ഴിഞ്ഞ ദിവസം സുപ്രീം കോടതി ഉയര്‍ത്തിയ ചോദ്യം അതീവശ്രദ്ധേയമായിരുന്നു. റായ്ബറേലിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി എസ്.കെ. യാദവിനോടായിരുന്നു രാജ്യത്തെ പരമോന്നത കോടതിയുടെ ചോദ്യം. ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ ബി.ജെ.പിയുടെയും സംഘ പരിവാറിന്റെയും നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെയുള്ള വിചാരണ 2019 നുള്ളില്‍ എങ്ങിനെ തീര്‍ക്കുമെന്നാണ് ജസ്റ്റിസുമാരായ റോഹിന്‍ടണ്‍ നരിമാനും ഇന്ദു മല്‍ഹോത്രയുമടങ്ങിയ ബഞ്ച് ആരാഞ്ഞത്. 

26 വര്‍ഷം മുമ്പ് നടന്ന ഒരു കുറ്റകൃത്യത്തില്‍ ഇതുവരെ വിചാരണ കോടതിയിലെ നടപടിക്രമങ്ങള്‍ പോലും പൂര്‍ത്തിയായിട്ടില്ല എന്നത് ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യമാണ്. എല്‍.കെ. അദ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാഭാരതി എന്നിവരെപ്പോലെ ബി.ജെ.പിയുടെ സീനിയര്‍ നേതാക്കളാണ് പ്രതിസ്ഥാനത്തുള്ളത്. കേസ് വലിഞ്ഞിഴയുന്നതുകണ്ട് കഴിഞ്ഞ വര്‍ഷമാണ് വിചാരണ കോടതിക്ക് സുപ്രീം കോടതി രണ്ടു വര്‍ഷത്തെ സമയം അനുവദിച്ചത്. ''ആകാശം ഇടിഞ്ഞുവീണാലും നീതി നടപ്പാകണം'' എന്ന ആപ്തവാക്യം ഉയര്‍ത്തിയായിരുന്നു സുപ്രീം കോടതിയുടെ നിര്‍ദ്ദേശം.

വിഷയം നീതിയാണ്. ബാബറി മസ്ജിദ് തകര്‍ക്കപ്പെടുന്നതിന് ഒരു വര്‍ഷം മുമ്പാണ് രാജീവ് ഗാന്ധി ദാരുണമായി വധിക്കപ്പെട്ടത്. ആ കൊലപാതകത്തില്‍ പ്രതികളായവര്‍ 27 വര്‍ഷമായി ജയിലിലുണ്ട്. ഇവരെ വിട്ടയക്കുന്ന കാര്യത്തില്‍ തമിഴ്നാട് സര്‍ക്കാരിന് തീരുമാനം എടുക്കാവുന്നതാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത് അടുത്തിടെയാണ്. 

രണ്ടു കേസുകള്‍- ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകള്‍ക്കെതിരെയുള്ള ആക്രമണങ്ങളായിരുന്നു രണ്ടും. അതിലൊന്നില്‍ നീതിയുടെ ചക്രം അതിവേഗത്തില്‍ സഞ്ചരിച്ചു. രണ്ടാമത്തെ കേസില്‍ നീതിയുടെ ചക്രം ചെളിയില്‍ പൂണ്ടുപോയി. ആ ചക്രം ഉയര്‍ത്തിയെടുക്കാനാണ് സുപ്രീം കോടതി ശ്രമിക്കുന്നത്. രണ്ട് കേസുകള്‍ രണ്ട് ഇന്ത്യകളെയാണ് ലോകത്തിനു മുന്നില്‍ കൊണ്ടുവരുന്നതെന്ന നിരീക്ഷണം തള്ളിക്കളയാനാവില്ല. ബാബറി മസ്ജിദ് കേസില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാന്‍ ഇത്രയേറെ വൈകുന്നത് എന്തു കൊണ്ടെന്ന ചോദ്യം സത്യത്തിലും നീതിയിലും വിശ്വസിക്കുന്ന ഒരു സമൂഹത്തിനും ഭൂഷണമല്ല. 

ഇന്ത്യയുടെ സ്വാതന്ത്ര്യം ആഘോഷിക്കാനാവുന്നില്ലെന്ന് ഗാന്ധിജി പറഞ്ഞിരുന്നു. വര്‍ഗ്ഗീയ കലാപങ്ങളില്‍ കീറിമുറിഞ്ഞ ഇന്ത്യയ്ക്കു മുന്നില്‍ മഹാത്മാവ് പലപ്പോഴും നിരായുധനും നിസ്സഹായനുമായി. ഒടുവില്‍ സ്വയം ബലി കൊടുത്തുകൊണ്ടാണ് ഗാന്ധിജി വര്‍ഗ്ഗീയതയെ നേരിട്ടത്. ആ ബലി പാഴാവരുത്. ആത്യന്തികമായി നീതിയുടെ നിറവേറലിനായി ഇന്ത്യന്‍ ജനത സുപ്രീംകോടതിയിലേക്കു തന്നെയാണ് ഉറ്റുനോക്കുന്നത്. 

സ്വകാര്യതയുടെ വിഷയത്തില്‍, സ്വവര്‍ഗ്ഗരതിയുടെ വിഷയത്തില്‍ സുപ്രിംകോടതി അടുത്തിടെ എടുത്ത നിലപാടുകള്‍ ഇന്ത്യന്‍ ജനാധിപത്യത്തെ പ്രോജ്ജ്വലിപ്പിക്കുന്നതായിരുന്നു. ബാബറി മസ്ജിദിന്റെ തകര്‍ക്കല്‍ ഇന്ത്യന്‍ ജനാധിപത്യത്തിനേറ്റ വലിയ മുറിവാണ്. 26 വര്‍ഷം കഴിഞ്ഞിട്ടും ആ വ്രണം നീറി നീറി നില്‍ക്കുകയാണ്. സുപ്രീം കോടതിയെന്ന നീതിയുടെ ഭിഷഗ്വരന്റെ സമയോചിത ഇടപെടല്‍ അതുകൊണ്ടുതന്നെയാണ് സാന്ത്വനത്തിന്റെ തൈലവും സ്പര്‍ശവുമാവുന്നത്.