Representative image
‘‘ചെക്കന്മാരെല്ലാം കണക്കാ... 14, 15 വയസ്സിൽ തുടങ്ങും. കള്ളുകുടിച്ച് അടിപിടിയും ചീട്ടുകളിയും അടുത്തുള്ള തോട്ടത്തിൽ കയറി കളവും. ഇന്നലെയുംകൂടി പോലീസ് വന്നതേയുള്ളൂ... ഇപ്പം പെണ്ണുങ്ങളും തുടങ്ങിയിട്ടുണ്ട്.’’ -കോക്കുഴി ചാമുണ്ടി കോളനിയിലുള്ളവർക്ക് രോഷം അടക്കാനാവുന്നില്ല. പരാതികളത്രയും സ്വന്തം ഊരിലെ ചെറുപ്പക്കാരെക്കുറിച്ചാണ്. കുടിച്ചുകുടിച്ച് നശിക്കുകയാണ് എല്ലാം, പത്രക്കാരോട് പറഞ്ഞതിനായിരിക്കും ഇന്നത്തെ വഴക്ക്. പേരെഴുതല്ലേ എന്നഭ്യർഥിച്ച് ഓരോരുത്തരും പിൻവാങ്ങി. പണിയക്കോളനിയിൽ മദ്യപരുടെ വൈകീട്ടുള്ള വഴക്ക് ‘ഐഡന്റിറ്റി’ ആയാണ് പൊതുസമൂഹം കാണുന്നത്.
കൗമാരം കടക്കുംമുമ്പേ തുടങ്ങുന്ന മദ്യപാനവും പുകയില ചവയ്ക്കലും യൗവനത്തോടെ അവരെ കീഴടക്കുകയാണ്.
മുറുക്കുന്നതിനിടെ മുതിർന്നവർ കുഞ്ഞുങ്ങളുടെ വായിൽ പുകയിലനീരും മദ്യപിക്കുന്നതിനിടെ മദ്യത്തുള്ളികളും ഇറ്റിച്ചുനൽകുന്നത് ഊരുകളിലെ ശീലമാണ്. ഇതുവഴി കൗമാരം കടക്കുന്നതോടെ കുട്ടികളിൽ ലഹരി ആഭിമുഖ്യം വർധിക്കുന്നു. ഉള്ളതെല്ലാം ഊരിലൊന്നാകെ പ്രായവ്യത്യാസമോ ലിംഗഭേദമോ ഇല്ലാതെ പങ്കുവെക്കുന്നതാണ് ഇവരുടെ ശീലം. ലഹരിഅടിമത്വം ഇല്ലാത്ത മാതാപിതാക്കളുടെ കുട്ടികൾപോലും ഊരിലെ മറ്റുള്ളവരിൽനിന്ന് ഇതെല്ലാം പഠിക്കും. കൗമാരത്തിലെത്തുന്നതോടെ മദ്യപിക്കാനുള്ള പണത്തിന് കൂലിപ്പണിക്ക് പോകാൻ നിർബന്ധിതരാകും. പഠനം നിർത്തി ചെറുപ്രായത്തിലേ കൂലിപ്പണിക്കും പിന്നാലെ കുടുംബജീവിതത്തിലേക്കും മിക്കവരും കടക്കും. പോക്സോ വിവാഹങ്ങൾ ഉൾപ്പെടെ പണിയരുടെ സാമൂഹികജീവിതം അട്ടിമറിച്ച ഓരോ പ്രതിസന്ധികളും സൂക്ഷ്മമായി നിരീക്ഷിച്ചാൽ മദ്യപാനം ഒരു ഘടകമാണ്. ഊരുകളിലെ കുറ്റകൃത്യങ്ങളിലും മദ്യം വില്ലനാണ്.
തൊഴിലിടത്തുനിന്ന് കിട്ടിയശീലം
നെല്ല് പാൽക്കതിർ പാകത്തിലാകുമ്പോൾ അരിഞ്ഞെടുത്ത് വാറ്റി റാക്കുണ്ടാക്കി ഓരോ ഊരിലും സൂക്ഷിക്കും. ചെമ്മിക്കായിരിക്കും ചുമതല. ഊരിലെ കൂളികാവിൽ കയറ്റം നടക്കുന്ന ദിവസം മാത്രം ചെമ്മി പ്രാർഥിച്ച് നിവേദ്യംപോലെ മുതിർന്നവർക്ക് ഇത്തിരി കൊടുക്കും -ഏച്ചോത്തെ വിനു കിടച്ചുലൻ പണിയരുടെ മദ്യപാനശീലത്തിന്റെ നാൾവഴി തുടങ്ങിയത് ഇങ്ങനെയാണ്. അതിപ്പോൾ മാറിമറിഞ്ഞ് നാല്പത് പിന്നിട്ട ആണുങ്ങൾതന്നെ ഊരുകളിലില്ലാത്ത അവസ്ഥയിലെത്തിയെന്ന് വിനു പരിതപിച്ചു.
ഏച്ചോത്തുനിന്ന് വളരെ അകലെയുള്ള പൂതാടി അതിരാറ്റുപ്പാടിയിലെ കുട്ടനും ഇക്കാര്യംതന്നെ പറഞ്ഞു. വിശേഷദിവസങ്ങളാണെങ്കിൽ ജന്മിമാർ സ്ഥിരം പണിക്കാരായ പണിയർക്ക് ചെറിയ അളവിൽ മദ്യം നൽകും. പാടങ്ങളിൽ കൊയ്ത്തും മെതിയും പോലെ നല്ല പണിയുള്ള ദിവസങ്ങളിലും സന്തോഷമെന്നോണം മദ്യം തരും.അത് പഴയകാലം. വയനാടൻ കൃഷിയുടെ രീതി മാറിയതോടെയാണ് മദ്യം പണിയന് ഒഴിച്ചുകൂടാതായത്. നെൽവയലുകളിൽ വാഴയും മറ്റു കാർഷികവിളകളും ഇടംപിടിച്ചതോടെ ദീർഘസമയം ഒത്തൊരുമയോടെ അധ്വാനിക്കാൻ കൂടുതൽ പണിക്കാരെ ആവശ്യമായിവന്നു. ജന്മിമാർക്ക് പകരമെത്തിയ തോട്ടമുടമകൾ ആദ്യമാദ്യം മദ്യം പണിക്കാരെ കിട്ടാനുള്ള മാർഗമായി ഉപയോഗിച്ചു. ‘‘പിന്നെ ഒന്നുമില്ലേ എന്ന ചോദ്യം ചോദിച്ചേ ഇപ്പോ പണിയർ പണിക്കിറങ്ങൂ’’വെന്ന് കുട്ടൻ. കൃഷിയിടത്തിൽ തൊഴിൽ തുടങ്ങുംമുമ്പ് ഉശിരിനായി ഒരു പെഗ്, ഭക്ഷണംപോലും വേണ്ടാതെ പണിയർ പണിയെടുത്തോളും. പണികഴിഞ്ഞിറങ്ങുമ്പോൾ കൂലിയിൽനിന്ന് മദ്യത്തിന്റെ കാശ് കുറയ്ക്കും. റേഷനരി കിട്ടുന്നതുകൊണ്ട്, വീട്ടിലേക്കും പൈസ വേണ്ട, നേരെ കള്ളുകുടിക്കാൻ പോകും -കുട്ടൻ സ്വയം പരിഹസിക്കാനും തുടങ്ങി. കുടകിലും കർണാടകത്തിന്റെ മറ്റുഭാഗങ്ങളിലേക്കും തൊഴിൽതേടിപ്പോകാനും പണിയർക്കുള്ള പ്രധാന പ്രചോദനം വിലക്കുറവിൽ ലഭിച്ച മദ്യമായിരുന്നു.
പണിയിടങ്ങളിൽനിന്ന് തുടങ്ങിയ മദ്യപാനശീലം ഊരിലുമെത്തിയതോടെ സ്ഥിതി കൈവിട്ടുപോയി. തൊഴിലിനുപോലും പോകാതെ മദ്യത്തിലും പുകയിലയിലും അടിമപ്പെട്ട് ഊരുകളിൽത്തന്നെ തങ്ങി, ആണുങ്ങളിൽ പലരും. സ്ത്രീകൾ തൊഴിലുറപ്പിനുപോയി വീടുനോക്കുന്ന രീതിയിലേക്ക് ഊരുകൾ മാറി. മദ്യപാനശീലം സ്ത്രീകളിലും പതിവാകുകയാണ്. ഗർഭിണികളിൽവരെ ഈ ശീലമുണ്ട്.
