യുവതക്കൊപ്പം മാറേണ്ടതുണ്ട് രക്ഷിതാക്കളും പി.ടിഎയും


ഡോ: ജയശ്രീ. എ.കെസ്‌കൂള്‍ പിടിഎ അതെ പോലെ പ്രൊഫഷണല്‍ കോളേജിലേക്ക് കൊണ്ടു പോവുകയാണോ വേണ്ടത്? സ്‌കൂള്‍ കുട്ടികള്‍ക്ക് പല കാര്യങ്ങളിലും മേല്‍ നോട്ടവും നിയന്ത്രണവുമെല്ലാം ആവശ്യമായി വരും. അവരുടെ ജീവിതത്തിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കാന്‍ അവരെ പ്രാപ്തരാക്കുകയാണ് വേണ്ടത്. അങ്ങനെയാകുമ്പോള്‍ യുവാക്കളായി വളരുന്ന സമയത്ത് അവരെ ബഹുമാനത്തോടെ കാണാനും വിശ്വസിക്കാനും നമുക്ക് കഴിയും.

മാർ ഇവാനിയോസ് കോളേജിലെ വിദ്യാർഥികൾ. ഫയൽ ചിത്രം | Mathrubhumi

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ അവര്‍ക്കേര്‍പ്പെടുത്തിയിട്ടുള്ള നൈറ്റ് കര്‍ഫ്യൂവിനെതിരെ നടത്തിയ സമരവും അതെ തുടര്‍ന്ന് അവര്‍ നല്‍കിയ കേസ് പരിഗണിക്കവെ, ജഡ്ജ് നല്‍കിയ പരാമര്‍ശങ്ങളും സ്ത്രീകള്‍ക്ക് മേലുള്ള സുരക്ഷയെ പറ്റി സമൂഹത്തില്‍ വീണ്ടും ഒരു ചര്‍ച്ചക്ക് വഴി തെളിച്ചിരിക്കുകയാണ്. ഹോസ്റ്റലില്‍ താമസിക്കുന്നവര്‍ മുതിര്‍ന്ന പൗരരാണെന്നും സുരക്ഷയുടെ പേരില്‍ അവരെ പൂട്ടിയിടുന്നത് പരിഷ്‌കൃതസമൂഹത്തിന് ചേരുന്നതല്ലെന്നും നിരീക്ഷണമുണ്ടായി.

ലിംഗവിവേചനം ഭരണഘടനാവിരുദ്ധമാണെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ . ഒരേ കോളേജില്‍ ഒരേ കോഴ്സിന് പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍, പെണ്ണുങ്ങള്‍ക്ക് മാത്രം രാത്രി സഞ്ചാര വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതിനെയാണ് വിദ്യാര്‍ത്ഥിനികള്‍ ചോദ്യം ചെയ്തത്. ഇതേ തുടര്‍ന്ന് മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഈ വിഷയത്തെ കുറിച്ച് ചിന്തിക്കുകയും തീരുമാനമെടുക്കുകയും ചെയ്യണമെന്ന അവസ്ഥ വന്നു. പി.ടി.എകളുമായി വിഷയം ചര്‍ച്ച ചെയ്തു. പി.ടി.എ എന്നാല്‍ കേരളത്തിന് സുപരിചിതമായ, അദ്ധ്യാപകരും രക്ഷാകര്‍ത്താക്കളും അടങ്ങുന്ന അദ്ധ്യാപക രക്ഷാകർതൃ സംഘടന. തീര്‍ച്ചയായും തങ്ങളുടെ മക്കള്‍ പഠിക്കുന്ന സ്ഥാപനങ്ങളുടെ വളര്‍ച്ചയും വികസനവും നടത്തിപ്പും അച്ചടക്കവുമെല്ലാം വിലയിരുത്താനും അഭിപ്രായങ്ങള്‍ പറയാനുമുള്ള അവസരം അവര്‍ക്ക് നല്‍കേണ്ടതാണ്. അതോടൊപ്പം നമ്മളുടെ മക്കള്‍ മുതിര്‍ന്നു എന്ന ബോധവും ഈ സംഘടനകള്‍ക്കുണ്ടാകണം.

മക്കള്‍ സ്‌കൂളിലായിരുന്നപ്പോള്‍ അവര്‍ക്ക് വേണ്ടി സംസാരിച്ചിരുന്നത് അച്ഛനമ്മമാരായിരുന്നു. മക്കള്‍ കുട്ടികളായിരുന്നുവല്ലോ. എന്നാല്‍, ഈ സ്‌കൂള്‍ പിടിഎ അതെ പോലെ പ്രൊഫഷണല്‍ കോളേജിലേക്ക് കൊണ്ടു പോവുകയാണോ വേണ്ടത്? സ്‌കൂള്‍ കുട്ടികള്‍ക്ക് പല കാര്യങ്ങളിലും മേല്‍ നോട്ടവും നിയന്ത്രണവുമെല്ലാം ആവശ്യമായി വരും. എന്നാല്‍, അതെ കാലഘട്ടത്തില്‍ തന്നെ അവരെ മുതിര്‍ന്ന ഉത്തരവാദിത്വമുള്ള പൗരരായി വാര്‍ത്തെടുക്കുകയാണ് വിദ്യാഭാസത്തിന്റെ ഉള്ളടക്കം. അതിന്റെ ഉത്തരവാദിത്വം അദ്ധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കുമാണ്. അവരുടെ ജീവിതത്തിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കാന്‍ അവരെ പ്രാപ്തരാക്കുകയാണ് വേണ്ടത്. അങ്ങനെയാകുമ്പോള്‍ യുവാക്കളായി വളരുന്ന സമയത്ത് അവരെ ബഹുമാനത്തോടെ കാണാനും വിശ്വസിക്കാനും നമുക്ക് കഴിയും.

കാർട്ടൂൺ: കെ.വി.എം ഉണ്ണി

സുരക്ഷക്കാവശ്യമായ കാര്യങ്ങള്‍ അവരുടെ ആവശ്യമനുസരിച്ച് പിന്തുണക്കുകയാണ് ആ സമയത്ത് പി.ടി.എ പോലെയുള്ള സംഘടനകള്‍ക്ക് ചെയ്തു കൊടുക്കാവുന്ന കാര്യം. വിദ്യാര്‍ത്ഥികളെ പുറത്ത് നിര്‍ത്തി കൊണ്ട് അവരുടെ ആവശ്യങ്ങളേയും ക്ഷേമത്തേയും കുറിച്ച് തീരുമാനങ്ങളെടുക്കുന്നത് കൊണ്ട് കാര്യമുണ്ടാവില്ല. യുവാക്കളുടെ ആവശ്യങ്ങള്‍ കൗമാരക്കാരുടേതില്‍ നിന്ന് വ്യത്യസ്തമായിരിക്കുമെന്ന് മനസ്സിലാക്കേണ്ടതുണ്ട്. അവര്‍ക്ക് വേണ്ട സ്വകാര്യതയും അതെ സമയം പിന്തുണയും നല്‍കണം. വിദ്യാര്‍ത്ഥി പ്രതിനിധികള്‍ ഈ സംഘടനകളുടെ ഭാഗമാകണം. എങ്കിലേ അവര്‍ക്ക് ഉപകാരപ്രദമായ നടപടികള്‍ കൈക്കൊള്ളാന്‍ കഴിയൂ. അങ്ങനെയാകുമ്പോള്‍ പൂട്ടിയിടല്‍, സുരക്ഷയുടെ ഭാഗമായി കൊണ്ട് വരാനുള്ള തരം ആലോചനകളുണ്ടാവില്ല. കോളേജ് തലത്തിലെത്തുമ്പോള്‍, പി.ടി.എ സ്‌കൂളില്‍ നിന്ന് വ്യത്യസ്തമായി വിദ്യാര്‍ത്ഥികളുമായി കൂട്ടുത്തരവാദിത്വമുള്ള സഘടനയായി മാറണം .

