ്ഡമാകുന്നത് ഇപ്പോഴാണ്."; രാമചന്ദ്ര ഗുഹ എഴുതുന്നു

ഇടത് രാമചന്ദ്ര ഗുഹ

രു സമ്മേളനവേദിയില്‍വെച്ച് രാജ്യത്തെ വിഖ്യാതമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജികളിലൊന്നിലെ ഡയറക്ടറെ കഴിഞ്ഞ മാസം പരിചയപ്പെട്ടു. മികച്ച ശാസ്ത്രജ്ഞനും കഴിവുതെളിയിച്ച ഭരണാധികാരിയുമായ അദ്ദേഹം എന്നോടൊരു കാര്യം പറഞ്ഞു. എട്ട് ഐ.ഐ.ടി.കളിലെങ്കിലും ഇപ്പോള്‍ ഡയറക്ടര്‍മാരില്ല എന്നതായിരുന്നു അത്. പഴയ ഡയറക്ടര്‍മാരുടെ കാലാവധി തീര്‍ന്ന മുറയ്ക്ക് പുതിയ ആളെ കണ്ടെത്തുന്നതിനുള്ള സെര്‍ച്ച് കമ്മിറ്റികള്‍ രൂപവത്കരിച്ചിരുന്നു. പക്ഷേ, അവര്‍ ശുപാര്‍ശചെയ്ത ഒരാളെപ്പോലും നിയമിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. സെര്‍ച്ച് കമ്മിറ്റി ശുപാര്‍ശചെയ്ത എട്ടുപേരോടും വ്യക്തിപരവും ബൗദ്ധികവുമായുള്ള അഭിപ്രായവ്യത്യാസം കാരണം ആ പേരുകള്‍ 'നാഗ്പുര്‍' തള്ളിയെന്ന് ഡയറക്ടര്‍ പറഞ്ഞു.

'നാഗ്പുര്‍' എന്ന ഇരുണ്ട അര്‍ഥങ്ങളുള്ള പദം അല്പം പരിഹാസച്ചുവയോടെയാണ് ഐ.ഐ.ടി. ഡയറക്ടര്‍ ഉപയോഗിച്ചത്. പക്ഷേ, പറഞ്ഞതിന്റെ ആകെത്തുക ദുഃഖച്ഛവി കലര്‍ന്നതായിരുന്നു. മോദിഭരണകാലത്ത് ആരംഭിച്ച പ്രതിഭാസമല്ല ഉന്നതവിദ്യാഭ്യാസമേഖലയിലെ രാഷ്ട്രീയ ഇടപെടലെന്ന് എത്രയോവര്‍ഷത്തെ സര്‍വകലാശാലാ പ്രവര്‍ത്തനപരിചയമുള്ള അദ്ദേഹത്തിന് നന്നായറിയാം. മുന്‍ സര്‍ക്കാരുകളും ഇത്തരം കാര്യങ്ങളില്‍ ഇടപെട്ടിരുന്നു. കേന്ദ്രസര്‍വകലാശാലകളിലെ വി.സി. പദവികളിലേക്കും യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷനിലെ ഉന്നതപദവികളിലേക്കും ഇഷ്ടക്കാരെ നിയമിക്കാന്‍ വിദ്യാഭ്യാസമന്ത്രിമാര്‍ ഒളിഞ്ഞും തെളിഞ്ഞുമൊക്കെ നീക്കം നടത്താറുണ്ട്. രാജ്യത്തിന്റെ അഭിമാനസ്തംഭങ്ങളായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജിയിലും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്സ് ഓഫ് മാനേജ്മെന്റിലും വരെ ഇത്തരത്തിലുള്ള അവിഹിത ഇടപെടലുകള്‍ നടക്കുന്നത് ഇതാദ്യമായാണ് എന്നതാണ് ഡയറക്ടര്‍ ചൂണ്ടിക്കാട്ടുന്നത്.ശാസ്ത്രവിഷയങ്ങളിലെ വൈദഗ്ധ്യവും ഭരണനിര്‍വഹണശേഷിയും മാത്രം വിലയിരുത്തിയാണ് നാളിതുവരെ ഐ.ഐ.ടി.കളിലെയും ഐ.ഐ.എമ്മുകളിലെയും ഡയറക്ടര്‍മാരെ തിരഞ്ഞെടുത്തിരുന്നത്. സംഘ്പരിവാറിനോടുള്ള ആശയപരമായ അടുപ്പം മാനദണ്ഡമാകുന്നത് ഇപ്പോഴാണ്.

