മരമുഖത്താണ് കേരളം. എല്ലാവരും സൗകര്യപൂര്‍വം ഇഷ്ടനേതാക്കളെ ഉയര്‍ത്തിക്കാണിക്കുന്നു. ചെ ഗുവേര തൊട്ട് ഗാന്ധിജി വരെ. നെഹ്‌റു തൊട്ട് ഗോഡ്‌സേ വരെ. കെ. സുധാകന്‍ തൊട്ട് കുമ്മനം രാജശേഖരന്‍ വരെ ഉപവസിക്കുന്നുണ്ട് പലയിടത്തായി. നിര്‍ത്തിയും നിര്‍ത്താതേയും തുടരുന്നുണ്ട് സമരങ്ങള്‍.

മറ്റ് പലതിനേയും പോലെ കാലഹരണപ്പെടുകയാണ് നമ്മുടെ സമരങ്ങളും. ആന്തരികമായ നൈതികത ഇല്ലാത്തതാണ് സമരങ്ങളെ ദുര്‍ബലമാക്കുന്നത്. രാഷ്ട്രീയ നിലപാടുകള്‍ ഫലിതങ്ങളായി മാറുന്നതും മറ്റ് കാരണങ്ങളാല്‍ അല്ല.
ഉദാഹരണത്തിന് മുഖ്യമന്ത്രിയുടെ വാക്കുകള്‍. അട്ടപ്പാടിയില്‍ മധുവിനെ കൊന്നതിന് പിന്നാലെ അദ്ദേഹം പറഞ്ഞു. ഭക്ഷണം ചോദിച്ചവനെ കൊല്ലുന്നത് മനുഷ്യത്വമില്ലായ്മയാണ്. തട്ടുദോശ തിന്നാന്‍ നിന്നവനെ വെട്ടിക്കൊന്നതില്‍ വേദനിക്കാത്തവര്‍ അരി ചോദിച്ചവനെ തല്ലിക്കൊന്നതില്‍ ദുഖിക്കുമ്പോള്‍ സംശയങ്ങള്‍ ഉയരും. സ്വാഭാവികം. 

കെ. സുധാകരന്റെ നിരാഹാരവും വിശ്വാസ്യത ഇല്ലായ്മ സൃഷ്ടിക്കുന്നുണ്ട്. എന്തെന്നാല്‍ ഉപവാസത്തിന്റെ ശുദ്ധി ഉപവസിക്കുന്നവന്റെ മനസ്സില്‍ കൂടിയാണ്. ഗാന്ധിമാര്‍ഗ്ഗത്തിന്റെ ശൈലിയല്ല കെ. സുധാകരന്‍ പുലര്‍ത്തിപ്പോന്നിട്ടുള്ളത്. മുത്തങ്ങയിലെ വെടിയൊച്ചകള്‍ക്ക് പിന്നാലെ വനം മന്ത്രിയായിരുന്ന കാലത്ത് കെ. സുധാകരന്‍ പറഞ്ഞ വാക്കുകള്‍ മറക്കരുത് കേരളം. വാളിനാല്‍ സ്‌നാനപ്പെടുത്താമെന്ന് വിശ്വസിക്കുന്നവരുടെ കൂട്ടത്തിലാണ് അദ്ദേഹം സ്വയം ചെന്ന് നില്‍ക്കാറുള്ളതും. 

കുമ്മനം രാജശേഖരന്‍ ഉപവസിക്കുന്നത് തലസ്ഥാനത്ത് തന്നെയാണ്. മധുവിന്റെ മരണത്തില്‍ സര്‍ക്കാരിനെ പ്രതി ചേര്‍ക്കാന്‍ കേന്ദ്രത്തോട് അപേക്ഷിക്കലാണ് ആത്യന്തികമായി ആ സമരം. നിയമസഭ ചേരുമ്പോള്‍ സഭയ്ക്കുള്ളില്‍ സമരം നടത്താനുള്ള ശക്തി ഇല്ലെന്ന് സ്വയം ബോധ്യപ്പെട്ട് പുറത്തേക്ക് അരങ്ങ് മാറ്റുന്ന ഒന്നായി കൂടി ഈ സമരത്തെ കാണാം.

