പലവട്ടം ആലോചിച്ചു. പി.സി. ജോര്‍ജിനെ പറ്റി എഴുതണോ? പിന്നെ ഓര്‍ത്തു. അയാള്‍ പൂഞ്ഞാര്‍ എം.എല്‍.എയാണ്.
വിദ്യാര്‍ത്ഥിയായിട്ടുണ്ട് പി.സി. യുവജനവും. കേരള കോണ്‍ഗ്രസ് പടയില്‍ ഓരം പിടിച്ച് നടന്നു. നേരം കാത്തു നിന്നു. റബ്ബറിനേക്കാള്‍ വലിഞ്ഞു. നേതാവായി. എം.എല്‍.എയായി. മാണി സാറിന്റെ അലിവും പുലഭ്യം പാടാനുള്ള നാവും മൂലധനം. 1980 തൊട്ടിങ്ങോട്ട് ആറു തവണ എം.എല്‍.എ.
മാണിക്കും ജോസഫിനും ഒപ്പം മാറി മാറി നിന്നു പി.സി. പി.ജെ. ജോസഫ് വിദ്യാഭ്യാസ മന്ത്രിയായ കാലം. പ്ലസ് ടു കച്ചവടത്തില്‍ പേരു കേള്‍പ്പിച്ചു. മതികെട്ടാന്‍ വന്നു. വി.എസിനൊപ്പം നിന്നു. മാധ്യമശ്രദ്ധ നേടി. പ്ലാത്തോട്ടത്തില്‍ ചാക്കോ ജോര്‍ജ് ചാനല്‍ പുണ്യാളനായി.
പൂഞ്ഞാറ്റിലെ കുമ്മായം തേച്ച മരപ്പണികളുള്ള തറവാട് വീട്ടില്‍ അദ്ദേഹം വെയിലു കായാനിരിക്കും. ഇരട്ടക്കുഴല്‍ തോക്ക് കാട്ടി പറയും. ഇത് കുത്തിപ്പിടിക്കാനുള്ളതല്ല. എളിയിലെ പിസ്റ്റളും കാണിക്കും. പൊട്ടിക്കും എന്ന് പേടിപ്പിക്കും.
നിയമത്തിന്റെ സാങ്കേതികതയാണ് ജോര്‍ജിന്റെ പഴുത്. പിന്നെ എതിരാളിയുടെ ദൗര്‍ബല്യവും. കന്യാസ്ത്രീ ആക്ഷേപത്തില്‍ ഇത് രണ്ടും കാണാം. നിയമപരമായി ജോര്‍ജിനെതിരേ പരാതി കൊടുക്കാന്‍ കന്യാസ്ത്രിക്കേ കഴിയൂ. ഇപ്പോഴത്തെ സാഹചര്യത്തില്‍ അതുണ്ടാവില്ലെന്ന് ബിഷപ്പിന് വരെ അറിയാം. വനിതാ കമ്മീഷന്‍ അധ്യക്ഷയ്ക്ക് തപാലില്‍ മലം അയച്ച നാടാണ്. ഒരാളും പ്രതിയായിട്ടില്ല. ജോര്‍ജുമാരുടെ ഭാഗ്യം.
സിനിമാനടിയുടെ കേസില്‍ വിസര്‍ജ്യം മണക്കുന്ന വാക്കുകള്‍ മലയാളി കേട്ടു. പൂഞ്ഞാര്‍ എം.എല്‍.എ. അത് ആവര്‍ത്തിക്കുകയാണ്. മെത്രാനു വേണ്ടി, ദിലീപിന് വേണ്ടി, പി.കെ. ശശിക്ക് വേണ്ടി. മറുവശത്തുള്ളവരുടെ എളിയില്‍ തോക്കില്ലെന്ന് ജോര്‍ജിനറിയാം.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കൈവിട്ട വൃദ്ധയായ കെ.ആര്‍. ഗൗരിയമ്മ, നിയമസഭ കാന്റീനിലെ പാവം ജീവനക്കാരന്‍, കെ.എസ്.ഇ.ബി. ഓഫീസിലെ പാവം പാറാവുകാരന്‍, ടോള്‍ ഗേറ്റിലെ വായിക്കാനറിയാത്ത ഇതര സംസ്ഥാന തൊഴിലാളി. മസിലു പെരുപ്പിക്കാന്‍ എളുപ്പം.
എന്തെന്നാല്‍ ഇവര്‍ തിരിച്ചുപറയില്ല. അതേ ഭാഷയില്‍ വേലക്കാരിയെ പറ്റി ആക്ഷേപിക്കില്ല, പൂര്‍ത്തിയാക്കാത്ത അളവെടുപ്പിന്റെ കഥ പറയില്ല. വെള്ളാപ്പള്ളിക്കായുള്ള യൂട്യൂബ് തെറികള്‍ ആവര്‍ത്തിക്കില്ല. പെറ്റീഷന്‍ കമ്മറ്റിക്ക് പണം കൊടുത്ത പരാതിക്കാരും വരില്ല. ക്വാറി മാഫിയയുടെ കങ്കാണിപ്പണി മിണ്ടില്ല. എന്തിന്, സര്‍വതെറിയും കേട്ടാലും ആന്റോ ആന്റണി പോലും ചിരിക്കും.
