കുട്ടികൾ ലൈംഗിക പീഡനത്തിന് വിധേയരാകുമ്പോൾ സമൂഹം ഒപ്പം നിൽക്കേണ്ടതെങ്ങനെ?


പ്രസ്രീൻ കെ.

ഓരോ കുട്ടിക്കും നീതി ഉറപ്പാക്കാന്‍ കുട്ടികള്‍ക്കായുള്ള സംരക്ഷണ സംവിധാനങ്ങള്‍ ഉത്തരവാദിത്തപൂര്‍ണമാവേണ്ടതുണ്ട്. ലൈംഗിക പീഡനങ്ങളും മറ്റ് വിപത്തുകളും കുട്ടികളിലുണ്ടാക്കുന്ന മനാസിക ആഘാതത്തെ കുറിച്ചും സമൂഹം നൽകേണ്ട കരുതലിനെകുറിച്ചും ബച്ച്പന്‍ ബചാവോ ആന്ദോളന്‍ സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ കെ. പ്രസീൻ എഴുതുന്നു

Representative Image | Photo: Gettyimages.in

ലൈംഗിക ചൂഷണം കുട്ടികളുടെ ജീവിതത്തില്‍ ഉടനീളം മാനസികവും ശാരീരികവുമായ ആഘാതം സൃഷ്ടിക്കുന്നു. കുറ്റവാളി പലപ്പോഴും പരിചിതരാവുമ്പോള്‍, ലൈംഗിക പീഡന കേസുകള്‍ വഞ്ചനാപരമായ നിശബ്ദതയില്‍ പൊതിഞ്ഞ് നില്‍ക്കുന്നു, അതേ കാരണത്താല്‍ തന്നെ ഇത് കൈകാര്യം ചെയ്യാന്‍ പ്രയാസവുമാണ്.

ബലാത്സംഗം പോലെ ഗുരുതരമായ പീഡനങ്ങളുണ്ടാക്കുന്ന ആഘാതത്തിന്റെ തോത് അത് അതിജീവിച്ച 16 വയസുകാരന്റെ ''എനിക്ക് ആത്മഹത്യ ചെയ്യാന്‍ തോന്നുന്നു ഞാന്‍ ഉള്ളില്‍ കരഞ്ഞു കൊണ്ടേ ഇരിക്കുന്നു'' എന്നീ വാക്കുകളി നിന്ന് വ്യക്തമാണ്. അപമാനിക്കപ്പെട്ട, ഭയപ്പെടുത്തുന്ന, ഏകാന്തമായ മാനസിക അവസ്ഥയിലൂടെയാണ് അവര്‍ കടന്നു പോവുന്നത്. പലപ്പോഴും കുറ്റവാളിയുടെയും കുടുംബാംഗങ്ങളുടെയും ഭീഷണിയും, സമൂഹത്തിനു മുന്നില്‍ പരിഹാസ്യരാവും എന്ന ഭയവും കാരണം ഇരയാകുന്ന കുട്ടികള്‍ക്ക് പല തരം വിലക്കുകള്‍ അവരുടെ കുടുംബം ഏര്‍പെടുത്താറുണ്ട്. ഇത് മൂലം കുട്ടിക്ക് സ്വാതന്ത്ര്യം നഷ്ടപ്പെടുന്നതായും തന്റെ നേരെ നടന്ന ആക്രമണത്തിന് താന്‍ തന്നെ ശിക്ഷിക്കപ്പെടുകയും ചെയ്യുന്നുവെന്നുമുള്ള തോന്നല്‍ ഉണ്ടാക്കുകയും ചെയ്യുന്നു. കൂടാതെ, മന്ദഗതിയില്‍ പ്രവര്‍ത്തിക്കുന്ന നീതിന്യായ സംവിധാനങ്ങളും ഫലപ്രദമായ സംരക്ഷണ സേവനങ്ങളുടെ അഭാവവും കുട്ടി നേരിടുന്ന ആഘാതത്തെ കൂടുതല്‍ വഷളാക്കുന്നു. ഇതിലൂടെ കുട്ടികള്‍ എന്നും ഇരകളായി തുടരുകയും സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നത് അവരെ സംബന്ധിച്ച് പ്രയാസകരമാവുകയും ചെയ്യുന്നു.

ലൈംഗിക പീഡനത്തിന്റെ ആഘാതം മറികടക്കാന്‍ പ്രതിയെ ശിക്ഷിക്കുന്നതോടൊപ്പം കുട്ടിക്ക് മറ്റു സംരക്ഷണ സഹായ സംവിധാനങ്ങള്‍ ആവശ്യമാണ്.അവ എന്തെല്ലാമാണെന്ന് പരിശോധിക്കാം.

