Representative image
വിഭവങ്ങളിൽനിന്ന് പുറത്താക്കപ്പെട്ടവരാണ് പണിയർ. അന്നന്നത്തെ കാര്യങ്ങൾ കഴിഞ്ഞുപോകുന്നതരത്തിലുള്ള സാമൂഹിക ജീവിതക്രമം. അടിമക്കച്ചവടം അവസാനിച്ച് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ഉള്ളിലെ കെട്ടുകൾ അഴിച്ചുകളയാൻ അവരിലെ സഹജമായ അടിമത്തബോധവും അപകർഷബോധവും സമ്മതിച്ചിട്ടില്ല. മാറിയകാലത്ത് ആദിവാസികൾക്കുള്ള പ്രത്യേക പരിഗണനയെന്ന സർക്കാർ നയത്തിന്റെ സൗജന്യങ്ങൾ പറ്റി, അതിനെമാത്രം താങ്ങി ജീവിക്കുകയാണ് പണിയർ. കരയുന്ന നവജാതശിശുവിനെ ആശുപത്രിയിലെത്തിക്കാൻ എസ്.ടി. പ്രൊമോട്ടറോ, ആശാവർക്കറോ, ചുരുങ്ങിയത് അടുത്തുള്ള ജനപ്രതിനിധിയോ ഊരിലെത്തണം എന്ന മനോഭാവത്തിലാണ് വലിയൊരുപങ്കും. ആശ്രിതത്വത്തിന്റെ അങ്ങേയറ്റത്താണ് ഭൂരിഭാഗവും. കാര്യങ്ങൾ തിരിച്ചറിയുന്ന പുതുതലമുറയാവട്ടെ കോളനികളിലേക്ക് ഇടപെടാൻ കയറിച്ചെല്ലുന്നവരുടെ ഇരട്ടത്താപ്പുകളെപ്പോലും പരിഹസിക്കും. എന്നാൽ, തങ്ങളോട് തീർത്തും എതിരിട്ടുനിൽക്കുന്ന സാമൂഹികക്രമങ്ങളെ ചോദ്യംചെയ്യാനും മറികടക്കാനുമുള്ള ഊർജം ഇവർക്കും നേടാനാവുന്നില്ല.
വിദ്യാഭ്യാസമുള്ളവനെ സമപ്രായക്കാർ കൂടെക്കൂട്ടാൻ മടിക്കുന്നുവെന്ന് പരിഭവിച്ചു, പുതൂർക്കുന്ന് പണിയക്കോളനിയിലെ ബിരുദാനന്തരബിരുദധാരി അരുൺ. പഠിച്ച പണിയനായതിനാലാവും പൊതുസമൂഹത്തിന്റെ താങ്ങും അരുണിനില്ല. ഇനിയും സൗജന്യങ്ങളല്ല, ആത്മവിശ്വാസത്തോടെ ഇടപെടാൻ പണിയരെ പ്രാപ്തരാക്കുകയാണ് വേണ്ടതെന്ന് അധികൃതർ തിരിച്ചറിയണം.
പഠിക്കണം, വിശകലനങ്ങൾ വേണം
Also Read
കഴിഞ്ഞ ഏഴുവർഷം കൊണ്ടുമാത്രം 5600 കോടി രൂപയുടെ കേന്ദ്രഫണ്ടാണ് ആദിവാസിമേഖലയിൽ ചെലവഴിച്ചതെന്ന് ഉദ്യോഗസ്ഥരിലൊരാൾ അവകാശപ്പെട്ടു. ചെലവഴിക്കുന്ന കോടികളുടെ വലുപ്പത്തിനനുസരിച്ച്, ഗുണപരമായി നിങ്ങളെന്തുചെയ്തു എന്ന ചോദ്യത്തിന് സർക്കാരുകൾ മറുപടിപറയണം. സ്റ്റാറ്റിസ്റ്റിക്കൽ വകുപ്പ്, ആരോഗ്യവകുപ്പ്, ഐ.ടി.ഡി.