പ്രതീകാത്മക ചിത്രം | Photo: Gettyimage
"എടീ പട്ടി.., കുരങ്ങി....! കുഞ്ഞില്ലാത്തോണ്ട് അദ്ദേഹത്തിന്റെ അമ്മ എന്നെ വിളിക്കുന്നത് ഇങ്ങനെയൊക്കെയാണ്. പത്ത് വർഷത്തോളമായി ഇതാണ് ആ വീട്ടിലെ എന്റെ വിളിപ്പേര്. ഭക്ഷണം എടുത്ത് കൊടുക്കാനോ മരുന്നിനോ ചായക്കോ... എന്ത് ചെയ്ത് കൊടുക്കാനാണെങ്കിലും അങ്ങനെ വിളിക്കൂ. എടീ മാത്രമോ തെറിയോ വിളിച്ചാൽ പോലും പ്രശ്‌നമില്ലായിരുന്നു. ഇതിപ്പോ മൃഗത്തെ പോലെ...? അദ്ദേഹവും ഒരു ദാക്ഷണ്യവും കാണിക്കില്ല, കുഞ്ഞുണ്ടായില്ലേൽ വീട്ടിൽ കൊണ്ടാക്കും എന്ന് പറഞ്ഞു കൊണ്ടിരിക്കും. കൃത്രിമ ഗർഭധാരണത്തിനായി നിജപ്പെടുത്തിയ പ്രായപരിധി പുനഃപരിശോധിക്കാൻ കേന്ദ്ര സർക്കാരിന് ഹൈക്കോടതിയുടെ നിർദേശം വന്നപ്പോൾ കേസിന് പിന്നിലെ ദമ്പതികളുടെ പോരാട്ടത്തെ കുറിച്ചറിയാനുള്ള സംസാരത്തിനിടെ ആദ്യം കേട്ട വാക്കുകൾ ഇതായിരുന്നു. പേരും മറ്റ് വിവരങ്ങളും പുറത്ത് പറയില്ലെന്ന ഉറപ്പിലാണ് അവരുമായുള്ള സംസാരം മുന്നോട്ട് പോയത്.
പതിനെട്ടാം വയസിൽ വിവാഹം കഴിഞ്ഞു. കഞ്ചാവും മറ്റു ലഹരിമരുന്നുകളും കഴിച്ച് സ്ഥിരം പ്രശ്‌നക്കാരനായിരുന്ന ആളെയാണ് ജീവിതപങ്കാളിയായി ആദ്യം കിട്ടിയത്. തുടക്കം മുതലേ അടിയും വഴക്കും. അതിനിടെ രണ്ടാം മാസത്തിൽ ഗർഭിണിയായി. അയാളുടെ ഉപദ്രവം അപ്പോഴും നിന്നില്ല. വയറിനൊക്കെയായിരുന്നു ചവിട്ട്. അടി കൊണ്ട് അടികൊണ്ട് അവസാനം ആ കുഞ്ഞങ്ങ് പോയി. നിൽക്കകള്ളിയില്ലാതായതോടെ വീട്ടുകാർ എന്നെ തിരിച്ച് വീട്ടിലേക്ക് കൂട്ടി. പിന്നെ കുടുംബവീട്ടിൽ പത്ത് വർഷത്തിലധികം നിന്നു. അപ്പോഴാണ് രണ്ടാം വിവാഹം. സ്‌കൂൾ അധ്യാപികയുടെ മകനാണ് വരൻ. വിവാഹമോചിതൻ. നല്ലൊരു ജീവിതം പ്രാർത്ഥിച്ച് ആ വിവാഹത്തിനൊരുങ്ങി. 35 പവനോളം സ്വർണവും പണവും നൽകിയാണ് വീട്ടുകാർ വിട്ടത്.
അധ്യാപികയായ അമ്മായിഅമ്മ ഇടയ്ക്കിടെ പ്രശ്‌നങ്ങളുണ്ടാക്കും. സൗന്ദര്യം പോരെന്നും പെണ്ണു കാണാൻ വന്നപ്പോൾ ഇഷ്ടപ്പെട്ടില്ലെന്നുമായിരുന്നു ആദ്യകാലത്തെ പ്രശ്‌നങ്ങളുടെ കാരണം. എന്നാലും ആദ്യവിവാഹത്തെക്കാൾ സുഖകരമായിരുന്നു അവിടെ. ആറ് മാസത്തിൽ ഗർഭിണിയായി. അദ്ദേഹത്തിന്റെ അമ്മ അന്നും റെസ്റ്റ് എടുക്കാനൊന്നും സമ്മതിക്കില്ല. ഇടയ്ക്കിടെ സ്‌റ്റെപ്പ് കയറ്റി മുകളിലേക്ക് ഓരോ ആവശ്യത്തിന് വിളിച്ച് കൊണ്ടിരിക്കും. അദ്ദേഹവും അതൊക്കെ സാധാരണം എന്ന് പറഞ്ഞ് തള്ളി. അവസാനം ആ കുഞ്ഞ് വയറ്റിൽ വെച്ച് മരിച്ചു. മൂന്ന് മക്കൾ പ്രസവത്തോടെ മരിച്ച ദുഃഖം അനുഭവിച്ച വ്യക്തിയാണ് അദ്ദേഹത്തിന്റെ അമ്മ. പോരാത്തതിന് അധ്യാപികയും അവരാണ് എന്നോട് ഇതൊക്കെ ചെയ്തത്. പിന്നീട് ഗർഭിണിയാവാതെ വന്നു, അതോടെയാണ് ഈ വിളിപ്പേരുകൾ സ്ഥിരമായി കിട്ടിയത്. ഗർഭമലസി ഒരു വർഷം കഴിഞ്ഞാണ് ഡോക്ടറെ കാണുന്നത്.
.jpg?$p=1c4084d&&q=0.8)
അന്ന് മുതൽ ചികിൽസയാണ്. അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥയായിരുന്നു വില്ലൻ. പക്ഷെ, അതൊന്നും അദ്ദേഹമോ അമ്മയോ കണക്കിലെടുക്കില്ല. കുഞ്ഞുണ്ടാകും വരെ ഡോക്ടറെ കാണലും ചികിൽസയുമൊക്കെ എന്റെ ഉത്തരാവദിത്വം എന്നാണ് അവർ പറയുന്നത്, ഞാൻ പണം കണ്ടെത്തണമത്രേ. ജോലിയോ വരുമാനമോ ഇല്ല, ആരോടും ചോദിക്കാനുമില്ല. അദ്ദേഹം ജോലിയ്ക്ക് പോവുകയും ഇല്ല, പോയാൽ തന്നെ ആ പണം ഇതിനായി തരാനും പോണില്ല. നിവൃത്തിയില്ലല്ലോ, ഓരോ തവണയും സ്വർണം എടുത്ത് കൊടുത്തും എന്റെ വീട്ടുകാരുടെ സഹായവും കൊണ്ടാണ് പത്ത് വർഷം തുടർച്ചയായി വന്ധ്യതാചികിൽസ നടത്തിയത്. ചികിൽസ ശാരീരികമായും മാനസികമായും തളർത്തി. ഓരോ തവണ ഐ.വി.എഫിന് ചെല്ലുമ്പോഴും ഇതെങ്കിലും ശരിയാകും, കുഞ്ഞുണ്ടായാൽ ഈ പ്രശ്‌നങ്ങളൊക്കെ തീരുമെന്നായിരുന്നു പ്രതീക്ഷ.
ഇതിനിടെ പ്രായം കൂടിയതിനാൽ ഇനി ചികിൽസ ചെയ്യാൻ സാധിക്കില്ലെന്ന നിയമം വന്നത്. കുറച്ചുനാൾ ഭർത്യവീട്ടുകാരോട് മറച്ചുവച്ചു. അതിനും പരിധിയില്ലേ, അറിഞ്ഞപ്പോൾ വിവാഹമോചനം വാങ്ങി വീട്ടിലേക്ക് പോകാനാണ് അവർ പറഞ്ഞത്. അവസാനശ്രമമെന്ന നിലയിലാണ് കേസിന് പോയത്. ചികിത്സിക്കുന്ന ഡോക്ടറാണ് നിലവിൽ ചികിൽസയിൽ ഇരിക്കുന്നവർക്കെങ്കിലും ഒരു ഇളവ് കിട്ടിയേക്കുമെന്ന പ്രതീക്ഷ പറഞ്ഞത്. അതിന് വേണ്ടി ഒരു വർഷം കോടതി കയറി ഇറങ്ങി. അദ്ദേഹത്തിന്റെ പ്രായപരിധി കഴിഞ്ഞതുകൊണ്ട് കഴിഞ്ഞ ഡിസംബറിൽ വീട്ടിലേക്ക് തിരിച്ച് പോവണമെന്ന് ഇവിടെയുള്ളവർ പറഞ്ഞതാണ്. സ്വർണം തിരിച്ചുതരേണ്ടി വരുമെന്ന് എന്റെ വീട്ടുകാർ പറഞ്ഞതോടെയാണ് ഇവിടെ പിടിച്ച് നിൽക്കുന്നത് പോലും, അതും എന്ന് വരെയെന്ന് അറിയില്ല. അവർ പറഞ്ഞു നിർത്തി
ചികിൽസയ്ക്ക് അവരുടെ കൈയിൽ പണമില്ല. അത് എങ്ങനെയുണ്ടാക്കുമെന്നും അറിയില്ല. സ്ത്രീ സുരക്ഷയ്‌ക്കെന്ന് പറഞ്ഞ് വന്ന കൃത്രിമ ഗർഭധാരണ സാങ്കേതിക നിയന്ത്രണ നിയമം പ്രായോഗിക തലത്തിലേക്ക് എത്തിയപ്പോഴാണ് ഈ സ്ത്രീക്ക് ഇത്രയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നത്. കുഞ്ഞുണ്ടാവുക, അതിന് ആവശ്യമായ ചികിത്സ ഉറപ്പാക്കുക, ഭർത്താവിന്റെ പ്രായം കവിഞ്ഞതുകൊണ്ട് കോടതിയെ സമീപിക്കൽ എല്ലാം സ്വന്തം ചുമലിലായി പോയ ഒരു സ്ത്രീ. അവിടേക്കാണ് ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ പ്രത്യുൽപാദന അവകാശത്തിന് പ്രായപരിധി നിശ്ചയിക്കുന്ന നിയമം ഭരണകൂടം കൊണ്ടുവന്നത്. 34-ൽ ഓരോ ദമ്പതികളുടെയും ജീവിതം വ്യത്യസ്തതകൾ നിറഞ്ഞതാണ്. കുഞ്ഞില്ലാതെ 50-ാം വയസിലും സമൂഹത്തിൽ അതിജീവിക്കാൻ സാധിക്കില്ലെന്ന പൊതുഘടകം അവരെ ഒരുമിച്ച് നിർത്തുന്നു. അത്രത്തോളം ക്രൂരത നിറഞ്ഞ ചോദ്യങ്ങളും അനുഭവങ്ങളുമാണ് ഇതുവരെ ഓരോ സ്ത്രീയ്ക്കും ഉണ്ടായിട്ടുള്ളത്. അതിൽനിന്ന് മോചനം നേടാനുള്ള അവസാനശ്രമത്തിന്റെ ഭാഗം മാത്രമാണ് ഒരു തവണ കൂടി ഐ.വി.എഫ്. ചെയ്യാൻ ലഭിക്കുന്ന അനുമതി. അതും വിജയകരമാവുമെന്ന ഉറപ്പൊന്നും ആർക്കും ഇല്ല.

വില്ലനായ കൃത്രിമ ഗർഭധാരണ സാങ്കേതിക നിയന്ത്രണ നിയമം?
കൃത്രിമ ഗർഭധാരണ ക്ലിനിക്കുകളെ നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ള ആർ.ടി .ബിൽ 2021 അവസാനമാണ് പാർലമെന്റ് പാസാക്കിയത്. ഇത് നിയമമായതോടെ പ്രതിസന്ധിയിലായത് പ്രായമേറിയ ദമ്പതികളാണ്. കൃത്രിമ ഗർഭധാരണ സാങ്കേതിക നിയന്ത്രണ നിയമം 2021-ന്റെ വകുപ്പ് 21 (ജി) പ്രകാരം കൃത്രിമഗർഭം ധരിക്കുന്ന ദമ്പതിമാരിൽ പുരുഷൻമാർക്ക് 55-ഉം സ്ത്രികൾക്ക് 50ഉം വയസ് തികയാൻ പാടില്ലെന്ന് നിഷ്‌കർഷിക്കുന്നുണ്ട്. നിയമം പ്രാബല്യത്തിൽ വന്ന സമയം ചികിത്സ നടത്തുന്നവർക്കും ഈ ചട്ടങ്ങൾ ബാധകമായി. കൃത്രിമഗർഭധാരണത്തിലൂടെ ജനിക്കുന്ന കുഞ്ഞിന് പ്രായപൂർത്തിയാകുമ്പോൾ മാതാപിതാക്കളുടെ പ്രായം കൂടി കണക്കുകൂട്ടിയാണ് സ്ത്രീകൾക്ക് അമ്പതും പുരുഷൻമാർക്ക് അമ്പത്തഞ്ചുമായി പ്രായപരിധി ചുരുക്കിയത്. 42 വയസുവരെയാണ് ഒരു സ്ത്രീയിൽ അണ്ഡത്തിന്റെ സംഭരണശേഷി. 52 വയസാകുന്നതോടെ ആർത്തവവിരാമം സംഭവിക്കുന്നു എന്നതും ഘടകമായി.
ഇതോടെ തുടർ ചികിൽസ പ്രതിസന്ധിയിലായ 34 ദമ്പതികളാണ് 21 (ജി) വകുപ്പിന് എതിരേ ഹൈക്കോടതിയെ സമീപിച്ചത്. ഭരണഘടന ഉറപ്പ് നൽകുന്ന വ്യക്തി സ്വാതന്ത്യത്തിന് എതിരാണെന്നാണ് ഹർജികൾ ചൂണ്ടിക്കാട്ടിയത്. ഹർജിക്കാരിൽ മിക്കവരും നിയമം നിഷ്‌കർഷിക്കുന്ന പ്രായപരിധി തികയുന്നതിന് മുൻപ് തന്നെ കൃത്രിമ ഗർഭധാരണത്തിനായി ചികിത്സ തുടർന്നുവന്നവരായിരുന്നു. ഒരു വർഷം നീണ്ട നിയമപോരാട്ടത്തിന് ഒടുവിലാണ് ഇവർക്ക് ജസ്റ്റിസ് വിജി അരുൺ 2023 ജനുവരിയിൽ ഇളവ് അനുവദിച്ചത്. ഇവർക്ക് കൃത്രിമ ഗർഭധാരണം നിഷേധിക്കുന്നത് യുക്തിരഹിതവും ഏകപക്ഷീയവും അകാരണവും അവകാശലംഘനവും ആണെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്. നിയമം പ്രാബല്യത്തിലായ ജനുവരി മാസം ചികിത്സയിൽ ഉണ്ടായിരുന്നവർക്കാണ് ഇളവ്.

നിയമത്തിലെ മറ്റ് വ്യവസ്ഥകൾ
വന്ധ്യതനിവാരണ ക്ലിനിക്കുകളും അണ്ഡ-ബീജ ബാങ്കുകളും നാഷണൽ രജിസ്ട്രി ഓഫ് ബാങ്ക്‌സ് ആൻഡ് ക്ലിനിക്സ് ഓഫ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്യണം. സംസ്ഥാന സർക്കാരുകൾ രജിസ്‌ട്രേഷൻ അതോറിറ്റിയെ നിയമിക്കണം. അണ്ഡവും ബീജവും ദാനം ചെയ്യാനുള്ള യോഗ്യതകൾ, എത്ര പ്രാവശ്യം ദാനംചെയ്യാം എന്നിവയ്ക്ക് മാനദണ്ഡം നിശ്ചയിക്കും. ദാതാക്കളെ പരിശോധിക്കാനും ബീജവും അണ്ഡവുമെടുക്കാനും സൂക്ഷിക്കാനുമുള്ള അധികാരം രജിസ്‌ട്രേഡ് കേന്ദ്രങ്ങൾക്കായിരിക്കും. 21 മുതൽ 55 വയസ്സുവരെയുള്ള പുരുഷൻമാരിൽനിന്നേ ബീജമെടുക്കാവൂ.
23 മുതൽ 35 വയസ്സ് വരെയുള്ള സ്ത്രീകളിൽനിന്ന് അണ്ഡമെടുക്കാം. വിവാഹിതയും ഒരു കുട്ടിയെങ്കിലുമുള്ള സ്ത്രീയായിരിക്കണം ദാതാവ്. ജീവിതത്തിൽ ഒരിക്കലേ അണ്ഡം ദാനം ചെയ്യാവൂ. ഒരു സ്ത്രീയിൽനിന്ന് ഏഴ് അണ്ഡത്തിൽ കൂടുതൽ എടുക്കരുത്. ഒരു ദാതാവിൽനിന്ന് ശേഖരിച്ച അണ്ഡം ഒന്നിലേറെ ദമ്പതിമാർക്കു നൽകരുത്. കൃത്രിമ ഗർഭധാരണ സേവനങ്ങൾ ദമ്പതിമാരുടെയും ദാതാവിന്റെയും രേഖാമൂലമായ സമ്മതത്തോടെയേ നൽകാവൂ. സേവനം തേടുന്നവർ അണ്ഡദാതാവിന് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണം.ഇങ്ങനെ ജനിക്കുന്ന കുട്ടികളെ സാധാരണ ഗർഭധാരണത്തിലൂടെ ജനിക്കുന്ന കുട്ടികളെപ്പോലെതന്നെ പരിഗണിക്കണം. ക്ലിനിക്കുകളുടെയും ബീജ-അണ്ഡ ബാങ്കുകളുടെയും പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും നിയന്ത്രിക്കാനും ദേശീയ-സംസ്ഥാന തലങ്ങളിൽ ബോർഡുകൾ വേണം.

മച്ചി മാത്രം, മച്ചൻ ഇല്ല: സമൂഹം അവരോട് ചെയ്യുന്നത്
ഇന്ത്യൻ സാമൂഹിക സാഹചര്യം സ്ത്രീക്കു കൽപിച്ച് നൽകിയിട്ടുള്ള ഉത്തമഭാര്യാപദവിയിൽ സ്ത്രീകൾ അനുഭവിക്കുന്ന കാര്യങ്ങളാണ് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ആ സ്ത്രീ പറഞ്ഞിരിക്കുന്നത്. കേസിന് പിന്നിലെ 34 ജീവിതങ്ങളിലേക്ക് കടന്ന് ചെല്ലുമ്പോഴും മക്കളില്ലാത്ത സ്ത്രീകൾ സമൂഹത്തിന് മുന്നിൽ വീണ്ടും വീണ്ടും ഇരയാക്കപ്പെടുന്ന കാഴ്ചയാണ് കാത്തിരുന്നത്. അനുഭവങ്ങളിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടെന്ന് മാത്രം. സ്ത്രീധന കൊലയും ഗാർഹിക പീഡനവും ബോഡി ഷെയ്മിങും ജാതി ആക്ഷേപവുമെല്ലാം നിരന്തരം ചർച്ച ചെയ്യുന്ന പ്രബുദ്ധകേരളം മക്കളിലാത്ത സ്ത്രീകൾ അനുഭവിക്കുന്ന ഇത്തരം ഒറ്റപ്പെടലും പീഡനങ്ങളും മനുഷ്യാവകാശ ലംഘനമായി ഒരിക്കൽ പോലും ഉയർത്തി കൊണ്ടുവന്നിട്ടില്ല എന്നത് ഗൗരവകരമാണ്. അപമാനിക്കാൻ ആണെങ്കിലും മക്കളിലാത്ത സ്ത്രീ മാത്രമേ കേരളീയ സമൂഹത്തിന്റെ കാഴ്ചയിൽ വരൂ. മക്കളില്ലാത്ത പുരുഷൻ എന്നും ഉത്തമനാണ്.
മച്ചി എന്ന വിളി മാത്രമാണ് ഇവിടെയുള്ളത്, മച്ചൻ ഇല്ലല്ലോ. വന്ധ്യത പുരുഷൻമാർക്കും വരുമെന്ന് അറിയാത്തവരല്ല കേരളത്തിലുള്ളവർ. പക്ഷെ പ്രശ്‌നം പുരുഷനാണെങ്കിലും ഭാര്യയെ ഒഴിവാക്കി വേറെ വിവാഹം ചെയ്യുകയാണ് സമൂഹം കൽപിച്ചിരിക്കുന്ന പോംവഴി. രണ്ടാം വിവാഹത്തിലും കുഞ്ഞുണ്ടായില്ലെങ്കിൽ അടുത്ത വിവാഹം. ഇതിനൊരു മറുവശമുണ്ട്. ഭർത്താവിന് വന്ധ്യതയുണ്ടെന്ന് വൈദ്യ പരിശോധനയിൽ വ്യക്തമായാൽ, അവനെ ഒഴിവാക്കി വേറെ വിവാഹം ചെയ്യൂ, എന്ന മൊഴി സ്വന്തം വീട്ടുകാർ പോലും അവളോട് പറയില്ല എന്നതാണ് അത്.
.jpg?$p=aae0e8b&&q=0.8)
ഇതിൽ നിന്നെല്ലാം ചെറിയ സമാധാനം പ്രതീക്ഷിച്ചാണ് 10-15 തവണ വരെ കൃത്രിമ ഗർഭധാരണ പരീക്ഷണങ്ങൾക്ക് സ്ത്രീകൾ സ്വന്തം ശരീരം വിട്ടുകൊടുക്കുന്നത്. ശാരീരിക വേദന ഇല്ലെന്നത് ഒഴിച്ച് നിർത്തിയാൽ അത് നൽകുന്ന മാനസിക വേദന മറ്റേതൊരു രോഗത്തെക്കാളും കഠിനമാണ്. അതുകൊണ്ട് തന്നെ മറ്റേതൊരു അവസ്ഥ പോലെ എളുപ്പമല്ല വന്ധ്യത ചികിത്സയുമായുള്ള മുന്നോട്ടു പോക്ക്. ചെലവഴിക്കേണ്ടി വരുന്ന പണം, ശരീരത്തിൽ കയറ്റുന്ന മരുന്നുകൾ, നഷ്ടമാവുന്ന സമയം, എല്ലാം കഴിയുമ്പോഴും വിജയം സുനിശ്ചിതമല്ല. പരാജയമാണ് ഫലമെങ്കിൽ അപ്പോഴേക്കും മാനസികമായും ശാരീരികമായും തളർന്നിട്ടുണ്ടാവും. കേസ് കൊടുത്ത സ്ത്രീകളിലൊരാൾ പത്ത് അബോർഷന് ശേഷമാണ് ഐ.വി.എഫിലേക്ക് എത്തുന്നത്. അപ്പോഴാണ് വില്ലനായി നിയമം വരുന്നത്. മറ്റൊരു കേസിൽ ദമ്പതികളിൽ ആരോഗ്യപ്രശ്‌നം ഭർത്താവിനാണ്.
മുൻവിവാഹത്തിൽ ആ സ്ത്രീ ഗർഭിണിയായിട്ടുമുണ്ട്. ഡോണറുടെ സഹായമുണ്ടെങ്കിലേ ഇനി ഒരു കുഞ്ഞ് ജനിക്കു. ഭർത്താവ് ഇക്കാര്യം വീട്ടുകാരോട് പോലും സമ്മതിക്കില്ല. തരം കിട്ടുമ്പോഴെല്ലാം ചികിൽസ ഫലിച്ചില്ലെങ്കിൽ ഡിവോഴ്‌സ് ചെയ്യുമെന്ന് എല്ലാവരുടെയും മുന്നിൽ വച്ച് പറയുകയും ചെയ്യും. ഇപ്പോ രണ്ട് വീട്ടുകാരും കരുതുന്നത് സ്ത്രീക്കാണ് പ്രശ്‌നമെന്നാണ്. ഇത് ഒരു ഉദാഹരണം മാത്രമാണ്. കുഞ്ഞുങ്ങളില്ലാത്ത സ്ത്രീകളെ, ബന്ധുക്കളും സമൂഹവും ചവിട്ടിത്താഴ്ത്തി കൊണ്ടിരിക്കുമെന്നതിന്റെ ഉദാഹരണം. ഭർത്താവിന് കൗണ്ട് കുറഞ്ഞതോ അസുഖങ്ങളുള്ളതോ ഒന്നും പരിഗണനയിൽ വരില്ല. സ്ത്രീയുടെ സുരക്ഷയെന്നു പറഞ്ഞ്, ഗർഭവതിയാവാൻ പ്രായപരിധി വരെ നിശ്ചയ്ക്കുന്നവർ ഇത്തരം സാമൂഹ്യസ്ഥിതികളെ കുറിച്ചോ കുഞ്ഞുങ്ങൾ ഉണ്ടാവാത്തവർക്ക് മാനസിക പിന്തുണ നൽകുന്ന പദ്ധതികളെ കുറിച്ചോ ആശങ്കപ്പെടുന്നില്ല എന്നതാണ് വാസ്തവം.
(തുടരും)
Content Highlights: pros and cons of artificial insemination law
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..