സൗജന്യ വൈദ്യസഹായം

ശാരീരികവും മാനസികവുമായ ആഘാതം ഏതൊരു പീഡനത്തിന്റെയും പ്രധാനപ്പെട്ട രണ്ടു വശങ്ങളാണ്. കുട്ടിയുടെ വൈദ്യചികിത്സ സൗജന്യമായിരിക്കണമെന്ന് നിയമം അനുശാസിക്കുന്നുണ്ടെങ്കിലും പലപ്പോഴും ചെലവേറിയ നടപടിക്രമങ്ങളും സര്‍ക്കാര്‍ ആശുപത്രികളില്‍ മതിയായ സൗകര്യങ്ങളുടെ അഭാവവും ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്. ചില സ്ഥലങ്ങളിലെങ്കിലും നിലവാരമില്ലാത്ത വൈദ്യചികിത്സ നല്‍കുന്ന ആശുപത്രികള്‍ കുട്ടിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം. ലൈംഗിക ചൂഷണത്തിന് ഇരയായവര്‍ക്കായി ആരോഗ്യ സേവനങ്ങള്‍ ശക്തിപ്പെടുത്തേണ്ടത് അടിയന്തിരമായി ആവശ്യമാണ്. ഓരോ ജില്ലാ ആശുപത്രിയിലും കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലും ആവശ്യമായ സൗകര്യങ്ങള്‍ ഉള്ള പ്രത്യേക യൂണിറ്റ് സ്ഥാപിക്കുന്നതിലൂടെ ഇത് ഉറപ്പാക്കാം.

കുട്ടികളില്‍ ഉണ്ടാവുന്ന മാനസിക ആഘാതം പരിഹരിക്കുന്നതിനായി കൃത്യമായ പരിശീലനവും വൈദഗ്ധ്യവുമുള്ള ആളുകളുടെ സേവനം അത്യന്താപേക്ഷിതമാണ്. പീഡനത്തിന് ഇരയാകുന്ന കുട്ടികളില്‍ ഉത്കണ്ഠ, അസ്വസ്ഥത, വിഷാദം, കോപം, ആത്മാഭിമാനം നഷ്ടപ്പെടല്‍ പോലുള്ള തീവ്രമായ വൈകാരിക അസ്വസ്ഥതകള്‍ ഉണ്ടാകുന്നു. അതോടൊപ്പം കുട്ടികളില്‍ അവനവനോടുള്ള വെറുപ്പും നിഷേധാത്മകവുമായ സമീപനവും ലൈംഗിക സ്വത്വത്തെ സംബന്ധിച്ച ആശയക്കുഴപ്പങ്ങളും സ്വയം വിനാശകരമായ ചിന്തകളും പ്രവര്‍ത്തിയും ആരോഗ്യകരമായ ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കുവാനുള്ള ബുദ്ധിമുട്ടുകളും പീഡനത്തിന്റെ ഫലമായി ദീര്‍ഘകാല നില നില്‍ക്കുന്ന മാനസിക ആഘാതങ്ങളായി മാറുന്നു. പലപ്പോഴും ഈ കുട്ടികള്‍ക്ക് സമൂഹത്തില്‍ നിന്ന് നേരിടേണ്ടിവരുന്ന വിവേചനവും ഒറ്റപെടുത്തലും കുറ്റപ്പെടുത്തലും അവരുടെ ആത്മവിശ്വാസത്തെയും ആത്മാഭിമാനത്തെയും തകര്‍ക്കുകയും ചെയ്യുന്നു. അതിനാല്‍ തന്നെ ആളുകളിലുള്ള വിശ്വാസം വീണ്ടെടുക്കാന്‍ അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുകയും ചെയ്യുന്നു.

