കാപ്പിച്ചെടികളില്‍ തൂങ്ങിമരിക്കുകയായിരുന്നു ഓരോരുത്തരും; അഭയമറ്റ് മരണക്കുരുക്കില്‍ പണിയർ| PART 2


നീനു മോഹൻPremium

വര : ദ്വിജിത്ത്

എന്തിന് ആത്മഹത്യചെയ്യുന്നു എന്ന ചോദ്യത്തിന് അവശ്വസനീയമാംവിധം നിസ്സാരകാരണങ്ങളാണ് പണിയ ആത്മഹത്യകളില്‍ നാം കേള്‍ക്കുന്നത്. ഒരു ഊരില്‍ത്തന്നെ ഒന്നിലധികം ആത്മഹത്യകള്‍. എല്ലാം ചെറുപ്പക്കാരായ പുരുഷന്മാര്‍. മാനസികാരോഗ്യത്തകര്‍ച്ചയുടെ പ്രകടഫലമാണ് ഈ ആത്മഹത്യകള്‍. അധികൃതരുടെ കണ്ണടയ്ക്കലുകള്‍ക്കുമുമ്പില്‍ കാപ്പിച്ചെടിയില്‍ തൂങ്ങുകയാണ് പണിയയൗവനം

ഴാം ക്ലാസുകാരനായിരുന്നു ശ്രീനന്ദു, പഠിക്കാനും വരയ്ക്കാനും മിടുക്കന്‍, യു.എസ്.എസ്. പരീക്ഷയ്ക്ക് പഠിപ്പിക്കാനുള്ള ഒരുക്കത്തിലായിരുന്നു ഊരിലെ മെന്റര്‍ ടീച്ചര്‍. സഹോദരനുമായി ഒരു മിഠായിയെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ ശ്രീനന്ദു ആത്മഹത്യചെയ്തു. മേപ്പാടി കല്ലുമല റാട്ടക്കൊല്ലി കോളനിക്കാര്‍ക്ക് ഈ മരണവും ആഘാതമായിരുന്നില്ല. 2018 മുതല്‍ കോളനിയില്‍നടന്ന ഏഴ് ആത്മഹത്യകളില്‍ ഒന്നായി അവര്‍ ഈ കുട്ടിയെയും കൂട്ടി. വീട്ടില്‍നിന്ന് അത്യാവശ്യം സാധനം വാങ്ങാനെന്നു പറഞ്ഞിറങ്ങിയ അനീഷ് (17), വിനീഷ് ബാലന്‍ (21), ചന്ദ്രന്‍ (22)... 40 കുടുംബങ്ങള്‍ മാത്രം താമസിക്കുന്നിടത്തായിരുന്നു ഈ മരണങ്ങള്‍. കാപ്പിച്ചെടികളില്‍ തൂങ്ങിമരിക്കുകയായിരുന്നു ഓരോരുത്തരും.

വെങ്ങപ്പള്ളി മൂവ്വട്ടി കോളനിയിലെ അനീഷും (28) ഒരു രാത്രി ചെറിയ വഴക്കിനെത്തുടര്‍ന്ന് വീട്ടില്‍നിന്നിറങ്ങിയതാണ്. നേരം പുലരുമ്പോള്‍ വീട്ടില്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു ഭാര്യ അപര്‍ണ (23). അതുണ്ടായില്ല, കാപ്പിക്കൊമ്പില്‍ അനീഷും തൂങ്ങിമരിച്ചു. ഒന്നരവയസ്സുള്ള മോളെയുംകൊണ്ട് സ്വന്തം ഊരിലേക്ക് മടങ്ങിയിരുന്നു അപര്‍ണ. ''അവിടെ നില്‍ക്കാനാവില്ല, മരിച്ചയാളുണ്ട്, പ്രാര്‍ഥന നടത്തണം'' -അപര്‍ണ പറഞ്ഞു. ഓരോ കോളനിയിലുമുണ്ട് ഇതുപോലെ പ്രായമെത്താതെ മരണപ്പെട്ടവരുടെ കഥകള്‍.