രാജ്യം കണ്ട ഏറ്റവും 'ബൗദ്ധികവിരുദ്ധ'സര്‍ക്കാരെന്ന് നരേന്ദ്രമോദിഭരണകൂടത്തെ വിശേഷിപ്പിച്ചുകൊണ്ട് 2015-ല്‍ ഞാനൊരു ലേഖനമെഴുതിയിരുന്നു. അധികാരത്തിലേറി ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പ്രധാനമന്ത്രിയും ബി.ജെ.പി.യിലെ മുതിര്‍ന്ന നേതാക്കളും നടത്തിയ പ്രസ്താവനകളില്‍നിന്നാണ് അന്നങ്ങനെയൊരു തീര്‍പ്പിലെത്തിയത്. പക്ഷേ, അന്നുപറഞ്ഞതിനെ ഉറപ്പിക്കുന്ന കാര്യങ്ങളാണ് പിന്നീടുള്ള ഏഴുവര്‍ഷങ്ങളില്‍ സംഭവിച്ചത്. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ നമ്മുടെ ഐ.ഐ.ടി.കളിലും ഐ.ഐ.എമ്മുകളിലും നടക്കുന്നതും. ഇന്ത്യന്‍ സര്‍വകലാശാലാ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും ചിന്തയും പ്രവൃത്തികളും നിയന്ത്രിക്കാനുള്ള, ഭരണകൂടത്തിന്റെ കണക്കുകൂട്ടിയുള്ള നീക്കമായിവേണം ഇതിനെ കാണാന്‍. സ്വതന്ത്രചിന്തയും തുറന്ന സംവാദങ്ങളും നിരുത്സാഹപ്പെടുത്തുകയോ ചിലപ്പോള്‍ നിരോധിക്കുകയോ ചെയ്യപ്പെടുന്നു. അതിനുപകരം പ്രധാനമന്ത്രിയുടെയും ഭരണകക്ഷിയുടെയും പ്രത്യയശാസ്ത്ര, രാഷ്ട്രീയ അജന്‍ഡകളോടുള്ള പ്രതിബദ്ധത തെളിയിക്കാന്‍ നിര്‍ബന്ധിതരാകുന്ന സാഹചര്യവുമുണ്ട്.

ബൗദ്ധികസ്വാതന്ത്ര്യത്തിനുനേരേ ഭരണകൂടവും രാഷ്ട്രീയനേതാക്കളും കഴിഞ്ഞ കുറച്ചുകാലങ്ങള്‍ക്കുള്ളില്‍ നടത്തിയ കൈയേറ്റങ്ങളുടെ വിവരങ്ങള്‍ ഡല്‍ഹി സര്‍വകലാശാലയിലെ സോഷ്യോളജി പഠനവകുപ്പിലെ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് ക്രോഡീകരിച്ചിരുന്നു. പല മേഖലകളില്‍നിന്ന് ഇങ്ങനെ സമാഹരിക്കപ്പെട്ട വിവരങ്ങള്‍ പട്ടികകളാക്കി തിരിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട് അവര്‍. പ്രധാനമായും ആറുവിഭാഗങ്ങളായാണ് ഈ കണ്ടെത്തലുകള്‍ തരംതിരിക്കപ്പെട്ടത്. അവ താഴെ പറയുന്നു:

Also Read

ലോകം തനിക്കുചുറ്റും മാത്രം കറങ്ങുന്നുവെന്ന് ...

അപ്പോഴും ഞങ്ങൾ പ്രതീക്ഷ കൈവിട്ടില്ല; എങ്ങനെയെങ്കിലും ...

