അന്ന് ശ്രീലങ്കയില്‍ എല്‍.ടി.ടി.യെ വേരോടെ പിഴുതെറിഞ്ഞു, ഇന്ന് രാജ്യം വിട്ടോടി ഗോതാബയ രാജപക്‌സെ


പി.എം. നാരായണൻ

ജനവികാരം ഉൾക്കൊള്ളാതെ, ജനാധിപത്യത്തിന്റെ മറവിൽ നടത്തിയ കുടുംബാധിപത്യ ദുർഭരണത്തെയാണ് ശ്രീലങ്കൻജനത രാഷ്ട്രപതിയുടെ കൊട്ടാരത്തിൽകയറി അടിച്ചുടച്ചത്

Gotabaya rajapakse/ Photo: AFP

ശ്രീലങ്കൻസമൂഹം പുകയാൻ തുടങ്ങിയിട്ട് മാസങ്ങളായി. ആവശ്യത്തിന് ഭക്ഷണമില്ല. ഇന്ധനമില്ല. ആശുപത്രികളിൽ മരുന്നില്ല. ദിവസങ്ങളോളം നീണ്ട പവർക്കട്ട്. അച്ചടിക്കാൻ പേപ്പറോ മഷിയോ ഇല്ല. അതുകാരണം സ്‌കൂൾ പരീക്ഷകൾ ഒന്നും നടക്കുന്നില്ല. ഇങ്ങനെയൊക്കെയായിട്ട് ആറേഴുമാസമായി. അപ്പോഴും ശ്രീലങ്കയിൽ ജനങ്ങൾ സമാധാനപൂർണമായാണ് പ്രതിഷേധിച്ചുകൊണ്ടിരുന്നത്. പ്രസിഡന്റ് ഗോതാബയ രാജപക്സെ രാജിവെച്ചൊഴിയുക എന്ന മുദ്രാവാക്യമാണ് അവർ മുഴക്കിക്കൊണ്ടിരുന്നത്. അവരുടെ ക്ഷമ അവസാനിച്ചിരിക്കുന്നു.

രാജ്യംവിട്ടോടിയ പ്രസിഡന്റ്

പ്രസിഡന്റ് ഗോതാബയ രാജപക്‌സെ രാജ്യംവിട്ടോടി എന്നതാണ് അവസാനം ലഭിക്കുന്ന വാർത്ത. ശ്രീലങ്ക ഒരു ജനാധിപത്യരാജ്യമാണെങ്കിലും 2019-ലെ പൊതുതിരഞ്ഞടുപ്പിനുശേഷം ഭരണചക്രം തിരിച്ചത് രാജപക്സെ കുടുംബമാണ്. ഗോതാബയ രാജപക്സെ എന്ന പ്രസിഡന്റ്. അദ്ദേഹത്തിന്റെ സഹോദരൻ മഹിന്ദ രാജപക്സെ പ്രധാനമന്ത്രി. മറ്റൊരു സഹോദരൻ ബസിൽ രാജപക്സെ സാമ്പത്തികമന്ത്രി. അവരുടെ മക്കൾ. പിന്നെ സ്തുതിപാഠകരും അവർക്കുചുറ്റും വളർന്ന അഴിമതിക്കൂട്ടവുംകൂടി ചേർന്നപ്പോൾ ശ്രീലങ്ക കുടുംബാധിപത്യത്തിനു കീഴിലായി. ജനത അക്ഷരാർഥത്തിൽ വെള്ളംകുടിച്ചു.

ശ്രീലങ്കയെ, അതിന്റെ ചരിത്രത്തിലിതുവരെ കാണാത്തതരത്തിലുള്ള സാമ്പത്തികപ്രതിസന്ധിയിലേക്കാണ് ഇവർ തള്ളിവിട്ടത്. കടക്കെണിയിലേക്ക് സ്വയം നടന്നുകയറുകയായിരുന്നു ആ രാജ്യം. ഇതാണ് ജനകീയപ്രക്ഷോഭങ്ങൾക്ക് തിരികൊളുത്തിയത്.