ലഹരിവിമുക്തകേന്ദ്രങ്ങളിൽ പണിയരില്ല
ലഹരിഅടിമത്തം പണിയ, കാട്ടുനായ്ക്ക, അടിയ വിഭാഗങ്ങളിൽ പ്രകടമാണ്. എന്നാൽ, സർക്കാരിന്റെയോ സ്വകാര്യ ആശുപത്രികളുടെയോ ലഹരിവിമുക്ത ചികിത്സാകേന്ദ്രങ്ങളിൽ പണിയരെ കാണില്ല. എസ്.ടി. പ്രൊമോട്ടറോ, ആശാവർക്കറോ, പഞ്ചായത്തംഗമോ ആവശ്യപ്പെട്ടാൽ ആശുപത്രിയിലെത്താൻ പണിയർക്ക് മടിയില്ല. കല്പറ്റ കൈനാട്ടി ജനറൽ ആശുപത്രിയിൽ മാനസികാരോഗ്യ ഒ.പി. വിഭാഗത്തിൽ ലഹരി അടിമത്തത്തിൽനിന്ന് മോചനംതേടി ചികിത്സനേടുന്നവരിൽ വലിയൊരു വിഭാഗം പണിയരാണ്. പ്രതിവർഷം നാനൂറോളംപേർ ഒ.പി.യിൽ എത്താറുണ്ടെന്ന് ഡോക്ടർ പറഞ്ഞു. എന്നാൽ, തുടർചികിത്സയ്ക്ക് താത്പര്യമില്ല. ലഹരിവിമുക്ത ചികിത്സയ്ക്കും എത്താറില്ല. പുകയില ഉപയോഗംകൊണ്ടുള്ള രോഗങ്ങളിലും ഇതുതന്നെയാണ് അവസ്ഥ. ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് പ്രൊഫസർ ഡോ. ഷാനവാസ് പള്ളിയാൽ പണിയർക്കിടയിലെ പുകയില ഉപഭോഗശീലത്തെക്കുറിച്ചു നടത്തിയ പഠനത്തിൽ, പഠനവിധേയമാക്കിയവരിൽ 32.5 ശതമാനം പേരും പുകയില സ്ഥിരമായി ഉപയോഗിക്കുന്നവരാണെന്ന് കണ്ടെത്തിയിരുന്നു. അർബുദമായിമാറാൻ സാധ്യതയുള്ള രണ്ടു മോണരോഗങ്ങൾ ഓറൽ ലുക്കോപ്ലാക്കിയ 12.9 ശതമാനം പേരിലും ഓറൽ സബ്മ്യുകസ് ഫൈബ്രോസിസ് 13.2 ശതമാനം പേരിലും കണ്ടെത്തി. പുകയില ചവയ്ക്കൽ ശീലം ഇവരുടെ ആരോഗ്യത്തെ പാടെ തകർക്കുന്നു.
ഊരുകളിലെ ലഹരിബോധവത്കരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അധികൃതർക്ക് അറിയാതെയല്ല. തദ്ദേശസ്ഥാപനങ്ങളിൽ മരണം രജിസ്റ്റർ ചെയ്യുമ്പോൾ പൂരിപ്പിച്ചു നൽകുന്ന അപേക്ഷയിലൂടെ മാത്രം കണ്ണോടിച്ചാൽ മതി. പണിയവിഭാഗത്തിൽ മരിച്ചവരിൽ ഭൂരിഭാഗവും 20 വർഷത്തിന് മുകളിൽ പുകയില ചവയ്ക്കൽ, മദ്യപാനശീലം എന്നിവയുണ്ടായിരുന്നവരാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ടാകും. എന്നാൽ, ഇവിടങ്ങളിൽ നടക്കുന്ന ബോധവത്കരണങ്ങളെല്ലാം, പണിയഭാഷയിലെ നാടകം, ഹ്രസ്വചിത്രം, ഫുട്ബോൾ... എന്നിങ്ങനെ തങ്ങളുടെ കലാകായികാഭിരുചിക്കനുസരിച്ചുള്ള ഉദ്യോഗസ്ഥരുടെ പരീക്ഷണങ്ങളിൽ ഒതുങ്ങും. നാടകവും പാട്ടും കൊള്ളാം, രസിക്കും. ആശയം അവരിലെത്തും. എന്നാൽ, ലഹരിവിമുക്ത ചികിത്സയ്ക്കും അസുഖങ്ങൾ ആദ്യഘട്ടത്തിൽ കണ്ടെത്താനും ചികിത്സിക്കാനും ഇടപെടാൻ ഇനിയെങ്കിലും അധികൃതർ ശ്രമിക്കണം. അല്ലെങ്കിൽ ലഹരിച്ചുഴിയിൽ ഈ കുലം ഒന്നാകെ മുടിയും.
(തുടരും)
Content Highlights: Paniyar Tribe Series
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..