സ്‌കൂള്‍ ഉച്ചഭക്ഷണമെന്നാല്‍ കടവും കടക്കാരും പിന്നെ മനഃസമാധാനക്കേടും | ദുഷ്‌കരമാകുന്ന അധ്യാപനം


കെ.വി കല2016-ലെ വിലനിലവാര സൂചികയനുസരിച്ചാണ് ഇപ്പോഴും പണം അനുവദിക്കുന്നത്. ആറുവർഷത്തിനിടെ സാധനങ്ങളുടെയും പാചകവാതകത്തിന്റെയും വില ഇരട്ടിയിലധികമായെങ്കിലും സ്കൂളുകൾ എങ്ങനെയെങ്കിലും കാര്യം നടത്തട്ടെ എന്ന സമീപനമാണ് സർക്കാരിന്റേത്

SERIES

പ്രതീകാത്മക ചിത്രം

‘‘സ്കൂൾ തുറന്ന് രണ്ടരമാസം പിന്നിട്ടപ്പോഴാണ് ഉച്ചഭക്ഷണപദ്ധതിയുടെ ഫണ്ടുകിട്ടിയത്. ഈ ദിവസങ്ങളിലൊക്കെയും പറ്റുകാശിനായി പാലുകാരും പച്ചക്കറിക്കാരുമൊക്കെ പ്രഥമാധ്യാപകരെത്തേടി സ്കൂളിൽ വരുമായിരുന്നു. ഫണ്ട് വന്നില്ലെന്നു പറഞ്ഞാൽ അവർക്ക് വിശ്വാസംവരില്ല. സ്വന്തംനിലയിലുള്ള സാമ്പത്തികപ്രയാസങ്ങൾ നിവൃത്തിച്ചുകൊണ്ടുപോവാൻ പ്രയാസപ്പെടുന്നവരാണ് ഞങ്ങളിൽ പലരും. വീടുനിർമാണത്തിനും മക്കളുടെ കല്യാണത്തിനുമൊക്കെ ലോണെടുത്ത് വൻ ബാധ്യതയായി, മാസാവസാനം ഒന്നും ബാക്കികാണില്ല. കൈയിൽനിന്ന് എടുത്തുനൽകാൻ പൈസയില്ലാത്തതിനാൽ കടക്കാരെ മുങ്ങിനടക്കുകയായിരുന്നു. ജീവിതത്തിൽ ഒളിച്ചുനടക്കേണ്ട അവസ്ഥ ഇതുവരെ ഉണ്ടായിരുന്നില്ല. ഇപ്പോൾ അതുമായി’’ - മലപ്പുറത്തെ ഒരു പ്രഥമാധ്യാപകന്റെ വാക്കുകളാണിത്.

‘ഉച്ചഭക്ഷണം വിഭവസമൃദ്ധമാണ്. ആഴ്ചയിൽ രണ്ടുദിവസം പാലും ഒരു ദിവസം മുട്ടയും; മുട്ടയില്ലെങ്കിൽ നേന്ത്രപ്പഴം’ - സർക്കാരിന്റെ അവകാശവാദത്തിന്‌ കുറവൊന്നുമില്ല. പക്ഷേ, വിദ്യാഭ്യാസവകുപ്പ് ഉച്ചഭക്ഷണവിഭാഗം നിശ്ചയിച്ച മെനു അനുസരിച്ച് വിഭവങ്ങൾ നൽകാൻ പ്രഥമാധ്യാപകരും ഉച്ചഭക്ഷണച്ചുമതലയുള്ള അധ്യാപകരും പാടുപെടണം. നാലാംക്ലാസുവരെയുള്ള കുട്ടികൾക്ക് 100 ഗ്രാം ഭക്ഷ്യധാന്യങ്ങൾ, 20 ഗ്രാം പയറുവർഗങ്ങൾ, 50 ഗ്രാം പച്ചക്കറികളും ഇലക്കറികളും അഞ്ചുഗ്രാം എണ്ണയും കൊഴുപ്പും ആവശ്യാനുസരണം ഉപ്പും വ്യഞ്ജനങ്ങളും എന്നാണ് നിഷ്കർഷിച്ചിരിക്കുന്നത്. മുതിർന്ന ക്ലാസുകളിലെ കുട്ടികൾക്ക് 150 ഗ്രാം ഭക്ഷ്യധാന്യങ്ങളും 30 ഗ്രാം പയറും 75 ഗ്രാം പച്ചക്കറികളും ഇലയും 7.5 ഗ്രാം എണ്ണയും കൊഴുപ്പും ആവശ്യാനുസരണം ഉപ്പും വ്യഞ്ജനങ്ങളും ഉറപ്പാക്കണം. എൽ.പി. ക്ലാസിൽ പഠിക്കുന്ന കുട്ടിക്ക് ദിവസം 450 കലോറി ഊർജവും യു.പി. കുട്ടികൾക്ക് 700 കലോറി ഊർജവും ലഭ്യമാകുന്ന വിധമാണ് ഭക്ഷണമൊരുക്കേണ്ടത്.2016-ലെ വിലനിലവാര സൂചികയനുസരിച്ചാണ് ഇപ്പോഴും പണം അനുവദിക്കുന്നത്. ആറുവർഷത്തിനിടെ സാധനങ്ങളുടെയും പാചകവാതകത്തിന്റെയും വില ഇരട്ടിയിലധികമായെങ്കിലും സ്കൂളുകൾ എങ്ങനെയെങ്കിലും കാര്യം നടത്തട്ടെ എന്ന സമീപനമാണ് സർക്കാരിന്റേത്. 2016-ൽ ഒരു ലിറ്റർ പാലിന് 39 രൂപയായിരുന്നെങ്കിൽ ഇന്നത് 50 രൂപയാണ്. മൂന്നുരൂപയുണ്ടായിരുന്ന മുട്ടയുടെ വിലയിപ്പോൾ 5-6 രൂപയും. പാചകവാതകവില 420-ൽനിന്ന് 1100 ആയി.

‘സിലബസിനുമപ്പുറത്തെ അധ്യാപനം’ എന്ന പരമ്പര വായിച്ച ഒരു ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ പ്രതികരിച്ചത് ഈ വരയിലൂടെയാണ്. അധ്യാപനത്തിനുപുറമേ അധികജോലിയുടെ സമ്മർദംകൂടിയാകുമ്പോൾ താങ്ങാനാവുന്നില്ലെന്ന് അദ്ദേഹം പറയുന്നു

എത്ര കണക്കുകൂട്ടീട്ടും ഒക്കുന്നില്ല

150 കുട്ടികൾവരെ പഠിക്കുന്ന സ്കൂളിൽ ഒരു കുട്ടിക്ക് എട്ടുരൂപ, 150 മുതൽ 500 വരെ കുട്ടികളുണ്ടെങ്കിൽ ഏഴുരൂപ, 500-ന്‌ മുകളിൽ കുട്ടികളുള്ള സ്കൂളിന് ഒരു കുട്ടിക്ക് ആറുരൂപ എന്ന നിലയിലാണ് കേന്ദ്രവും സംസ്ഥാനവും ചേർന്ന്‌ നൽകുന്നത്‌. അരിയും നൽകും. നൂറുകുട്ടികൾ ഭക്ഷണം കഴിക്കുന്ന സ്കൂളിന് ദിവസം 800 രൂപയാണ് കിട്ടുക. 20 സാധ്യായ ദിവസങ്ങൾ പരിഗണിച്ചാൽ മാസത്തിൽ 16000 രൂപ. മൂന്ന്‌ പാചകവാതക സിലിൻഡറെങ്കിലും ഒരു മാസം ആവശ്യമായിവരും. അതിനുമാത്രം ഇപ്പോഴത്തെ നിരക്കിൽ 3300 രൂപ വേണം. വാണിജ്യസിലിൻഡർ ഉപയോഗിക്കുന്നയിടങ്ങളിൽ ചെലവ് കൂടും. ഗ്യാസ് നിർബന്ധമാണെന്നതിനാൽ പ്രാദേശികമായി ചെറിയ വിലയ്ക്ക് വിറകു കണ്ടെത്താനും കഴിയില്ല.

ഒരു കുട്ടിക്ക് 150 മില്ലിലിറ്റർവീതം ആഴ്ചയിൽ രണ്ടുദിവസമാണ് പാൽ നൽകേണ്ടത്. 100 കുട്ടികൾക്ക് ആഴ്ചയിൽ 30 ലിറ്റർ പാൽ വേണം. മാസം 120 ലിറ്റർ. 50 രൂപ നിരക്കിൽ പാലിനുമാത്രം മാസം ആറായിരം രൂപ ചെലവ്. ആഴ്ചയിൽ ഒരു മുട്ടവീതം 400 മുട്ടയ്ക്ക് 2000 രൂപയോളം വരും. ബാക്കിവരുന്ന, ഏതാണ്ട് 4700 രൂപയ്ക്കാണ് സർക്കാർ പറയുന്ന അളവിൽ പയറുവർഗങ്ങളും പച്ചക്കറിയും ഒരുമാസം നൽകേണ്ടത്. 100 കുട്ടികൾക്കായി ഒരുദിവസത്തേക്ക് 235 രൂപയോളമാണ് (ഒരു കുട്ടിക്ക് 2.35 രൂപ) ബാക്കിയുണ്ടാകുക. പച്ചക്കറിക്കും പയറുവർഗങ്ങൾക്കുംപുറമേ ഒരടുക്കളയിൽവേണ്ട പലവ്യഞ്ജനങ്ങളും വെളിച്ചെണ്ണയും തേങ്ങയുെമല്ലാം ഇതിൽനിന്നുതന്നെ കണ്ടെത്തണം. സാധനങ്ങൾ എത്തിക്കുന്നതിനുള്ള വാഹനച്ചാർജ് വേറെയും.