യുവതികള്‍ തുല്യനീതിക്കുള്ള അവകാശത്തെ കുറിച്ച് ബോധവതികളായി കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ രക്ഷിതാക്കളുടെ ഉത്കണ്ഠയെ കുറിച്ച് ഉത്ക്കണ്ഠപ്പെട്ടു കൊണ്ടിരിക്കുകയാണ് യാഥാസ്ഥിതികര്‍. ഒറ്റ നോട്ടത്തില്‍ ഇത് ശരിയാണെന്ന് തോന്നും. പെണ്‍ മക്കളെ ദൂരെ പഠിക്കാനയക്കുമ്പോള്‍ രക്ഷിതാക്കള്‍ക്ക് ഉത്കണ്ഠയുണ്ടാവില്ലേ എന്നാണ് ഒരു വശത്ത് ഉയരുന്ന വാദം. തീര്‍ച്ചയായും ഉണ്ടാവും. പക്ഷെ, നിയമങ്ങളുണ്ടാവേണ്ടത് ഈ പരിഭ്രാന്തിയുടെ അടിസ്ഥാനത്തിലല്ല, മനുഷ്യരുടെ അവകാശങ്ങളെ മാനിച്ച് കൊണ്ടാണ്. ഈ ഉത്കണ്ഠയുടെ വസ്തുതകള്‍ പരിശോധിച്ചാല്‍, അത് വളരെ സെലക്ടീവ് ആണെന്ന് കാണാന്‍ പറ്റും. ഇതേ ആള്‍ക്കാരുടെ വീട്ടില്‍ നിന്ന് തന്നെ ചില മക്കള്‍ മറ്റു സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും പഠിക്കുന്നുണ്ടാവും. അവിടെയൊന്നും, ഇവിടുത്തെ മാതിരി ഒരു നിയന്ത്രണവും സാദ്ധ്യമല്ലല്ലോ. അത് കൊണ്ട് ആരും പഠിക്കാന്‍ വിടാതിരിക്കുന്നുമില്ല. നമ്മുടെ നാട്ടില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള വിവേചനം ചോദ്യം ചെയ്യാതെ തുടര്‍ന്നു പോകുന്നുണ്ട് എന്നതു കൊണ്ടു മാത്രമുണ്ടാകുന്ന ഉത്കണ്ഠയാണ് കാണുന്നത്. അതിന് പലപ്പോഴും കിട്ടുന്ന മറുപടി അവിടങ്ങളില്‍ ഇവിടുത്തെ പോലെ അക്രമങ്ങളില്ല എന്നതാണ്. എന്നാല്‍, ഇതേ ആളുകള്‍ തന്നെ അവിടുത്തെ സംസ്‌കാരശൂന്യതയെ കുറിച്ചും ഇവിടുത്തെ സംസ്‌കാര പാരമ്പര്യത്തെ കുറിച്ചും വാചാലരാകുകയും ചെയ്യും. എന്തൊരു വിരോധാഭാസമാണിത് ! വിവാഹബന്ധങ്ങള്‍ക്കകത്ത് അക്രമങ്ങള്‍ നടക്കുമ്പോഴും സ്ത്രീകള്‍ക്ക് സുരക്ഷ നല്‍കാനുള്ള നീക്കങ്ങള്‍ സ്വന്തം രക്ഷിതാക്കളില്‍ നിന്നുണ്ടായി കാണുന്നില്ല. ആത്മഹത്യകളും കൊലപാതകങ്ങളുമൊക്കെ ഇതാണ് സൂചിപ്പിക്കുന്നത്. പലപ്പോഴും കുടുംബത്തിന്റെ പേരിലുള്ള ദുരഭിമാനമാണ് ഈ അമിതസുരക്ഷയുടെയും സ്നേഹത്തിന്റെയും പേരില്‍ പ്രകടമാക്കുന്നത്. കുട്ടികളില്‍ ജെന്റര്‍ ഐഡന്റിറ്റി വ്യത്യാസപ്പെട്ടു കാണുകയാണെങ്കില്‍ പലപ്പോഴും രക്ഷിതാക്കള്‍ അവരെ കയ്യൊഴിയുന്നതാണ് കാണുന്നത്. 'കുടുംബത്തിന്റെ മാനം' തകരുന്നതായ എന്തു സംഭവിച്ചാലും രക്ഷിതാവിന്റെ സ്നേഹം എന്ന കല്‍പ്പിത ലോകം ഉടഞ്ഞു പോവുകയും ക്രൂരമായ പെരുമാറ്റം ഇതേ ആളുകളില്‍ നിന്നുണ്ടാവുകയും ചെയ്യുന്നത് കാണാം. ഈ സാഹചര്യത്തില്‍ മുതിര്‍ന്നവരായ യുവാക്കളുടെ മേലുള്ള രക്ഷാകര്‍തൃത്വം എന്ന മിത്ത് ഉടച്ചു കളയേണ്ടതുണ്ട്. ആ സ്ഥാനത്ത് പരസ്പരബഹുമാനവും വിശ്വാസവുമാണ് വളര്‍ത്തേണ്ടത്. ഇപ്പോഴുണ്ടായ ചര്‍ച്ചകള്‍ ഈ ദിശയിലേക്ക് നീങ്ങുകയാണെങ്കില്‍ നന്നായിരിക്കും.

സ്നേഹത്തിന്റെ പേരിലാണ് സ്ത്രീകളെ മിക്കവാറും ഭൗതികമായും ബൗദ്ധികവുമായും തളച്ചിടുന്നത്. സ്ത്രീകള്‍ ഇന്നത് തിരിച്ചറിയുന്നു.യുവാക്കള്‍ മാറുന്നതിനനുസരിച്ച് രക്ഷിതാക്കളും മാറേണ്ടിയിരിക്കുന്നു. ബഹുമാനത്തിലും വിശ്വാസത്തിലും കൂടി വളരുന്നതാണ് സ്നേഹം. ഉച്ച നീചത്വമുള്ള ഏതു തരം ബന്ധങ്ങളും ഉടച്ച് വാര്‍ക്കേണ്ടതാണ്. അതിനായി ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്. വിദ്യാര്‍ത്ഥി പ്രതിനിധികളും കൂടി ചേര്‍ന്ന് ഒരു മേശക്ക് ചുറ്റുമിരുന്നാണ് കോളേജിലെ പിടിഎകള്‍ സംസാരിക്കേണ്ടത്.

Content Highlights: Parent's attitude perspective


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


Mentalist Aadhi
Premium

15:03

അതീന്ദ്രിയ ശക്തികളോ മനസ്സ് വായിക്കാനോ ഉള്ള കഴിവോ മെന്റലിസത്തിന് ഇല്ല

Jan 25, 2023


john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023

Most Commented