ഇനി സഭയ്ക്കുള്ളിലോ? എണ്ണിയാല്‍ തീരില്ല തമാശകള്‍. സഭയില്‍ പ്ലക്കാര്‍ഡുകളും ബാനറുകളും കൊണ്ടുപോകുന്നത് ചട്ടലംഘനമാണ്. എന്നാല്‍ എന്നും എംഎല്‍എമാര്‍ സ്പീക്കറുടെ മുന്നിലെത്തി മധുവിനും ഷുക്കൂറിനും വേണ്ടി ബാനറുയര്‍ത്തുന്നു. പുതിയ കണ്ണടയിലും കാഴ്ച മറയുന്നതില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ അസ്വസ്ഥനാവുന്നു. 
അന്നേരം സ്പീക്കര്‍ പറയുന്നു. 'ജനാധിപത്യത്തെ അംഗീകരിക്കുന്നു എങ്കില്‍ ചെയറിന്റെ കാഴ്ച മറയ്ക്കരുത്''
ഓര്‍മ്മകളോടുള്ള വെല്ലുവിളിയാണിത്. ബജറ്റ് അവതരിപ്പിക്കാന്‍ മന്ത്രിയെ തടയുന്നതിന്റെ ഭാഗമായി  ചെയര്‍ തന്നെ വലിച്ചെറിഞ്ഞവര്‍ ഇപ്പോള്‍ ചെയറിനെ രക്ഷിക്കുന്നതിലെ ജനാധിപത്യം പ്രസംഗിക്കുന്നു. ആ കയ്യാങ്കളിക്കേസ് തന്നെ റദ്ദാക്കി ജനാധിപത്യത്തെ ആഘോഷിക്കുന്നു.

സമരത്തിന്റെ ചരിത്രം നീതിനിഷേധത്തിന്റെ അടയാളപ്പെടുത്തലാണ്. പ്രാണനും അഭിമാനവും രക്ഷിക്കാന്‍ മനുഷ്യന്‍ അധികാരത്തോട് കലഹിക്കുന്നു. അടിമ-ഉടമ ബന്ധത്തിലെ വിധേയത്വവും ഗര്‍വങ്ങളും മോഹഭംഗങ്ങളുമെല്ലാം ക്ഷോഭത്തിന്റെ ഓളക്കുത്തുകള്‍ തീര്‍ക്കാറുണ്ട്. ഇരകള്‍ പല തലങ്ങളില്‍ അവകാശങ്ങള്‍ പിടിച്ചുവാങ്ങുന്നു. ചിലപ്പോള്‍ പരാജയപ്പെടുന്നു. അപ്പോഴും ഉയര്‍ത്തുന്ന ആവശ്യങ്ങള്‍ കാലത്തിന് നെടുകേയോ കുറുകേയോ സാക്ഷ്യപ്പെടുത്തുന്നു.
മെയ്യനങ്ങിയും മെയ്യനങ്ങാതെയുമെന്ന്  ഇക്കാലത്ത് സമരത്തെ രണ്ടായി തിരിക്കാം. 

ആന്തരികവിശുദ്ധി ഇല്ലാത്ത ഉപവാസങ്ങള്‍ മിക്കപ്പോഴും ആദ്യ പട്ടികയില്‍ വരും. നിശ്ചിത കാലത്തിനപ്പുറം നീളില്ലെന്ന് എല്ലാവര്‍ക്കും ബോധ്യമുള്ളതും അധികാരവുമായി മുമ്പേ  ഒത്തു തീര്‍ക്കപ്പെട്ടവയുമാകും അത്തരം സമരങ്ങള്‍. മെയ്യനങ്ങി സമരങ്ങള്‍ തെരുവു കലാപമാണ്. സമരക്കാര്‍  പോലീസുമായി ഏറ്റുമുട്ടുന്നു. ലാത്തിച്ചാര്‍ജ്, കണ്ണീര്‍വാതകം എന്നിങ്ങനെ പോകും സംഘര്‍ഷം. മെയ്യനങ്ങി സമരങ്ങളും പക്ഷേ പലപ്പോഴും  കാണാമറയത്തെ ഒത്തുതീര്‍പ്പുകളാവാറുണ്ട്. സോളാര്‍ സമരം ഉദാഹരണം.