Also Read
Series

മക്കളെ അധ്യാപകർ ശാസിക്കുന്നത് പോലും ഇഷ്ടപ്പെടാത്ത ...

SERIES

അടിച്ചുവാരണം, നാപ്കിൻ കത്തിക്കണം, ക്ലർക്കും ...

തട്ടിപ്പിന് നിർബന്ധിക്കപ്പെടുന്നു

മിക്കമാസവും സ്വന്തം കൈയിൽനിന്ന് പണമെടുത്താണ് അധ്യാപകർ കുറവ് നികത്താറുള്ളത്. അല്ലെങ്കിൽ പാലിന്റെ അളവ് കുറച്ചോ പച്ചക്കറി മതിയായ അളവിൽ നൽകാതെയോ തട്ടിപ്പുകാണിക്കണം. മുട്ട ചിക്കിപ്പൊരിച്ചുനൽകി പരിഹാരം കാണുന്നവരുണ്ട്.

സർക്കാർ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന പ്രീപ്രൈമറികളുള്ള സ്കൂളുകളുടെ കാര്യം ഇതിലും കഷ്ടമാണ്. ഇവരുടെ ഉച്ചഭക്ഷണവും മറ്റുകുട്ടികളുടെ വിഹിതത്തിൽനിന്ന് ഒപ്പിച്ചെടുക്കണം. ചോറും കറികളും അവർക്കും വിളമ്പാൻ വലിയ ബുദ്ധിമുട്ടില്ലെങ്കിലും പാലിന്റെയും മുട്ടയുടെയും കാര്യത്തിൽ വിഷമിക്കും. ഉച്ചഭക്ഷണം കഴിക്കുന്ന കുട്ടികളുടെ എണ്ണത്തിൽ കൃത്രിമം കാണിച്ചുംമറ്റുമാണ് ചില അധ്യാപകർ നഷ്ടമൊഴിവാക്കുന്നത്. അധ്യാപകരെ കളവുചെയ്യാൻ നിർബന്ധിക്കുന്ന സാഹചര്യമാണുള്ളതെന്ന് അവർ വിഷമത്തോടെ പറയുന്നു. രണ്ടു ഷിഫ്റ്റിലായി ക്ലാസുനടന്ന കോവിഡ്‌കാലത്തെ നാലുമാസംമാത്രം കോഴിക്കോട്ടെ ഒരു പ്രഥമാധ്യാപകന് 27,000 രൂപ നഷ്ടമായിട്ടുണ്ട്. മുട്ടില്ലാതെ ഉച്ചഭക്ഷണം വിതരണംചെയ്യാൻ മറ്റൊരു പ്രഥമാധ്യാപിക രക്ഷിതാക്കളിൽനിന്ന് തുച്ഛമായ വിഹിതം പിരിക്കാൻ തീരുമാനിച്ചത് അവരുടെ സർവീസ് ജീവിതത്തിൽത്തന്നെ കരിനിഴൽ വീഴ്ത്തിയിരിക്കയാണ്. രക്ഷിതാക്കളിലൊരാൾ വിജിലൻസിൽ പരാതിപ്പെട്ടതോടെ അന്വേഷണവും പരിശോധനയുമൊക്കെയായി, അധ്യാപികയുടെ സമാധാനം നഷ്ടപ്പെട്ടു. വീട്ടിൽ ഒറ്റയ്ക്കുതാമസിക്കുന്ന അധ്യാപികയ്ക്ക് ആ ദിവസങ്ങളിൽ കൂട്ടിരിക്കേണ്ട അവസ്ഥവരെയുണ്ടായതായി സഹ അധ്യാപകർ പറയുന്നു.

