ജനുവരി ഒന്നാംതീയതി കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ സവിശേഷമായ ഒരധ്യായം കൂട്ടിച്ചേര്‍ക്കപ്പെടുകയാണ്. അന്നാണ് നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും സ്ത്രീ-പുരുഷ സമത്വം ഉറപ്പുവരുത്തുന്നതിനും ലക്ഷക്കണക്കിന് സ്ത്രീകള്‍ ഒന്നായി നിന്ന് കാസര്‍കോടു മുതല്‍ തിരുവനന്തപുരംവരെ മതില് തീര്‍ക്കുന്നത്. കേരളത്തെ ഭ്രാന്താലയമാക്കാന്‍ അനുവദിക്കില്ലെന്ന സ്ത്രീക്കരുത്തിന്റെ പ്രഖ്യാപനമായി ഇത് മാറാന്‍പോവുകയാണ്.
യോഗം വിളിച്ചതിന്റെ പശ്ചാത്തലം
ശബരിമലയിലെ സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ചിന്റെ വിധി വന്നു. ഭരണഘടന മുന്നോട്ടുവെക്കുന്ന സ്ത്രീ-പുരുഷ സമത്വം എന്ന മൗലികാവകാശം വിശ്വാസത്തിന്റെ കാര്യത്തിലും സംരക്ഷിക്കണമെന്നതായിരുന്നു ഈ വിധിയുടെ ഉള്ളടക്കം. വിധി വന്നയുടനെ പ്രമുഖ രാഷ്ട്രീയപ്പാര്‍ട്ടികളെല്ലാം അത് നടപ്പാക്കണമെന്ന നിലപാട് സ്വീകരിച്ചു. അവര്‍ പിന്നീട് ചുവടുമാറ്റി. സ്ത്രീ അശുദ്ധയാണ് എന്ന് പ്രഖ്യാപിക്കുന്നതരത്തിലുള്ള പ്രചാരണങ്ങളിലേക്കും ഈ ചുവടുമാറ്റം വളര്‍ന്നു. സ്ത്രീകളെത്തന്നെ രംഗത്തിറക്കി പ്രതിരോധിക്കാനും ശ്രമിച്ചു. കേരളത്തിന്റെ നവോത്ഥാനമൂല്യങ്ങളെയും മതനിരപേക്ഷതയെയും തകര്‍ക്കുന്ന തരത്തിലേക്ക് അത് വളര്‍ത്തിയെടുക്കാനും ശ്രമമുണ്ടായി. ഈ നീക്കത്തെ പ്രതിരോധിക്കുകയെന്നത് കേരളീയ സമൂഹത്തെ സംബന്ധിച്ച് പ്രധാനമായിരുന്നു. അതുകൊണ്ടാണ്, അവര്‍ വളര്‍ത്തിക്കൊണ്ടുവന്ന നീക്കത്തിന്റെ അപകടം വ്യക്തമാക്കുന്നതിന് നവോത്ഥാന പാരമ്പര്യമുള്ളവ ഉള്‍പ്പെടെയുള്ള ഹിന്ദു സംഘടനകളുടെ യോഗം സര്‍ക്കാര്‍ വിളിച്ചുചേര്‍ത്തത്.
വനിതാമതില്‍ എന്ന ആശയം
നവോത്ഥാന പാരമ്പര്യത്തെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരേ യോജിച്ച് മുന്നേറേണ്ടതിന്റെ പ്രാധാന്യം സര്‍ക്കാര്‍ ആ യോഗത്തില്‍ വ്യക്തമാക്കി. ഇതിന്റെ പശ്ചാത്തലത്തില്‍ ചര്‍ച്ച നടന്നു. സ്ത്രീകളെ രംഗത്തിറക്കി നവോത്ഥാനമൂല്യങ്ങളെയും സ്ത്രീ-പുരുഷ തുല്യതയെയും തമസ്കരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പൊതുവില്‍ വിലയിരുത്തി. സ്ത്രീകളെ രംഗത്തിറക്കി നവോത്ഥാനമൂല്യങ്ങള്‍ക്ക് അവര്‍ എതിരാണെന്ന് ചിലര്‍ പ്രചരിപ്പിക്കുകയാണ്. ആ ഘട്ടത്തില്‍ കേരളത്തിലെ സ്ത്രീകള്‍ നവോത്ഥാനത്തിനൊപ്പമാണെന്ന വിളംബരമെന്ന നിലയിലാണ് യോഗത്തില്‍ വനിതാമതില്‍ എന്ന ആശയം മുന്നോട്ടുവെയ്ക്കപ്പെട്ടത്. ന്യൂനപക്ഷവിഭാഗങ്ങളെയും അതില്‍ പങ്കെടുപ്പിക്കണമെന്ന കാര്യം ഈ ഘട്ടത്തില്‍തന്നെ യോഗത്തില്‍ ഉയര്‍ന്നിരുന്നു. ആരുപറയുന്നു എന്നതല്ല, പറയുന്നത് സ്ത്രീകള്ക്കനുകൂലമാണോ എന്നതാണ് പ്രധാനം.
കഴിഞ്ഞ ബജറ്റിലും ഗവര്‍ണറുടെ പ്രസംഗത്തിലും സ്ത്രീ-പുരുഷ സമത്വം ഉറപ്പുവരുത്തുന്നതിനും സ്ത്രീകളുടെ പദവി ഉയര്‍ത്തുന്നതിനും വേണ്ടിയുള്ള പ്രചാരണപ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് പ്രഖ്യാപിച്ച സര്‍ക്കാരിന് ഇതിനെ പിന്തുണയ്ക്കാന്‍ ഏറെ ആലോചിക്കാനുണ്ടായിരുന്നില്ല.
സമിതിയുടെ വിപുലീകരണം
നവോത്ഥാനമൂല്യ സംരക്ഷണസമിതി ആദ്യയോഗം ചേര്‍ന്ന്, പ്രവര്‍ത്തനങ്ങള്‍ നയിക്കാന്‍ വനിതാ സെക്രട്ടേറിയറ്റ് ഉണ്ടാക്കാന്‍ തീരുമാനിച്ചു. അതിന്റെ നേതൃസ്ഥാനത്തുള്ളവരെ നവോത്ഥാനമൂല്യ സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഈ പ്രവര്‍ത്തനം വിജയിപ്പിക്കുന്നതിനായി ഇടതുപക്ഷ ജനാധിപത്യ മഹിളാമുന്നണി സജീവമായി മുന്നോട്ടുവന്നു. തുടര്‍ന്ന് ഒട്ടേറെ വ്യക്തികളും സംഘടനകളും വനിതാമതിലിന് പിന്തുണയുമായെത്തി. വിവിധ മതവിഭാഗങ്ങളില്‍പ്പെട്ടവരും വിശ്വാസികളല്ലാത്തവരും എല്ലാം പങ്കെടുക്കുന്ന മഹാപ്രസ്ഥാനമായി ഇത് മാറിക്കഴിഞ്ഞു.
നവോത്ഥാനത്തിന്റെ സവിശേഷത
കേരളത്തിലെ എല്ലാ ജനവിഭാഗത്തെയും ഏറിയും കുറഞ്ഞും സ്പര്‍ശിച്ചുപോയ ഒന്നാണ് നവോത്ഥാനം. ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും നിലനിന്നിരുന്ന സ്ത്രീവിരുദ്ധ സമീപനങ്ങള്‍ക്കെതിരേ ഒട്ടേറെ പോരാട്ടങ്ങള്‍ ഇതിന്റെ ഭാഗമായി ഉയര്‍ന്നുവരികയും ചെയ്തു. ചാന്നാര്‍ കലാപവും കല്ലുമാലസമരവും അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക് എന്ന കാഴ്ചപ്പാടും ഇതിന്റെ ഭാഗമായി വളര്‍ന്നുവന്നു. ഘോഷാ ബഹിഷ്കരണം, വിധവാവിവാഹം, ദായക്രമത്തിലെ മാറ്റങ്ങള്‍ക്കായുള്ള ഇടപെടല്‍ എന്നിങ്ങനെ ഇത് വളര്‍ന്നു. ജാതീയമായ അവശതകളെ കേന്ദ്രീകരിച്ച് അടിസ്ഥാന ജനവിഭാഗങ്ങളില്‍നിന്ന് ഉയര്‍ന്നുവന്ന സമരങ്ങള്‍ മറ്റുവിഭാഗങ്ങളിലേക്കും പടര്‍ന്നുകയറുകയായിരുന്നു.
കേരളത്തിലെ നവോത്ഥാനം ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ യൂറോപ്പിലുണ്ടായതുപോലെ സംഭവിച്ചതല്ലെന്ന് വാദിക്കുന്നവരുമുണ്ട്. 19, 20 നൂറ്റാണ്ടുകളായിരുന്നു അതിന്റെ പ്രഭവകേന്ദ്രമെന്നതാണ് വസ്തുത. ശ്രീനാരായണ ഗുരുവിന്റെ രംഗപ്രവേശത്തോടെയാണ് കേരളത്തിലാകമാനമുള്ള മുന്നേറ്റമായി അത് മാറിയത് എന്നതും വസ്തുതയാണ്.
നവോത്ഥാനം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍
ജാതിസമ്പ്രദായത്തിന്റെ പ്രശ്നങ്ങള്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍ പൊതുവേ ഇല്ലാത്തതായിരുന്നു. അതിനാല്‍ വിദ്യാഭ്യാസത്തിനായും ആധുനിക ജീവിതരീതികളെ സ്വാംശീകരിക്കുന്നതിനായുമുള്ള ഇടപെടലായാണ് അത് പൊതുവില്‍ മാറിയത്. മുസ്ലിം വിഭാഗത്തിനിടയില്‍ നവോത്ഥാനനായകരായ മക്തി തങ്ങളെയും വക്കം മൗലവിയെയും പോലുള്ളവര്‍ നടത്തിയ ഇടപെടല്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും.
കേരളീയ നവോത്ഥാന മുന്നേറ്റത്തിന് മിഷനറിമാര്‍ നല്കിയ സംഭാവനകള്‍ ആര്‍ക്കും നിഷേധിക്കാനാവുന്നതല്ല. സഭയ്ക്കകത്ത് എബ്രഹാം മല്പാനെപ്പോലുള്ളവരുടെ പ്രവര്‍ത്തനങ്ങളും എടുത്തുപറയേണ്ടതാണ്. പുതുതായി ക്രിസ്ത്യന്‍ മതത്തിലെത്തിയ വിഭാഗങ്ങളെ മാറ്റിനിര്‍ത്തുന്ന രീതിക്കെതിരേ പൊയ്കയില്‍ കുമാരഗുരുവിനെ പോലുള്ളവര്‍ നടത്തിയ സമരങ്ങള്‍ നവോത്ഥാന ചരിത്രത്തിലെ മറ്റൊരു ഏടാണ്. ഇത്തരം പാരമ്പര്യങ്ങളെല്ലാം ഉള്‍പ്പെടുന്ന നവോത്ഥാനത്തെ സംരക്ഷിക്കാനാണ് ഈ മതില് ഉയരുന്നത്.
സ്ത്രീതുല്യത വര്‍ഗസമരത്തിന്റെ ഭാഗം
കേരളത്തിന്റെ നവോത്ഥാനചരിത്രം പരിശോധിക്കുന്ന ആര്‍ക്കും വ്യക്തമാവുന്ന കാര്യം ഏതെങ്കിലും ഒരു വിഭാഗത്തിന്റെ പ്രശ്നം ആ വിഭാഗം മാത്രമായിരുന്നില്ല ഏറ്റെടുത്തത് എന്നതാണ്. സവര്‍ണജാഥ നയിച്ചുകൊണ്ട് മന്നത്ത് പദ്മനാഭന് വൈക്കം സത്യാഗ്രഹസമരത്തില്‍ ഇടപെട്ടു. ക്ഷേത്രങ്ങളില്‍ അക്കാലത്ത് പ്രവേശനമില്ലാത്ത വിഭാഗങ്ങളില്‍നിന്ന് വന്നവരായിരുന്നില്ല ഗുരുവായൂര്‍ സത്യാഗ്രഹം നയിച്ചത്. വനിതാമതില്‍ എന്നത് എല്ലാ ജനാധിപത്യവാദികളുടെയും പിന്തുണയോടുകൂടി നടത്തുന്ന സ്ത്രീശാക്തീകരണ പരിപാടി കൂടിയാണ്. ഇന്ത്യന്‍ സമൂഹത്തിലെ വര്‍ഗസമരത്തിന്റെ ഭാഗമായാണ് സ്ത്രീകളുടെ അവശതകള്‍ ഉള്‍പ്പെടെയുള്ള സാമൂഹികനീതിയുടെ പ്രശ്നങ്ങളെ കമ്യൂണിസ്റ്റുകാര്‍ കാണുന്നത്. അതുകൊണ്ട് സ്ത്രീകളുടെ അവശതകള്‍ പരിഹരിക്കുന്നതിനുള്ള ഇടപെടല്‍ കമ്യൂണിസ്റ്റുകാരെ സംബന്ധിച്ചിടത്തോളം വര്‍ഗസമരത്തിന്റെ ഭാഗവുമാണ്.
നവോത്ഥാനനായകരും സ്ത്രീപ്രശ്നങ്ങളും
സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള സമരങ്ങളില്‍ നേതൃപരമായ പങ്കുതന്നെ പുരുഷന്മാര് വഹിച്ചിരുന്നു. പുളികുടിക്കും അതുപോലുള്ള സമ്പ്രദായങ്ങള്‍ക്കുമെതിരായി ശ്രീനാരായണഗുരു നിലപാടെടുത്തു. ചട്ടമ്പി സ്വാമികള്‍ സ്ത്രീ-പുരുഷ സമത്വമെന്ന ആശയം പ്രചരിപ്പിച്ചു. കല്ലുമാല സമരത്തിന് നേതൃപരമായ പങ്കുവഹിച്ചത് അയ്യങ്കാളിയായിരുന്നു. വി.ടി. ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തിലാണ് നമ്പൂതിരി സമുദായത്തിന്റെ സ്ത്രീവിമോചനമുന്നേറ്റങ്ങള്‍ പലതും രൂപപ്പെട്ടത്. വക്കം മൗലവിയെപ്പോലുള്ള നേതാക്കളാണ് മുസ്ലിം ജനവിഭാഗത്തിലെ സ്ത്രീവിദ്യാഭ്യാസ കാഴ്ചപ്പാടുകള്‍ മുന്നോട്ടുവെച്ചത്.
കോണ്‍ഗ്രസ് കൈയൊഴിയുന്ന പാരമ്പര്യം
ഒരുവിഭാഗത്തിന്റെ പ്രശ്നം അവര്‍ക്കുമാത്രമേ മനസ്സിലാവുകയുള്ളൂ എന്ന സ്വത്വരാഷ്ട്രീയപരമായ ചിന്താഗതികളില്നിന്നുകൊണ്ടല്ല കേരളത്തിന്റെ സാമൂഹികപുരോഗതി ഉണ്ടായത് എന്നാണ് മേല്‍പ്പറഞ്ഞവയുടെ അര്‍ഥം. മറിച്ച്, ജനാധിപത്യവാദികള്‍ യോജിച്ചുനിന്ന് മുന്നേറിയ മഹാപ്രവാഹമായിരുന്നു നവോത്ഥാനമുന്നേറ്റങ്ങള്‍. ദേശീയപ്രസ്ഥാനവും തുടര്‍ന്ന് തൊഴിലാളി-കര്‍ഷക പ്രസ്ഥാനവും നവോത്ഥാന മുദ്രാവാക്യങ്ങള്‍ ഏറ്റെടുത്ത് രാഷ്ട്രീയ അജന്ഡതന്നെയാക്കി മാറ്റി. നവോത്ഥാനത്തിന്റെ ആശയങ്ങള്‍ മുന്നോട്ടുവെക്കുന്നതില്‍ ആദ്യകാല കോണ്‍ഗ്രസ് നേതാക്കള്‍ ശ്രദ്ധിച്ചിരുന്നു. എന്നാല്‍, അത്തരം പാരമ്പര്യം കോണ്‍ഗ്രസ് കൈയൊഴിയുന്നു എന്നതാണ് ഇപ്പോഴത്തെ പ്രശ്നം.
