രജനിയുടെ വരവ്, 'അതുക്കും മേലെ' പ്രതീക്ഷകളുമായി ബിജെപി


സുനീഷ് ജേക്കബ് മാത്യു

കമല്‍ എട്ട് ശതമാനം വോട്ട് നേടിയാല്‍ അതിന്റെ ഇരട്ടി നേടാന്‍ രജനിയുടെ പാര്‍ട്ടിക്ക് കഴിയുമെന്ന് അദ്ദേഹത്തിന്റെ ഉപദേശകര്‍ പറയുന്നു. തമിഴ്നാട്ടിലെ ജനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ കമലുമായി കൈകോര്‍ക്കുമെന്നാണ് രജനിയുടെ നിലപാട്. അണിയറയില്‍ രജനി-കമല്‍ ചര്‍ച്ചകള്‍ നടക്കുന്നതായായി സൂചനയുണ്ട്.

രജനികാന്ത്| മാതൃഭൂമി ലൈബ്രറി

കാലാവസ്ഥപോലെ തമിഴകത്തില്‍ രാഷ്ട്രീയവുംമാറിമറിയുന്ന മാസമാണ് ഡിസംബര്‍. ജയലളിതയുടെ മരണവും ശശികലയുടെ ഉദയവും ഒരു ഡിസംബറിലായിരുന്നു. എം.ജി.ആര്‍. അരങ്ങൊഴിഞ്ഞതും എ.ഐ.എ.ഡി.എം.കെ. പിളര്‍പ്പിലേക്ക് നീങ്ങിയതും ഡിസംബറിലാണ്. രണ്ട് പതിറ്റാണ്ടത്തെ കാത്തിരിപ്പിനൊടുവില്‍ സൂപ്പര്‍ താരം രജനീകാന്ത് രാഷ്ട്രീയപ്രവേശം പ്രഖ്യാപിച്ചതും ഇപ്പോള്‍ പാര്‍ട്ടി പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്നതും അവസാന മാസത്തില്‍ത്തന്നെ. ആറ് മാസത്തിനുള്ളില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കമല്‍ഹാസനുമുണ്ട്. രണ്ട് സൂപ്പര്‍ താരങ്ങള്‍ കളം നിറയുമ്പോള്‍ തമിഴകരാഷ്ട്രീയം പുതിയ വഴിത്തിരിവിലാണ്

ക്ഷേത്രങ്ങളുടെ നാടായ തമിഴകത്തില്‍ ആത്മീയരാഷ്ട്രീയവുമായി എത്തുന്ന രജനിയുടെ മന്ത്രം മാറ്റമാണ്. 'എല്ലാം മാറണം, എല്ലാത്തിനെയും മാറ്റും' എന്നാണ് മുദ്രാവാക്യം. രജനി പറയുന്ന ആത്മീയരാഷ്ട്രീയത്തെക്കുറിച്ച് ആര്‍ക്കും ഒരുപിടിയുമില്ലെങ്കിലും വിരലനക്കം കൊണ്ടുപോലും തിയേറ്ററുകള്‍ ഇളക്കിമറിക്കുന്ന സ്‌റ്റൈല്‍ മന്നന്‍ ആത്മവിശ്വാസത്തിലാണ്. ഡി.എം.കെ.യെയും എ.ഐ.എ.ഡി.എം.കെ.യെയും രജനിയുടെ നീക്കങ്ങള്‍ ഒരുപോലെ അങ്കലാപ്പിലാക്കുന്നു. ദേശീയപ്പാര്‍ട്ടികളായ ബി.ജെ.പി.ക്കും കോണ്‍ഗ്രസിനും നഷ്ടപ്പെടാന്‍ കാര്യമായി ഒന്നുമില്ല. ഡി.എം.കെ.യുടെ തണലില്‍ കഴിയുന്ന കോണ്‍ഗ്രസിന് തത്കാലം നിരീക്ഷകരുടെ വേഷമാടിയാല്‍ മതിയാകും. രജനിയുടെ വരവിനായി കാത്തിരുന്ന ബി.ജെ.പി.യുടെ പ്രതീക്ഷകള്‍ അതുക്കും മേലെയാണ്. ഡി.എം.കെ., എ.ഐ.എ.ഡി.എം.കെ. ചേരികളില്‍ ചേക്കേറി ഇരുവശങ്ങളായി നിലയുറപ്പിച്ചിരിക്കുന്ന വിജയകാന്തിന്റെ ഡി.എം.ഡി.കെ., വൈകോയുടെ എം.ഡി.എം.കെ. തുടങ്ങിയ ചെറുപാര്‍ട്ടികള്‍ക്ക് മാറുന്ന സമവാക്യങ്ങളില്‍ നിര്‍ണായകപങ്കുണ്ടാകും. ഇവരെയൊക്കെ രജനി എങ്ങനെ ആകര്‍ഷിക്കുമെന്ന് കണ്ടറിയണം.