പി., കിർത്താഡ്സ്, ത്രിതലപഞ്ചായത്തുകൾ, പോലീസ്... പലതരത്തിൽ നേരിട്ടും അല്ലാതെയും ആദിവാസികളെ സംബന്ധിച്ചുള്ള വിവരശേഖരണം ഓരോ വിഭാഗവും നടത്തുന്നുണ്ട്. യാന്ത്രികമാണ് വിവരശേഖരണങ്ങളെന്നു കാണാം. ഊരുകളുമായി നിരന്തരം ഇടപെടുന്നവർ നടത്തുന്ന വിശ്വാസയോഗ്യമായ നിരീക്ഷണങ്ങളുണ്ട്. മുതിർന്ന രാഷ്ട്രീയപ്രവർത്തകരെയെടുക്കാം. 1980-കളിൽ ഓരോ കോളനിയിലും ഇത്ര വോട്ടുണ്ടായിരുന്നു, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇത്രയായി കുറഞ്ഞു. മരണനിരക്ക് ഉയർന്നതാണെന്ന് അവർ പറയും. ഐ.ടി.ഡി.പി. ഉദ്യോഗസ്ഥരോട് അന്വേഷിക്കാം. ഓണക്കോടി വാങ്ങാനും കോവിഡ് വാക്സിൻ എടുക്കാനുമെത്തിയവരിൽ പണിയരിൽ ആണുങ്ങൾ കുറയുന്നുവെന്ന് അവർക്ക് ആശങ്കയുണ്ട്. ആരോഗ്യപ്രവർത്തകർക്കുമുണ്ട് ഇത്തരം നിരീക്ഷണങ്ങൾ. എന്നാൽ, ഇവയെ സമഗ്രമായി അവതരിപ്പിക്കാൻവേണ്ട ഡേറ്റാവിശകലനങ്ങൾ വകുപ്പുകളിൽ എങ്ങുമില്ല.
അസ്വാഭാവിക മരണങ്ങൾ പോലീസ് രേഖപ്പെടുത്തുന്നുണ്ട്, തദ്ദേശസ്ഥാപനങ്ങളിലുണ്ട്. എന്നാൽ, ഗോത്രംതിരിച്ചുള്ള വിവരമില്ല. ആരോഗ്യസൂചികകളെല്ലാം ആരോഗ്യവകുപ്പിന് കീഴിലുണ്ട്. ആദിവാസിയെന്ന ക്രോഡീകരിച്ച ഡേറ്റയും ഉണ്ടാകും. എന്നാൽ, പണിയരുടെ നിലയെന്ത്, അടിയരുടെയും കുറിച്യരുടെയും നിലയെന്തെന്ന ചോദ്യത്തിന് ഉത്തരമില്ല. കുറിച്യരെയും കുറുമരെയും കാണിമാരെയുംപോലെ സാമൂഹികമായി മെച്ചപ്പെട്ട ആദിവാസി ഗോത്രങ്ങളെയും പണിയ, അടിയ, കാട്ടുനായ്ക്ക വിഭാഗങ്ങളെയും ഒരുപോലെ പരിഗണിക്കരുതെന്ന് പലകുറി ആവശ്യമുയർന്നതാണ്. സംസ്ഥാന സർക്കാരിന്റെ നയത്തിൽപ്പോലും മാറ്റംവന്നുതുടങ്ങി. അടിയ-പണിയ പാക്കേജുകൾ ഉദാഹരണം. എന്നാൽ, വിവരശേഖരണത്തിലും ക്രോഡീകരണത്തിലും ഡേറ്റയുടെ വിശകലനത്തിലും അതു പ്രതിഫലിക്കുന്നില്ല. വെറുതേ ഡേറ്റാ എൻട്രി നടത്തുകയല്ല, വിശകലനംചെയ്ത് പദ്ധതികൾ ആവിഷ്കരിച്ചാൽമാത്രമേ കൂടുതൽ മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ ആദിവാസിക്കും ഒരുക്കാൻ നമുക്കാവൂ. സമാനമായി സ്ത്രീകൾക്കും കുട്ടികൾക്കും മാത്രമായാണ് ആരോഗ്യവകുപ്പിന്റേത് ഉൾപ്പെടെ പല പദ്ധതികളും ആവിഷ്കരിക്കുന്നത്. പിന്നാക്കഗോത്രങ്ങളിലെങ്കിൽ ലിംഗഭേദമെന്യേ പൊതുപദ്ധതികൾ വേണം.