ഇടയ്ക്ക് സമരക്കാരെ തണുപ്പിക്കാൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെയും മറ്റുചില മന്ത്രിമാരും രാജിവെച്ചൊഴിഞ്ഞിരുന്നു. എങ്കിലും ഭരണനിയന്ത്രണം രാഷ്ട്രപതിയുടെ വസതിക്കകത്തുനിന്നുതന്നെയായിരുന്നു. ഈ വസതിയാണ് ഇപ്പോൾ ജനം പിടിച്ചെടുത്തത്. പ്രതിഷേധക്കാർ രാഷ്ട്രപതിയുടെ കിടപ്പുമുറിയിൽ കിടക്കുന്നതും പൂളിൽ കുളിക്കുന്നതും അടുക്കളയിൽ കയറി ഭക്ഷണം വാരിക്കഴിക്കുന്നതുമായ ചിത്രങ്ങളാണ് ലോകമെങ്ങും പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

കരുത്തനായ നേതാവിന്റെ പതനം

ശ്രീലങ്കൻ ചരിത്രത്തിലെ ഏറ്റവും കരുത്തനായ നേതാക്കളിലൊരാളാണ് ഗോതാബയ രാജപക്സെ. 2009-ൽ ആഭ്യന്തരയുദ്ധത്തിന്റെ അവസാനപാദത്തിൽ എൽ.ടി.ടി.ഇ.യെ സമൂലം ഉന്മൂലനംചെയ്ത കരുത്തൻ. അന്ന് അദ്ദേഹം പ്രതിരോധമന്ത്രാലയ സെക്രട്ടറിയായിരുന്നു. മഹിന്ദ രാജപക്സെ പ്രസിഡൻറും. എൽ.ടി.ടി.ഇ.യ്ക്കുമേൽ നേടിയ ഈ വിജയമാണ് രാജപക്സെ കുടുംബത്തെ ശ്രീലങ്കൻ രാഷ്ട്രീയത്തിന്റെ കേന്ദ്രസ്ഥാനത്തേക്ക് പ്രതിഷ്ഠിക്കുന്നത്.

തകർച്ചയ്ക്ക് പല കാരണങ്ങൾ

സ്വാതന്ത്ര്യം കിട്ടി 75 വർഷം കഴിഞ്ഞിട്ടും ഭക്ഷ്യധാന്യമോ പാലോ മരുന്നോ അടക്കം ഒന്നിലും സ്വയംപര്യാപ്തത കൈവരിക്കാത്ത രാജ്യമാണ് ശ്രീലങ്ക. കൂടാതെ ഇന്ധനവും സിമന്റും ഇരുമ്പും എന്തിന് കടലാസും അതിൽ അച്ചടിക്കാനുള്ള മഷിയടക്കം എല്ലാം ഇറക്കുമതിചെയ്യണം. അതിനെല്ലാം പണം വേണം. കോവിഡിന്റെ ഒന്നും രണ്ടും ആഘാതതരംഗങ്ങൾ ശ്രീലങ്കൻ വിനോദസഞ്ചാര മേഖലയെ ആകെ താറുമാറാക്കി. ആ മേഖലയിലെ വരുമാനം നിലച്ചു. ഒറ്റരാത്രികൊണ്ട് ജൈവകൃഷിയിലേക്ക് മാറാം എന്ന അശാസ്ത്രീയവ്യഗ്രത കാർഷികമേഖലയെ ആകെ തകിടംമറിച്ചു. വരുമാനം ഇല്ലാതായതോടെ നിത്യച്ചെലവിന് കടം വാങ്ങേണ്ട അവസ്ഥവന്നു. മുമ്പുവാങ്ങിയ കടം തിരിച്ചടയ്ക്കേണ്ട ബാധ്യതയും.

ഇതിനെ മറികടക്കാൻ ശ്രീലങ്കകണ്ട എളുപ്പവഴി നോട്ടടിക്കുക എന്നതായിരുന്നു. 2021-ൽ മാത്രം 1.2 ട്രില്യൺ രൂപയാണ് ശ്രീലങ്ക പ്രിന്റുചെയ്തിറക്കിയത്. ശ്രീലങ്കയിൽ പണപ്പെരുപ്പം 40 ശതമാനത്തിലേക്ക് കുതിച്ചു.

കടത്തിൽനിന്ന്‌ കരകയറാൻ

എന്നാൽ, ഇത്തരം പ്രതിസന്ധികളിൽ രാജ്യങ്ങൾ സാധാരണ ചെയ്യാറുള്ള രീതി ഐ.എം.എഫ്. പോലുള്ള അന്താരാഷ്ട്ര ഏജൻസികളെ സമീപിക്കുക എന്നതാണ്. അവർ ചില ഉപാധികൾവെക്കും എന്നത് വസ്തുതയാണ്. എന്നാൽ, അത് മറ്റുപല കടങ്ങളേക്കാൾ സുതാര്യമാണ്. എന്നാൽ, രാജപക്സെ കുടുംബതാത്‌പര്യം അതല്ലായിരുന്നു. ചൈന കൊടുക്കുന്ന കടം വാങ്ങാനായിരുന്നു അവർക്ക് കൂടുതൽ താത്‌പര്യം. അഴിമതിക്കുടത്തിൽ കൈയിട്ടുവാരാൻ സാധ്യതയുള്ള പദ്ധതികൾ ജനത്തിനുമേൽ അടിച്ചേൽപ്പിക്കുകയായിരുന്നു സർക്കാർ.

ചൈന കടംകൊടുത്ത പണംകൊണ്ട് നിർമിച്ച പല പദ്ധതികളും വരുമാനമൊന്നുമില്ലാതെ പൊടിപിടിച്ചുകിടക്കുകയാണ്. ആദ്യം മടിച്ചുനിന്ന ശ്രീലങ്ക ഒടുവിൽ ഐ.എം.എഫിനെ സമീപിക്കാൻ തീരുമാനിച്ചു. അന്താരാഷ്ട്ര നാണയനിധി അംഗങ്ങൾ ജൂൺ മാസാവസാനം ശ്രീലങ്ക സന്ദർശിച്ചിരുന്നു. രാജ്യത്തിന്റെ പൊതുകടം എങ്ങനെ പുനഃക്രമീകരിക്കണം, ഏതെല്ലാം നികുതികൾ കൂട്ടണം, സെൻട്രൽ ബാങ്കിന്റെ പ്രവർത്തനം എങ്ങനെയാക്കണം എന്നല്ലാമുള്ള നിർദേശങ്ങൾ മുന്നോട്ടുവെച്ചാണ് അവർ തിരിച്ചുപോയത്. അടുത്തവട്ടം ചർച്ച ഓഗസ്റ്റിൽ തുടരും. എന്തായാലും അന്താരാഷ്ട്ര നാണയനിധിയുടെ ഉപാധികൾ പലപ്പോഴും സാധാരണ ജനങ്ങൾക്കുമേൽ സമ്മർദം കൂട്ടുന്നതായാണ് അനുഭവം. എന്നാൽ, ശ്രീലങ്കയ്ക്കുമുമ്പിൽ മറ്റ് വഴികൾ ഇല്ല എന്നതാണ് വസ്തുത. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സ്ഥിതിഗതികൾ സസൂക്ഷ്മം വിലയിരുത്തുന്നുണ്ട്. ആറുമാസത്തിനുള്ളിൽ ഇന്ത്യ എണ്ണയും ഭക്ഷണവും മരുന്നും ശ്രീലങ്കയിലേക്ക് എത്തിച്ചിട്ടുണ്ട്. ശ്രീലങ്കയിലെ അസ്ഥിരത ആദ്യം ബാധിക്കുക ഇന്ത്യയെയാണ്.

ഏതായാലും തത്‌കാലം രാജപക്സെ കുടുംബം ശ്രീലങ്കൻ രാഷ്ട്രീയത്തിൽനിന്ന് കൊഴിഞ്ഞുവീണു എന്നു കരുതാം. ശ്രീലങ്കൻ ജനതയുടെ കിതപ്പ് ഇവിടെ അവസാനിക്കുന്നില്ല. ഈ പ്രതിസന്ധി കടക്കാൻ ശ്രീലങ്കയ്ക്ക് ഇനിയും നടക്കേണ്ടതുണ്ട്.

(ജർമൻ ടെലിവിഷന്റെ ദക്ഷിണേഷ്യൻ പ്രതിനിധിയാണ്‌ ലേഖകൻ)

Content Highlights: President Gothabaya Rajapakse runs away from sreelanka

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022


IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


bjp

1 min

നെഹ്‌റുവിനെ ലക്ഷ്യമിട്ട് വിഭജനത്തേക്കുറിച്ചുള്ള വീഡിയോയുമായി ബിജെപി; തിരിച്ചടിച്ച് കോണ്‍ഗ്രസ്

Aug 14, 2022

Most Commented