കൂട്ടായ സമരങ്ങള്‍ മുമ്പും
കമ്യൂണിസ്റ്റ് പാര്‍ട്ടി നേരിട്ടുതന്നെ നവോത്ഥാനസമരങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. നവോത്ഥാന ആശയങ്ങള്‍ മുന്നോട്ടുവെക്കുന്ന സംഘടനകളുമായി കൂടിച്ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുമുണ്ട്. പാലിയം സമരത്തിന് നേതൃത്വംനല്‍കിയ കമ്യൂണിസ്റ്റ് പാര്‍ട്ടി എസ്.എന്‍.ഡി.പി.യും പുലയമഹാസഭയുംപോലുള്ള സംഘടനകളുമായി ചേര്‍ന്നാണ് അത് നടത്തിയത്. കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ വഴികളില്‍ അയിത്തജാതി എന്ന് വിളിക്കപ്പെടുന്നവര്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നടന്നതാണ് കുട്ടംകുളം സമരം. അത് കമ്യൂണിസ്റ്റ് പാര്‍ട്ടിയും എസ്.എന്‍.ഡി.പി.യും കൊച്ചി പുലയമഹാസഭയും ചേര്‍ന്നാണ് നടത്തിയത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടത്തിയ ഇത്തരത്തിലുള്ള സമരങ്ങള്‍ കേരളത്തിലെ ഗ്രാമഗ്രാമാന്തരങ്ങളില്‍ ഉണ്ടായിട്ടുണ്ട്. മലബാറിലെ കുളിസമരങ്ങള്പോലുള്ളവ പ്രസിദ്ധമാണ്.
സ്ത്രീകളുടെ പങ്കാളിത്തം
നവോത്ഥാന മുന്നേറ്റങ്ങളില്‍ സജീവപങ്കാളിത്തം വഹിച്ച സ്ത്രീകളും ഏറെയാണ്. സ്വന്തം മുലയറുത്ത് പ്രതിഷേധിച്ച നങ്ങേലിയുടെ സമരഗാഥയും മറക്കാനാവുന്നതല്ല. ആര്യ പള്ളത്തെയും മാറ്റിനിര്‍ത്താനാവില്ല. വിധവാവിവാഹത്തിന് തയ്യാറായി ഏറെ ത്യാഗം ഏറ്റുവാങ്ങേണ്ടിവന്ന ഉമാദേവി അന്തര്‍ജനം, ഘോഷാബഹിഷ്കരണത്തിന് നേതൃത്വംകൊടുത്ത പാര്‍വതി നെന്മേനിമംഗലം എന്നിവരെ മറക്കാനാവില്ല. ഹലീമാ ബീവിയെയും പി.കെ. സൈദയെയുംപോലുള്ള നവോത്ഥാനനായികമാര് മുസ്ലിംവിഭാഗത്തിലും സജീവമായിരുന്നു.
സ്ത്രീ-പുരുഷ സമത്വമെന്ന കാഴ്ചപ്പാട്
സ്ത്രീകളുടെ പങ്കാളിത്തം പല മേഖലയിലും മുന്നോട്ടുകൊണ്ടുപോവുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അതുണ്ടാകണമെങ്കില്‍ സ്ത്രീ-പുരുഷ സമത്വത്തെ സംബന്ധിച്ച കാഴ്ചപ്പാടുകള്‍ സമൂഹത്തില്‍ വികസിക്കണം. അതിനുവേണ്ടത് പ്രചാരണങ്ങളും കൂട്ടായ്മകളുമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ നടക്കുന്നതിനൊപ്പം സര്‍ക്കാരിന്റെ ഇടപെടലുകളും ഉണ്ടാവണം. ജെന്‍ഡര്‍ ബജറ്റുള്‍പ്പെടെ കൊണ്ടുവരുന്ന സര്‍ക്കാര്‍ നയം ഇതിന്റെ ഭാഗമാണ്. നവോത്ഥാനപാഠങ്ങള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതും ഇതിന്റെ തുടര്‍ച്ചയാണ്.
സ്ത്രീപ്രശ്നങ്ങള്‍ ചര്‍ച്ചയായി
വനിതാമതില്‍ പ്രഖ്യാപിച്ച ദിനംതൊട്ടുതന്നെ അത് കേരളത്തില്‍ സജീവചര്‍ച്ചയായി മാറി. ഇതിനോട് കേരളീയസമൂഹം യോജിപ്പും വിയോജിപ്പും പ്രകടിപ്പിച്ചു. ഇതിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിച്ച് കേരളത്തിന്റെ ഗ്രാമഗ്രാമാന്തരങ്ങളില്‍ സ്ത്രീകള്‍ പ്രചാരണജാഥയും ഗൃഹസന്ദര്ശനപരിപാടികളും ചുവരെഴുത്തുകളും നടത്തി.
കേരളത്തിന്റെ നവോത്ഥാനസമരചരിത്രത്തില് ഇത്രയേറെ സ്ത്രീപങ്കാളിത്തത്തോടുകൂടിയ ഒരു മുന്നേറ്റമുണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. സ്ത്രീപ്രശ്നങ്ങള്‍ ഇത്രയേറെ ചര്‍ച്ചചെയ്ത ഒരു കാലവും കേരളചരിത്രത്തില്‍ ഉണ്ടായിട്ടില്ല.
ഇത് സംരക്ഷണത്തിന്റെ മതില്
മതിലുകള്‍ എന്നത് മനുഷ്യരെ പരസ്പരം അകറ്റുന്നതും ഭിന്നിപ്പിക്കുന്നതുമാണെന്ന് പറയുന്നവരുമുണ്ട്. സംരക്ഷിക്കാനും മതിലുകള്‍ അനിവാര്യമാണെന്ന യാഥാര്‍ഥ്യം ഇത്തരക്കാര്‍ ഓര്‍ക്കുന്നത് നന്ന്. നവോത്ഥാനമൂല്യം സംരക്ഷിക്കാന്‍ സുശക്തമായ കോട്ടകള്‍ ഉയര്‍ത്തേണ്ട ഘട്ടത്തിലാണ് ഇത്തരമൊരു മതില് ഉയരുന്നതെന്നും ഓര്‍ക്കണം.
സ്ത്രീവിമോചനം സമൂഹത്തിന്റെ മോചനം
സ്ത്രീവിമോചനം സമൂഹത്തിന്റെതന്നെ വിമോചനമാണെന്ന കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് കേരളജനത മുന്നോട്ടുവെക്കുന്ന ആശയസമരമായും മാറുകയാണ് വനിതാമതില്‍. ചരിത്രത്തിന്റെ താളുകളില്‍ ഒരിക്കലും മായാത്ത, മറയാത്ത ഒന്നായി വനിതാമതില്‍ പരിലസിക്കും. കേരളീയസമൂഹത്തിന്റെ മുന്നേറ്റമായി വനിതാമതിലും അതിന്റെ ഭാഗമായി നടന്ന ആശയപ്രചരണങ്ങളും മാറും.
മതനിരപേക്ഷത സംരക്ഷിക്കുമെന്ന് പ്രതിജ്ഞ
ചൊവ്വാഴ്ച വനിതാമതിലില്‍ പങ്കെടുക്കുന്നവര്‍ ഏറ്റുചൊല്ലേണ്ട പ്രതിജ്ഞ പുറത്തിറക്കി. മതനിരപേക്ഷത സംരക്ഷിക്കുമെന്ന് പ്രഖ്യാപിക്കുന്നതാണ് പ്രതിജ്ഞ.
Pinarayi Vijayan On women wall, vanithamathil stand of CM