രാമചന്ദ്ര ഗുഹയുടെ ഗാന്ധി പുസ്തകങ്ങൾ വെബ്‌സീരീസാകുന്നു; ...

ചില പ്രത്യേക മതവിഭാഗങ്ങളുടെ വികാരം ഹനിക്കപ്പെടുമെന്നുപറഞ്ഞ് യൂണിവേഴ്സിറ്റി സിലബസില്‍നിന്നും പൊതുവിതരണത്തില്‍നിന്നും വിലക്കപ്പെട്ട പുസ്തകങ്ങളുടെ വിവരങ്ങളാണ് ഒന്നാമത്തെ പട്ടികയില്‍. അമേരിക്കന്‍ ഇന്‍ഡോളജിസ്റ്റ് വെന്‍ഡി ഡോണിഗര്‍ തൊട്ട് തലമുതിര്‍ന്ന ബംഗാളി നോവലിസ്റ്റ് മഹാശ്വേതാദേവിയുടെ പുസ്തകങ്ങള്‍വരെ ഇങ്ങനെ നിരോധിക്കപ്പെട്ടു.

പട്ടിക രണ്ടില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ, മുഖ്യമായും ഹിന്ദു വലതുപക്ഷത്തിന്റെ ഭീഷണിക്ക് വഴങ്ങി റദ്ദാക്കപ്പെട്ട സെമിനാറുകളുടെയും ചര്‍ച്ചാപരിപാടികളുടെയും വിവരങ്ങളാണ്. വിദ്യാര്‍ഥികളോ അധ്യാപകരോ സംഘടിപ്പിച്ച ഇത്തരം 69 പരിപാടികള്‍ ഇങ്ങനെ റദ്ദാക്കപ്പെട്ടിട്ടുണ്ട്. പുണെയില്‍ നടക്കാനിരുന്ന ആനന്ദ് പട്വര്‍ധന്റെ സിനിമാ പ്രദര്‍ശനവും (2014 ഡിസംബര്‍) ജാര്‍ഖണ്ഡ് സര്‍വകലാശാലയില്‍ നടക്കേണ്ട പ്രൊഫ. എം.എന്‍. പാണിനിയുടെ പ്രഭാഷണവും (2016 ഫെബ്രുവരി) ഗാന്ധിയും മതസൗഹാര്‍ദവും എന്ന വിഷയത്തില്‍ ചണ്ഡീഗഢില്‍ നടത്താന്‍ നിശ്ചയിച്ച, ഡല്‍ഹി സര്‍വകലാശാലാ പ്രൊഫസര്‍ അപൂര്‍വാനന്ദിന്റെ പ്രഭാഷണവും (2018 ജനുവരി) ഡല്‍ഹി സര്‍വകലാശാലയിലെ വനിതാദിനാഘോഷവും (2021 മാര്‍ച്ച്) ഇങ്ങനെ റദ്ദാക്കപ്പെട്ട പരിപാടികളില്‍ ഉള്‍പ്പെടുന്നു. ഇതില്‍ അവസാനത്തെ രണ്ടുപരിപാടികളും അഖിലഭാരതീയ വിദ്യാര്‍ഥിപരിഷത്താണ് അലങ്കോലപ്പെടുത്തിയത്. ഇത്തരം നിരവധി പരിപാടികള്‍ തടസ്സപ്പെടുത്തിയ ചരിത്രമുണ്ട് എ.ബി.വി.പി.ക്ക്.

പട്ടിക മൂന്നില്‍ വിവിധ സര്‍വകലാശാലകളിലെ അധ്യാപകരും വിദ്യാര്‍ഥികളും നടത്തിയ പ്രസ്താവനകള്‍ക്കെതിരേയെടുത്ത ക്രിമിനല്‍ കേസുകളുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. അപകീര്‍ത്തികരവും 'രാജ്യവിരുദ്ധവും' ആണെന്നാരോപിച്ചാണ് ഇങ്ങനെ കേസെടുത്തിരിക്കുന്നത്. 37 സംഭവങ്ങള്‍ ഇതുപോലെയുണ്ടായി. കശ്മീര്‍, ഹിന്ദുദൈവങ്ങളുടെ ചിത്രങ്ങള്‍, പൗരത്വഭേദഗതി നിയമം തുടങ്ങി സര്‍ക്കാരിനെ വിറളിപിടിപ്പിക്കുന്ന വിഷയങ്ങളില്‍ അഭിപ്രായം പറഞ്ഞവര്‍ക്കെതിരേയാണ് ഭൂരിഭാഗം കേസുകളും.

