വിശ്വനാഥൻ
ആദിവാസികളെന്നാല്‍ കഴിവില്ലാത്തവരാണ്, കക്കാനല്ലാതെ എന്തറിയാം എന്ന തോന്നലുകളുടെ പുറത്താണ് മോഷണക്കുറ്റവും ആള്‍ക്കൂട്ട മര്‍ദനവും ഉണ്ടാവുന്നത്. അറസ്റ്റ് ചെയ്താല്‍ ചോദിക്കാനും പറയാനും ആളില്ല. തൊണ്ടിമുതല്‍ പിന്നെ സംഘടിപ്പിച്ചാലും ആരും ചോദിക്കില്ല'
ആദിവാസി സമൂഹത്തിന് നേരെ പൊതുജന സമീപനത്തില്‍ മാറ്റമില്ലെന്നോര്‍മ്മിപ്പിക്കുകയാണ് ആദിവാസി പ്രവര്‍ത്തകനായ നാരായണ്‍ എം.ശങ്കരന്‍. വിശ്വാഥന്‍ എന്ന ആദിവാസി യുവാവിന്റെ മരണത്തോടെ ആദിവാസികളോടുള്ള പൊതുസമീപനം വീണ്ടും വാര്‍ത്തകളിലിടം നേടുകയാണ്. എന്നാല്‍ ഇത്തരത്തില്‍ എന്തെങ്കിലും സംഭവ വികാസങ്ങളുണ്ടാകുമ്പോള്‍ വെളിച്ചത്തേക്ക് വരേണ്ട സമൂഹമാണോ ആദിവാസികളുടേത്?അവര്‍ക്കെന്തും നേടാം....ആദിവാസികളല്ലേ എന്നുള്ള മനോഭാവമാണ് പലര്‍ക്കും. സംവരണവും നിയമപരിരക്ഷയടക്കമുള്ള അവകാശങ്ങള്‍ ഔദാര്യമായി കാണുന്ന സമൂഹത്തിന് ആദിവാസികളും മനുഷ്യ ജീവികള്‍ തന്നെയാണെന്ന തിരിച്ചറിവ് ഇനിയും വന്നിട്ടില്ല.
രൂപം നോക്കി ആളെ അളക്കുന്നവരാണ് മലയാളികള്‍. ആദിവാസികളോടുള്ള സമീപനത്തിലും മറിച്ചല്ല സംഭവിക്കുന്നത്. ഗോത്ര വിഭാഗത്തിലെ പണിയ, അടിയ വിഭാഗങ്ങളോട് പൊതുവേ മോശം സമീപനമാണ് പൊതുസമൂഹം വെച്ച് പുലര്‍ത്തുന്നത് - സാമൂഹ്യ പ്രവര്‍ത്തകനായ ഡോ.കെ.പി നിധീഷ് കുമാര്‍ പറയുന്നു.
ചരിത്രം പരിശോധിച്ചാല്‍ പോലും ഇത്തരത്തിലുള്ള വേര്‍തിരിവുകള്‍ വ്യക്തമാണ്. പണിയ, അടിയ എന്നിങ്ങനെ പേരുകള്‍ വരാന്‍ കാരണം തന്നെ ഇത്തരത്തിലുള്ള വേര്‍തിരിവുകളാണ്. വയനാട് ആദിവാസി വിഭാഗങ്ങള്‍ വലിയ തോതിലുള്ള മേഖലയാണ്. ഇവിടങ്ങളില്‍ പോലും അയിത്തം കല്‍പ്പിക്കാത്തവര്‍ പോലും അവരോട് അടുത്തിടപഴകാറില്ല. സമീപനങ്ങളിലാണ് മാറ്റം ആദ്യമുണ്ടാവേണ്ടത്. മറ്റ് ജനവാസ മേഖലയില്‍നിന്നും അകന്ന് കഴിയുന്നവരാണ് ആദിവാസി ജനത. അവര്‍ പൊതുസമൂഹത്തില്‍നിന്നു മാറ്റി നിര്‍ത്തപ്പെണ്ടേവരാണെന്ന പൊതുബോധം ഇത് സൃഷ്ടിക്കുന്നുണ്ട്. പൊതുമണ്ഡലങ്ങളില്‍ ഇവര്‍ക്ക് തീരെ പ്രാതിനിധ്യമില്ല. ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റ് പോലും ഇത്തരമൊരു മാറ്റങ്ങള്‍ക്ക് പണം വിനിയോഗിക്കുന്നില്ല.
ആദിവാസി വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സംവരണം നല്‍കുന്നത് പൊതുസമൂഹം എന്തോ തെറ്റെന്ന രീതിയിലാണ് കാണുന്നത്. എല്ലാം കിട്ടുന്നവരല്ലേ, അവര്‍ക്കെല്ലാം ഉണ്ടല്ലോ എന്നൊരു പൊതുബോധം നിലവിലുണ്ട്. പഠിച്ചില്ലെങ്കില്‍ പോലും ജോലി കിട്ടുന്നവരായിട്ടാണ് അവര്‍ കണക്കാക്കപ്പെടുന്നത്. ആദിവാസി വിഭാഗക്കാരെ മാത്രമല്ല, ദളിതരെ അടക്കം എന്തു ചെയ്താലും കുഴപ്പമില്ലെന്നൊരു ചിന്ത നിലവിലുണ്ട്. വാളയാര്‍ പെണ്‍കുട്ടികളുടെ കാര്യത്തിലും സംഭവിച്ചത് മറ്റൊന്നല്ല. ആദിവാസി വിഭാഗത്തില്‍പ്പെടുന്ന കുട്ടികള്‍ സ്‌കൂള്‍ കാലം മുതല്‍ അവഗണന നേരിടാന്‍ തുടങ്ങുന്നു. ചെറിയൊരു വളര്‍ച്ച അവന്‍ അല്ലെങ്കില്‍ അവളില്‍ ഉണ്ടായാല്‍ പോലും തളര്‍ത്തുന്ന മനോഭാവമാണ് പുലര്‍ത്തുന്നത്. അവരെ ഒന്ന് തൊടാന്‍ പോലും പൊതുസമൂഹം മടിക്കുന്നു.
73.06 % ആദിവാസി കുട്ടികളും അംഗനവാടി സംവിധാനത്തിലേക്ക് പോകുന്നില്ല. ഇത്തരമൊരു മാറ്റിനിര്‍ത്തല്‍ തുടങ്ങുന്നത് തന്നെ വിദ്യാഭ്യാസ കാലയളവിലാണ്. 21-ാം നൂറ്റാണ്ടില്‍ പോലും ആദിവാസികളോടുള്ള പൊതുസമൂഹത്തിന്റെ സമീപനത്തില്‍ മാറ്റം വന്നിട്ടില്ലെന്ന് ആദിവാസി വനിതാ പ്രസ്ഥാനം പ്രസിഡന്റായ അമ്മിണി കെ.വയനാടും സാക്ഷ്യപ്പെടുത്തുന്നു. ഇതിന്റെ ഉത്തമോദാഹരണമാണ് മധുവിന്റേതും വിശ്വനാഥന്റേതടക്കമുളള മരണങ്ങള്‍. ഇക്കൂട്ടത്തില്‍ അറിയപ്പെടാതെ പോകുന്ന എത്രയോ മരണങ്ങളുണ്ടാകാം. ഭക്ഷണം കഴിച്ചതു പോലും മോഷണക്കുറ്റമായി ചുമത്തപ്പെടുന്നു.
ആദിവാസികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ദിനംപ്രതി വര്‍ധിച്ച് വരികയാണ്. നീര്‍ച്ചാല്‍ വാര്‍ഡില്‍ കൂലി നൂറ് രൂപയധികം ചോദിച്ചതിന് ഒരു മധ്യവയ്‌സകനായ ആദിവാസിയെ പൊതിരെ തല്ലുകയുണ്ടായി. ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ്. ഇങ്ങനെ ഒന്നിനു പിറകേ മറ്റൊന്നായി ആക്രമങ്ങള്‍ പെരുകുകയാണ്. എസ്.എം.എസ് എന്ന പേരിലൊരു മൊബൈല്‍ സക്വാഡ് ആദിവാസികള്‍ക്ക് വേണ്ടി വയനാട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്‌പെഷ്യല്‍ കോടതിയുണ്ട്. എസ്.എം.എസില്‍ പോകേണ്ട കേസുകള്‍ 24 മണിക്കൂറിനുള്ളില്‍ എഫ്.ഐ.ആര്‍ ഇട്ട് അന്വേഷണം നടത്തണമെന്ന് റിപ്പോര്‍ട്ടുണ്ട്. പക്ഷേ, അന്വേഷണം നടത്തുന്ന ഡിവൈ.എസ്.പി പോലും ഒടുവില്‍ അത്തരമൊരു സംഭവം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് റിപ്പോര്‍ട്ടാണ് കോടതിക്ക് നല്‍കുന്നത്. ഇവര്‍ക്കായി നിലവില്‍ വന്ന ഭരണ സംവിധാനങ്ങള്‍ പോലും ഫലപ്രദമല്ലെങ്കില്‍ പിന്നെ എവിടെയാണ് ആദിവാസികള്‍ക്ക് നീതി ലഭിക്കുക.
Content Highlights: public society doesn't consider tribal group as humans
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..