രുചി മെനു മുതൽ ചാക്ക് രജിസ്റ്റർവരെ

ദിവസവും രാവിലെ 11-നും 12-നുമിടയിൽ കുട്ടികളുടെ ഹാജർനില നൂൺമീൽ ഓഫീസിലേക്ക് അയച്ചുകൊടുക്കണം. സ്കൂളിന് ഒരു കുട്ടിയുടെ തുകപോലും അധികം ലഭ്യമാവരുത് എന്നു നിർബന്ധം പിടിക്കുന്ന സർക്കാർ, അധ്യാപകർക്കുണ്ടാകുന്ന ഭാരിച്ച ബാധ്യതയെക്കുറിച്ച് മിണ്ടുന്നില്ല.

ഉച്ചഭക്ഷണവിതരണവുമായി ബന്ധപ്പെട്ടുമാത്രം 12 തരം രജിസ്റ്ററുകൾ സൂക്ഷിക്കേണ്ടതുണ്ട്. ഓൺലൈൻ അല്ലേ, അതു ബുദ്ധിമുട്ടില്ലല്ലോ എന്നുകരുതിയാൽ തെറ്റി. ഈ റെക്കോഡുകളെല്ലാം എഴുതിയും സൂക്ഷിക്കണം. രുചി മെനു, ഉച്ചഭക്ഷണ കമ്മിറ്റി, ബാങ്ക് സ്റ്റേറ്റ്‌മെന്റ് എന്നുതുടങ്ങി ചാക്ക് രജിസ്റ്റർവരെ ഇതിലുൾപ്പെടും. സ്കൂളിൽ അരിയെത്തിക്കുന്ന ചാക്കുകൾക്ക് ചണച്ചാക്കിന് അഞ്ചുരൂപവീതവും പ്ലാസ്റ്റിക് ചാക്കിന് മൂന്നു രൂപവീതവും എ.ഇ.ഒ. ഓഫീസിൽ അടച്ച് റസീറ്റ് കൈപ്പറ്റണം. ഇത് ചാക്ക് രജിസ്റ്ററിൽ തീയതിവെച്ച് ഒട്ടിച്ചുസൂക്ഷിക്കണം. നേരത്തേയുണ്ടായിരുന്ന വെണ്ണീർ രജിസ്റ്റർ ഗ്യാസ് നിർബന്ധമാക്കിയതോടെ ഒഴിവാക്കി.

ആയിരത്തിനുമേൽ കുട്ടികൾ ഉച്ചഭക്ഷണം കഴിക്കുന്ന ചില സ്കൂളുകളുണ്ട്. ഇത്തരം സ്കൂളിലെ ഉച്ചഭക്ഷണ ചുമതലയുള്ള അധ്യാപകന് സാധനങ്ങൾ വാങ്ങലും കണക്കുസൂക്ഷിക്കലും രജിസ്റ്ററുകൾ തയ്യാറാക്കലുമൊക്കെയായി നിന്നുതിരിയാൻ സമയമുണ്ടാകില്ല. വലിയൊരുസംഘം അധ്യാപകർ ഇവിടങ്ങളിൽ വിളമ്പലുകാരായുമുണ്ടാകും. ‘‘എന്നും കല്യാണവീട്ടിലെ ഭക്ഷണപന്തിയിൽ വിളമ്പാൻ നിൽക്കുന്ന അവസ്ഥയാണ്. കഴിയുമ്പോൾ നടുവൊടിയും. എങ്കിലും അധ്യാപകർക്കെന്തു ജോലി എന്ന ചോദ്യത്തിനു കുറവൊന്നുമില്ല’’ -900 വിദ്യാർഥികൾക്ക് ദിവസവും ഉച്ചഭക്ഷണമൊരുക്കുന്ന സ്കൂളിലെ അധ്യാപിക പറഞ്ഞു.

മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ

തെലങ്കാനയിൽ എല്ലാ അധ്യയനദിവസവും മുട്ട വിതരണം ചെയ്യുന്നു. തമിഴ്നാട്ടിൽ അഞ്ചുദിവസം മുട്ടയും മൂന്നുദിവസം പാലുമുണ്ട്. കർണാടകത്തിൽ എല്ലാദിവസവും മുട്ടയും പാലും നൽകുന്നുണ്ട്. സാമൂഹികനീതിവകുപ്പ് നേരിട്ടാണ് ഇവ സ്കൂളിൽ എത്തിക്കുന്നത്. അധ്യാപകർക്ക് വിതരണച്ചുമതല മാത്രമാണ്. സംസ്ഥാനസർക്കാരിന്റെ സമഗ്ര പോഷകാഹാരപദ്ധതിയുടെ ഭാഗമായി അവിടങ്ങളിൽ പ്രത്യേക ഫണ്ട് നീക്കിവെക്കുന്നുണ്ട്. കേരളത്തിൽ ഉച്ചഭക്ഷണപദ്ധതിയിൽനിന്നുതന്നെയാണ് ഈ ചെലവും കണ്ടെത്തേണ്ടത്.