പട്ടിക നാലില്‍ സര്‍വകലാശാലാ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമെതിരേ നടന്ന കായികമായ ആക്രമണങ്ങളുടെ വിവരങ്ങളാണ്. വലതുപക്ഷവിദ്യാര്‍ഥികളുടെ ആക്രമണത്തില്‍ പരിക്കേറ്റ് മരിച്ച ഉജ്ജയിനിയിലെ അധ്യാപകന്റെയും 2015-ല്‍ ധാര്‍വാഡില്‍ കൊല്ലപ്പെട്ട എം.എം. കല്‍ബുര്‍ഗിയുടെയും മുസ്ലിമായതിന്റെ പേരില്‍ ബഹിഷ്‌കരിക്കപ്പെടുകയും പിന്നീട് നിര്‍ബന്ധിത സ്ഥലംമാറ്റത്തിനിരയാവുകയുംചെയ്ത ബനാറസ് ഹിന്ദു സര്‍വകലാശാലാ അധ്യാപകന്റെയും വിശദാംശങ്ങള്‍ ഈ പട്ടികയില്‍ കണ്ടെത്താം.

പട്ടിക അഞ്ചില്‍ രാഷ്ട്രീയസമ്മര്‍ദം കാരണം ജോലിക്കുചേരാന്‍ സാധിക്കാതെപോയതോ രാജിവെയ്ക്കാന്‍ നിര്‍ബന്ധിതരായതോ ആയ പ്രൊഫസര്‍മാരുടെ വിവരങ്ങളാണ് (ഇതില്‍ പറഞ്ഞ രണ്ട് ഡസന്‍ അനുഭവങ്ങളിലൊന്ന് ഈ ലേഖകനുമായി ബന്ധപ്പെട്ടതാണെന്ന കാര്യം വെളിപ്പെടുത്തട്ടെ. അഹമ്മദാബാദ് സര്‍വകലാശാലയിലെ പ്രൊഫസര്‍ പദവി ഏറ്റെടുക്കുന്നതിനെതിരേ ബി.ജെ.പി.യും എ.ബി.വി.പി.യും രംഗത്തുവന്നതാണത്).

ആറാമത്തെ പട്ടികയില്‍ ഇന്ത്യയിലെ അക്കാദമിക് കോണ്‍ഫറന്‍സുകളില്‍ സംസാരിക്കാനെത്തുന്ന വിദേശപണ്ഡിതര്‍ക്കുനേരേയുണ്ടായ വിലക്കിനെക്കുറിച്ചുള്ള വിവരങ്ങളാണ്. പലര്‍ക്കും രാജ്യത്തേക്ക് പ്രവേശനം പോലും ലഭിച്ചില്ല. പ്രവേശനാനുമതി ലഭിച്ച ചിലര്‍ക്ക് സംസാരിക്കാനും അനുവാദമുണ്ടായിരുന്നില്ല. ''വിസ വിലക്ക് നേരിട്ട പല വിദേശികളും ഭാവിയിലെ പ്രശ്‌നങ്ങള്‍ ഭയന്ന് ഇതേക്കുറിച്ച് സംസാരിക്കാനാഗ്രഹിക്കുന്നില്ല. ആഫ്രിക്കന്‍ വിദ്യാര്‍ഥികള്‍ക്കുനേരേ നടന്ന വര്‍ഗീയവിദ്വേഷനീക്കങ്ങളും ഇതിലുള്‍പ്പെടുത്തിയിട്ടില്ല. അതുകൊണ്ടുതന്നെ ഈ പട്ടിക അപൂര്‍ണമാണ്. പക്ഷേ, വിദേശത്തുനിന്നുള്ള അക്കാദമിക് വിദഗ്ധരെ സ്വാഗതംചെയ്യുന്നതല്ല ഇപ്പോഴത്തെ അന്തരീക്ഷമെന്ന് പൊതുവായി പറയാം,'' പട്ടിക സമാഹരിച്ചവര്‍ പറയുന്നു.

മുകളില്‍പ്പറഞ്ഞ ഈ പട്ടികകളെക്കുറിച്ച് വിശദമായി അറിയണമെന്നുള്ളവര്‍ക്ക് thewire.in/rights/six-tables-that-tell-the-story-of-academic-unfreedom-in-india എന്ന ലിങ്കില്‍ പ്രവേശിക്കാം. അതോടൊപ്പം രാജ്യത്തെ അക്കാദമിക് സ്വാതന്ത്ര്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് പ്രൊഫ. നന്ദിനി സുന്ദര്‍ എഴുതിയ റിപ്പോര്‍ട്ടും വായിക്കാവുന്നതാണ് www.theindiaforum.in/article/academic-freedom-india.

അക്കാദമിക് സ്വാതന്ത്ര്യം ഇപ്പോള്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് പഠിച്ച ഡല്‍ഹി സര്‍വകലാശാലയിലെ സാമൂഹികശാസ്ത്രജ്ഞര്‍ തങ്ങളുടെ റിപ്പോര്‍ട്ട് കഴിയുന്നത്ര സമഗ്രമാക്കാന്‍ ശ്രമിച്ചിട്ടുണ്ട്, അതുപോലെതന്നെ നിഷ്പക്ഷത പുലര്‍ത്താനും. ബി.ജെ.പി. ഇതര സര്‍ക്കാരുകള്‍ ഇടപെട്ട സംഭവങ്ങളുടെ വിവരങ്ങളും പട്ടികയിലുണ്ട്. മുഖ്യമന്ത്രിയുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന് ജാദവ്പുര്‍ സര്‍വകലാശാലാധ്യാപകനെതിരേ മമതാ ബാനര്‍ജി സര്‍ക്കാര്‍ കൈക്കൊണ്ട അധിക്ഷേപകരമായ നടപടിയും ഇതിലുള്‍പ്പെടുന്നു. എന്നിരുന്നാലും ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളും കേന്ദ്രസര്‍ക്കാരും തന്നെയാണ് അക്കാദമിക് സ്വാതന്ത്ര്യം തടയുന്നതില്‍ മുമ്പില്‍ നില്‍ക്കുന്നത്. സ്വന്തം നിലയ്‌ക്കോ എ.ബി.വി.പി. ചെറുപ്പക്കാരെ ഉപയോഗിച്ചോ അവരിത് നടപ്പാക്കുന്നു.
എന്റെ മാതൃവിദ്യാലയമായ ഡല്‍ഹി സര്‍വകലാശാലയുടെ ശതാബ്ദിവര്‍ഷമാണിത്. ക്രിട്ടിക്കല്‍ തിങ്കിങ്ങിനും ആശയങ്ങളുടെ വിനിമയത്തിനും താത്പര്യം വളര്‍ത്തിയതില്‍ സര്‍വകലാശാലയോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു. അഞ്ചുവര്‍ഷത്തെ ഡല്‍ഹി സര്‍വകലാശാലയിലെ പഠനത്തിനുശേഷം കൊല്‍ക്കത്തയിലെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തില്‍നിന്ന് പിഎച്ച്.ഡി. എടുത്തു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ബെംഗളൂരുവിലും കൊല്‍ക്കത്തയിലും ന്യൂഡല്‍ഹിയിലുമുള്ള അഞ്ച് സ്ഥാപനങ്ങളില്‍ ജോലിചെയ്തു. ഇന്ത്യന്‍ സര്‍വകലാശാലാ സംവിധാനത്തിലൂടെ വിദ്യാഭ്യാസവും കരിയറും രൂപപ്പെടുത്തിയ ഒരു വ്യക്തി എന്നനിലയ്ക്ക് അക്കാദമിക് സ്വാതന്ത്ര്യത്തിനുനേരേ ഇപ്പോള്‍ നടക്കുന്ന ആക്രമണങ്ങള്‍ ഞെട്ടലോടെയും വേദനയോടെയും മാത്രമേ എനിക്ക് കാണാന്‍ സാധിക്കൂ.
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സര്‍വകലാശാലകളാണ് ഇത്തരം ആക്രമണങ്ങള്‍ നേരിടുന്നതെങ്കില്‍, സ്വകാര്യസര്‍വകലാശാലകളിലും കാര്യങ്ങള്‍ അത്ര ശോഭനമല്ല. ഭരണകക്ഷിരാഷ്ട്രീയക്കാരില്‍നിന്നുള്ള തിരിച്ചടി ഭയന്ന് മിക്ക സ്വകാര്യസര്‍വകലാശാലകളും സ്വന്തം അധ്യാപകരുടെ ബൗദ്ധികസ്വാതന്ത്ര്യം തടയുന്നുണ്ട്. ഒരു സ്വകാര്യസര്‍വകലാശാല തങ്ങളുടെ ജീവനക്കാരുടെ സാമൂഹികമാധ്യമ പോസ്റ്റുകളുടെ നിരീക്ഷണവും സെന്‍സറിങ്ങും നടത്തുന്നു. മറ്റൊന്നിന്റെ വൈസ് ചാന്‍സലര്‍ ആര്‍.എസ്.എസ്സിന്റെ മുതിര്‍ന്ന നേതാക്കളുമായി അടുത്ത ബന്ധം സ്ഥാപിച്ചിട്ടുണ്ട്. പ്രശ്‌നങ്ങളൊഴിവാക്കാനുള്ള ഇത്തരം നീക്കങ്ങള്‍ അവസാനം നമ്മളെ അടിയറവുപറയിക്കുന്നതിലെത്തിക്കും.

