Representative image: Maduraj
അടുത്തിടെ ദേശീയ കുടുംബാരോഗ്യ സര്‍വേ വിവരങ്ങള്‍ പുറത്തുവിട്ടപ്പോള്‍ തമിഴ്‌നാട്ടിലെ ഗാര്‍ഹികപീഡനങ്ങളുടെ ഞെട്ടിക്കുന്ന കഥകളാണ് പുറത്തായത്. പുരോഗമനം കൊട്ടിഘോഷിക്കുമ്പോഴും സംസ്ഥാനത്തെ സ്ത്രീകളുടെ അരക്ഷിതാവസ്ഥയിലേക്ക് അതു വിരല്‍ചൂണ്ടുന്നു. 80 ശതമാനം സ്ത്രീകളും ഭര്‍ത്താക്കന്മാരുടെ മര്‍ദനത്തെ ന്യായീകരിക്കുന്നെന്നതാണ് സര്‍വേയിലെ ഒരു വിവരം. ഭര്‍ത്താക്കന്മാരുമായി തര്‍ക്കിക്കുകയോ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിക്കുകയോ ചെയ്യുന്നതു കാരണം ഏല്‍ക്കേണ്ടിവരുന്ന മര്‍ദനത്തെയാണ് അവര്‍ ന്യായീകരിക്കുന്നത്.
വിവാഹിതരായ സ്ത്രീകളില്‍ 45 ശതമാനവും ഭര്‍ത്താക്കന്മാരുടെ ആക്രമണത്തിന് ഇരയാവുന്നുണ്ടെന്നും സര്‍വേ വ്യക്തമാക്കുന്നു. ഭര്‍ത്താക്കന്മാരില്‍നിന്നും ഏല്‍ക്കുന്നത് പീഡനമാണെന്നുപോലും ഭൂരിഭാഗം സ്ത്രീകളും തിരിച്ചറിയുന്നില്ലെന്നതും ആശ്ചര്യമുളവാക്കുന്നു. ഭാര്യമാരെ ഉപദ്രവിക്കുന്നതിനുപിന്നില്‍ ഭര്‍ത്താക്കന്മാരുടെ മദ്യപാനത്തിന് വലിയ പങ്കുണ്ടെന്നും സര്‍വേ വ്യക്തമാക്കുന്നു.
ഗാര്‍ഹികപീഡനത്തിന് ഇരകളാകുന്ന 80 ശതമാനം സ്ത്രീകളും തുറന്നുസംസാരിക്കുകയോ ബന്ധപ്പെട്ട അധികാരികളെ അറിയിക്കുകയോ ചെയ്യുന്നില്ലെന്നും പറയുന്നുണ്ട്. സര്‍വേയിലെ പല വിവരങ്ങളും സംസ്ഥാനത്തിന്റെ പുരോഗമനവാദത്തെ നാണംകെടുത്തുന്നു.
മദ്യവില്‍പ്പനയിലൂടെ സംസ്ഥാന ഖജനാവിലേക്ക് കോടികള്‍ എത്തുന്നുണ്ട്. പക്ഷേ, അപ്പോഴും അക്രമങ്ങളില്‍നിന്നു സ്ത്രീകളെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെടുന്നെന്ന കുറ്റാരോപണം സര്‍ക്കാരിനു നേര്‍ക്കുണ്ടാവുന്നു. പുരോഗമനസംസ്ഥാനം എന്ന പേരിലാണ് തമിഴ്‌നാട് അറിയപ്പെടുന്നത്. സര്‍വേയിലെ പല വിവരങ്ങളും ഈ വാദം ഒരുപരിധിവരെ പൊളിക്കുന്നവയാണ്.
സര്‍വേയിലെ കണ്ടെത്തലുകളൊക്കെ കൂട്ടായ ആത്മപരിശോധനയ്ക്കു വിധേയമാക്കേണ്ടതും നടപടികള്‍ സ്വീകരിക്കേണ്ടതുമാണ്.
തമിഴ്‌നാട്ടില്‍ ഗാര്‍ഹികപീഡനങ്ങള്‍ അനുഭവിച്ച സ്ത്രീകളില്‍ വെറും 2.8 ശതമാനം മാത്രമാണ് പോലീസ് സഹായം തേടിയത്. സംസ്ഥാനത്തുടനീളം സ്ത്രീകളുടെ കേസുകള്‍ക്കായി മാത്രം വനിതാ പോലീസ് സ്റ്റേഷനുകളുണ്ട്. അവിടത്തെ പോലീസുകാര്‍ വനിതകളുമാണ്. എന്നിട്ടും എന്തുകൊണ്ട് സ്ത്രീകള്‍ തങ്ങള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ തുറന്നുപറയുന്നില്ല എന്നത് ചിന്തിക്കേണ്ട കാര്യമാണ്.