സംസ്ഥാനത്ത് ഈവർഷം 526 കോടി രൂപയാണ് ഉച്ചഭക്ഷണത്തിനായി ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്. 300 കോടി കേന്ദ്രവിഹിതവും 226 കോടി സംസ്ഥാനത്തിന്റേതും. 30 ലക്ഷം കുട്ടികൾക്ക് മുട്ടയ്ക്കും പാലിനുമായി 240 കോടി രൂപ പ്രത്യേകം മാറ്റിവെക്കണമെന്ന പൊതുവിദ്യാഭ്യാസവകുപ്പിന്റെ ബജറ്റ് നിർദേശം ധനവകുപ്പ് പരിഗണിച്ചില്ല.

ആശങ്കകൂട്ടി പി.എഫ്.എം.എസും

ഒരുമാസത്തെ തുക നൂൺമീൽ ഓഫീസർ മുഖേന എ.ഇ.ഒ. അനുവദിച്ച് ബിംസിലൂടെ ട്രഷറിയിൽനിന്ന് പിൻവലിക്കുന്ന രീതി ഇനിമുതൽ മാറുകയാണ്. ഇടപാടുകാരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണമെത്തുന്ന പബ്ലിക് ഫിനാൻഷ്യൽ മാനേജ്മെന്റ് സിസ്റ്റ(പി.എഫ്.എം.എസ്.)ത്തിലേക്ക് ഉച്ചഭക്ഷണ പദ്ധതി ഉൾപ്പെടുത്താനാണ് കേന്ദ്രതീരുമാനം. പോർട്ടൽവഴി പണം നേരിട്ട് ഇടപാടുകാർക്ക് (വെണ്ടർ) കൈമാറുന്ന ഈ സംവിധാനം കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കുമെന്നാണ് അധ്യാപകർ ആശങ്കപ്പെടുന്നത്. ഇടപാടുകാർ നൽകുന്ന യഥാർഥ ബിൽ അതേപോലെ അംഗീകരിക്കില്ലെന്നിരിക്കേ കണക്കിലെ കളികൾ പ്രശ്നങ്ങളുണ്ടാക്കും. കുട്ടികളുടെ എണ്ണത്തിനനുസരിച്ച് നിലവിലെ നിരക്കിൽത്തന്നെയാണ് തുക അനുവദിക്കുകയെന്നതിനാൽ രണ്ടും തമ്മിലുള്ള അന്തരം എങ്ങനെ പരിഹരിക്കുമെന്നാണ് അധ്യാപകർ ചോദിക്കുന്നത്. മുൻകൂർ പണംനൽകേണ്ട പാചകവാതകത്തിന്റെ കാര്യത്തിലും ഈ രീതി പ്രതിസന്ധിയുണ്ടാക്കും.

പ്രഥമാധ്യാപകർ പദ്ധതി സുഗമമായി നടത്തിക്കൊണ്ടുപോകുന്നതിനായി ഇപ്പോൾ നടത്തുന്ന ‘ട്രപ്പീസ് കളി’യും ഈ സംവിധാനം വരുന്നതോടെ സാധ്യമല്ലാതാവും. സ്കൂളിൽ പ്രഥമാധ്യാപകനും കംപ്യൂട്ടർപരിജ്ഞാനമുള്ള മറ്റൊരു അധ്യാപകനുമാണ് പോർട്ടൽ കൈകാര്യം ചെയ്യാനായി ആവശ്യമുള്ളത്. ഇതിൽ ഇടപാടുകാരായി അപ്‌ലോഡ് ചെയ്യാത്ത ഒരാൾക്കും ഒരുരൂപപോലും കൈമാറാൻ കഴിയില്ലെന്നിരിക്കേ ബില്ല് തയ്യാറാക്കുന്നതിനും മറ്റുമായി അധ്യാപകരുടെ സമയം നിലവിലുള്ളതിനെക്കാൾ കൂടുതൽ മാറ്റിവെക്കേണ്ടിവരും.

(തുടരും)

Content Highlights: plights of School teachers of Kerala, workload,social,series,teaching challenge


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
crime

1 min

ലൈംഗികബന്ധത്തിനിടെ 67-കാരന്‍ മരിച്ചു: മൃതദേഹം ഉപേക്ഷിച്ചു; വീട്ടുജോലിക്കാരിയും ഭര്‍ത്താവും പിടിയില്‍

Nov 25, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented