ഇവിടെ സ്ത്രീകളെ മര്‍ദിക്കുന്നതും ബലാൽസംഗം ചെയ്യുന്നതും പുരുഷന്‍മാരുടെ അവകാശമായാണ് കാണുന്നത്. ആധുനിക ലോകത്ത് ഇങ്ങനെയും ഒരു രാജ്യമോയെന്ന് അതിശയിച്ചുപോകും. ചെയ്യുന്നത് കുറ്റകൃത്യമാണെന്ന് പോലും മനസിലാക്കാത്ത ഒരു സമൂഹം. പറഞ്ഞുവരുന്നത് പാപ്പുവ ന്യൂഗിനി എന്ന പസഫിക് സമുദ്രത്തിന്റെ സ്വന്തം ദ്വീപ് രാജ്യത്തെപ്പറ്റിയാണ്. പാപ്പുവ ന്യൂഗിനി ഇന്ന് അറിയപ്പെടുന്നത് സ്ത്രീകള്‍ ഏറ്റവും ഭയക്കേണ്ട രാജ്യം എന്ന പേരിലാണ്. ഈ രാജ്യത്തിന്റെ പോര്‍ട്ട് മൊറെസ്ബി എന്ന തലസ്ഥാനമാണ് ലോകത്ത് സ്ത്രീകള്‍ ഏറ്റവും ഭയക്കേണ്ട നഗരം. ഇവിടെ ഒരു വര്‍ഷം 70 ശതമാനത്തോളം സ്ത്രീകളാണ് വിവിധ തരത്തിലുള്ള അക്രമങ്ങള്‍ക്ക് ഇരയാകുന്നത്. ഒറ്റപ്പെട്ടതോ സംഘം ചേര്‍ന്നതോ ആയ പീഡനങ്ങള്‍, ഗാര്‍ഹിക പീഡനങ്ങള്‍ എന്നിവ പതിവാകുന്ന രാജ്യമാണ് പാപ്പുവ ന്യൂഗിനി.
2018 ജനുവരി മുതല്‍ മെയ് വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ 6000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത കണക്കുകള്‍ നിരവധിയാണ്. ബിബിസി പോര്‍ട്ട് മൊറെസ്ബിയിലെ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങള്‍ ഡോക്യുമെന്ററിയായി ചിത്രീകരിച്ചിരുന്നു. ഇരകളോടും വേട്ടക്കാരോടും പോലീസിനോടും നേരിട്ട് സംസാരിച്ചാണ് ഡോക്യുമെന്ററി തയ്യാറാക്കിയത്. ഞെട്ടിക്കുന്ന കഥകളാണ് പുറത്തുവന്നത്,
ബിബിസിയോട് പാപ്പുവ ന്യൂഗിനി സംസാരിച്ചത് ഇവയെല്ലാമാണ്
ഇരകള്‍ പറഞ്ഞത്
വര്‍ഷങ്ങളോളം പീഡനത്തിന് ഇരയാവരുണ്ട്. ഭര്‍ത്താവില്‍ നിന്ന് ഇവര്‍ക്ക് പലര്‍ക്കും നേരിടേണ്ടി വന്നത് പൈശാചിക പീഡനങ്ങളാണ്. കുട്ടികളുടെ മുന്നില്‍ വച്ചുപോലും അമ്മമാര്‍ ക്രൂരമായി മര്‍ദിക്കപ്പെട്ടു. ഗത്യന്തരമില്ലാതെ ഇവരില്‍ പലരും ശബ്ദമുയര്‍ത്താനും ഭര്‍ത്താവിനെതിരേ പോലീസില്‍ പരാതിപ്പെടാനും തുടങ്ങി. മാറ്റം അവിടെ നിന്നാണ്
പോലീസ് പറയുന്നത്
എന്തുകൊണ്ട് ഈ രാജ്യത്ത് ഇങ്ങനെ എന്ന ചോദ്യത്തിന് പോലീസ് നല്‍കിയ ഉത്തരം- സ്ത്രീകളെ മര്‍ദ്ദിക്കുന്നത് ഒരു സ്വഭാവികമായ സര്‍വ്വ സാധാരണമായ കാര്യമായാണ് പുരുഷന്‍മാര്‍ കാണുന്നതെന്നാണ്.
വേട്ടക്കാര്‍ പറയുന്നത്..
കാസിനൊ എന്ന ഗ്യാങ്ങ് ബിബിസിയോട് സംസാരിച്ചത് മുഖം പോലും മറയ്ക്കാതെയായാണ്. അതും ലോകം ക്രൂരമെന്നും കുറ്റകൃത്യമെന്നും കരുതുന്നവയെപ്പറ്റി വാചാലമായി സംസാരിച്ചുകൊണ്ട്. തങ്ങള്‍ സ്ത്രീകളെ കൂട്ട ബലാൽസംഗം ചെയ്തുവെന്ന് ഇവര്‍ ക്യാമറയെ നോക്കി പറഞ്ഞു, അത് ഒരു സ്വാഭാവിക കാര്യമാണെന്നും രാജ്യത്ത് സര്‍വ്വ സാധാരണമാണെന്നും കൂട്ടിചേര്‍ത്തു. ഒരു സ്ത്രീയെ ബലാൽസംഗം ചെയ്യണമെന്ന് നിര്‍ബന്ധമൊന്നും തങ്ങള്‍ക്കില്ലെന്നും ചില സാഹചര്യങ്ങളിൽ സ്വഭാവികമായി അവ സംഭവിക്കുകയാണെന്നും ഇവര്‍ ബിബിസിയോട് വെളിപ്പെടുത്തി. പുതുതായി ഇവരുടെ സംഘത്തില്‍ ചേരുന്നവര്‍ക്ക് ലഭിക്കുന്ന ആദ്യ ജോലി സ്ത്രീകളെ പീഡിപ്പിക്കലാണ്.
ഭാര്യമാരെ ക്രൂരമായി മര്‍ദിക്കുന്നത് തങ്ങളുടെ സംസ്‌കാരത്തിന്റെ ഭാഗമായാണ് പാപ്പുവ ന്യൂഗിനിയിലെ പുരുഷന്‍മാര്‍ കാണുന്നത്. തങ്ങള്‍ ഭാര്യമാരെ തീര്‍ച്ചയായും മര്‍ദിച്ചിരിക്കുമെന്നാണ് ഇവര്‍ ബിബിസിയോട് വെളിപ്പെടുത്തിയത്. കണ്ണിന് അടിയ്ക്കുക, ഇടിയ്ക്കുക, കത്തികൊണ്ട് കുത്തുക, കാലില്‍ വെടിവയ്ക്കുക, കയ്യില്‍ കിട്ടുന്ന ഏത് വസ്തു ഉപയോഗിച്ചും ഭാര്യയെ മര്‍ദ്ദിക്കുക, ഇതൊക്കെയാണ് ഈ രാജ്യത്തെ പുരുഷന്‍മാരുടെ പൊതുവായ പീഡനമുറകള്‍.
ഭാര്യമാരെ സ്‌നേഹിക്കുന്നുണ്ട്, പക്ഷേ ഭാര്യമാര്‍ തങ്ങളെ അനുസരിക്കണമെന്നും, തങ്ങളില്‍ നിന്നും അനുവാദം വാങ്ങിക്കാതെ ഒന്നും ചെയ്യരുതെന്നും അവര്‍ക്ക് ഇഷ്ടമുള്ളത് പോലെ പ്രവര്‍ത്തിക്കാന്‍ അനുവാദം ഇല്ലെന്നും ഗ്യാങ്ങിലെ പുരുഷന്‍മാര്‍ പറഞ്ഞു. മറിച്ച് സ്ത്രീകള്‍ ചിന്തിക്കുന്നിടത്താണ് മര്‍ദ്ദനങ്ങള്‍ തുടങ്ങുന്നതെന്നും അവർ ന്യായീകരിച്ചു
സ്ത്രീകള്‍ പ്രതികരിച്ചു തുടങ്ങിയതോടെ സ്ത്രീകള്‍ക്ക് നേരെയുള്ള അധിക്രമങ്ങളില്‍ ശിക്ഷ കടുപ്പിക്കാന്‍ പാപ്പുവ ന്യൂഗിനി നിര്‍ബന്ധിതരായി. 2000 അമേരിക്കന്‍ ഡോളറും ജയില്‍ ശിക്ഷയുമാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് എതിരെയുള്ള ശിക്ഷ.
courtesy: BBC
Content Highlight: Port Moresby in Papua New Guinea The world's most dangerous city to be a woman?