Representative image/Photo: AFP
കാബൂൾ: അഫ്ഗാനിസ്താനിലെ സാരെ പുൽ പ്രവിശ്യയിൽ രണ്ട് സ്കൂളുകളിലെ 80 പെൺകുട്ടികളെ വിഷബാധയേറ്റതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ചയും ഞായറാഴ്ചയുമായാണ് കുട്ടികൾ ആശുപത്രിയിലായതെന്ന് പ്രവിശ്യയിലെ വിദ്യാഭ്യാസവകുപ്പ് ഡയറക്ടർ മുഹമ്മദ് റഹ്‌മാനി പറഞ്ഞു. ഒന്നുമുതൽ ആറുവരെ ക്ലാസുകളിൽ പഠിക്കുന്നവരാണിവർ.
സാങ്ചരക് ജില്ലയിലെ നസ്വാൻ ഇ കബോദ് അറബ് സ്കൂളിലെ 60 പേർക്കും അടുത്തുള്ള നസ്വാൻ ഇ ഫൈസാബാദ് സ്കൂളിലെ 17 പേർക്കുമാണ് വിഷബാധയേറ്റത്. കുട്ടികളുടെ നില മെച്ചപ്പെട്ടതായി റഹ്‌മാനി അറിയിച്ചു.
വിരോധംമൂലം ആരോ സ്കൂളുകളിൽ വിഷപ്രയോഗം നടത്തിയതാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, എങ്ങനെയാണ് കുട്ടികൾക്കു വിഷബാധയേറ്റതെന്നോ എന്തുതരം അസ്വസ്ഥതകളാണ് അവർ പ്രകടിപ്പിച്ചതെന്നോ അദ്ദേഹം വ്യക്തമാക്കിയില്ലെന്ന് ‘ഫോക്സ് ന്യൂസ്’ റിപ്പോർട്ട് ചെയ്തു.
2021 ഓഗസ്റ്റിൽ അഫ്ഗാനിസ്താന്റെ ഭരണം താലിബാൻ പിടിച്ചെടുത്തശേഷം ആദ്യമായാണ് ഇങ്ങനെയൊരു സംഭവം. സ്ത്രീകളുടെയും പെൺകുട്ടികളുടെയും അവകാശങ്ങളും സ്വാതന്ത്ര്യവും അടിച്ചമർത്തിയ താലിബാൻ അവരെ ആറാം ക്ലാസുവരെ പഠിക്കാനേ അനുവദിക്കുന്നുള്ളൂ.
അഫ്ഗാനിസ്താന്റെ അയൽരാജ്യമായ ഇറാനിലെ സ്കൂളുകളിൽ കഴിഞ്ഞവർഷം നവംബറിൽ പെൺകുട്ടികൾക്കുനേരെ വിഷവാതകപ്രയോഗമുണ്ടായിരുന്നു. രാജ്യത്തിന്റെ വിവിധഭാഗങ്ങളിലായി ആയിരത്തിലേറെ കുട്ടികളാണ് വിഷവാതകം ശ്വസിച്ച ലക്ഷണങ്ങളോടെ ആശുപത്രിയിലായത്. ഇതുമായി ബന്ധപ്പെട്ട് ഏതാനുംപേരെ ഇറാൻ അറസ്റ്റ് ചെയ്തെങ്കിലും അവർ ആരെന്നോ വിഷപ്രയോഗത്തിനു കാരണമെന്തെന്നോ പുറത്തുവന്നിട്ടില്ല.
Content Highlights: primary school girls believed poisoned in Afghanistan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..