പിണറായി കരുതിയിരിക്കുക , നക്കിക്കൊല്ലുന്ന സ്വന്തക്കാരെ


ഡോ. എം. സുമിത്ര

വേങ്ങര ഉപതിരഞ്ഞെടുപ്പ് നാളില്‍ സോളാര്‍ കേസ് എടുത്ത് മാധ്യമങ്ങളിലൂടെ ലൈവ് നടത്തിയപ്പോള്‍ ഒരു ധാര്‍മികതയും അദ്ദേഹം പ്രകടിപ്പിച്ചില്ല. ഒരു ലീഗുകാരനും അന്ന് കേബിള്‍ മുറിച്ചില്ല.

ക്തന്‍ തമ്പുരാന്‍ ഭരിക്കുന്ന കാലം.
കൊച്ചി രാജ്യത്തെ ഒരു നമ്പൂതിരിയുടെ പശുവിനെ കള്ളന്‍ കൊണ്ടു പോയി.
സ്വതവേ ക്ഷീണത്തിലാണ് നമ്പൂതിരി. ആകെയുള്ള കറവപ്പശുവാണ്. ഇല്ലത്തെ കാര്യങ്ങള്‍ കൂടുതല്‍ കഷ്ടത്തിലായി. നമ്പൂതിരി ശക്തന് മുന്നിലെത്തി.
കാര്യം ബോധിപ്പിച്ചു. തമ്പുരാന്‍ പറഞ്ഞു: ''അയ്യോ, കഷ്ടായിപ്പോയി.''
നമ്പൂതിരി പറഞ്ഞു: ''ഇത് അകത്തുള്ളാളും പറഞ്ഞു.''

അന്തര്‍ജനത്തെ പോലെ നിസ്സഹായം കരയലല്ല രാജാവിന്റെ പണിയെന്ന് സവിനയം ഓര്‍മ്മപ്പെടുത്തുകയായിരുന്നു പട്ടിണിക്കാരനായ നമ്പൂതരി. ശക്തന്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ച് നീതി നടപ്പാക്കിയത് വിവരിക്കുന്നുണ്ട് കൊട്ടാരത്തില്‍ ശങ്കുണ്ണി ഐതിഹ്യമാലയില്‍.

ചാനലുകള്‍ക്ക് കൊട്ടാനുള്ള ചെണ്ടയല്ലെന്ന് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു മുഖ്യമന്ത്രി പിണറായി വിജയന്‍. തീര്‍ച്ചയായും അത് ആവരുത് അദ്ദേഹം. പക്ഷേ ആരാണ് മുഖ്യമന്ത്രിയെ ചെണ്ട കൊട്ടിക്കുന്നത്? അതാണ് പരിശോധിക്കേണ്ടത്. അദ്ദേഹവും ആരാധകരും.

1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന് പിന്നാലെ ഡിസ്രേലി പ്രഭു ബ്രിട്ടനിലെ ഹൗസ് ഓഫ് കോമണ്‍ണ്‍സില്‍ നടത്തിയ പ്രസംഗത്തെ പറ്റി കാള്‍ മാര്‍ക്‌സ് എഴുതി. ''വാക്കുകള്‍ പെറുക്കിയെടുത്ത് നടത്തുന്ന പ്രസംഗം കേള്‍ക്കുന്നതിനേക്കാള്‍ വായിക്കുന്നതാണ് ഭേദം. രാജ്യഭരണത്തെ പറ്റിയുള്ള അദ്ദേഹത്തിന്റെ തെറ്റായ ധാരണകളാണ് വാക്കിലും ശൈലിയും പ്രകടമാവുന്നത്.''

വിനയപൂര്‍വം പറയട്ടെ, പിണറായി വിജയന്‍ കാള്‍ മാര്‍ക്‌സിനെ വായിക്കാന്‍ നേരമായി. ഇല്ലെങ്കില്‍ അദ്ദേഹത്തിന്റെ ആരാധകര്‍ ഫാസിസത്തിന്റെ ആള്‍ക്കൂട്ട മനശ്ശാസ്ത്രത്തെ പറ്റിയുള്ള വില്യം റീഹ് പഠനങ്ങളെങ്കിലും പറഞ്ഞു കൊടുക്കണം.

ചരിത്രപരമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കത്തോലിക്ക സഭയോടാണ് ജനിതകബന്ധം. ഘടനയിലും സ്വഭാവത്തിലും. മാനിഫെസ്റ്റോ ബൈബിള്‍. പാര്‍ട്ടി സെക്രട്ടറി പോപ്പ്. ഞങ്ങള്‍ക്ക് ഞങ്ങളുടെ നിയമം എന്ന് കര്‍ദിനാള്‍ ആലഞ്ചേരി പറയുന്നതു ആവര്‍ത്തിക്കുമ്പോള്‍ പിണറായി വിജയന്‍ ചുവപ്പുസഭാ വിശ്വാസികളുടെ ഇടപ്രഭുവാകുന്നു. അത് പറയരുതെന്ന ആജ്ഞയാണ് മാധ്യമങ്ങളോടുള്ള കല്‍പന.

എന്നാല്‍ ആ വാക്കുകളില്‍ ചില അപകടങ്ങളുണ്ട്. ''വിധികര്‍ത്താക്കള്‍ ജനങ്ങളാണ്. ചര്‍ച്ച നയിക്കുന്നവര്‍ വിധികര്‍ത്താക്കളാകരുത്. കൂടുതലൊന്നും പറയുന്നില്ല. നിങ്ങളീ പറയുന്ന കാര്യങ്ങള്‍ക്ക് മറുപടി പറയാന്‍ കഴിയാത്ത ഒരാളല്ല ഞാന്‍. അത് എത്രയോ തവണ പറഞ്ഞിട്ടുള്ള ആളാണ് ഞാന്‍. ആ പഴയ ഭാഷ ഇപ്പോഴും കൈമോശം വന്നിട്ടില്ല.''

പാര്‍ട്ടി സെക്രട്ടറിയുടേതാണ് പഴയ ഭാഷ. അതാരും മറന്നിട്ടില്ല. ''എടോ ഗോപാലകൃഷ്ണാ..'' എന്ന ആക്രോശമാണത്. ''മറുപടി പറയണോ, ഇങ്ങ് മാറിനില്‍ക്ക്'' എന്ന ഭീഷണിയാണ്. ''കടക്ക് പുറത്ത്'' എന്ന കല്‍പനയാണ്. ''ചെവി ഇങ്ങോട്ട് ഒന്നു അടുപ്പിച്ചാല്‍ മറുപടി തരാം'' എന്ന വേട്ടയാണ്. ഇതിനെല്ലാം അദ്ദേഹത്തിനുള്ള ന്യായീകരണം താനാണ് കേരള ചരിത്രത്തിലെ ഏറ്റവും ഹീനമായ മാധ്യമവേട്ടക്ക് ഇരയായത് എന്ന ബോധ്യമാണ്.

തെറ്റാണ് ആ ബോധ്യം. എല്ലാ കാലത്തും മാധ്യമങ്ങള്‍ അധികാരത്തെ ചോദ്യം ചെയ്തിട്ടുണ്ട്. ഇ.എം.എസ്. സര്‍ക്കാരിന്റെ കാലത്ത് വിമോചന സമരത്തിന് ചുക്കാന്‍ പിടിച്ചിട്ടുണ്ട് മാധ്യമങ്ങള്‍. കാറില്‍ സ്ത്രീയെ കണ്ടെന്ന പേരില്‍ പി.ടി. ചാക്കോയെ ആക്രമിച്ചിട്ടുണ്ട്. കെ. കരുണാകരന്‍ നേരിട്ട മാധ്യമ വേട്ടയുടെ ഒരംശം പോലും പിണറായി വിജയന്‍ നേരിട്ടിട്ടില്ല. ഉമ്മന്‍ ചാണ്ടിയെ സോളാര്‍ കേസില്‍ മാധ്യമങ്ങള്‍ വേട്ടയാടിയപ്പോള്‍ ഗുണഭോക്താക്കളില്‍ പിണറായി വിജയനും ഉണ്ടായിരുന്നു. വേങ്ങര ഉപതിരഞ്ഞെടുപ്പ് നാളില്‍ സോളാര്‍ കേസ് എടുത്ത് മാധ്യമങ്ങളിലൂടെ ലൈവ് നടത്തിയപ്പോള്‍ ഒരു ധാര്‍മികതയും അദ്ദേഹം പ്രകടിപ്പിച്ചില്ല. ഒരു ലീഗുകാരനും അന്ന് കേബിള്‍ മുറിച്ചില്ല. ചെങ്ങന്നൂരില്‍ തിരിച്ചുകൊടുത്തത് കാലമാണ്.

തനിക്ക് ഇഷ്ടമുള്ളത് മാത്രം മതി എന്ന നിലപാടാണ് ഇപ്പോള്‍ സംസ്ഥാന മുഖ്യമന്ത്രി ഉയര്‍ത്തുന്നത്. മൂന്നര ലക്ഷം അംഗങ്ങളുള്ള ഒരു കേഡര്‍ പാര്‍ട്ടിയില്‍ ഇത് നടക്കും. അവര്‍ക്ക് പുറത്ത് മൂന്നര കോടി അംഗങ്ങളുള്ള സംസ്ഥാനത്ത് ജനാധിപത്യവ്യവസ്ഥയ്ക്ക് ചേര്‍ന്നതല്ല ഈ നിലപാട്. ടിയാനന്‍മെന്‍ ചത്വരത്തില്‍ ടാങ്കിടിച്ച് കൊന്ന പതിനായിരത്തിന്റെ ചോര ആവര്‍ത്തിക്കുന്നത് കേരളം അംഗീകരിക്കില്ല. നരോദാ പാട്യയിലെ കൂട്ടക്കൊലയും കിണറ്റില്‍ തള്ളുന്ന മൃതദേഹങ്ങളും ഞങ്ങള്‍ നിങ്ങളേക്കാള്‍ വെറുക്കുന്നു. ആ സമൂഹത്തോട് ''എനിക്ക് ബോധ്യപ്പെട്ടാലേ ഞാന്‍ അംഗീകരിക്കൂ'' എന്ന് പറയുന്നത് മനുഷ്യത്വവിരുദ്ധമാണ്.

നേരത്തേ പറഞ്ഞല്ലോ, കത്തോലിക്കാ സഭയെ പോലെ തന്നെ ജനാധിപത്യപരമല്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും. ''ആശയപരമായ പ്രശ്‌നങ്ങളില്‍ സഖാവ് ഇ.എം.എസും സംഘടനാ പരമായ വിഷയങ്ങളില്‍ ഞാനും ഏകപക്ഷീയമായാണ് നിലപാടെടുക്കാറുള്ളത്.'' പി. കൃഷ്ണപിള്ളയുടെ വാക്കുകള്‍ ദേശാഭിമാനി തന്നെ വില്‍ക്കുന്ന വി.വി.കെ. വാലത്ത് എഴുതിയ ജീവചരിത്രത്തിലുണ്ട് .

സര്‍ സി.പിയുടെ വേട്ടപ്പട്ടികള്‍ കടിച്ചുകൊല്ലാന്‍ നില്‍ക്കുന്ന കാലത്ത് സഖാക്കള്‍ക്ക് ഈ നിലപാടാകാം. ഇപ്പോള്‍ ഒരു വര്‍ഗ്ഗ സമരവും അടുത്തകാലത്തെങ്ങും പാര്‍ട്ടി പരിപാടിയില്‍ പറയുന്നില്ലല്ലോ സഖാവേ. അതിനാല്‍ പുറത്ത് നാട്ടുകാര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് കൂടി മറുപടി പറയേണ്ടി വരും. അതിന് മാധ്യമങ്ങളെ പഴിച്ചിട്ട് കാര്യമില്ല.

തീരുന്നില്ല. ഏത് ഏകാധിപതിയേയും പോലെ ആരേയും വിശ്വസിക്കാനോ കേള്‍ക്കാനോ തയ്യാറല്ലെന്ന വികാരമാണ് പിണറായിയും പ്രകടമാക്കുന്നത്. നിര്‍ലജ്ജം നുണപറയാന്‍ ഈയിടെ അദ്ദേഹത്തിനും മടിയില്ലാതാവുന്നു. കാറില്‍ കടന്നു പോകുമ്പോള്‍ 'ഇയാളൊന്നു മരിച്ചു കാണുന്നില്ലല്ലോ' എന്ന് എ.കെ.ജി. സെന്ററിന് മുന്നിലെ മാധ്യമപ്രവര്‍ത്തകന്‍ അടക്കം പറഞ്ഞത് കേട്ടെന്ന് പറഞ്ഞിട്ട് അധികനാളായില്ല.

തിരുവനന്തപുരത്തെ മാധ്യമപ്രവര്‍ത്തക ഫോണില്‍ ചോദ്യം കേട്ട് ചോദിക്കുകയായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ ഇന്നലത്തെ വാക്കുകള്‍. ദൈനംദിന മാധ്യമപ്രവര്‍ത്തനത്തിന്റെ ബാലപാഠങ്ങള്‍ പോലും മുഖ്യമന്ത്രിക്ക് ജോണ്‍ ബ്രിട്ടാസിനെ പോലുള്ള ഒരു ഉപദേശകന്‍ പറഞ്ഞു കൊടുക്കുന്നില്ലെങ്കില്‍ കഷ്ടം എന്നേ പറയാനുള്ളൂ. സ്വന്തം ശമ്പളം പോലും ചോദിച്ച് വാങ്ങാന്‍ ശേഷിയില്ലാത്ത മാധ്യമപ്രവര്‍ത്തകരെ എതിരാളിയായി കാണുന്നത് മിതമായ ഭാഷയില്‍ അല്‍പത്തരമാണ്. അല്ലെങ്കില്‍ മനഃപൂര്‍വമുള്ള ശ്രദ്ധ തെറ്റിക്കലാണ്.

കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള ഒരു ദോഷം അവര്‍ വേണ്ടതിലേറെ ഇടതുപക്ഷ വിശ്വാസികളാണ് എന്നതാണ്. മിക്കവരും എസ്.എഫ്.ഐ. പശ്ചാത്തലത്തില്‍ നിന്നെത്തുന്നവര്‍. ചുവന്ന കുപ്പായമിട്ട് ഓഫീസില്‍ നില്‍ക്കുന്ന ചിത്രം ഫേസ്ബുക്കില്‍ ഇടുന്നവര്‍. അവര്‍ തന്നെ പോലീസുകാര്‍ ചുവപ്പു ഷര്‍ട്ടിട്ടാല്‍ ആക്ഷേപിക്കാനുമെത്തും. മറ്റ് പാര്‍ട്ടികളെ വിമര്‍ശിക്കുമ്പോഴത്തെ മൂര്‍ച്ച സി.പി.എമ്മിനെ പറയുമ്പോള്‍ അവര്‍ കാണിക്കാറില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പ്രത്യേകിച്ചും പിണറായിയോട് ആരാധനയാണ് പലര്‍ക്കും. എന്നിട്ടും വല്ലപ്പോഴും പുറത്തു വരുന്ന മുനയില്ലാത്ത ചില കുത്തു പോലും സഹിക്കുന്നില്ലെന്നതാണ് റെഡ് ബ്രിഗേഡിന്റെ ദൗര്‍ബല്യം.

പഴയ ചാരക്കേസിന്റെ കാലത്ത് കരുണാകരന്റെ വിശ്വസ്തനായിരുന്നു ഇപ്പോഴത്തെ പോലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രവാസ്തവ. തൂവാല കൊണ്ട് മുഖം മറച്ച് ഗുരുവായൂരമ്പലത്തില്‍ കരുണാകരനെ തൊഴാന്‍ വന്ന അദ്ദേഹത്തിന്റെ ചിത്രം മറ്റാരു മറന്നാലും പിണറായി മറക്കരുത്. പോലീസ് ആക്ടിവിസത്തിന്റെ ദുരന്തമാണ് കേരളം കാണുന്നത്. അവരെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഉണ്ടെന്ന ധാര്‍ഷ്ട്യമാണ് കാക്കിപ്പടയെ ഇങ്ങനെ പെരുമാറാന്‍ പ്രേരിപ്പിക്കുന്നത്. പണ്ടേ പറഞ്ഞതാണ്. ബെഹ്‌റയുടെ ബോസ് ഇന്ദ്രപ്രസ്ഥത്തിലാണ്.

മഹിജയ്ക്കും ലാത്വിയന്‍ വനിതയുടെ സഹോദരിക്കും ശ്രീജിത്തിന്റെ ബന്ധുക്കള്‍ക്കും ഇപ്പോള്‍ നീനു ചാക്കോയ്ക്കും ഉണ്ടായത് ഒരേ പോലീസ് അനുഭവമാണ്. അത് ജനവിരുദ്ധമാണ്. അടിയന്‍ ലച്ചിപ്പോം എന്ന് പറഞ്ഞ് ഇടതു സംഘടനകള്‍ ചാടിവീഴേണ്ടത് തീര്‍ച്ചയായും ജനങ്ങള്‍ക്ക് വേണ്ടിയാണ്. പകരം പോലീസിനെ ന്യായീകരിക്കുന്ന സമീപനമാണ് മിക്കവാറും കേസുകളില്‍ കാണുന്നത്. ഒരു പോലീസ് സ്റ്റേഷനിലേക്കും മാര്‍ച്ച് കാണുന്നില്ല. ഭരണവും സമരവും ഒന്നിച്ച് നടത്താന്‍ കെല്‍പില്ലെന്നത് ഞങ്ങള്‍ അടിമകള്‍ എന്ന കുമ്പസാരമാണ്.

പിണറായി വിജയനെ ചെണ്ട കൊട്ടുന്നത് ചാനലുകളല്ല. അദ്ദേഹത്തെ ചെണ്ട കൊട്ടിക്കുന്നത് മന്ത്രിമാരും ഉപദേഷ്ടാക്കളും കാക്കി യജമാനന്മാരുമാണ്. പിണറായിയെ രക്ഷിക്കാന്‍ എ.കെ. ബാലനും എം.എം. മണിയും ഇറങ്ങിക്കഴിഞ്ഞു. എതിരാളികളേക്കാള്‍ കടുപ്പമാണ് അനുയായികള്‍. കാര്യങ്ങള്‍ വിഷമസ്ഥിതിയിലാണ്.

ഒരാളെ നശിപ്പിക്കാന്‍ രണ്ട് മാര്‍ഗ്ഗങ്ങളുണ്ട്. ഒന്നു വെട്ടിക്കൊല്ലാം. പ്രിയപ്പെട്ട മുഖ്യമന്ത്രി എതിര്‍പാളയത്തില്‍ ഇന്ന് നില്‍ക്കുന്ന ആര്‍ക്കും അതിനാവില്ല. തെല്ലും പേടി വേണ്ട. രണ്ടാമത്തെ മാര്‍ഗ്ഗത്തെ അതിനാല്‍ അങ്ങ് കരുതിയിരിക്കുക. കഴിഞ്ഞ രണ്ടുകൊല്ലമായി പലരും അങ്ങയെ നക്കിക്കൊല്ലുകയാണ്.

സമൂഹം തുറന്നതും വിശാലവുമായ ജനാധിപത്യ വെല്ലുവിളികള്‍ നേരിടുന്ന കാലത്ത് അപഹാസ്യമാണ് നിഴല്‍യുദ്ധങ്ങള്‍.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kapil sibal

1 min

കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ടു; സമാജ് വാദി പാര്‍ട്ടി ടിക്കറ്റില്‍ രാജ്യസഭയിലേക്ക്

May 25, 2022


antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022


arrest

1 min

16കാരനെ നിര്‍ബന്ധിച്ച് മതം മാറ്റി, 24കാരിയുമായി വിവാഹം: നാല് പേര്‍ അറസ്റ്റില്‍

May 25, 2022

More from this section
Most Commented