കുടുംബത്തിനും വേണം കാണ്‍സിലിങ്ങ്

കുട്ടിയ്ക്കൊപ്പം കുടുംബത്തിനും തെറാപ്പിയും കാണ്‍സിലിങ്ങും ആവശ്യമാണ്, ഇരകളായ കുട്ടികളില്‍ കുടുംബത്തിന്റെ പിന്തുണയും സ്‌നേഹവും ലഭ്യമായവ കൂടുതല്‍ ആത്മവിശ്വാസം ഉള്ളവരായി കാണപ്പെടുന്നു. എന്നാല്‍ കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കാതെ വരികയും മറ്റു സഹായങ്ങള്‍ ലാഭിക്കാത്തവരുമായ കുട്ടികള്‍ക്ക് പീഡനത്തിന്റെ ആഘാതത്തില്‍ നിന്ന് മുക്തരാവാന്‍ സാധിക്കാതെ വരുന്നു. ഇത്തരം സാഹചര്യങ്ങളില്‍ മാനസിക ആരോഗ്യ വിദഗ്ധരുടെ സേവനം വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ഇത്തരത്തിലുള്ള പ്രവര്‍ത്തകരെ സര്‍ക്കാര്‍ ചിലവില്‍ നിയമിക്കുകയും കുട്ടികള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ലഭ്യമാക്കുകയും വേണം. കുറ്റകൃത്യം ഭരണകൂടത്തിന് എതിരായിരിക്കുമ്പോള്‍ ഇരകളായവരെ സംരക്ഷിക്കേണ്ടതു ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്.

അഭിഭാഷകന്റെ സേവനം

മറ്റൊന്ന് അഭിഭാഷകന്റെ സേവനമാണ്. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന എല്ലാ കേസുകളിലും, ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നുള്ള കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള (പോക്‌സോ) നിയമത്തിലെ സെക്ഷന്‍ 32 (1) അനുസരിച്ച് ഓരോ പ്രത്യേക കോടതിക്കും സംസ്ഥാന സര്‍ക്കാര്‍ ഒരു പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടറെ (എസ്പിപി) നിയമിക്കണം. നിയമത്തിലെ സെക്ഷന്‍ പ്രകാരം ഇവര്‍ പോക്‌സോ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള എകസക്ലൂസിവ് എസ്പി പികളായിരിക്കണമെന്നാണ്, എന്നിരുന്നാലും പ്രായോഗികമായി അവര്‍ മറ്റ് കേസുകളും കൈകാര്യം ചെയ്യുന്നത് മൂലം ഉണ്ടാകുന്ന അമിത ജോലിഭാരം പോക്‌സോ കേസുകള്‍ വൈകാന്‍ കാരണമാകുന്നു. 2019 ലെ കണക്കു പ്രകാരം 1.33 ലക്ഷം കേസുകള്‍ കോടതികളില്‍ തീര്‍പ്പുകര്‍പ്പിക്കാത്തവയായി ഉണ്ട്. രാജ്യത്തൊട്ടാകെ പോക്‌സോ നിയമപ്രകാരം തീര്‍പ്പാക്കാത്ത കേസുകള്‍ 10ശതമാനം ഉള്ള ജില്ലകള്‍ 3389 ആണ്. ഇത് വളരെയധികം ആശങ്കാജനകമാണ്, കേസുകള്‍ കൈകാര്യം ചെയ്യാന്‍ പരിശീലനം ലഭിച്ചവരും സംവേദനക്ഷമതയുള്ളവരുമായ എസ്പിപികള്‍ പോക്‌സോ കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് ആവശ്യമാണ്.

സപ്പോർട്ട് പേഴ്സന്റെ ആവശ്യകത

പോക്സോ കേസുകളിലെ മറ്റൊരു പ്രധാനപ്പെട്ട ഘടകമാണ് സപ്പോര്‍ട്ട് പേഴ്സണ്‍ അഥവാ കുട്ടികള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുന്ന വ്യക്തികള്‍. അന്വേഷണത്തിന്റെയും വിചാരണയുടെയും പ്രക്രിയയിലുടനീളം കുട്ടിക്ക് സഹായം നല്‍കുന്നതിന് ഒരു സപ്പോര്‍ട്ട് പഴ്‌സനെ ശിശുക്ഷേമ സമിതി നിയോഗിക്കുന്നു. ഈ വ്യക്തി കുട്ടിയും നീതി ന്യായ വ്യവസ്ഥയും തമ്മിലുള്ള ഒരു കണ്ണിയാണ്, കൂടാതെ കോടതി നടപടികള്‍ക്ക് കുട്ടിയെ തയ്യാറാക്കുകയും കുട്ടിയുടെ താത്പര്യവും കാഴ്ചപ്പാടുകളും കേള്‍ക്കുകയും പ്രക്രിയയുടെ ഓരോ ഘട്ടത്തിലും അവ കണക്കിലെടുക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.
നിര്‍ഭാഗ്യവശാല്‍, അത്യന്തം ഗൗവമുള്ള വിഷയമായിട്ടു പോലും പല സംസ്ഥാനങ്ങളും ഇവരുടെ നിയമനത്തിന് മുന്‍ഗണന നല്‍കിയിട്ടില്ല.

നാഷണല്‍ ലോ സ്‌കൂള്‍ ഡൽഹി, അസം, മഹാരാഷ്ട, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നീ 5 സംസ്ഥാനങ്ങളില്‍ നടത്തിയ ഒരു പഠനം ചൂണ്ടിക്കാണിക്കുന്നത് ഈ സംസ്ഥാനങ്ങളിലെ ഭൂരിഭാഗം ജില്ലകളിലും സപ്പോര്‍ട്ട് പേഴ്‌സണ്‍സിനെ നിയമിച്ചിട്ടില്ല എന്നതാണ്. നിയമിച്ച ജില്ലകളില്‍ ആവട്ടെ അവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കാര്യമായ ആശയക്കുഴപ്പമുണ്ടെന്നും ഈ പഠനം കണ്ടെത്തി. 2019 ല്‍ രജിസ്റ്റര്‍ ചെയ്ത 69,000 പോക്‌സോ കേസുകളില്‍ എത്രയെണ്ണത്തില്‍ സപ്പോര്‍ട്ട് പേഴ്‌സണ്‍സിനെ നിയമിച്ചു എന്നതിന് ദേശീയ തലത്തില്‍ ഒരു കണക്കും നിലവില്‍ ലഭ്യമല്ല. ഈ സുപ്രധാന വശം അഭിസംബോധന ചെയ്യുന്നതില്‍ സര്‍ക്കാറുകള്‍ അടിയന്തിരമായി ഇടപെടേണ്ടതുണ്ട്. കുട്ടികള്‍ക്കായുള്ള എല്ലാ സേവനങ്ങളും നിയമപരമായ പ്രക്രിയകളും അവര്‍ക്കു ആവശ്യമുള്ളത് പോലെ ലഭ്യമാക്കുന്നതിനും കുട്ടികളെ ക്രിയാത്മകമായി സംഭാവന നല്‍കാന്‍ പ്രാപ്തരാക്കുന്നതിനും നന്നായി പരിശീലനം ലഭിച്ച ആളുകളുടെ ഒരു കേഡര്‍ സൃഷ്ടിച്ചുകൊണ്ട് മാത്രമേ ഇത് പരിഹരിക്കാനാകൂ.

ലൈംഗിക ചൂഷണത്തിന് ഇരയാകുന്ന ഒരു കുട്ടി നേരിടേണ്ടി വരുന്നത് പല തരത്തിലുള്ള പീഡനങ്ങള്‍ ആണ്. ശാരീരിക പീഡനം, വൈകാരിക ദുരുപയോഗം, മാനസിക പീഡനം, അവഗണന, അന്തസ്സോടെ ജീവിക്കാനുള്ള അവകാശം നിഷേധിക്കല്‍ ഇവജയെല്ലാം അതിന്റെ ഭാഗമാണ്. സമയബന്ധിതവും ശിശു കേന്ദ്രീകൃത സൗഹാര്‍ദ്ദവുമായ നിയമപ്രക്രിയ ഒഴിച്ച് കൂടാനാവാത്തതാണെങ്കിലും, അത് പോലെ തന്നെ പ്രാധാന്യം അര്‍ഹിക്കുന്നതാണ് പ്രയാസകരമായ ജീവിത സാഹചര്യത്തില്‍ കുട്ടിയെ സഹായിക്കുന്നതില്‍ വിദഗ്ധരുടെ പങ്ക്. ഈ കാര്യങ്ങള്‍ മനസ്സിലാക്കി സുപ്രീംകോടതി ഫാസ്റ്റ് ട്രാക്ക് കോടതികളും എ്ക്‌സ്‌ക്ലൂസീവ് പോക്‌സോ കോടതികളും സ്ഥാപിക്കാന്‍ ഉത്തരവുകള്‍ നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം കുട്ടികള്‍ക്കാവശ്യമായ പിന്തുണയും സേവനങ്ങളും നല്‍കുവാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ കൂടി തയ്യാറാവുമ്പോള്‍ മാത്രമേ കുട്ടികളുടെ അവകാശ സംരക്ഷണം പൂര്‍ണമാകൂ. കുട്ടികള്‍ക്കായുള്ള ദേശീയ നയം പ്രഖ്യാപിച്ച അവരെ ''പരമോന്നത ദേശീയ സ്വത്തായി'' അംഗീകരിക്കേണ്ട സമയം കൂടിയാണിത്.

(ബച്ച്പന്‍ ബചാവോ ആന്ദോളന്‍ സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ആണ് ലേഖകൻ)


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented