വെള്ളക്കെട്ടില്‍ ചവിട്ടി ഇനിയും എത്ര നാള്‍, വേനലിലും മുങ്ങുകയാണ് വൈപ്പിന്‍/രണ്ടാം ഭാഗം


എം. സുചിത്ര, ഡോ. കെ.ജി. ശ്രീജ 

തകരുന്ന വീടുകൾ

ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് ചട്ടങ്ങളോ നയങ്ങളോ ഇല്ലാത്ത പ്രശ്‌നമൊന്നുമില്ല കേരളത്തില്‍. 2018-ലെ പ്രളയത്തിനുമുന്‍പുതന്നെ അതിനുവേണ്ടിയുള്ള ഭരണസംവിധാനം സംസ്ഥാനത്ത് നിലവില്‍വന്നിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ 2005-ല്‍ രൂപം നല്‍കിയ ദുരന്തനിവാരണനിയമം അനുശാസിക്കുന്നതുപോലെ കേരളം 2007-ല്‍ ദുരന്തനിവാരണചട്ടങ്ങള്‍ക്കും ദുരന്തനിവാരണ അതോറിറ്റിക്കും തൊട്ടടുത്തവര്‍ഷം ജില്ലാ ദുരന്തനിവാരണ അതോറിറ്റികള്‍ക്കും രൂപം നല്‍കി. 2010-ല്‍ സംസ്ഥാന ദുരന്തനിവാരണനയങ്ങളും 2016-ല്‍ സംസ്ഥാന-ജില്ലാ ദുരന്തനിവാരണ പ്ലാനുകളും രൂപവത്കരിച്ചു. വരള്‍ച്ച, അതിവര്‍ഷം, വെള്ളപ്പൊക്കം, കടല്‍ക്ഷോഭം, കൊടുങ്കാറ്റുകള്‍, സുനാമി, ഉരുള്‍പൊട്ടല്‍, പകര്‍ച്ചവ്യാധികള്‍ തുടങ്ങി ബഹുവിധദുരന്തങ്ങള്‍ക്ക് സാധ്യതയുള്ള ഭൂപ്രദേശമാണ് കേരളമെന്ന സമീപനമാണ് ഈ രേഖകളിലെല്ലാമുള്ളത്.

ഓരോ പ്രദേശത്തിന്റെയും ദുരന്തസാധ്യത കണ്ടെത്തുക, ദുരന്തങ്ങള്‍ ഉണ്ടാവാതിരിക്കാനും ഉണ്ടാകുന്നപക്ഷം അവയുടെ ആഘാതം ലഘൂകരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കുക, ഏതു പദ്ധതി ആവിഷ്‌കരിക്കുമ്പോഴും അത് കാലാവസ്ഥാവ്യതിയാനത്തിന്റെയും ദുരന്തസാധ്യതകളുടെയും പശ്ചാത്തലത്തില്‍ വിലയിരുത്തിയതിനുശേഷം മാത്രം നടപ്പാക്കുക തുടങ്ങി, ദുരന്തനിവാരണത്തിലെ നിര്‍ണായകഘടകങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതുതന്നെയാണ് സംസ്ഥാനനയങ്ങളും രൂപരേഖകളും. എന്നാല്‍ നിലവിലുണ്ടായിരുന്ന സംവിധാനം, അത് വിഭാവനംചെയ്യപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ലെന്നും ദുരന്തങ്ങള്‍ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ സംസ്ഥാനം നടത്തിയിരുന്നില്ലെന്നും തെളിയിക്കുന്നതായിരുന്നു അഞ്ഞൂറോളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട 2018-ലെ പ്രളയം. പ്രളയത്തിനുശേഷം കേരളസര്‍ക്കാരിന്റെ ആവശ്യപ്രകാരം ഐക്യരാഷ്ട്രസഭയുടെ പത്ത് ഏജന്‍സികള്‍ ചേര്‍ന്ന് 120 ഗ്രാമങ്ങള്‍ സന്ദര്‍ശിച്ച് ജനങ്ങളോടും ജനപ്രതിനിധികളോടും ഉദ്യോഗസ്ഥരോടും വിഷയവിദഗ്ധരോടുമൊക്കെ ആശയവിനിമയം നടത്തിയതിനുശേഷം തയ്യാറാക്കിയ Post Disaster Need Assessment Reportല്‍, സംസ്ഥാനത്ത് സമഗ്രമായ ഭൂവിനിയോഗനയവും സംയോജിത ജലപരിപാലനനയങ്ങളും പദ്ധതികളും നിലവിലുണ്ടായിരുന്നെങ്കില്‍, പ്രളയത്തിന്റെ ആഘാതം ഇത്രകണ്ട് കൂടുമായിരുന്നില്ലെന്ന് അടിവരയിട്ടുപറഞ്ഞിരുന്നു. ജലവുമായുള്ള സഹവാസം, ക്രിയാത്മകമായ രീതിയിലുള്ള പുനര്‍നിര്‍മാണം എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.ഭൂമിയുടെ വര്‍ധിച്ചുവരുന്ന ചൂട് ആഗോളപ്രതിഭാസമാണെങ്കിലും അതിന്റെ ആഘാതങ്ങള്‍ ഓരോ പ്രദേശവും വിവിധ വിഭാഗം ജനങ്ങളും അനുഭവിക്കുന്നത് വ്യത്യസ്തമാണെന്നതും ദുരന്തലഘൂകരണത്തിനുള്ള നടപടികള്‍ ജനകീയപങ്കാളിത്തത്തോടെ പ്രാദേശികമായി നടക്കേണ്ടതാണെന്നും ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട വസ്തുതയാണ്. 2019-ല്‍ വീണ്ടും വെള്ളപ്പൊക്കമുണ്ടാവുകയും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെ കേരളപുനര്‍നിര്‍മാണത്തില്‍നിന്നു മാറ്റിനിര്‍ത്തുന്നതിനെതിരേ ശക്തമായ വിമര്‍ശനം ഉയര്‍ന്നുവരികയും ചെയ്തപ്പോഴാണ് ആവര്‍ഷം അവസാനം സംസ്ഥാനസര്‍ക്കാര്‍ കേരളപുനര്‍നിര്‍മാണപദ്ധതിക്കുകീഴില്‍ 'നാം നമുക്കായി' എന്ന പരിപാടി ആരംഭിച്ചത്.

ദുരന്തനിവാരണം കാര്യക്ഷമവും ക്രിയാത്മകവുമാക്കുക, പ്രാദേശികജനതയുടെ പങ്കാളിത്തം ഉറപ്പുവരുത്തുക, അവരുടെ പരിജ്ഞാനവും അനുഭവസമ്പത്തും ദുരന്തനിവാരണത്തില്‍ ഇഴചേര്‍ക്കുക, നയമാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍ പ്രാദേശികജനതയ്ക്ക് അവസരമൊരുക്കുക എന്നതൊക്കെയായിരുന്നു പദ്ധതിയുടെ ലക്ഷ്യങ്ങളായി മുന്നോട്ടുവെയ്ക്കപ്പെട്ടത്. ജനകീയാസൂത്രണത്തിന്റെ മാതൃകയിലാണ് 'നാം നമുക്കായി' വിഭാവനംചെയ്തത്. ഈ പദ്ധതിക്കുകീഴില്‍ ഓരോ തദ്ദേശഭരണസ്ഥാപനവും തങ്ങളുടെ പ്രദേശത്ത് ഉണ്ടായേക്കാവുന്ന ദുരന്തങ്ങള്‍ കണ്ടെത്തുകയും വിദഗ്ധരുടെ സഹായത്തോടെ സ്വന്തമായ ദുരന്തനിവാരണ പ്ലാനുകള്‍ ഉണ്ടാക്കുകയും ചെയ്യേണ്ടതുണ്ടായിരുന്നു. ഇതിനുവേണ്ട പരിശീലനം കില (കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍) നല്‍കണം. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഈ പ്ലാനുകള്‍ ക്രോഡീകരിക്കണം. ഇത് സംസ്ഥാന ആസൂത്രണ ബോര്‍ഡും തദ്ദേശഭരണവകുപ്പും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും സംയുക്തമായി മുന്നോട്ടുകൊണ്ടുപോകണം. അതായിരുന്നു പ്ലാന്‍. കാലാവസ്ഥാവ്യതിയാനവും പരിസ്ഥിതിയും വിലയിരുത്താനായി തദ്ദേശഭരണസ്ഥാപനങ്ങളില്‍ പതിമ്മൂന്നാം വര്‍ക്കിങ് ഗ്രൂപ്പിന് രൂപം നല്‍കുകയും ചെയ്തു. ഇങ്ങനെ കീഴ്ത്തട്ടില്‍നിന്ന് മേല്‍ത്തട്ടുവരെ വിഭാവനംചെയ്ത ദുരന്തനിവാരണസംവിധാനം എവിടെയാണെത്തിനില്‍ക്കുന്നത്?

അവര്‍തന്നെ പറയട്ടെ.

വേലിയേറ്റവെള്ളപ്പൊക്കം വലിയ ദുരന്തമായി മാറിക്കൊണ്ടിരിക്കുമ്പോള്‍ എന്താണ് നിങ്ങള്‍ ചെയ്യുന്നത് എന്ന ചോദ്യത്തിന് എറണാകുളം ജില്ലയുടെ തീരപ്രദേശത്തെ ജനങ്ങളും പഞ്ചായത്ത് മെമ്പര്‍മാരും നിലവിലുള്ളവരും പഴയവരും ഭരണസമിതിയംഗങ്ങളും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും നല്‍കുന്ന ഉത്തരങ്ങള്‍ ചുരുക്കത്തില്‍ ഇങ്ങനെയാണ്:
ജനങ്ങള്‍: ഞങ്ങള്‍ക്ക് എന്തുചെയ്യാന്‍ പറ്റും? ഞങ്ങള്‍ വാര്‍ഡ് മെമ്പര്‍മാരോടും പഞ്ചായത്തിലും പറഞ്ഞുകൊണ്ടേയിരിക്കുന്നുണ്ട്; നിവേദനങ്ങള്‍ നല്‍കുന്നുണ്ട്; സമരം ചെയ്യുന്നുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ ഗ്രാമസഭയില്‍ ഉന്നയിക്കാന്‍ സമ്മതിക്കാറില്ല. പഞ്ചായത്ത് മുന്‍കൂട്ടി തീരുമാനിക്കുന്ന പദ്ധതികള്‍ പാസാക്കിയെടുക്കുകമാത്രമാണ് ചെയ്യുന്നത്. പഞ്ചായത്തിന് ദുരന്തനിവാരണപദ്ധതിരേഖ ഉണ്ടെന്നുപറയുന്നു. ഇത് തയ്യാറാക്കിയത് ഞങ്ങളുടെ പങ്കാളിത്തമോ അറിവോ അനുഭവങ്ങളോ ആവശ്യങ്ങളോ കണക്കിലെടുക്കാതെയാണ്.
വാര്‍ഡ്മെമ്പര്‍മാര്‍: പ്രശ്‌നം രൂക്ഷമായിട്ടുള്ള സ്ഥലങ്ങളില്‍ ഗ്രാമസഭ വിളിക്കാന്‍ പോലും പേടിയാണ്. ദുരന്തങ്ങളുമായി ബന്ധപ്പെട്ട് ജനങ്ങളുന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് ഞങ്ങളുടെ കൈയില്‍ ഉത്തരമില്ല. കാലാവസ്ഥാദുരന്തങ്ങളെപ്പറ്റിയും അതിന്റെ ആഘാതം എങ്ങനെ ലഘൂകരിക്കാനാവുമെന്നതിനെപ്പറ്റിയും ഞങ്ങള്‍ക്ക് വേണ്ടവിധം അറിവില്ല. പഞ്ചായത്ത് യോഗങ്ങളില്‍ പ്രശ്‌നങ്ങളവതരിപ്പിക്കാറുണ്ട്. ഗുണഭോക്തൃ ഗ്രാമസഭകളില്‍ പങ്കെടുക്കാനാണ് ജനങ്ങള്‍ക്ക് കൂടുതല്‍ താത്പര്യം. ചിലപ്പോള്‍ കോറംതന്നെ തികയാറില്ല.
ഭരണസമിതിയംഗങ്ങള്‍:ദുരിതങ്ങളെപ്പറ്റി ജനങ്ങള്‍ പറയുന്നത് പൂര്‍ണമായും ശരിയാണ്. അവര്‍ക്കു ഞങ്ങളോട് ദേഷ്യം തോന്നുന്നതും സ്വാഭാവികമാണ്. ഞങ്ങളാണല്ലോ അവരുടെ ഏറ്റവും അടുത്തുനില്‍ക്കുന്നത്. വളര്‍ന്നുവരുന്ന ഇത്തരം ദുരന്തങ്ങളെപ്പറ്റി സമഗ്രമായൊരു ചിത്രം ഞങ്ങള്‍ക്കില്ല. ദുരന്തനിവാരണ പ്ലാനുകള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും സാങ്കേതികവിദഗ്ധരുടെയും പരിസ്ഥിതിസാമൂഹികപ്രവര്‍ത്തകരുടെയും സഹായത്തോടെ തയ്യാറാക്കാന്‍ പ്രയാസമില്ല. പക്ഷേ, അത് നടപ്പാക്കാന്‍ കഴിയില്ല.ഏറ്റവും വലിയ പ്രശ്‌നം ഫണ്ടില്ലാത്തതാണ്. തനതുഫണ്ട് ഇല്ലെന്നുതന്നെ പറയാം. പ്ലാന്‍ ഫണ്ട് സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന അനിവാര്യ പ്രോജക്ടുകള്‍ക്കുപോലും തികയുന്നില്ല. പഞ്ചായത്തുകള്‍ക്കുമേല്‍ സാമ്പത്തികഭാരം കൂടിക്കൊണ്ടേയിരിക്കുകയാണ്.

തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ ഫണ്ട് ഏതുവിധേനയും കൊണ്ടുവന്നാല്‍ക്കൂടി പദ്ധതി ഏറ്റെടുത്ത് ചെയ്തുതരാന്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പ് തയ്യാറാവാറില്ല. ശാസ്ത്രീയമായ പിന്‍ബലമില്ലാതെ ഈ ദുരന്തങ്ങള്‍ ഞങ്ങള്‍ക്ക് ഒറ്റയ്ക്ക് നേരിടാനാവില്ല. ജനകീയാസൂത്രണമൊന്നുമില്ല ഇപ്പോള്‍. മുന്‍പ് ജനങ്ങള്‍ ഗ്രാമസഭകളില്‍ രൂപംനല്‍കിയിരുന്ന പദ്ധതികള്‍ക്കായി പണം കണ്ടെത്തുകയെന്നതാണ് പഞ്ചായത്തുകള്‍ ചെയ്തിരുന്നത്. പക്ഷേ, ഇപ്പോള്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്ന പദ്ധതികള്‍ പാസാക്കിയെടുക്കുകയാണ് ചെയ്യുന്നത്. മുകളില്‍നിന്നു താഴോട്ടാണ് പദ്ധതികള്‍ വരുന്നത്. അതനുസരിച്ചുള്ള പണം വരുന്നുമില്ല. തീരപ്രദേശങ്ങളില്‍ വലിയ നിര്‍മിതികള്‍ നടത്തുമ്പോള്‍ സര്‍ക്കാര്‍ പഞ്ചായത്തുകളെ വിശ്വാസത്തിലെടുക്കാറില്ല. കൊച്ചി തുറമുഖത്തിന്റെ ആഴം കൂട്ടുന്നത്, ഗോശ്രീ പാലം നിര്‍മിച്ചത്, വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പ്ലാന്റ്, എല്‍.എന്‍.ജി. ടെര്‍മിനല്‍ തുടങ്ങിയവയുടെ നിര്‍മാണം തീരദേശ ആവാസവ്യവസ്ഥയില്‍ മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. എന്നാല്‍, ആവാസവ്യവസ്ഥയുടെ പുനഃസ്ഥാപനത്തിന് അവരുടെ ഫണ്ട് കിട്ടുന്നില്ല. ജനങ്ങളും തദ്ദേശഭരണസ്ഥാപനങ്ങളും ജില്ലാ-സംസ്ഥാന ദുരന്തനിവാരണ അതോറിറ്റികളും സര്‍ക്കാരും ഒന്നിച്ചുനിന്നാല്‍ മാത്രമേ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കഴിയുകയുള്ളൂ. ഒറ്റയ്‌ക്കൊറ്റയ്ക്ക് ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ല. വേലിയേറ്റവെള്ളപ്പൊക്കം ഇനിയും ഒരു ദുരന്തമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. അങ്ങനെ ചെയ്യണമെന്നാവശ്യപ്പെട്ട് ഞങ്ങള്‍ പ്രമേയമൊക്കെ പാസാക്കിയിട്ടുണ്ട്. ജില്ലാഭരണകൂടത്തിനും സര്‍ക്കാരിനുമൊക്കെ പലതവണ നിവേദനങ്ങള്‍ നല്‍കിയിട്ടുമുണ്ട്. അങ്ങനെചെയ്താല്‍മാത്രമേ മതിയായ ശ്രദ്ധ ഇക്കാര്യത്തില്‍ കിട്ടുകയുള്ളൂ.

ഉല്ലാസ് തോമസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് (ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ സഹ ചെയര്‍പേഴ്സണ്‍): ഞങ്ങള്‍ ഈ പ്രശ്‌നം ഗൗരവമായെടുക്കുന്നുണ്ട്. വളരെ വിശദമായ പഠനങ്ങള്‍നടത്തിവേണം പരിഹാരങ്ങള്‍ കണ്ടെത്താന്‍. അതിനുള്ള പദ്ധതി ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്.

ശേഖര്‍ കുര്യാക്കോസ് ( മെമ്പര്‍ സെക്രെട്ടറി, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി): കേരളം നേരിട്ടുകൊണ്ടിരിക്കുന്നതും ഇനി നേരിടാന്‍ പോകുന്നതുമായ വലിയ കാലാവസ്ഥാ പ്രതിസന്ധിയുടെ ഭാഗമാണ് വേലിയേറ്റവെള്ളപ്പൊക്കം. കാലാന്തരത്തില്‍ ഇത് കൂടിവരുന്നുണ്ടെന്നതില്‍ തര്‍ക്കമില്ല. അതേസമയം, പെട്ടെന്ന് വലിയ നാശനഷ്ടങ്ങളുണ്ടാക്കുന്ന ഒരു ദുരന്തമായി ഇതിനെ കണക്കാക്കാനാവില്ല. പഞ്ചായത്തുകള്‍ക്ക് പണമില്ലെന്ന് ഒറ്റയടിക്ക് പറയുന്നത് ആവര്‍ത്തിച്ചുപഴകിയ ഉത്തരമാണ്. അവര്‍ അവരുടെ വാര്‍ഷികപദ്ധതികള്‍ക്ക് രൂപംനല്‍കുമ്പോള്‍, ദുരന്തനിവരണപദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കാറുണ്ടോ എന്നതും ആലോചിക്കണം. പതിമ്മൂന്നാം വര്‍ക്കിങ് ഗ്രൂപ്പിന്റെ മീറ്റിങ്ങുകളില്‍ എത്രപേര്‍ പങ്കെടുക്കാറുണ്ട്? സ്റ്റേറ്റിന്റെ കൈവശം അനന്തമായ ഫണ്ടുകളില്ല. അതിനും പരിധിയില്ലേ.

ഭൂവിനിയോഗത്തില്‍ പുനര്‍വിചിന്തനം വേണ്ടിവരും. കടലിനും പുഴകള്‍ക്കും കുറച്ചു സ്ഥലം കൊടുക്കേണ്ടിവരും. ദുരന്തസാധ്യതകള്‍ വളരെ കൂടിയ സ്ഥലങ്ങളില്‍നിന്ന് ജനങ്ങളെ ഒരുമിച്ച് മറ്റെങ്ങോട്ടെങ്കിലും പുനരധിവസിപ്പിക്കേണ്ടിവരുന്ന അവസ്ഥ തള്ളിക്കളയാനാവില്ല. അവരെ അവരുടെ ഉപജീവനമാര്‍ഗങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് സംഘമായിത്തന്നെ നല്ലരീതിയില്‍ പുനര്‍വിന്യസിക്കേണ്ടിവരും. അപ്പോളതിനെ കുടിയൊഴിപ്പിക്കലായി കാണരുത്. ജനങ്ങളെ ഇപ്പോള്‍ അവര്‍ താമസിക്കുന്ന സ്ഥലത്ത് നിലനിര്‍ത്തിക്കൊണ്ട് അവരെ സംരക്ഷിക്കാനും ഓരോരുത്തര്‍ക്കും വെവ്വേറെ തരത്തില്‍ മുന്നറിയിപ്പുനല്‍കാനുമുള്ള സംവിധാനമേര്‍പ്പെടുത്താന്‍ സ്റ്റേറ്റിനു കഴിയില്ല.അപകടസാധ്യത മനസ്സിലാക്കിക്കൊണ്ടുള്ള (Risk informed) ദുരന്തനിവാരണപദ്ധതികള്‍ ഓരോ പഞ്ചായത്തും ഉണ്ടാക്കണം.

മുന്നോട്ടുള്ള വഴിയെന്ത്?

ആഗോളതാപനം കൂടുന്ന സ്ഥിതിക്ക് ദുരന്തങ്ങളുടെ എണ്ണവും തീവ്രതയും വ്യാപ്തിയും ഇനിയും കൂടുമെന്നുതന്നെയാണ് പുതിയ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. താപനം 1.5 °C കൂടിയാല്‍ വരള്‍ച്ച, അതിവര്‍ഷം, വെള്ളപ്പൊക്കം, ചുഴലിക്കാറ്റ്, കടല്‍നിരപ്പുയരുന്നത്, കടലാക്രമണം ഇതെല്ലാം വലിയതോതില്‍ കൂടുമെന്ന് ശാസ്ത്രസമൂഹം മുന്‍പേ മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്. ഏതുവിധേനയും അതൊഴിവാക്കണമെന്നായിരുന്നു 2015-ലെ പാരീസ് ഉച്ചകോടിയില്‍ ലോകരാഷ്ട്രങ്ങളുണ്ടാക്കിയ കരാര്‍. പക്ഷേ, ഹരിതഗൃഹവാതകങ്ങള്‍ പുറന്തള്ളുന്നതില്‍ പറയത്തക്ക കുറവൊന്നും വന്നിട്ടില്ല.

പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുന്നതരത്തില്‍ കാലാവസ്ഥാദുരന്തങ്ങള്‍ പലപ്പോഴും ഒന്നിച്ചാണ് വരുന്നത്. ചുഴലിക്കാറ്റിനൊപ്പം അതിശക്തമായ മഴയും വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമൊക്കെ ഉണ്ടാകാം. തിരമാലകള്‍ അസാധാരണമായി ഉയരാം. കടലാക്രമണവും വേലിയേറ്റവും മലവെള്ളം കുത്തിയൊലിച്ചെത്തുന്നതും ഒരേസമയത്താകാം. അങ്ങനെവന്നാല്‍ പുഴവെള്ളത്തിന് കടലിലേക്കൊഴുകിപ്പോകാന്‍ കഴിയില്ല. തീരദേശങ്ങള്‍ ദിവസങ്ങളോളം വെള്ളത്തിനടിയിലാകും, കേരളത്തില്‍ 2018-ലെ പ്രളയത്തില്‍ സംഭവിച്ചതുപോലെ. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന തീരപ്രദേശത്ത് ഇത്തരം ദുരന്തങ്ങളുടെ ആഘാതങ്ങള്‍ വളരെക്കൂടുതലായിരിക്കും.

''ഐക്യരാഷ്ട്രസഭയുടെ ദുരന്തലഘൂകരണത്തിനായുള്ള 'സെണ്ടായി മാര്‍ഗരേഖ' പ്രകാരം, സാവധാനമെങ്കിലും തുടര്‍ച്ചയായി ഒരുപ്രദേശത്തെ മുഴുവന്‍ ബാധിക്കുന്നതരത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന വേലിയേറ്റവെള്ളപ്പൊക്കം ഒരു ദുരന്തംതന്നെയാണ്. ഈ പ്രശ്‌നത്തിന് അര്‍ഹിക്കുന്ന പരിഗണനയും സഹായങ്ങളും ലഭിക്കണമെങ്കില്‍ സംസ്ഥാനദുരന്തങ്ങളുടെ പട്ടികയില്‍ വേലിയേറ്റവെള്ളപ്പൊക്കത്തെക്കൂടി എത്രയും പെട്ടെന്ന് ഉള്‍പ്പെടുത്തേണ്ടത് അനിവാര്യമാണ്,'' ഫുള്‍ബ്രൈറ്റ് ഫെലോ ആയ, വേലിയേറ്റവെള്ളപ്പൊക്കനിവാരണത്തിനുള്ള പ്രാദേശികജനകീയസാധ്യതകള്‍ പഠിക്കുന്ന ഒരു പ്രോജക്ടിനു നേതൃത്വം നല്‍കുകയുംചെയ്യുന്ന ഡോ. സി. ജയരാമന്‍ പറയുന്നു.

ഏതു ദുരന്തമായാലും ശരി, അതിനു പരിഹാരം കാണണമെങ്കില്‍ ദുരന്തത്തിന്റെ സ്വഭാവവും അതനുഭവിക്കുന്ന പ്രദേശത്തിന്റെ പ്രത്യേകതകളും മനസ്സിലാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഓരോ പ്രദേശവും എത്രമാത്രം ദുരന്തസാധ്യതയുള്ളതാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. അതിന് സമഗ്രമായ പഠനങ്ങള്‍ നടക്കേണ്ടതുണ്ട്. പ്രാദേശികതലത്തില്‍ കൃത്യമായ ഡേറ്റയുണ്ടാക്കേണ്ടതുണ്ട്. അതിപ്പോള്‍ ഇല്ല. അതുകൊണ്ടുതന്നെ ആദ്യം ചെയ്യേണ്ടത്, പ്രാദേശിക അറിവുകളെ ശാസ്ത്രീയമായി സമാഹരിക്കുകയും അപഗ്രഥിക്കുകയും ലഭ്യമായ അറിവിലെ പോരായ്മകള്‍ ജനകീയനിരീക്ഷണസംവിധാനങ്ങളും പഠനങ്ങളും വഴി നികത്തുകയുമാണ്.

വേലിയേറ്റവെള്ളപ്പൊക്കത്തിന്റെ കാര്യമെടുത്താല്‍, അത് പല പ്രദേശങ്ങളിലും പലമാതിരിയാണ് അനുഭവപ്പെടുന്നത്. നീരൊഴുക്ക്, പ്രദേശത്തിന്റെ ഭൂഘടന, ഭൂവിനിയോഗം, ജനസാന്ദ്രത, തീരത്തുനിന്നുള്ള ദൂരം, തോടുകളുടെ സാമീപ്യം, പ്രദേശത്തിന്റെ ഉയരം തുടങ്ങിയവയനുസരിച്ച് വേലിയേറ്റവെള്ളപ്പൊക്കത്തിന്റെ തോതും പ്രഹരശേഷിയും വ്യത്യാസപ്പെടും.''ഉദാഹരണത്തിന്, എറണാകുളം ജില്ലയുടെ വടക്കുമുതല്‍ തെക്കുവരെ വേലിയേറ്റവെള്ളപ്പൊക്കത്തിന്റെ തീവ്രത വ്യത്യസ്തമാണ്. ഒരു പഞ്ചായത്തില്‍ മാത്രമല്ല, ഒരു വാര്‍ഡിനുള്ളില്‍ത്തന്നെ ഈ വ്യത്യാസം കാണാം. വാര്‍ഡുതലത്തില്‍ വിവരശേഖരണവും ടൈഡല്‍ ഫ്‌ലഡ് മാപ്പിങ്ങും എത്രയും പെട്ടെന്ന് തുടങ്ങേണ്ടതുണ്ട്. മുന്നറിയിപ്പുസംവിധാനങ്ങളും പ്രാദേശികതലത്തില്‍ത്തന്നെ ഉണ്ടാക്കിയെടുക്കണം,'' ഡോ. സി.ജി. മധുസൂദനന്‍ പറയുന്നു.

കേരളത്തിന്റെ കടല്‍ത്തീരം എന്ന് പൊതുവായി പറയുമ്പോഴും ഈ കടല്‍ത്തീരത്തിന് ഒരേ സ്വഭാവമല്ല ഉള്ളത്. കടലിന്റെ കാര്യത്തില്‍ ഒരു അടിയന്തരാവസ്ഥയിലെത്തിനില്‍ക്കുന്ന ഈസമയത്ത് എല്ലാ തീവ്രനിലപാടുകളും ഒഴിവാക്കേണ്ടിവരുമെന്നാണ് എളങ്കുന്നപ്പുഴയിലെ കേരള മത്സ്യബന്ധന സമുദ്രശാസ്ത്ര സര്‍വകലാശാലയിലെ ഫാം സൂപ്രണ്ട് കെ.കെ. രഘുരാജ് പറയുന്നത്. ''കടല്‍കയറ്റം തടയാന്‍ കരിങ്കല്‍ഭിത്തി മാത്രമാണ് പരിഹാരം, കരിങ്കല്‍ഭിത്തി ഒരുകാരണവശാലും പാടില്ല, തീരം മുഴുവന്‍ കണ്ടല്‍ വെച്ചുപിടിപ്പിക്കണം എന്നൊന്നും പറയാന്‍ പറ്റില്ല. പ്രാദേശികമായി അനുയോജ്യമായ ഓരോ പരിഹാരമാര്‍ഗവും പരിഗണിക്കേണ്ടിവരും. പ്രാദേശികമായ പ്രതിവിധികള്‍ തേടാന്‍ ആഴത്തിലുള്ള പഠനങ്ങള്‍ നടക്കണം. ''
കാലാവസ്ഥാവ്യതിയാനം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളുടെ സങ്കീര്‍ണത മനസ്സിലാവുന്തോറും ആശങ്കകളേറുകയാണ്. ജനകീയമുന്നേറ്റങ്ങള്‍ പലപ്പോഴും എളുപ്പവുമല്ല. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ദുരന്തനിവാരണപ്രവര്‍ത്തനങ്ങളില്‍ പൊതുസമൂഹവും സംസ്ഥാന-ജില്ലാ ദുരന്തനിവാരണ അതോറിറ്റികളും സംസ്ഥാന-ദേശീയ സര്‍ക്കാരുകളും ശാസ്ത്രജ്ഞരും സാങ്കേതികവിദഗ്ധരും ഒന്നിച്ചുനില്‍ക്കേണ്ടതുണ്ട്. എല്ലാവരും ഒന്നിച്ചുനില്‍ക്കാതെ, ഒറ്റയ്‌ക്കൊറ്റയ്ക്ക് പരിഹാരമാര്‍ഗങ്ങള്‍ കാണാനാവില്ല.മാത്രമല്ല, കാലാവസ്ഥാവ്യതിയാനത്തിന്റെയും ദുരന്തങ്ങളുടെയും ആക്കം കൂട്ടുന്ന ഇടപെടലുകള്‍ വളരെ ശ്രദ്ധാപൂര്‍വം ഒഴിവാക്കേണ്ടിവരും ഇനിയങ്ങോട്ട്. വികസനത്തെപ്പറ്റിയും വളര്‍ച്ചയെപ്പറ്റിയുമുള്ള കാഴ്ചപ്പാട് മാറേണ്ടതായുംവരും. കടല്‍ ഉയരുന്നു എന്ന വസ്തുതയും കടലിന്റെ മാറിവരുന്ന സ്വഭാവവും ശ്രദ്ധിക്കാതെ ഇനി മുന്നോട്ടുപോകാന്‍ കഴിയില്ല. തീരപ്രദേശത്ത് നടത്തുന്ന എന്ത് ഇടപെടലും വളരെ ശ്രദ്ധാപൂര്‍വം ചെയ്യേണ്ടതുണ്ട്.
കടലും കാലാവസ്ഥയും ആരെയും കാത്തുനില്‍ക്കുന്നില്ല.

പുത്തന്‍വേലിക്കര:പുതിയ പ്രതീക്ഷകള്‍

കാലാവസ്ഥാദുരന്തനിരീക്ഷണങ്ങളും മുന്നറിയിപ്പുസംവിധാനങ്ങളും പ്രാദേശികതലത്തില്‍ സാധ്യമാണെന്നതിനു തെളിവാണ് എറണാകുളം ജില്ലയിലെ പുത്തന്‍വേലിക്കരയിലെ ജനകീയപരീക്ഷണങ്ങള്‍. കടലില്‍നിന്ന് 10 കിലോമീറ്റര്‍ ദൂരെ, ചാലക്കുടിപ്പുഴയുടെയും പെരിയാറിന്റെയും സംഗമസ്ഥാനത്തു സ്ഥിതിചെയ്യുന്ന ഗ്രാമമാണ് പുത്തന്‍വേലിക്കര. 2018-ലെ പ്രളയത്തില്‍ ഇവിടെ എട്ടുപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. രണ്ടുവശങ്ങളില്‍ കുത്തിയൊലിച്ചെത്തിയ പുഴകള്‍. മറ്റൊരുഭാഗത്ത് കായല്‍. പഞ്ചായത്തിലെ മിക്ക വാര്‍ഡുകളും വെള്ളത്തിനടിയിലായി. വീടുകള്‍ തകര്‍ന്നു. കൃഷി നശിച്ചു. വലിയ നാശനഷ്ടങ്ങളുണ്ടായി.

ദുരന്തങ്ങള്‍ കൈകാര്യംചെയ്യേണ്ട മുഴുവന്‍ ഉത്തരവാദിത്വവും സര്‍ക്കാരിന്റെതാണെന്ന പൊതുചിന്താഗതിതന്നെയായിരുന്നു പുത്തന്‍വേലിക്കരനിവാസികളും വെച്ചുപുലര്‍ത്തിയിരുന്നത്. എന്നാല്‍, പ്രളയസമയത്ത് സര്‍ക്കാരിന്റെ ജാഗ്രതാമുന്നറിയിപ്പുകള്‍ പുത്തന്‍വേലിക്കരക്കാര്‍ക്ക് സഹായകമായില്ല. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കും സകലവിഭാഗം ജനങ്ങളും മുന്നിട്ടിറങ്ങി. ആ ഊര്‍ജത്തിന്റെയും തിരിച്ചറിവിന്റെയും പൊതുസമൂഹത്തിന്റെ അനുഭവജ്ഞാനം എങ്ങനെ ഉപയോഗപ്പെടുത്താമെന്ന അന്വേഷണങ്ങളുടെയും ഫലമായി ഒരു ജനകീയകൂട്ടായ്മ രൂപപ്പെട്ടു.
''നിലവിലുള്ള മുന്നറിയിപ്പുസംവിധാനങ്ങളുടെ പോരായ്മ ജീവന്റെ വിലകൊടുത്ത് തിരിച്ചറിഞ്ഞവരാണ് ഞങ്ങള്‍. ഞങ്ങളുടെ സ്ഥലത്ത് ഞങ്ങള്‍ക്കു സംയുക്തമായി ചെയ്യാന്‍ കഴിയുന്ന ചെറിയ കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് പലതവണ ചര്‍ച്ചചെയ്തു. അങ്ങനെ യുവാക്കളും വിദ്യാര്‍ഥികളും സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്ന് ഒരു കമ്യൂണിറ്റി റിസോഴ്സ് സെന്ററിനു രൂപംനല്‍കി,'' പ്രാദേശികകൂട്ടായ്മയുടെ സ്ഥാപകരിലൊരാളും മുന്‍ ജനപ്രതിനിധിയുമായ എം.പി. ഷാജന്‍ പറയുന്നു.

പഞ്ചായത്തില്‍ എത്ര മഴപെയ്യുന്നുണ്ട്, എത്ര വെള്ളം പൊങ്ങുന്നുണ്ട് എന്നതെല്ലാം മനസ്സിലാക്കാനുള്ള ശ്രമങ്ങളായിരുന്നു ആദ്യം. മഴയുടെ തോതളക്കാന്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രാദേശികമായി നിര്‍മിച്ച മഴമാപിനികള്‍ സ്ഥാപിച്ചു. തുടര്‍ന്ന്, കിണറുകളിലെയും പുഴകളിലെയും ജലനിരപ്പ് നിരീക്ഷിക്കാനും വിവരങ്ങള്‍ ഒരു വെബ് പോര്‍ട്ടലില്‍ ഒരുമിച്ചാക്കാനും തുടങ്ങി. അധ്യാപകരും വിദ്യാര്‍ഥികളുമൊക്കെ ഇതില്‍ പങ്കാളികളായി. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് വിഷയവിദഗ്ധരുടെ സാങ്കേതികസഹായം കിട്ടിയതിനാല്‍ കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ശാസ്ത്രീയമായ അടിത്തറയുണ്ടായി.
''ഞങ്ങളിപ്പോള്‍ മുമ്പത്തെപ്പോലെ അടിപൊളി മഴ എന്നൊന്നും പറയാറില്ല. പകരം ഇത്ര സെന്റിമീറ്റര്‍ മഴ എന്ന് ടെക്സ്റ്റ് ചെയ്യും. മഴമാപിനികള്‍ നിത്യവും പരിശോധിക്കും. പെയ്ത മഴയുടെ തോത് ഓരോദിവസവും രേഖപ്പെടുത്തും,'' തുടക്കംമുതല്‍ ഈ സംരംഭത്തില്‍ പങ്കാളിയായ അഖില്‍ എന്ന വിദ്യാര്‍ഥിയുടെ വാക്കുകള്‍. മഴയളവും കിണര്‍വെള്ളത്തിന്റെ ആഴവും രേഖപ്പെടുത്താന്‍ ഉത്സാഹത്തോടെ മുന്നിട്ടിറങ്ങുന്ന കുട്ടികള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍, അത്രതന്നെ ആവേശത്തോടെ റിട്ട. അധ്യാപകനായ പി.എസ്. ബൈജുവും കൂടെയുണ്ട്.

ഫ്‌ലഡ് മാപ്പിങ്ങിനും തുടര്‍ന്നുള്ള ദുരന്തനിവാരണപ്രവര്‍ത്തനങ്ങള്‍ക്കും ഒരു പ്രദേശം സമുദ്രനിരപ്പില്‍നിന്ന് എത്ര ഉയരത്തിലാണെന്നു മനസ്സിലാക്കേണ്ടത് അനിവാര്യമാണ്. പുത്തന്‍വേലിക്കരയിലെ ഓരോ പ്രദേശത്തിന്റെയും ഉയരം രേഖപ്പെടുത്താനുള്ള സര്‍വേ നടത്തിയത് മാല്യങ്കര എസ്.എന്‍.എം.ഐ.എം.ടി. എന്‍ജിനീയറിങ് കോളേജിലെ സിവില്‍വകുപ്പുമേധാവി കെ.ആര്‍. രേഷ്മ ടീച്ചറുടെയും വിദ്യാര്‍ഥികളുടെയും സഹായത്തോടെയാണ്.
''സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, കില വഴി ഓരോ പഞ്ചായത്തിനും ഫ്‌ലഡ് മാപ്പ് നല്‍കിയിരുന്നു. പക്ഷേ, അത് സമുദ്രനിരപ്പ് അടിസ്ഥാനമാക്കിയുള്ളതല്ല. അതുകൊണ്ടുതന്നെ ഞങ്ങള്‍ക്കത് ഉപകാരപ്രദമാവില്ല എന്നുമനസ്സിലാക്കിയിട്ടാണ് ഞങ്ങളുടെതായ സര്‍വേ നടത്തിയത്,'' സോഫ്റ്റ്വേര്‍ കമ്പനി നടത്തുന്ന എന്‍. പ്രദു പറയുന്നു. കടലില്‍നിന്ന് 10 കിലോമീറ്റര്‍ ദൂരെയായിട്ടും ഓരുവെള്ളക്കേറ്റം പുത്തന്‍വേലിക്കരയില്‍ വലിയ ഭീഷണിയാണ്. അതിനാല്‍ അടുത്തഘട്ടമായി ഓരുവെള്ളപ്പൊക്കം അളക്കാനുള്ള പരിശ്രമങ്ങളാണ് തുടങ്ങിയത്.

വേലിയേറ്റവെള്ളപ്പൊക്കത്തിന്റെ ദുരിതങ്ങള്‍ വല്ലാതെ അനുഭവിക്കുന്ന വെള്ളോട്ടുപുറത്ത് 18 ടൈഡല്‍ ഗേജ് (അളവുടേപ്പ് ഉപയോഗിച്ചുണ്ടാക്കിയ ലളിതമായൊരു സ്‌കെയില്‍) സ്ഥാപിച്ചു. കൊച്ചിയിലെ വെല്ലിങ്ടണ്‍ ഐലന്‍ഡിലെ ടൈഡല്‍ സ്റ്റേഷന്‍ കണക്കുകള്‍ക്കനുസൃതമായി ഓരോ പ്രദേശത്തും ഓരുവെള്ളം കയറുന്നതിന്റെ സമയ-ഉയര വ്യതാസങ്ങള്‍ മനസ്സിലാക്കാനും അതുവഴി ഒരു പ്രാദേശിക മുന്നറിയിപ്പുസംവിധാനത്തിന് തുടക്കമിടാനും കഴിഞ്ഞു.
മത്സ്യത്തൊഴിലാളിയും പുത്തന്‍വേലിക്കര തീരമൈത്രി സംഘടനയുടെ അംഗവുമായ പി.എന്‍. ദാസന്‍ 2018-ലെ പ്രളയകാലം മുതല്‍ സ്ഥിരമായി പുഴയിലെ ജലനിരപ്പളക്കാനും മുന്നറിയിപ്പുനല്‍കാനും മുന്‍പന്തിയിലുണ്ട്. ''കടലിനൊരു തക്കമുണ്ട്. തക്കസമയത്ത് കടല്‍ വെള്ളമെടുക്കില്ല. പ്രളയസമയത്ത് അതായിരുന്നു സ്ഥിതി. അതു ഞങ്ങള്‍ക്ക് അനുഭവത്തിലൂടെ അറിയാമായിരുന്നതിനാല്‍ സുരക്ഷിതസ്ഥാനത്തേക്ക് മാറാന്‍ കഴിഞ്ഞു. എന്നാല്‍, ചാലക്കുടിപ്പുഴയിലും പെരിയാറിലുമുള്ള ഒട്ടേറെ അണക്കെട്ടുകള്‍ ഒന്നിച്ചു തുറന്നുവിട്ടതിനാല്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ വെള്ളം പുഴയില്‍ വന്നു, കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ ഈ പ്രാദേശിക ജനകീയ നിരീക്ഷണസംവിധാനങ്ങള്‍വഴി പല സന്ദിഗ്ധഘട്ടങ്ങളിലും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയെ മുന്‍കൂട്ടി വിവരങ്ങളറിയിച്ച് അപകടങ്ങളൊഴിവാക്കാന്‍ ഞങ്ങള്‍ക്കു സാധിച്ചിട്ടുണ്ട്,'' കമ്യൂണിറ്റി റിസോഴ്സ് സെന്ററിന്റെ പ്രവര്‍ത്തനങ്ങളില്‍ തുടക്കംമുതല്‍ സജീവമായി പങ്കെടുക്കുന്ന മായാ നടേശന്റെ വാക്കുകള്‍.

വേനലിലും മുങ്ങുകയാണ് വൈപ്പിന്‍ എന്ന ലേഖനത്തിന്റെ ഒന്നാം ഭാഗം വായിക്കാം

Content Highlights: Problems in Vypin dweep Kerala


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


spain vs japan

2 min

വമ്പന്‍ അട്ടിമറിയിലൂടെ ജപ്പാന്‍ പ്രീ ക്വാര്‍ട്ടറില്‍, തോറ്റിട്ടും സ്‌പെയിന്‍ അവസാന 16-ല്‍

Dec 2, 2022

Most Commented