ആത്മവിശ്വാസം നല്‍കുന്ന കണക്കുകള്‍

കമല്‍ഹാസന്റെ തിരഞ്ഞെടുപ്പ് പ്രകടനം വെച്ചാണ് രജനിയുടെ ജനസ്വാധീനം അളക്കുന്നത്. സാധാരണക്കാരും പാവപ്പെട്ടവരും രക്ഷകനായി കാണുന്ന തനിക്ക് കമലിനെക്കാള്‍ ഇരട്ടി വോട്ട് നേടാനാകുമെന്നാണ് രജനിയുടെ കണക്കുകൂട്ടല്‍. ലോക്സഭാ തിരഞ്ഞെടുപ്പില്‍ 3.70 ശതമാനം വോട്ടുനേടിയ കമലിന്റെ പാര്‍ട്ടി നിയമസഭാ തിരഞ്ഞെടുപ്പില്‍ നിലമെച്ചെപ്പെടുത്തുമെന്നാണ് കരുതുന്നത്. കമല്‍ എട്ട് ശതമാനം വോട്ട് നേടിയാല്‍ അതിന്റെ ഇരട്ടി നേടാന്‍ രജനിയുടെ പാര്‍ട്ടിക്ക് കഴിയുമെന്ന് അദ്ദേഹത്തിന്റെ ഉപദേശകര്‍ പറയുന്നു. ആരാധകസംഘടനയായിരുന്ന രജനി രസികര്‍ മന്‍ട്രത്തിന്റെ പേര് രജനി മക്കള്‍ മന്‍ട്രം എന്നാക്കി മാറ്റിയാണ് പാര്‍ട്ടിയുടെ അടിസ്ഥാനമിട്ടിരിക്കുന്നത്. താലൂക്ക് തലത്തില്‍ രജനി മക്കള്‍ മന്‍ട്രത്തിന് യൂണിറ്റുകള്‍ തുടങ്ങിക്കഴിഞ്ഞു. എല്ലാ ജില്ലയിലും കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു കോടി ആളുകളെ പാര്‍ട്ടിയില്‍ ചേര്‍ക്കുകയാണ് മന്‍ട്രം ഭാരവാഹികള്‍ക്ക് രജനി നിശ്ചയിച്ചിരിക്കുന്ന ലക്ഷ്യം.

കരുതലോടെ ഡി.എം.കെ.

സംഘടനാബലവും പാര്‍ട്ടിയുടെ കെട്ടുറപ്പുമാണ് ഡി.എം.കെ.യുടെ ശക്തി. ഈ കരുത്തിലാണ് കഴിഞ്ഞ പത്തുവര്‍ഷവും അധികാരമില്ലാതെ പിടിച്ചുനിന്നത്. സര്‍വേഫലങ്ങള്‍ അനുകൂലമായപ്പോള്‍ തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു പാര്‍ട്ടി. ഡി.എം.കെ. അണികളില്‍ രജനി ആരാധകരും കുറവല്ല. രജനിയുടെ രാഷ്ട്രീയപ്രവേശനത്തെ എതിര്‍ത്തും അനുകൂലിച്ചും ഒന്നും പറയാന്‍ ഡി.എം.കെ. തയ്യാറായിട്ടില്ല. രജനിയുടെ സ്വാധീനം തിരഞ്ഞെടുപ്പില്‍ അറിയാമെന്ന് കഴിഞ്ഞദിവസം കനിമൊഴി പറഞ്ഞുവെങ്കിലും സ്റ്റാലിന്‍ മൗനത്തിലാണ്.

ഭരണസംവിധാനം തകര്‍ന്നുവെന്ന് പറഞ്ഞ് രംഗത്തുവന്ന രജനി നേരിട്ട് ഡി.എം.കെ.യെ വിമര്‍ശിച്ചിട്ടില്ല. കരുണാനിധിക്ക് മറീന കടല്‍ക്കരയില്‍ അന്തിമവിശ്രമ സ്ഥലം അനുവദിക്കാതെ വന്നപ്പോള്‍ അതിനെതിരേ രജനിയെത്തിയിരുന്നു. കലൈഞ്ജര്‍ക്ക് മറീനയില്‍ ഇടം നല്‍കിയില്ലായിരുന്നുവെങ്കില്‍ സമരത്തിന് താന്‍ നേരിട്ടിറങ്ങുമായിരുന്നുവെന്ന് രജനി പിന്നീട് പറഞ്ഞു. ഉറപ്പുള്ള പാര്‍ട്ടി വോട്ടുകള്‍ക്കൊപ്പം ഭരണവിരുദ്ധവോട്ടുകള്‍ കൂടി സ്വന്തമാക്കിയാല്‍ വിജയിക്കാമെന്ന ഡി.എം.കെ.യുടെ കണക്കുകൂട്ടലുകളാണ് രജനിയുടെ രംഗപ്രവേശത്തോടെ തെറ്റുന്നത്. ഭരണവിരുദ്ധ വോട്ടുകള്‍ രജനിയും കമലും വീതംവെച്ചാല്‍ കണക്ക് തെറ്റും. ഡി.എം.കെ. അണികളായ രജനി ആരാധകര്‍കൂടി കൈവിട്ടാല്‍ മുഖ്യമന്ത്രിസ്ഥാനം സ്റ്റാലിന് സ്വപ്നമാവും.

എ.ഐ.എ.ഡി.എം.കെ.യ്ക്ക് വെല്ലുവിളി

പ്രളയം, ചുഴലിക്കാറ്റുകള്‍ തുടങ്ങിയ പ്രകൃതിക്ഷോഭങ്ങള്‍ക്കൊപ്പം രാഷ്ട്രീയവെല്ലുവിളികളും കഴിഞ്ഞ കുറച്ചുകാലമായി പുതുവത്സരത്തില്‍ എ.ഐ.എ.ഡി.എം.കെ.യ്ക്ക് പുതിയകാര്യമല്ല. നാലുവര്‍ഷംമുമ്പ് ജയലളിതയുടെ മരണത്തെത്തുടര്‍ന്ന് പ്രതിസന്ധി കൊടുമ്പിരികൊണ്ടത് പുതുവര്‍ഷത്തിലായിരുന്നു. ഇത്തവണ പുതിയ വര്‍ഷത്തിന്റെ തുടക്കത്തില്‍ രണ്ട് വെല്ലുവിളികളാണ് പളനിസ്വാമി-പനീര്‍ശെല്‍വം ദ്വയങ്ങളെ കാത്തിരിക്കുന്നത്. രജനിയുടെ പാര്‍ട്ടി പ്രവര്‍ത്തനം ആരംഭിക്കുന്നതും ശശികല ജയില്‍മോചിതയാകുന്നതും ജനുവരിയിലാണ്. ശിക്ഷയിളവ് കിട്ടിയാല്‍ ശശികല ഡിസംബറില്‍ത്തന്നെ പുറത്തിറങ്ങാനും സാധ്യതയുണ്ട്. എം.ജി.ആറിനെയും ജയലളിതയെയും പോലെ അനിഷേധ്യ നേതാക്കളല്ല പളനിസ്വാമിയും പനീര്‍ശെല്‍വവും. അധികാരമുള്ളത് മാത്രമാണ് ഇവരുടെ ഇപ്പോഴത്തെ കരുത്ത്. ഇതിന് കോട്ടമുണ്ടാകുമെന്ന് കണ്ടാല്‍ അണികള്‍ കൊഴിയും. രജനി എത്തുന്നതോടെ ഡി.എം.കെ.യെക്കാള്‍ അണികളുടെ കൊഴിഞ്ഞുപോക്ക് ഭയക്കുന്നത് എ.ഐ.എ.ഡി.എം.കെ.യാണ്. മറ്റ് പാര്‍ട്ടികളിലെ നേതാക്കളെ സ്വീകരിക്കുമെന്ന് രജനി വ്യക്തമാക്കിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ എ.ഐ.എ.ഡി.എം.കെ.യില്‍ ഒരു പിളര്‍പ്പുപോലും പ്രതീക്ഷിക്കാം. രജനിയുടെ രാഷ്ട്രീയപ്രവേശത്തെ പനീര്‍ശെല്‍വം സ്വാഗതം ചെയ്തപ്പോള്‍ പളനിസ്വാമി മറുപടിപറയാതെ ഒഴിഞ്ഞുമാറിയത് ഈ വാദത്തിന് ബലം നല്‍കുന്നു.

തോഴനെ കാത്ത് ഉലകനായകന്‍

മലയാളികള്‍ക്ക് മമ്മൂട്ടിയും മോഹന്‍ലാലുമെന്ന പോലെയാണ് തമിഴര്‍ക്ക് രജനീകാന്തും കമല്‍ഹാസനും. സൗഹൃദമെങ്കിലും കടുത്ത മത്സരം സിനിമയില്‍ ഇരുവര്‍ക്കുമിടയിലുണ്ട്. വളരെ അടുപ്പം പുലര്‍ത്തുകയും പരസ്പരം ബഹുമാനിക്കുകയും ചെയ്യുന്ന ഇവര്‍ സിനിമയില്‍നിന്ന് രാഷ്ട്രീയത്തിലെത്തുമ്പോള്‍ ഒന്നിച്ച് നീങ്ങുകയോ പരസ്പരം പോരടിക്കുകയോ ചെയ്യേണ്ടി വരും. പാര്‍ട്ടി പ്രഖ്യാപിക്കുന്നതിനുമുമ്പുതന്നെ രാഷ്ട്രീയത്തില്‍ രജനിയുമായി ഒന്നിച്ച് നീങ്ങാനുള്ള താത്പര്യം കമല്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോഴും ഇതാവര്‍ത്തിക്കുന്നു. തമിഴ്നാട്ടിലെ ജനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ കമലുമായി കൈകോര്‍ക്കുമെന്നാണ് രജനിയുടെ നിലപാട്. അണിയറയില്‍ രജനി-കമല്‍ ചര്‍ച്ചകള്‍ നടക്കുന്നതായായി സൂചനയുണ്ട്.

സിനിമയിലെപ്പോലെ രാഷ്ട്രീയത്തിലും ഇരുവരും വളരെ വ്യത്യസ്തമായ ശൈലിയും നയവും പിന്തുടരുന്നവരാണ്. ആത്മീയ രാഷ്ട്രീമായിരിക്കും തന്റെ നയമെന്ന് രജനി പ്രഖ്യാപിച്ചുകഴിഞ്ഞു. യുക്തിവാദിയായ കമല്‍ ഇടതുപക്ഷ ആശയങ്ങളോട് ആഭിമുഖ്യമുള്ളയാളാണെങ്കിലും പാര്‍ട്ടി പ്രഖ്യാപിച്ചപ്പോള്‍ പറഞ്ഞത് താന്‍ ഇടതുമല്ല, വലതുമല്ല മധ്യത്തിലാണെന്നാണ്. മയ്യം(മധ്യം)എന്ന വാക്ക് പാര്‍ട്ടിയുടെ പേരില്‍ ഉള്‍പ്പെടുത്തിയതും ഇതിന്റെ പേരിലാണ്. അതിനാല്‍ നയങ്ങളുടെ ഭിന്നത രജനിക്കും കമലിനും ഒന്നിക്കുന്നതിന് തടസ്സമാകാന്‍ സാധ്യതയില്ല. സിനിമയിലെപ്പോലെ രാഷ്ട്രീയത്തിലും കമലിന് പിന്തുണ ഏറെയും നഗരങ്ങളില്‍ നിന്നാണെന്ന് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തില്‍ വ്യക്തമായി. ചെന്നൈയിലെ മണ്ഡലങ്ങളിലും കോയമ്പത്തൂരിലും പത്തുശതമാനം വോട്ട് കമലിന്റെ മക്കള്‍ നീതി മയ്യം നേടിയിരുന്നു. രജനിയുടെ ആരാധകരില്‍ ബഹുഭൂരിപക്ഷവും ഗ്രാമീണരായ സാധാരണക്കാരാണ്. അതുകൊണ്ടുതന്നെ ഇരുവരും ഒന്നിച്ചാല്‍ ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും വോട്ട് ക്രോഡീകരിക്കാനാകുമെന്ന പ്രതീക്ഷയുണ്ട്.

ബി.ജെ.പി.യുടെ സ്വപ്നങ്ങള്‍

തനിക്ക് സ്വന്തമാക്കാന്‍ കഴിയാത്തത് തന്നെക്കാള്‍ മിടുക്കനായ മകനിലൂടെ നേടാന്‍ കഴിയുമെന്ന് വിശ്വസിക്കുന്ന അച്ഛനെപ്പോലെയാണ് തമിഴ്നാട്ടില്‍ ബി.ജെ.പി. രജനിയെവെച്ച് നേട്ടം കൊയ്യാമെന്ന് അവര്‍ കരുതുന്നു. രജനി മുന്നോട്ടുവെക്കുന്ന ആത്മീയ രാഷ്ട്രീയത്തിന് ഏറ്റവും ചേരുക തങ്ങളാണെന്നാണ് ബി.ജെ.പി.നേതാക്കളുടെ വാദം. രജനിക്കുപിന്നില്‍ ബി.ജെ.പി.യുണ്ടെന്ന സംശയം ബലപ്പെടുത്തുന്ന തരത്തിലാണ് ഇവരുടെ പ്രതികരണങ്ങള്‍. കഴിഞ്ഞദിവസംവരെ ബി.ജെ.പി. ആശയങ്ങളുടെ വക്താവായിരുന്ന അര്‍ജുന മൂര്‍ത്തി രജനിയുടെ പാര്‍ട്ടിയുടെ കോ-ഓര്‍ഡിനേറ്ററായതും ശ്രദ്ധേയം. ബി.ജെ.പി. കേന്ദ്ര നേതൃത്വത്തില്‍ നിര്‍ണായകസ്വാധീനമുള്ള ആര്‍.എസ്.എസ്. സൈദ്ധാന്തികന്‍ എസ്. ഗുരുമൂര്‍ത്തി, രജനിയുടെ ഉപദേശകരില്‍ ഒരാളാണ്. മരുമകനും നടനുമായ ധനുഷിന്റെ അച്ഛന്‍ കസ്തൂരിരാജ ബി.ജെ.പി. സംസ്ഥാന നിര്‍വാഹക സമിതി അംഗമാണ്. തമിഴ്നാട്ടില്‍ മറ്റേത് പാര്‍ട്ടിയുമായുള്ളതിനെക്കാള്‍ ബി.ജെ.പി.യുമായി അടുപ്പം പുലര്‍ത്തുന്ന രജനി അവരുമായി കൈകോര്‍ക്കാനും കോര്‍ക്കാതിരിക്കാനും സാധ്യതയുണ്ട്. തങ്ങളുടെ പാളയത്തില്‍ എത്തിയില്ലെങ്കിലും രജനിയുടെ രാഷ്ട്രീയപ്രവേശം ദ്രാവിഡ കക്ഷികള്‍ക്കുണ്ടാക്കുന്ന ആഘാതം പില്‍ക്കാലത്ത് തങ്ങളുടെ വളര്‍ച്ചയ്ക്ക് വളമാകുമെന്നും ബി.ജെ.പി. കണക്കുകൂട്ടുന്നു.

content highlights: Rajanikanth into politics analytical story


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:03

'ഇയാള്‍ പുറത്തിറങ്ങി നടക്കുന്നത് കണ്ട് ആളുകള്‍ ഇനിയും കുട്ടികളെയൊക്കെ ആക്രമിക്കും'

Sep 21, 2022


07:35

ജലം തേടി ഭൂമിക്കടിയിലൂടെ സഞ്ചരിക്കുന്ന ഒരാൾ

Apr 13, 2022


Uttarakhand

2 min

'വേശ്യാവൃത്തിക്ക് നിർബന്ധിച്ചു,10,000 രൂപയ്ക്ക് പ്രത്യേക സര്‍വീസ്'; കൊല്ലപ്പെട്ട യുവതിയുടെ സന്ദേശം

Sep 24, 2022

Most Commented