സൂക്ഷ്മതല ആസൂത്രണം
ഓരോ ഗോത്രവും പിന്തുടരുന്ന വഴക്കങ്ങൾ വ്യത്യസ്തമാണ് എന്നതുപോലെ ഓരോ ഊരിലെയും സാഹചര്യങ്ങളും വ്യത്യസ്തമാണ്. വനത്തോട് ചേർന്നുള്ള ഊരിലും ഗ്രാമീണമേഖലയിലെ ഊരിലും ടൗണിലെ ഊരിലും വ്യത്യസ്ത സാഹചര്യങ്ങളാണുണ്ടാവുക. ഭക്ഷണലഭ്യതയും പുതിയ ശീലങ്ങളുടെ സ്വാംശീകരണത്തിലുമെല്ലാം ഇതു പ്രതിഫലിക്കും. വിദ്യാഭ്യാസത്തിലും മദ്യപാനത്തിലുംവരെ വ്യത്യാസങ്ങളുണ്ടാകും. ഈ മാറ്റങ്ങൾ തിരിച്ചറിഞ്ഞുള്ള ഇടപെടലാണുവേണ്ടത്. ഓരോ ഊരിനും ഓരോ ഗോത്രത്തിനും ചേരുന്ന സൂക്ഷ്മതലത്തിലുള്ള ആസൂത്രണങ്ങൾ നടപ്പാക്കണം. പ്രാദേശികമായി പിന്തുണ ഉറപ്പാക്കുന്നതായിരിക്കണം ഇത്തരം ഇടപെടലുകൾ. അതേസമയം, ഊരിലെ ചെമ്മിയെയും (മൂപ്പനെ), ഊരുവാസികളെയുംക്കൂടി വിശ്വാസത്തിലെടുക്കണം. ഐ.ടി.ഡി.പി. ഉദ്യോഗസ്ഥർ ഇനിയെങ്കിലും എല്ലാ വകുപ്പുകളെയും ആദിവാസിക്കായി ഉപയോഗപ്പെടുത്തുന്ന സംയോജകരുടെ വേഷമണിയണം. പലതരത്തിലുള്ള ഉദ്യോഗസ്ഥർ, പലകാര്യങ്ങൾ പറഞ്ഞു കയറിയിറങ്ങുന്നതിനുപകരം, പൊതുവായൊരു ഉദ്യോഗസ്ഥന് ചുമതലനൽകാം. ആദിവാസിവിഭാഗത്തോട് മമതയുള്ളവരാവണം ഐ.ടി.ഡി.പി.യുടെ മുഖമാവേണ്ടത്. അല്ലാതെ മേൽജാതിക്കാരനായ, എനിക്ക് ആദിവാസിക്കുവേണ്ടി പണിയെടുക്കേണ്ടിവന്നല്ലോ എന്ന് പരിതപിക്കുന്നവരാവരുത്. അങ്ങനെയുള്ളവരും വകുപ്പിലുണ്ട്, അതിൽ തിരുത്തൽ ഇനിയെങ്കിലും ഉണ്ടാവണം.
പൊതുവിതരണസമ്പ്രദായത്തിലെ പ്രാദേശികവത്കരണം
റേഷനരി കടയിൽ വിൽക്കും കടലയും ചെറുപയറുമൊക്കെ പൂത്തുപോയത് കാണാം. ആദിവാസി ഊരിലെ പൊതുവിതരണസമ്പ്രദായത്തെക്കുറിച്ചുള്ള അന്വേഷണങ്ങൾക്ക് വിചിത്രമായ ഇത്തരം ഉത്തരങ്ങൾ പലകുറി കേൾക്കാം. അന്യംനിന്ന വംശീയ ഭക്ഷണശീലങ്ങളിൽനിന്ന് ആദിവാസികൾ മാറിവരുന്നേയുള്ളൂ. ധാന്യങ്ങൾ അവരുടെ പരമ്പരാഗത വിഭവമല്ല, ചിലർ കഴിക്കും ചിലർ കഴിക്കില്ല. വേവുകുറഞ്ഞ അരി കഴിച്ചുശീലിച്ചവർക്ക് വേവുകൂടിയ പാലക്കാടൻ മട്ട നൽകിയാൽ മറിച്ചുവാങ്ങേണ്ടിവരും. ഭക്ഷണം വ്യക്തിപരമായ തിരഞ്ഞെടുപ്പായതിനാൽത്തന്നെ ഇതെല്ലാം നിഗമനങ്ങളാണ്. ഒന്നും അവസാനവാക്കല്ല. ഓരോ പ്രദേശത്തെയും ഭൂരിപക്ഷതാത്പര്യം നോക്കി പരമാവധി ഭക്ഷ്യവൈവിധ്യം വരുത്താനുള്ള ശ്രമങ്ങളാണുവേണ്ടത്. ധാന്യം കഴിക്കാൻ മടിക്കുന്നവരെ, അതു ശീലിപ്പിക്കാൻ ശ്രമിക്കാം. അല്ലാതെ കിറ്റിൽ സോയാബീൻ ഉൾപ്പെടുത്തി നിർബന്ധമായും അതു കഴിച്ചേപറ്റൂവെന്ന് ശഠിക്കരുത്. തിനയും റാഗിയും പോലുള്ള ചെറുധാന്യങ്ങൾ, തനത് അരിയിനങ്ങൾ തുടങ്ങി സാധ്യമായ വൈവിധ്യവത്കരണത്തിനുള്ള ശ്രമങ്ങളാണുവേണ്ടത്. ഇതിനൊപ്പം വംശീയഭക്ഷണങ്ങൾ പ്രചരിപ്പിക്കാനും സംരക്ഷിക്കാനും ശ്രമിക്കാം.