വിദ്യാര്‍ഥിയായും അധ്യാപകനായും ഗവേഷകനായും നിരീക്ഷകനായും കഴിഞ്ഞ അമ്പത് വര്‍ഷങ്ങളായി ഇന്ത്യന്‍ സര്‍വകലാശാലകളെ അടുത്തറിയുന്ന വ്യക്തിയാണ് ഞാന്‍. അകത്തുനിന്നും പുറത്തുനിന്നുമുള്ള ഭീഷണികള്‍ കാരണം തകര്‍ച്ചനേരിട്ടുകൊണ്ടിരിക്കുകയാണത്. അടിയന്തരാവസ്ഥയ്ക്കുശേഷം സ്വതന്ത്രചിന്തയ്ക്കും അധ്യാപനത്തിനും ഗവേഷണത്തിനും നേരേ ഇത്ര കടുത്ത വെല്ലുവിളിയുയര്‍ന്ന മറ്റൊരുകാലമില്ല. കാര്യങ്ങള്‍ ഇങ്ങനെയായതിന് സര്‍ക്കാരിനെയോ രാഷ്ട്രീയക്കാരെയോ അവരുടെ നെറികെട്ട നിലപാടുകളെയോ മാത്രം കുറ്റംപറഞ്ഞിട്ട് കാര്യമില്ല. സര്‍വകലാശാലാധികാരികളും ഇതിനുത്തരവാദികളാണ്. സര്‍ക്കാരിന്റെയും ചില ഗുണ്ടാസംഘങ്ങളുടെയും ഭീഷണിക്കുമുന്നില്‍ എളുപ്പത്തില്‍ കീഴടങ്ങുന്നവരാണ് വൈസ് ചാന്‍സലര്‍മാരും ഡയറക്ടര്‍മാരുമെല്ലാം. ഇന്ത്യന്‍ സര്‍വകലാശാലകളെ നയിക്കാന്‍ നിയോഗിക്കപ്പെട്ടവരുടെ നട്ടെല്ല് നിവര്‍ന്നുനിന്നാല്‍ മാത്രമേ അവയെ പുനരുദ്ധരിക്കാന്‍ സാധിക്കൂ.


മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് ഒക്ടോബർ 23 ലെ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്.

Content Highlights: ramachandra guha ,academic unfreedom in India,RSS influence, central Universities, BJP


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented