പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിന് ഭക്ഷ്യധാന്യങ്ങളിലും എണ്ണയിലും മറ്റും പോഷകാംശങ്ങള്‍ ചേര്‍ത്ത് പൊതു വിതരണ ശൃംഖലവഴി വിതരണം ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയെ കുറിച്ചുള്ള ആശങ്ക സമൂഹത്തിന്റെ പലഭാഗത്തുനിന്നും ഉയരുന്നുണ്ട്. പോഷക സമ്പുഷ്ടീകരണം(ഫോര്‍ട്ടിഫിക്കേഷന്‍) ഗുണത്തേക്കാളേറേ ദോഷം ചെയ്യുമെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടുമ്പോള്‍ ദരിദ്ര ജനവിഭാഗങ്ങളുടെ പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ പോഷക സമ്പുഷ്ടീകരണം നടത്തിയ  അരി,എണ്ണ, പാല്‍  എന്നിവ സഹായിക്കുമെന്നാണ് മറുവിഭാഗത്തിന്റെ വാദം. പോഷകസമ്പുഷ്ടീകരണത്തിന്റെ ഗുണദോഷങ്ങളെ കുറിച്ച് തന്റെ നിരീക്ഷണം പങ്കുവെക്കുകയാണ് സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ പ്രൊഫ.ആര്‍ രാംകുമാര്‍

രണ്ടു പ്രധാന വിഷയങ്ങള്‍ അംഗീകരിക്കാതെ നമുക്ക് ഈ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ കഴിയില്ല.

1) മനുഷ്യരുടെ ശരീരത്തില്‍ ആവശ്യം വേണ്ട പോഷകങ്ങള്‍ ഇല്ലാത്തത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിതെളിക്കുന്നുണ്ട് എന്നത് ഒരു വാസ്തവമാണ്. ഇന്ത്യയിലെ പകുതിയോളം വരുന്ന ശിശുക്കളിലും സ്ത്രീകളിലും ഇരുമ്പിന്റെയും വിറ്റാമിന്‍ ബി12-ന്റെയും ഫോളിക് ആസിഡിന്റെയും അഭാവം മൂലമുണ്ടാകുന്ന അനീമിയ നിലനില്‍ക്കുന്നു. വിറ്റാമിന്‍ എ-യുടെയും ഡി-യുടെയും അഭാവം മൂലം കുട്ടികളില്‍ അന്ധതയുടെയും എല്ലുകളിലെ ബലക്ഷയത്തിന്റെയും പ്രശ്‌നം നിലനില്‍ക്കുന്നു. ഇവ പരിഹരിക്കേണ്ടതുണ്ട്.

2) ഭക്ഷ്യവസ്തുക്കളുടെ പോഷക-പുഷ്ടീകരണം ഇന്ന് കാര്‍ഷിക-ആരോഗ്യ ശാസ്ത്രലോകത്ത് ഏറെ പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുന്ന ഒരു മേഖലയാണ്. രണ്ടു തരത്തിലുള്ള ഗവേഷണങ്ങളാണ് നടക്കുന്നത്. ഒന്നാമതായി, നമ്മുടെ നിലവിലെ ഭക്ഷ്യവസ്തുക്കളില്‍ തന്നെ മൂലകങ്ങള്‍ ബാഹ്യമായി ചേര്‍ക്കുക. രണ്ടാമതായി, വിളകളുടെ ജനിതകഘടനയില്‍ തന്നെ മാറ്റങ്ങള്‍ വരുത്തി, അവയുടെ ഉത്പന്നങ്ങളില്‍ ആവശ്യം വേണ്ട മൂലകങ്ങളുണ്ടാവും എന്ന് ഉറപ്പ് വരുത്തുക. ഈ രണ്ട് മേഖലയിലെയും പുതിയ കണ്ടുപിടിത്തങ്ങള്‍ അറിവിന്റെ പുതിയ വാതായാനങ്ങള്‍ മനുഷ്യന് മുന്‍പില്‍ തുറന്നിട്ടിട്ടുണ്ട്. ഇവയോട് പുറംതിരിഞ്ഞു നില്‍ക്കുന്നത് തീര്‍ത്തും തെറ്റായതും അശാസ്ത്രീയവുമായ നിലപാടാകും. നമുക്ക് വേണ്ടത് ഒരു തുറന്ന മനോഭാവവും നിലപാടുമാണ്.

rice

സന്തുലിത ഭക്ഷണ രീതി പോഷകാഹാരക്കുറവ് പരിഹരിക്കും, പക്ഷെ അത് മാത്രം മതിയോ

ഒരു സംശയവും വേണ്ട ശരീരത്തിലെ പോഷകങ്ങളുടെ അഭാവങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഏറ്റവും ശാസ്ത്രീയവും അനുയോജ്യവുമായ മാര്‍ഗ്ഗം വൈവിദ്ധ്യമാര്‍ന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ (പാല്‍-ഇതര മൃഗ-പ്രോട്ടീനുകള്‍ ഉള്‍പ്പെടുന്നവ) കഴിക്കുക എന്നത് തന്നെയാണ്. പോഷകങ്ങളില്‍ സന്തുലിതമായ ഒരു ഭക്ഷണരീതി അവലംബിക്കുന്നത് തന്നെയാണ് ഏറ്റവും നല്ല വഴി. എന്നാല്‍ അത് മാത്രമാണ് പരിഹാരം എന്ന് കാണുന്നത് പൂര്‍ണ്ണമായും ശരിയാവും എന്ന് തോന്നുന്നില്ല. പോഷകങ്ങളില്‍ സന്തുലിതമായ ഒരു ഭക്ഷണരീതി സാര്‍വ്വത്രികമായി യാഥാര്‍ത്ഥ്യമാക്കുന്നതിന് ഒട്ടേറെ സാമൂഹ്യവും സാംസ്‌കാരികവും സാമ്പത്തികവുമായ തടസ്സങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഈ തടസ്സങ്ങളെ മറികടക്കുന്നതിന് ശാസ്ത്രലോകം നമുക്ക് മുന്‍പില്‍ ലഭ്യമാക്കുന്ന പുതിയ അറിവുകളെയും കണ്ടുപിടിത്തങ്ങളെയും ഉപയോഗിക്കേണ്ടി വരും. ഈ പശ്ചാത്തലത്തിലാണ് ഭക്ഷണത്തിലെ പോഷക-പുഷ്ടീകരണത്തിന്റെ പുതിയ സാധ്യതകള്‍ നമുക്ക് ചര്‍ച്ചയാകേണ്ടത്.

ഇപ്പോള്‍ തന്നെ പോഷക-പുഷ്ടീകരിക്കപ്പെട്ട ഭക്ഷണപദാര്‍ത്ഥങ്ങള്‍ നമ്മള്‍ കഴിക്കുന്നുണ്ട് എന്നതും നമ്മള്‍ മറക്കരുത്. ഉദാഹരണത്തിന് അയഡിന്‍ കൊണ്ടു പുഷ്ടീകരിക്കപ്പെട്ട ഉപ്പ് 1962 മുതല്‍ നമ്മള്‍ ഉപയോഗിച്ചു വരുന്നു. ഇന്ന് ഇന്ത്യയില്‍ ലഭ്യമായ 70 ശതമാനത്തോളം പാക്ക് ചെയ്ത ഭക്ഷ്യ-എണ്ണകളിലും വിറ്റാമിന്‍ എ-യും ഡി-യും കൊണ്ടുള്ള പുഷ്ടീകരണം നടക്കുന്നു. അത് പോലെ, ഇന്ന് ഇന്ത്യയില്‍ ലഭ്യമാകുന്ന പാക്ക് ചെയ്ത പാലിന്റെ മൂന്നിലൊന്നും പുഷ്ടീകരണം ചെയ്യപ്പെട്ടതാണ്. എന്നാല്‍ നമ്മുടെ പോഷകാഹാരക്കുറവിന് പരിഹാരമായി വളരെ യാന്ത്രികമായും ഏകപക്ഷീയമായും പോഷക-പുഷ്ടീകരണത്തെ സ്വീകരിക്കുന്നതിലും പ്രശ്‌നങ്ങളുണ്ട്.

പുരുഷന്മാരില്‍ അനീമിയ കുറവാണ്; എന്നാല്‍ സ്ത്രീകളില്‍ അനീമിയ കൂടുതലാണ്. അപ്പോള്‍, സ്ത്രീകള്‍ക്കാണ് ഇരുമ്പ് കൊണ്ട് പുഷ്ടീകരിക്കപ്പെട്ട ഭക്ഷണത്തിന്റെ ആവശ്യം കൂടുതല്‍. അപ്പോള്‍ ഇരുമ്പിനാല്‍ പുഷ്ടീകരിക്കപ്പെട്ട ഭക്ഷണം അനാവശ്യമായി അനീമിയ ഇല്ലാത്ത പുരുഷന്മാരും കഴിക്കണോ? അപ്പോള്‍ ഒരു വീട്ടില്‍ തന്നെ രണ്ടു തരത്തിലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വാങ്ങേണ്ടി വരുന്ന പ്രശ്‌നമില്ലേ? അത് പോലെ, എല്ലാവര്‍ക്കും ഒരേ പോലെയുള്ള പോഷകങ്ങളുടെ അഭാവമല്ല ശരീരത്തിലുള്ളത്. ചിലര്‍ക്ക് വിറ്റാമിന്‍ ഡി-യുടെ അഭാവം കൂടുതലും വിറ്റാമിന്‍ എ-യുടെ അഭാവം കുറവുമായിരിക്കും. മറ്റുള്ളവര്‍ക്ക് മറ്റ് പോഷകങ്ങളുടെ അഭാവം ആയിരിക്കാം ശരീരത്തിലെ പ്രശ്‌നം. മറ്റു ചിലര്‍ക്ക്, ഇരുമ്പ് പോലെയുള്ള പോഷകങ്ങള്‍ ആവശ്യത്തിന് കഴിച്ചാലും അവയുടെ ശരീരത്തിലെ ആഗിരണം ഒരു പ്രശ്‌നമാവാം. ഇങ്ങിനെയുള്ള പല കേസുകളിലും കൂടുതല്‍ മൃഗങ്ങളില്‍ നിന്നുള്ള പ്രോട്ടീനുകള്‍ കഴിക്കുകയോ അല്ലെങ്കില്‍ ഇരുമ്പ് അടങ്ങിയ ഭക്ഷണത്തിന്റെ കൂടെ വിറ്റാമിന്‍-സി അടങ്ങിയ പഴങ്ങളും പച്ചക്കറികളും ചേര്‍ത്ത് കഴിക്കുകയോ വഴി ശരീരത്തിലെ പോഷകങ്ങളുടെ ആഗിരണം മെച്ചപ്പെടുത്താം എന്ന് വിദഗ്ദര്‍ പറയുന്നു.

അങ്ങനെ വരുമ്പോള്‍ ഓരോ സമൂഹത്തിനും, ഓരോ ജനവിഭാഗത്തിനും, പ്രത്യേകമായ പ്രശ്‌നങ്ങളുണ്ട് എന്നും അതിനനുസരിച്ച് വികേന്ദ്രീകൃതമായതും വൈവിദ്ധ്യമാര്‍ന്നതുമായ ഒരു പോഷകാഹാര പരിപാടി വേണം എന്നും തിരിച്ചറിയുകയാണ് വേണ്ടത്. ആ പരിപാടിക്ക് ശാസ്ത്രീയമായ പിന്‍ബലവും വിദഗ്ധരുടെയും ഡോക്ടര്‍മാരുടെയും മേല്‍നോട്ടവും വേണം. എന്നാല്‍ ഇത്തരത്തിലുള്ള ഒരു പോഷകാഹാര പരിപാടിക്ക് വേണ്ട വികേന്ദ്രീകൃതമായ കണക്കുകള്‍ ഇന്ന് ലഭ്യമല്ല. അത് ലഭ്യമാക്കണം. അതിന് പ്രത്യേകം സര്‍വേകള്‍ സര്‍ക്കാരുകള്‍ നടത്തണം. ഈ അടിസ്ഥാനത്തില്‍ പോഷക-പുഷ്ടീകരണം വേണ്ടയിടത്ത് അവ സ്വീകരിക്കാന്‍ നമ്മള്‍ തയ്യാറാവണം. മറിച്ച്, രാജ്യത്തിനൊന്നടങ്കം ഒരു ഒറ്റമൂലി എന്ന രീതിയില്‍ ഒരേ രീതിയിലുള്ള പോഷക-പുഷ്ടീകരണം നടപ്പിലാക്കുന്നത് ചിലപ്പോള്‍ അപകടം ക്ഷണിച്ചു വരുത്തിയേക്കാം.

milk

പോഷ്‌ക പുഷ്ടീകരണവും കമ്പനികളുടെ ലാഭേച്ഛയും

മേല്പറഞ്ഞ അപകടത്തിന്റെ സാധ്യതക്ക് മറ്റൊരു പശ്ചാത്തലം കൂടിയുണ്ട്. ഇന്ന് വലിയ കുത്തക കമ്പനികളുടെ പ്രഭാവം പുഷ്ടീകരിക്കപ്പെട്ട ഭക്ഷ്യസംസ്‌കരണ മേഖലയിലുണ്ട്. രാജ്യത്ത് മുഴുവന്‍ ഒരു ഒറ്റമൂലി എന്ന രീതിയില്‍ പോഷക-പുഷ്ടീകരണം നടപ്പില്‍ വരുത്തുന്നതും ഈ കമ്പനികളുടെ ലാഭേച്ഛയും തമ്മില്‍ ബന്ധമുണ്ട് എന്നത് കാണാതെ പോകരുത്. അത് കൊണ്ട് തന്നെ, കൃത്യമായ ശാസ്ത്രീയ അടിത്തറയുടെയും വിദഗ്ധ അഭിപ്രായത്തിന്റെയും മുകളില്‍ മാത്രമേ ഈ വിഷയത്തില്‍ അവസാന തീരുമാനങ്ങള്‍ എടുക്കാവൂ. അതേ സമയം, ഒരു ശാസ്ത്രീയ അടിത്തറയോ തെളിവോ ഇല്ലാതെ, വെറും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ പോഷക-പുഷ്ടീകരണവുമായി ബന്ധപ്പെട്ട് അനാവശ്യ ഭയാശങ്കകള്‍ സൃഷ്ടിക്കുന്നവരെ അകറ്റി നിര്‍ത്തുകയും വേണം. അതാണ് പുരോഗമന പ്രസ്ഥാനങ്ങള്‍ സ്വീകരിക്കേണ്ട നിലപാട്.

അപ്പോള്‍ മൂന്ന് പ്രധാന വിഷയങ്ങള്‍ ഇവിടെ നമുക്ക് സംഗ്രഹമായി പറയാം. ഒന്ന്, നമുക്ക് പോഷകങ്ങളില്‍ സമീകൃതവും സന്തുലിതവുമായ ഒരു ഭക്ഷണരീതി വേണം. രണ്ടു, ഇതിനു സഹായകമായ രീതിയില്‍ നമ്മുടെ റേഷന്‍ സംവിധാനത്തെ വിപുലീകരിക്കണം. ഭക്ഷ്യധാന്യങ്ങള്‍ക്ക് പുറമെ ഭക്ഷ്യ-എണ്ണയും പയര്‍വര്‍ഗ്ഗങ്ങളും കഴിയുമെങ്കില്‍ മാംസ-ഉത്പന്നങ്ങളും നമുക്ക് റേഷന്‍ സംവിധാനത്തിലൂടെ ജനങ്ങള്‍ക്ക് നല്‍കാനാകണം. മൂന്ന്, വികേന്ദ്രീകൃതമായ പോഷകാഹാരക്കുറവുമായി ബന്ധപ്പെട്ട കണക്കുകള്‍ നമുക്ക് വേണം. അതിന്റെ അടിസ്ഥാനത്തില്‍ വികേന്ദ്രീകൃതമായതും വൈവിധ്യമുള്ളതുമായ ഒരു പോഷകാഹാര പരിപാടി വേണം. അവസാനമായി, പോഷക-പുഷ്ടീകരണത്തിന്റെ മേഖലയിലെ ശാസ്ത്ര-ഗവേഷണ പരിപാടികള്‍ പ്രോത്സാഹിപ്പിക്കപ്പെടണം. നമുക്ക് ആവശ്യമായ സ്ഥലത്ത് ഇവ ഉപയോഗിക്കാന്‍ കഴിയുകയും വേണം.

(സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗവും സാമ്പത്തിക ശാസ്ത്രജ്ഞനുമാണ് ലേഖകൻ)

content highlights: R Ramkumar Speaks about the importance of fortified food supply and share some concerns