ഭൂമി, വിദ്യാഭ്യാസം, അടിസ്ഥാനസൗകര്യം
സാമൂഹികസാഹചര്യങ്ങളിലെ പിന്നാക്കാവസ്ഥ പരിഹരിക്കപ്പെടണം. ഭൂമിയുടെ ലഭ്യത പ്രധാനമാണ്. സ്വന്തമായുള്ള ഭൂമി, ഭക്ഷണത്തിൽ ഉൾപ്പെടെ അവരെ സ്വയംപ്രാപ്തരാക്കും. വിദ്യാഭ്യാസത്തിലെ ഉന്നതി സാമൂഹിക സാഹചര്യങ്ങൾ ഉയരാനും ലഹരിവിരുദ്ധബോധവത്കരണങ്ങളിലും തുണയാകും. മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിൽ ഉൾപ്പെടെ പണിയവിഭാഗത്തിൽനിന്നുള്ള കൂടുതൽപ്പേരെ പ്രവേശിപ്പിക്കാനുള്ള നടപടികളുണ്ടാവണം. കുടിവെള്ളലഭ്യത, പ്രളയഭീതിയില്ലാത്ത ഭൂമിയുടെ ലഭ്യത, അടച്ചുറപ്പുള്ള വീട്, കൂടുതൽ തൊഴിൽദിനങ്ങൾ -ആദിവാസിക്ക് കൈതാങ്ങുവേണ്ട മേഖലകൾ ഇനിയുമേറെയുണ്ട്. അതിൽ ഇടപെടൽവേണം. സംവരണനയത്തിൽേപ്പാലും തിരുത്തലാവാം. സ്വാശ്രയത്വശീലം വളർത്തുന്നതിന് താങ്ങാവണം സർക്കാർ. മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ ആർജിക്കാനായ ഗോത്രങ്ങൾക്ക് ഇനി സബ്സിഡിയും സീറ്റുസംവരണവുംപോലെയുള്ള പിന്തുണകൾ മതി. എന്നാൽ, പണിയ, അടിയ, കാട്ടുനായ്ക്ക ഗോത്രങ്ങൾക്കായി പ്രത്യേക പാക്കേജുകൾ പ്രഖ്യാപിച്ച് ആസൂത്രണംചെയ്ത് നടപ്പാക്കണം.
തിരിച്ചുപിടിക്കണം

-മണികണ്ഠൻ പണിയൻ
പണിയവിഭാഗത്തിൽനിന്നുള്ള ആദ്യ എം.ബി.എ. ബിരുദധാരി
സാമൂഹികമായി ഉൾച്ചേർക്കണം

-ഡോ. കെ.പി. നിതീഷ് കുമാർ,
യൂണിസെഫ് കൺസൾട്ടന്റ്, പട്ടികവർഗ വികസനവകുപ്പ്
ഊരിലെ പെണ്ണിന്റെ ശബ്ദമുയരണം

-വിനു കിടച്ചുലൻ
പണിയകലാകാരൻ, സിനിമാ പിന്നണിഗായകൻ
പരമ്പരയുടെ മുന്ഭാഗങ്ങള് വായിക്കാം
(അവസാനിച്ചു)
Content Highlights: Problems faced by kerala Tribes Paniya Series
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..