നാറിയും പരനാറിയും തമ്മിലാണ് മത്സരമെന്ന് പൂഞ്ഞാറുകാര്‍ പറഞ്ഞ തിരഞ്ഞെടുപ്പിലാണ് പി.സി. ജയിച്ചത്. സ്വന്തം സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചോദിക്കാന്‍ പോലും ഇവിടെ നേതാക്കള്‍ക്ക് നാക്കുണ്ടായില്ല. പക്ഷേ നമ്മള്‍ പി.സി. ജോര്‍ജിനെ പേടിക്കണം. എന്തെന്നോ? ഇയാളാണ് നിയമം നിര്‍മ്മിക്കുന്നത്. പ്രതിജ്ഞകള്‍ ലംഘിക്കുന്ന സഭാ സാമാജികന്‍. സഭയുടെ അന്തസ്സ് കാക്കാന്‍ സഭാനാഥനും മുഖ്യമന്ത്രിക്കും ഉത്തരവാദിത്തമുണ്ട്. യേശുദാസിനെ ചീത്ത വിളിച്ചപ്പോള്‍ പിണറായി തിരുത്തിയത് നമ്മള്‍ കണ്ടു. ഇപ്പോള്‍ ഉത്തരവാദിത്തം സ്പീക്കര്‍ക്കാണ് .
കാരണം ജനപ്രതിനിധികളുടെ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന നാടാണ് ഇത്. എം.എല്‍.എ. സഭയുടെ അന്തസ് കളഞ്ഞാല്‍ സ്പീക്കര്‍ക്ക് സ്വമേധയാ നടപടിയെടുക്കാം. എത്തിക്‌സ് കമ്മറ്റിക്ക് വിടാം. വിശദീകരണം തേടാം. അതുണ്ടായില്ലെങ്കില്‍ മറ്റ് ഏത് എം.എല്‍.എയ്ക്കും വിഷയം സഭയില്‍ ഉന്നയിക്കാം.
സ്വതന്ത്ര എം.എല്‍.എ. എന്നാണ് ജോര്‍ജിന്റെ അവകാശവാദം. എങ്കില്‍ മറ്റാര്‍ക്കും ഇയാള്‍ പറയുന്നത് ഏറ്റുപിടിക്കേണ്ടതില്ല. മുഹമ്മദ് മുഹ്‌സിന്‍ തൊട്ട് വി.എസ്. അച്യുതാനന്ദന്‍ വരെയുള്ളവര്‍ക്ക് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കാം. ശത്രുക്കളായി അഭിനയിക്കുന്നവര്‍ക്കും ആകാം. കെ.എം. മാണി തൊട്ട് വി.ഡി. സതീശന്‍ വരെയുള്ളവര്‍ക്ക്, ഉമ്മന്‍ ചാണ്ടി തൊട്ട് ഗണേശ് കുമാര്‍ വരെയുള്ളവര്‍ക്ക്. ഒ. രാജഗോപാലിന്. വേണ്ട, സഭയിലെ ഏതെങ്കിലും ഒരു വനിതാ എം.എല്‍.എയ്ക്ക്. അഭിമാനമുള്ള ആരെങ്കിലും ഉണ്ടാവില്ലേ സഭയില്‍, നമുക്കും പ്രാര്‍ത്ഥിക്കാം. തെരുവിലെ കന്യാസ്ത്രീകളെപ്പോലെ.
ഉത്തരവാദിത്തമില്ലാത്ത നേതാക്കളാണ് നാടിന്റെ ശാപം. പി.സിയുടെ കാര്യത്തില്‍ ആര്‍ക്കും കൈ കഴുകാനാവില്ല. വി.എസ്. പക്ഷ പുണ്യാളന്‍ രാവു വെളുത്തപ്പോള്‍ പിണറായിക്കാരനായി. രണ്ടു മുന്നണികളിലും ഗ്രൂപ്പുകളിലും നിന്നു. മാണി- പിള്ള- ജോസഫ് ലയനക്കാലത്ത് അപദാനങ്ങള്‍ പാടി. എപ്പോഴും സഭയുടെ സ്വന്തം. ഈരാറ്റുപേട്ടയിലെ എസ്.ഡി.പി.ഐക്കാരുടേയും. സൂക്ഷിച്ചു നോക്കൂ, കാവിക്കൊടിയും കാണാം.
ജനിതക മാറ്റം വന്ന കീടബാധയാണ് കേരളത്തിന്റെ പുതിയ കെടുതി. നിപായെ പോലെ വേഷം മാറുന്നത്. നിയമസഭയിലെ കീടബാധകള്‍ക്കും മരുന്നു തളിക്കണം. പൂത്തുലയുന്ന വിവരക്കേടുകളില്‍ അല്ലാ നിയമങ്ങള്‍ നിര്‍മ്മിക്കപ്പെടേണ്ടത്. സാങ്കേതികമായി പേരുകള്‍ വിട്ടു കളയുന്നു. എന്തെന്നാല്‍, നാക്കിനറപ്പുണ്ട് പേരു പറയാന്‍.