ബേൺ: തട്ടമിട്ടതിന്റെ പേരില്‍ ഉപഭോക്താവ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയ ജീവനക്കാരിയെ പിന്തുണച്ച് ഐക്കിയ കമ്പനി. തട്ടമിട്ട ഐക്കിയ ജീവനക്കാരിക്കെതിരേ റിവ്യു ബുക്കില്‍ വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയത് ശ്രദ്ധയില്‍പ്പെട്ട സ്വിറ്റ്‌സര്‍ലന്‍ഡിലെ ഐക്കിയ സ്‌റ്റോറാണ് പുരോഗമന നിലപാടിനെത്തുടര്‍ന്ന് കയ്യടി നേടിയത്.
'തലയില്‍ തട്ടമിട്ട കാഷ്യറെ കണ്ടത് നിരാശാജനകം. ഇനി ഈ സ്‌റ്റോറില്‍ ഞാന്‍ കാലുകുത്തില്ല എന്നായിരുന്നു ഐക്കിയ ഉപഭോക്താവിന്റെ പ്രതികരണം. എന്നാല്‍ ഈ വര്‍ഗ്ഗീയ വിദ്വേഷത്തിനെതിരേയുള്ള ഐക്കിയയുടെ മറുപടി വലിയ രീതിയിലാണ് സ്വീകരിക്കപ്പെട്ടത്.
"തങ്ങളുടെ കമ്പനി കൃത്യമായ ചില മൂല്യങ്ങള്‍ പിന്തുടരുന്നുണ്ട്. അത് മതത്തിന്റെയും വംശത്തിന്റെയും ലിംഗത്തിന്റെയും വേര്‍തിരിവില്ലാതെ ഒരാളെ ബഹുമാനിക്കുക എന്നതാണ്. ഒരാളെ വസ്ത്രത്തിന്റെ പേരില്‍ അളക്കുന്നതിനു മുമ്പ് നിങ്ങള്‍ അയാളെ കുറിച്ച് കൂടുതല്‍ അറിയേണ്ടതുണ്ട്. പ്രകടമായ രീതിയില്‍ വിവേചനപരമായതിനാല്‍ നിങ്ങളുടെ അഭിപ്രായത്തെ ഞങ്ങള്‍ ഒരു തരത്തിലും സ്വാഗതം ചെയ്യില്ല. നിങ്ങള്‍ക്ക് സ്വന്തമായ അഭിപ്രായങ്ങളുണ്ടാവാമെങ്കിലും ഇത്തരത്തില്‍ പൊതുവിടത്തില്‍ അത് പ്രകടിപ്പിക്കുന്നത് നിയമത്തിന്റെ കണ്ണില്‍ കുറ്റകരമാണ്. അത്തരം വര്‍ഗ്ഗീയ ചിന്തയുമായി നിങ്ങള്‍ ഞങ്ങളുടെ സ്റ്റോറിന്റെ പടി കയറില്ല എന്നത് ഞങ്ങളെ ഒരു തരത്തിലും ദുഃഖിപ്പിക്കില്ല.' എന്നാണ് ഐക്കിയ കമ്പനി ഈ പരാമര്‍ശത്തിനെതിരേ പ്രതികരിച്ചത്.
ഐക്കിയയുടെ മറുപടിക്ക് വന്‍വരവേല്‍പാണ് സാമൂഹിക മാധ്യമങ്ങളില്‍ ലഭിച്ചത്.
content highlights: racist attack against employee by customer, IKEA defends employee