വിദ്യാര്‍ത്ഥി  സമരങ്ങളാണ് സംസ്ഥാനത്ത് ആദ്യം അക്രമാസക്തമായത്. പിന്നീട് ഇതേ ശൈലി  രാഷ്ട്രീയ പാര്‍ട്ടികളും സ്വീകരിക്കുന്നതാണ് കണ്ടത്. വിദ്യാര്‍ത്ഥി നേതാക്കള്‍ മുതിര്‍ന്നപ്പോള്‍ പഠിച്ചത് തന്നെ പാടി എന്നതാണ് സത്യം. 
അതു തന്നെയാണ് കേരളത്തിന്റെ ദുരന്തവും. സമരം ചെയ്തും കല്ലെറിഞ്ഞും നേതാക്കളായവര്‍ക്ക് കയ്യാങ്കളിയുടെ ശൈലി മാത്രമേ അറിയൂ. അധികാരമാകട്ടെ ഹിംസാത്മകമല്ലാത്ത ഒരു സമരത്തേയും കാണാന്‍ കൂട്ടാക്കുന്നുമില്ല. ഉപവാസം കിടന്ന് മരിക്കുന്നതിനേക്കാള്‍ ഭേദം ഒരു സര്‍ക്കാര്‍ ബസ്സ് കത്തിക്കുന്നതാണെന്ന് വന്നു. കെഎസ്ആര്‍ടിസി വീണ്ടും നഷ്ടത്തിലായി. 

സമരത്തിന്റെ അവസാനരൂപമാണ് ഹര്‍ത്താല്‍. നിരോധിക്കപ്പട്ട ബന്ദ് പേരു മാറിയാണ് ഇന്നത്തെ ഹര്‍ത്താലായത്. ബഞ്ചമിന്‍ മൊളോയ്‌സ് എന്ന ആഫ്രിക്കന്‍ കവി വര്‍ണവിവേചനത്തിന് എതിരേ നിരാഹാരം  കിടന്ന് മരിച്ചപ്പോള്‍ വിദ്യാഭ്യാസ ബന്ദ് ആചരിച്ചവര്‍ വലുതായപ്പോള്‍ സദ്ദാം ഹുസ്സൈനെ വധിച്ചതിന് എതിരേ ബന്ദ് നടത്തി. 

കുട്ടികള്‍ മുതിരുമ്പോള്‍ പലപ്പോഴും നഷ്ടമാവുന്നത് ആത്മാര്‍ത്ഥതയാണ്. ഹര്‍ത്താലിന് ആത്മാവില്ലാതാവുന്നത് സമരത്തെ പരിഹാസ്യമാക്കുന്നു. ഉരുള്‍പൊട്ടി ഒമ്പതു പേര്‍ മരിച്ചിടത്ത് പോലും പിറ്റേന്ന് ഹര്‍ത്താല്‍ ആഘോഷമാവുന്നു. 
നിയമനിര്‍മ്മാണ സഭയ്ക്ക് അതിന്റെ ഗൗരവം ഇല്ലാതായിട്ട് കാലം കുറച്ചായി. കേവലമായ രാഷ്ട്രീയ താല്‍പര്യത്തിന് പുറത്ത് വിഷയത്തോടുള്ള താല്‍പര്യം അംഗങ്ങള്‍ക്ക് വളരെ കുറവാണ്. ആദിവാസി ഭൂമി വിഷയത്തില്‍  ആദിവാസികള്‍ക്ക് ഒപ്പംനിന്ന് കെ.ആര്‍. ഗൗരി അമ്മ ഒറ്റയ്ക്ക് വോട്ട് ചെയ്തത് മാറ്റി നിര്‍ത്തിയാല്‍ കഴിഞ്ഞ പതിറ്റാണ്ടുകള്‍ക്ക് ഇടയില്‍ സ്വന്തം മുന്നണിയേയോ പാര്‍ട്ടിയോ എതിര്‍ത്ത് നിലപാട് ഉയര്‍ത്തിപ്പിടിച്ചവര്‍ ഇല്ലെന്ന് തന്നെ കാണാം.

പുതിയ കാലത്തിന് മാതൃകയാക്കാവുന്ന നേതാക്കള്‍ ഇല്ലെന്ന് മുഖ്യമന്ത്രി തന്നെ പാര്‍ട്ടി സമ്മേളന പ്രസംഗത്തില്‍ പറഞ്ഞിടത്തേക്കാണ് കേരളം എത്തിനില്‍ക്കുന്നത്. സ്വയം കൃതാനര്‍ത്ഥങ്ങളെ പറ്റി പലരും ബോധവാന്മാരാകുന്നു എന്നര്‍ത്ഥം. സാങ്കേതികത മാറ്റിയ കാലത്തെ നിയന്ത്രിക്കുന്നവരാണ് നമ്മുടെ നേതാക്കള്‍. പണ്ട് പഠിച്ചതെല്ലാം കാലം മായ്ച്ച് കളഞ്ഞിരിക്കുന്നു. ശാസ്ത്രം മനുഷ്യനെ നയിക്കുകയാണ് കണ്മുന്നില്‍. ഇങ്ങനെ കാലം മാറുമ്പോള്‍ മാറേണ്ടതല്ലേ നമ്മുടെ സമരങ്ങളും? മാറേണ്ടതല്ലേ നമ്മുടെ മുദ്രാവാക്യങ്ങള്‍. കോളേജുകളില്‍ കാലങ്ങളായി ഉച്ചരിക്കപ്പെടുന്ന മുദ്രാവാക്യങ്ങള്‍ക്ക് തള്ളിപ്പറയുന്ന മന്ത്രോച്ചാരണത്തിന്റെ അതേ ഇഴച്ചില്‍ തന്നെയാവുന്നത് എന്തുകൊണ്ടാണ്? സമരം പുതിയതാവുമ്പോഴും മുദ്രാവാചകം പഴയതാവുന്നതിന്റെ നാണക്കേട് എന്തുകൊണ്ട് മനസ്സിലാവാതെ പോകുന്നു? 

ആദിവാസി മരണത്തിന്റെ പേരില്‍ അക്രമം നടത്തുന്നതിനേക്കാള്‍ നന്നാവും അവര്‍ക്ക് സഹായമെത്തിക്കുന്നത്. ഭക്ഷണം എത്തിക്കുന്നത് മാത്രമല്ല സഹായം. വിദ്യാഭ്യാസം നല്‍കി മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നത്. ചമ്പാരനിലേക്ക് ചെന്നപ്പോള്‍ ഗാന്ധിജി അയിത്തോച്ചാരണത്തിനും പര്‍ദാ ബഹിഷ്‌കരണത്തിനുമൊക്കെ ഒപ്പം രാജ്യത്തെ വിദ്യാസമ്പന്നരായ പ്രമുഖരെ അധ്യാപകരാവാന്‍ ആശ്രമത്തിലേക്ക് ക്ഷണിക്കുക കൂടിയാണ് ചെയ്തത്. അതിലും രണ്ടു കൊല്ലം മുമ്പ് 1915 ല്‍ അഹമ്മദാബാദിലെ തുണിമില്‍ത്തൊഴിലാളികള്‍ക്ക് വേണ്ടിയാണ്. നേതാക്കള്‍ക്ക് മുന്നില്‍ അക്കാലം സമൂഹം മാത്രമായിരുന്നു സത്യം. അനുയായികള്‍ക്കും. 

ജനാധിപത്യം മറ്റെവിടേയുമുള്ളതിനേക്കാള്‍ വിശാലാര്‍ത്ഥത്തില്‍ നിലനില്‍ക്കുന്ന കേരളം പോലൊരു സമൂഹം കുറേക്കൂടി യുക്തിയും ചന്തവുമുള്ള സമരമുറ ആവശ്യപ്പെടുന്നുണ്ട്. നേതൃഗുണമില്ലാത്തവര്‍ക്ക് നേതാവാകാന്‍ നടത്തേണ്ടുന്ന അനുഷ്ഠാനങ്ങളാവരുത് സമരങ്ങളെന്നെങ്കിലും പുതിയ കാലം പറയുന്നുണ്ട്. നേതാക്കളേ, സമരമാര്‍ഗ്ഗത്തെപ്പറ്റി ദയവായി ആശങ്കാകുലരാവേണ്ട. വഴിയില്‍ ആത്മാര്‍ത്ഥത നിറച്ചാല്‍ മതി. നിങ്ങളുടെ ലക്ഷ്യങ്ങള്‍ സാധുവാണ എന്നെങ്കിലും ഞങ്ങളെ ബോധ്യപ്പെടുത്തിയാല്‍ മതി. 

തിരഞ്ഞെടുപ്പുകള്‍ സമരകാലങ്ങളാണല്ലോ. മാറ്റാനുള്ള ആയുധം തീര്‍ച്ചയായും ജനാധിപത്യം കാത്തുസൂക്ഷിക്കുന്നുണ്ട്.