ഭര്‍ത്താക്കന്മാരുടെ പീഡനങ്ങളില്‍ ഐ.പി.സി. 498 എ വകുപ്പുപ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യാറുള്ളതെന്നാണ് അറിയുന്നത്. ഈ വകുപ്പിനു കീഴിലാകട്ടെ വളരെ ചുരുക്കം കേസുകള്‍മാത്രമേ ഇതുവരെ രജിസ്റ്റര്‍ചെയ്തിട്ടുള്ളൂവെന്ന് പോലീസ് പറയുന്നു. ജോലിനേടി സ്ത്രീകള്‍ സ്വന്തംകാലില്‍ നിന്നാല്‍ പീഡനങ്ങള്‍ ചെറുക്കാമെന്നൊക്കെ പറയാറുണ്ടെങ്കിലും മികച്ച വിദ്യാഭ്യാസമോ സാമ്പത്തികപുരോഗതിയോ പ്രത്യയശാസ്ത്രങ്ങളോ ഒന്നും ലിംഗസമത്വത്തില്‍ കാര്യമായ ഗുണം ചെയ്യുന്നില്ലെന്നാണ് മനസ്സിലാവുന്നത്. തങ്ങള്‍ ഏല്‍ക്കുന്ന പീഡനങ്ങള്‍ പുറത്തുപറയാന്‍ സ്ത്രീകള്‍ തയ്യാറാവാത്തതിനുപിന്നില്‍ ഭര്‍ത്താവിനോടുള്ള വിധേയത്വമാണെന്നുവരെ പൊതുസമൂഹം വിലയിരുത്തുന്നുണ്ട്. കുട്ടിക്കാലത്ത് അച്ഛന്‍ അമ്മയെ തല്ലുന്നതുകണ്ട് വളര്‍ന്നതിനാലാണ് പീഡനങ്ങള്‍ ഒതുക്കിവെക്കാനും പരാതിപ്പെടാന്‍ മടിക്കുന്നതെന്നുമാണ് സര്‍വേയിലെ കണ്ടെത്തല്‍. മനഃശാസ്ത്രപരമായി വിശകലനം ചെയ്യേണ്ട ഒരു കാര്യമാണിത്. കുട്ടിക്കാലംമുതല്‍ കുടുംബവഴക്കിനെ നിസ്സാരമായി കാണാനുള്ള പ്രവണത വളര്‍ത്തിയെടുക്കുന്നത് ശരിയായ കാര്യമല്ല.
പുരുഷാധിപത്യസമൂഹത്തില്‍ സ്ത്രീകള്‍ അബലകളാണെന്ന തോന്നല്‍ കുട്ടിക്കാലത്തേ അവരുടെ മനസ്സില്‍ വേരുപിടിപ്പിക്കുന്നത് സ്വന്തം കുടുംബമാണെങ്കില്‍ അതു മാറ്റാനുള്ള ശ്രമം ഉണ്ടാവണം. അല്ലെങ്കില്‍ പെണ്‍കുട്ടികള്‍ വിവാഹിതരാകുമ്പോള്‍ പ്രതികരണശേഷിപോലും വറ്റിയവരായി മാറും. ജാതിയും മതവും മാറി വിവാഹിതരാകുന്ന സ്ത്രീകള്‍ പലപ്പോഴും ഭര്‍ത്താവിന്റെ പീഡനത്തിനു ഇരയാകുമ്പോള്‍ സ്വന്തം കുടുംബത്തിന്റെ പിന്‍ബലംപോലും അവര്‍ക്കു നഷ്ടമാവുന്നു. അതും പ്രതികരണ ശേഷിയെ ദോഷകരമായി ബാധിക്കും. തമിഴ്‌നാട്ടില്‍ ഉന്നതവിദ്യാഭ്യാസം നേടുന്ന ധാരാളം സ്ത്രീകളുണ്ടെങ്കിലും അതില്‍ ഭൂരിഭാഗവും തൊഴില്‍മേഖലയില്‍ എത്തപ്പെടുന്നതിനുപകരം വിവാഹത്തിലേക്കു നയിക്കപ്പെടുന്നു.
ജോലിനേടാന്‍ സ്വന്തമാക്കുന്ന ഉന്നതവിദ്യാഭ്യാസം വിവാഹച്ചന്തയിലെ മുന്തിയ യോഗ്യതയായി മാറുകയും അതില്‍ അവര്‍ തളച്ചിടപ്പെടുകയും ചെയ്യുന്നു.
വിവാഹശേഷം കുടുംബം ഭദ്രമാക്കുക എന്ന കര്‍ത്തവ്യം അവരുടെ കൈകളില്‍ ഏല്‍പ്പിക്കുമ്പോള്‍ ജോലി എന്ന സ്വപ്നം എന്നന്നേക്കുമായി അവര്‍ക്കു മാറ്റിവെക്കേണ്ടിയുംവരുന്നു. ചെന്നൈയിലെ പല സാധാരണ കുടുംബങ്ങളിലും വീട്ടുകാര്യങ്ങള്‍ നോക്കി നടത്തുന്നത് പലപ്പോഴും സ്ത്രീകളാണ്. പുരുഷന്മാര്‍ പണിക്കുപോലും പോകാതെ മടിപിടിച്ചിരിക്കുകയാവും. കൂലിപ്പണിക്കുപോയി കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടായിരിക്കും വീട്ടമ്മമാര്‍ ചെലവുകള്‍ നിര്‍വഹിക്കുക. പണിയെടുക്കാതെ ജീവിക്കാന്‍ സര്‍ക്കാരിന്റെ സൗജന്യങ്ങളെയും ഇവര്‍ കൂട്ടുപിടിക്കുന്നു. പണം കൈയിലെത്തിയാല്‍ നല്ലൊരു പങ്കും ടാസ്മാക് മദ്യശാലകളിലേക്ക് ഒഴുകാറാണ് പതിവ്. പണവും മദ്യവും ഒത്തുചേരുമ്പോള്‍ ഗാര്‍ഹിക പീഡനങ്ങള്‍ക്ക് ആക്കംകൂടുന്നു. സ്ത്രീകള്‍ നേരിടുന്ന പീഡനങ്ങള്‍ ചെറുക്കാന്‍ സര്‍ക്കാര്‍നടപടികള്‍ ഇനിയും ശക്തിപ്പെടുത്തിയേ മതിയാകൂ. സര്‍വേയിലെ വിവരങ്ങള്‍ അതിലേക്കുകൂടി വിരല്‍ചൂണ്ടുന്നുണ്ട്.
Content Highlights: Problem Faced by women in tamilnadu
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..