2022 മേയ്മുതല്‍ ഒക്ടോബര്‍വരെയുള്ള കാലത്ത് വയനാട്ടില്‍ മരിച്ച പണിയരില്‍ അമ്പതുവയസ്സില്‍ താഴെയുള്ളവര്‍ 93 പേരാണ്. ഇതില്‍ 56 മുതിര്‍ന്നവരുടെ മരണകാരണമാണ് ഔദ്യോഗികമായി മാതൃഭൂമിക്ക് തദ്ദേശസ്ഥാപനങ്ങളില്‍നിന്ന് ലഭിച്ചത്. അതില്‍ 20 പേരുടെ ഔദ്യോഗിക മരണകാരണം ആത്മഹത്യയാണ്. ഈ കാലയളവില്‍നടന്ന മുങ്ങിമരണങ്ങളും ആത്മഹത്യശ്രമങ്ങള്‍ക്കൊടുക്കം ചികിത്സയിലിരുന്ന് മരണപ്പെട്ടതും കണക്കിലെടുക്കാതെയാണിത്. ഇതുപ്രകാരമാണെങ്കില്‍ 35.7 ശതമാനമാണ് ആത്മഹത്യനിരക്ക്. ദേശീയശരാശരിയായ 11.3 ശതമാനവുമായി തട്ടിച്ചുനോക്കുമ്പോള്‍ അപകടകരമാണ് ഈ കണക്ക്. കേരളമാണ് രാജ്യത്തുതന്നെ ആത്മഹത്യനിരക്ക് ഏറ്റവുമധികമുള്ള സംസ്ഥാനം. 27.2 ശതമാനമാണ് കേരളശരാശരി. ഇതിലുമധികമാണ് ഒരുലക്ഷത്തോളം മാത്രം ജനസംഖ്യയുള്ള പണിയരുടെ ആത്മഹത്യത്തോതെന്നത് പ്രതിസന്ധിയുടെ ആഴം വര്‍ധിപ്പിക്കുന്നു. ഇരുപതുകളിലും മുപ്പതുകളിലും പ്രായമുള്ള പുരുഷന്മാരാണ് ആത്മഹത്യ ചെയ്തവരെല്ലാം. അതും ആത്മഹത്യയ്ക്കുവേണ്ടിപ്പോലുമുള്ള തയ്യാറെടുപ്പുകളില്ലാതെ കാപ്പിക്കൊമ്പില്‍ ഉടുമുണ്ടിലോ തോര്‍ത്തിലോ കുരുക്കിടുകയായിരുന്നു ഭൂരിഭാഗവും. ടി.വി.യില്‍ ചാനല്‍ മാറ്റുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കംമുതല്‍ നിസ്സാരകാരണങ്ങളാണ് ഓരോ മരണത്തിനും പിന്നില്‍. സാമൂഹികവും ചരിത്രപരവുമായ കാരണങ്ങളാല്‍വരുന്ന വിഷാദരോഗത്തിനും ഉന്മാദരോഗത്തിനുമൊപ്പം മദ്യപാനം സഹായ ഏജന്റാകുമ്പോള്‍ തീര്‍ത്ത കുരുക്കിലാണ് ഓരോരുത്തരും ജീവനൊടുക്കിയതെന്ന് മാനസികാരോഗ്യവിദഗ്ധര്‍ പറയുന്നു.

ഓരോ ദുര്‍മരണവും അവസാനിക്കാത്ത സാമൂഹികബാധ്യതകള്‍ കൂടിയാണ് പണിയന്. ഊരില്‍ കുടിലിലെ തിണയില്‍ പരേതനെ കുടിയിരുത്തി, ജന്മാന്തരബന്ധം സൂക്ഷിക്കുന്നവരാണ് പണിയര്‍. എന്നാല്‍, ദുര്‍മരണം നടന്നവരുടെ ആത്മാവ് അമ്മൈ മുത്തിയും അപ്പൈ മുത്തിയും ഇരിക്കുന്ന ഈ തിണയില്‍ ഇരിക്കാനാവാതെ ബന്ധുക്കളെ ഭയപ്പെടുത്തുമെന്നവര്‍ വിശ്വസിക്കുന്നു. ഏഴാംപുലച്ചടങ്ങിന് 'നിയലു പിടിച്ച്' ആവാഹിച്ച് കുടിയിരുത്താനാവാത്ത ദുര്‍മരണപ്പെട്ട ആത്മാവിനെ പേടിച്ച് ആ വീടുതന്നെ വിട്ടിറങ്ങുകയാണ് പണിയരുടെ പതിവ്. ഓരോ കോളനിയിലും കാണാം അസ്വഭാവികമരണങ്ങളുടെ പേരില്‍ ഉപേക്ഷിച്ച ഇത്തരം വീടുകള്‍.

വ്യക്തികളുടെ മാനസികാരോഗ്യത്തില്‍ സമൂഹവും സംസ്‌കാരവും ആചാരവും എല്ലാം ഇടപെടും. സാമൂഹികമാറ്റങ്ങളും അസമത്വങ്ങളും തങ്ങള്‍ ചൂഷണം ചെയ്യപ്പെടുകയാണെന്ന തിരിച്ചറിവും ഇവരെ മാനസികമായും തകര്‍ക്കുകയാണ്. ഈ മാനസികസമ്മര്‍ദങ്ങള്‍ ഉന്മാദവിഷാദരോഗവും ചിത്തഭ്രമവും വിഷാദരോഗവുമൊക്കെ പുറത്തുവരുന്നതിന് കാരണമായി. പോഷകാഹാരക്കുറവും വിളര്‍ച്ചയും (അനീമിയ) മാനസികാരോഗ്യത്തെയും പ്രതികൂലമായി ബാധിക്കും. മദ്യം സഹായ ഏജന്റാകുന്നതോടെ മാനസികാരോഗ്യം പാടേ തകരുകയാണ്. ആത്മഹത്യനിരക്ക് ഉയരുന്നതുള്‍പ്പെടെ ഇതുമായി ചേര്‍ത്തുവായിക്കണം,-കല്പറ്റ കൈനാട്ടി ആശുപത്രിയിലെ സൈക്യാട്രിസ്റ്റ് ഡോ.ജോസ്റ്റിന്‍ ഫ്രാന്‍സിസ് പറയുന്നു.
കോക്കുഴി മൂപ്പന്‍കോളനിയില്‍ അസ്വാഭാവിക മരണത്തെത്തുടര്‍ന്ന് താമസക്കാര്‍ ഉപേക്ഷിച്ച വീട്

# കുഞ്ഞുമരണങ്ങള്‍ക്കുമില്ല കാരണങ്ങള്‍

ഓഫീസില്‍ നില്‍ക്കുമ്പോഴാണ് ട്രൈബല്‍ പ്രൊമോട്ടര്‍ ദീപയ്ക്ക് ഫോണ്‍കോള്‍ വരുന്നത്. പ്രസവിച്ച് ഒരാഴ്ചമാത്രം പ്രായമുള്ള കുഞ്ഞ് കഴിഞ്ഞ രാത്രിമുതല്‍ നിര്‍ത്താതെ കരയുന്നു. ഓടിയിറങ്ങി കോളനിയിലെത്തുമ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. കഴിഞ്ഞ ആറുമാസത്തിനിടയില്‍ മാത്രം മരിച്ചത് പണിയവിഭാഗത്തില്‍പ്പെട്ട ആറു കുട്ടികളാണ്. ഏഴു വയസ്സുള്ള ഒരു കുട്ടിയൊഴികെ എല്ലാം ഒരു വയസ്സില്‍ താഴെ പ്രായമുള്ള കുഞ്ഞുങ്ങള്‍. ഓരോ ഊരിലുമുണ്ട് ശിശുമരണങ്ങള്‍. ജനിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ മരിച്ചു, കുട്ടി നിര്‍ത്താതെ കരഞ്ഞിരുന്നു, വയറുവേദനയാണെന്നു തോന്നുന്നു... അന്വേഷിക്കുമ്പോള്‍ ഊരുകളുമായി നിരന്തരം ഇടപെടുന്ന ജനപ്രതിനിധികള്‍ക്കും ട്രൈബല്‍ പ്രൊമോട്ടര്‍മാര്‍ക്കുംവരെ പറയാന്‍ ഇതേ കാരണങ്ങളുള്ളൂ. ഊരിലുള്ളവരാകട്ടെ നിശ്ശബ്ദരായിരിക്കും.

Also Read
Premium

അറിയപ്പെടാത്തൊരു വംശഹത്യ | പണിയ ജീവിതത്തെ ...

പൊതുസമൂഹത്തിലെ ശിശുമരണങ്ങളുമായി താരതമ്യപ്പെടുത്തണം ഇവ, ഗുരുതരമായ രോഗമോ, ജനനവൈകല്യമോ ഇല്ലാതെ ശിശുമരണങ്ങള്‍ നമ്മുടെ അറിവിലുണ്ടോ. ഹൃദ്രോഗമെന്നോ, ഗുരുതരമായ മറ്റു രോഗങ്ങളെന്നോ കൃത്യമായ വിശദീകരണമുണ്ട് പൊതുസമൂഹത്തിലെ ഒരോ ശിശുമരണത്തിലും. തൊണ്ടയില്‍ പാല്‍കുരുങ്ങി നവജാതശിശു മരിക്കുന്നതും വലിയ വാര്‍ത്തയാകുന്ന, ജാഗ്രതയാകുന്ന നാട്ടിലാണ് കൃത്യമായ കാരണം ചൂണ്ടിക്കാണിക്കാതെ ആദിവാസിക്കുഞ്ഞുങ്ങള്‍ മരിക്കുന്നത്. അട്ടപ്പാടിയില്‍ കാണിക്കുന്ന ജാഗ്രതപോലും വയനാട്ടിലെ ശിശുമരണങ്ങളിലില്ല. ചെറിയ ഒരു പ്രദേശത്ത് ആവര്‍ത്തിക്കുന്ന ശിശുമരണങ്ങള്‍ ചര്‍ച്ചയാവുന്നതാണ് അട്ടപ്പാടിക്ക് തുണയാവുന്നത്. വയനാട്ടില്‍ എല്ലായിടത്തുമായി ഊരുകള്‍ ചിതറിക്കിടക്കുന്നതിനാല്‍ പല തദ്ദേശസ്ഥാപനങ്ങള്‍ക്ക് കീഴിലാവുന്നു ഈ മരണങ്ങള്‍. പട്ടികവര്‍ഗക്കാര്‍ എന്ന പൊതുമാനദണ്ഡത്തില്‍ ആരോഗ്യസൂചികകളില്‍ കണക്കെടുക്കുമ്പോള്‍ പണിയരുടെയും അടിയരുടെയും കാട്ടുനായ്ക്കരുടെയും പിന്നാക്കാവസ്ഥ മറയ്ക്കപ്പെടുകയും ചെയ്യുന്നു.

(തുടരും)

Content Highlights: Paniya tribe series part 2, mathrubhumi, social


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

വഴിയിൽ വീണ ആണവ വസ്തു എവിടെ? ഓസ്ട്രേലിയയിൽ അതിജാ​ഗ്രത 

Jan 31, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023

Most Commented