ചരിത്രപരമായി വ്യത്യസ്തവും പ്രത്യേകവുമായ സന്ദര്‍ഭങ്ങളിലെ രാഷ്ട്രീയത്തിന്റെ പ്രശ്‌നങ്ങളില്‍ അനുവദിക്കാന്‍ വയ്യാത്തതും വഞ്ചനാപരവുമായ ഒത്തുതീര്‍പ്പുകളുടെ വിപ്ലവ വര്‍ഗത്തിന് വിനാശകരമായ അവസരവാദത്തെ മൂര്‍ത്തീകരിക്കുന്ന ഒത്തുതീര്‍പ്പുകളുടെ- മുഖ്യമാതൃകയെ വേര്‍തിരിക്കാനും വിശദമാക്കാനും നേരിടാനും കഴിയുക എന്നത് കമ്മ്യൂണിസ്റ്റുകളെ സംബന്ധിച്ചേടത്തോളം പരമപ്രധാനമാണ്. 
(നേതാക്കള്‍, പാര്‍ട്ടി, വര്‍ഗം, ബഹുജനങ്ങള്‍ എന്ന രാഷ്ട്രീയ രേഖ)
വ്‌ലാദിമിര്‍ ഇല്ലിച്ച് ലെനിന്‍ 

മ്മ്യൂണിസ്റ്റ് നേതാക്കള്‍ പല കാലത്തും ചരിത്രത്തിലേക്ക് ചുവടുവയ്ക്കുന്നത് ചില ഭാഷാപ്രയോഗങ്ങള്‍ കൊണ്ടാണ്. നികൃഷ്ടജീവിയും പരനാറിയും പിതൃശൂന്യരും ഒക്കെ അടങ്ങുന്ന പട്ടികയിലേക്ക് എത്തുകയാണ് പി.കെ. ശശി കമ്മ്യൂണിസ്റ്റ് ആരോഗ്യത്തിലൂടെ.

സ്ത്രീപീഡനക്കേസില്‍ ആരോപിതനാണ് പി.കെ. ശശി. അദ്ദേഹമാണ് കമ്മ്യൂണിസ്റ്റ് ആരോഗ്യവും കമ്മ്യൂണിസ്റ്റ് ആര്‍ജവവും തനിക്കുണ്ട് എന്ന് ആവര്‍ത്തിക്കുന്നത്. ജീവന്‍ ടോണ്‍ തൊട്ട് ച്യവനപ്രാശം വരേയും കരാട്ടെ തൊട്ട് കളരി വരേയുമുള്ളവര്‍ അവകാശപ്പെടാത്തത്ര ബലിഷ്ടമാവുന്നു എം.എല്‍.എയുടെ കമ്മ്യൂണിസ്റ്റ് ആരോഗ്യം. അതറിഞ്ഞിട്ടാവണം പരാതി പുറത്തു പറയാന്‍ ബൃന്ദ കാരാട്ട് വരെ പെണ്‍കുട്ടിയെ വെല്ലുവിളിക്കുന്നത്.

ഞങ്ങള്‍ പാലക്കാട്ടുകാര്‍ക്ക് മാത്രം മനസ്സിലാവുന്ന ചിലതുണ്ട്. അത് ഷൊര്‍ണൂരില്‍ പി.കെ. ശശി സ്ഥാനാര്‍ത്ഥിയായതുമായി  ബന്ധപ്പെട്ടാണ്. ഒറ്റപ്പാലത്ത് സ്ഥാനാര്‍ത്ഥിയാവാന്‍  ഒരു പഴയ ഏരിയ സെക്രട്ടറിയും ചെര്‍പ്ലശ്ശേരിക്കാരനായ മറ്റൊരു സഖാവും കലശലായി മോഹിച്ചു. പാലക്കാട്ടെ രീതി വച്ച് ഏറ്റവും സമ്പന്നമായ ഒറ്റപ്പാലം എ.സി. കഴിഞ്ഞാല്‍ പിന്നെ സമ്പന്നം ശശി സഖാവിന്റെ മണ്ണാര്‍ക്കാട് എ.സിയാണ്.

ഉണ്ണിയെ ഒറ്റപ്പാലത്തേക്ക് തട്ടിയപ്പോള്‍ ശശി ഷൊര്‍ണൂരിലെത്തി. കളിച്ചത് മണ്ണാര്‍ക്കാട്ടുനിന്ന് വന്ന ശശി തന്നെയെന്ന പ്രതിഷേധം ഉള്ളിലൊതുക്കി എല്ലാവരും. മുഖ്യമന്ത്രിയുമായുള്ള ബന്ധം ഷൊര്‍ണൂര്‍ എം.എല്‍.എയെ സര്‍വാദരണീയനാക്കി. പിച്ചും നുള്ളും കൊഞ്ചലുമൊക്കെയായി കാലം പോയി. അതിനിടെയാണ് പുതിയ പരാതിയുടെ വരവ്. എല്‍.സിയുടെ അനുനയം ചീറ്റിയപ്പോള്‍ ഒരു എം.പിയുടെ ബന്ധുവും  പെണ്‍കുട്ടിയും തമ്മില്‍ വഴിവിട്ട ബന്ധമുണ്ടെന്ന് ആരോപണം വന്നു. ഇതോടെ എം.പിയും എം.എല്‍.എയ്ക്ക് എതിരായി.

അങ്ങനെയാണ് ടൈമിംഗ് തെറ്റാതെ പരാതി ഇന്ദ്രപ്രസ്ഥം വഴി വീണ്ടും വാളയാര്‍ ചുരം കടന്നെത്തിയത്. സഖാവിന്റെ കമ്മ്യൂണിസ്റ്റ് ആരോഗ്യം കരിമ്പനകളെ വെല്ലുവിളിക്കുന്നത്. ഇവിടെയാണ് സഖാവ് ലെനിന്റെ പ്രസക്തി. ഇ.എം.എസ്. വിവര്‍ത്തനം ചെയ്ത ഭരണകൂടം, വിപ്ലവം, അതിവിപ്ലവം എന്ന പഴയൊരു പുസ്തകത്തില്‍നിന്നാണ് ആദ്യ ഉദ്ധരണി . അവസരവാദത്തോട് വിട്ടുവീഴ്ച പാടില്ലെന്നാണ് ആചാര്യമതം. 

കമലദളം  എന്ന സിനിമയില്‍ നെടുമുടി വേണു അവതരിപ്പിക്കുന്ന കലാമണ്ഡലം സെക്രട്ടറി ടീച്ചറോട് പറയുന്നു: ടീച്ചറായാല്‍ പ്രായം കൊണ്ടും യോജിക്കും. നന്ദഗോപനെതിരേ (മോഹന്‍ലാല്‍ കഥാപാത്രം) നമുക്കൊരു പീഡനമുണ്ടാക്കാം.
സന്ദേശത്തിലെ ശങ്കരാടിയും ഇതേ ശൈലിയില്‍ പറയുന്നുണ്ട്: എതിരാളികളുടെ കൂട്ടത്തില്‍ നല്ല കുറേ ചെറുപ്പക്കാരുണ്ട്. അവരെ വല്ല മോഷണക്കേസിലോ സ്ത്രീ വിഷയത്തിലോ പെടുത്തി നാണം കെടുത്തണം.
 
വനിതകളെ സംഘടനയിലേക്ക് കൊണ്ടുവരണമെന്ന് പൊളിറ്റ്ബ്യൂറോയും പാര്‍ട്ടി കോണ്‍ഗ്രസും ആവര്‍ത്തിക്കുന്നുണ്ട്. അപ്പോഴും സി.പി.എം. അടിസ്ഥാനപരമായി കേരളത്തില്‍ നിലനില്‍ക്കുന്ന മധ്യവര്‍ഗ പുരുഷകേന്ദ്രിത കാഴ്ചപ്പാടുകളുടെ കൂടാരം തന്നെയാണ്. പാര്‍ട്ടിയിലേക്ക് വരണമെന്ന് സ്ത്രീകള്‍ക്ക് തോന്നിപ്പിക്കുന്ന എന്ത് പ്രതികരണമാണ് സംഘടന നടത്തുന്നത് എന്നു പരിശോധിച്ചാല്‍ ഇത് വ്യക്തമാകും.

ബിസിനസ്സിന് ഇറങ്ങിയ ഒരു സ്ത്രീയെ അധികാരം ഉപയോഗിച്ച് പ്രലോഭിപ്പിച്ചതും അവരെ ലൈംഗികമായി ഉപയോഗിച്ചതുമായിരുന്നു സോളാര്‍ കേസ്. പാവപ്പെട്ട പെണ്‍കുട്ടികളെ വല വീശിപ്പിടിച്ച് കച്ചവടം ചെയ്യാന്‍  അധികാരകേന്ദ്രങ്ങള്‍ നേരിട്ട് ഗൂഢാലോചന നടത്തിയതായിരുന്നു ഐസ്‌ക്രീം കേസ്. പുറത്തു പറയാന്‍ വിലക്കുകളുള്ള കന്യാസ്ത്രീയെ അധികാരം പ്രയോഗിച്ച്  ഉപയോഗിച്ചതായിരുന്നു ജലന്ധര്‍ ബിഷപ്പിന്റെ കേസ്.

മുന്‍ കേസുകളില്‍ ഉറച്ച നിലപാടുണ്ട് സി.പി.എമ്മിന്. വിട്ടുവീഴ്ചയോ വഞ്ചനാപരമായ ഒത്തുതീര്‍പ്പോ ഇല്ല. പക്ഷേ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫീസില്‍വച്ച് ഒരു പാവം പെണ്‍കുട്ടിയെ ഫ്യൂഡല്‍ കാഴ്ചപ്പാടോടെ കയറിപ്പിടിച്ചാല്‍ പാര്‍ട്ടിക്ക് മിണ്ടാട്ടം മുട്ടും. അത് പറയുന്നവരോടാവും രോഷം. 

നേതാവിന് എതിരായ ആരോപണം പാര്‍ട്ടിക്കെതിരാണ് എന്ന് വ്യാഖ്യാനിച്ചാണ് ആക്രമണത്തിന് കുന്തമൊരുക്കുന്നത്. പിണറായി വിജയന്‍ ഇത് പറയുമ്പോഴും പി.കെ. ശശി പറയുമ്പോഴും വലിയ വ്യത്യാസമുണ്ട്. ഏറ്റവും പ്രധാനം സ്ത്രീകളോട് എങ്ങനെ പെരുമാറണം എന്ന കാര്യത്തിലാണ്. അടുക്കളയിലും അരങ്ങിലും രണ്ടാം തരമായി കാണുന്നിടത്താണ് കമ്മ്യൂണിസത്തിന്റെ തോല്‍വി. ''വരൂ ദുര്‍ബലകളേ, ഞങ്ങള്‍ കുറച്ച് അവകാശങ്ങള്‍  വാങ്ങിത്തരാം'' എന്ന കാഴ്ചപ്പാട് കാലഹരണപ്പെട്ടു കഴിഞ്ഞു. പഴയ ആയുധങ്ങള്‍ക്ക് മൂര്‍ച്ച പോയിക്കഴിഞ്ഞു.

അവിഹിത ബന്ധം ആരോപിച്ച് പണ്ട് പാര്‍ട്ടി നടപടി എടുത്ത ഒരു നേതാവുണ്ട്. കേന്ദ്ര കമ്മറ്റിയില്‍നിന്നും സംസ്ഥാന കമ്മിറ്റിയില്‍നിന്നും പുറത്താക്കിയ ഡബ്ലിയു.ആര്‍. വരദരാജന്‍. ബന്ധുക്കളുടെ പരാതിയാണ് പാര്‍ട്ടി വിഭാഗീയതയിലേക്ക് വലിച്ചെത്തിച്ച് നടപടിയിലും അവസാനം അദ്ദേഹത്തിന്റെ ആത്മഹത്യയിലും കലാശിച്ചത്. പി.കെ. ശശി ആത്മഹത്യ ചെയ്യണമെന്ന് ആരും പറയില്ല. പക്ഷേ അദ്ദേഹം അനവസരത്തില്‍ കമ്മ്യൂണിസ്റ്റ് ആരോഗ്യം പ്രകടിപ്പിക്കരുത്.  

പാര്‍ട്ടി ജില്ലാ സെക്രട്ടറി സഖാവ് രാജേന്ദ്രന്‍ കള്ളം പറയുന്നതാണ് അതിലേറെ കമ്മ്യൂണിസ്റ്റ് വിരുദ്ധം. പരാതി കിട്ടിയിട്ടേ ഇല്ലെന്ന് ആദ്യം പറഞ്ഞ നേതാവ് പിന്നീട് മൊഴിമാറ്റുന്നു. പരാതിയില്‍ ലൈംഗികപീഡനം ഉണ്ടോ എന്നറിയില്ല. പുതിയ കാലമാണ് സഖാവേ. നിങ്ങള്‍ മാത്രമല്ല നിങ്ങളുടെ ശത്രു ഡോണ്‍ള്‍ഡ് ട്രംപും സാങ്കേതികതകളെ നേരിടാന്‍ പാടുപെടുകയാണ്. 

പരാതിക്കാരി നിയമപരമായി മുന്നോട്ട് പോയാല്‍ പിന്തുണ നല്‍കുമെന്ന് ബൃന്ദ കാരാട്ട് പറയുന്നതാണ് അതിലേറെ വിചിത്രം. ജനകീയ ജനാധിപത്യ വിപ്ലവത്തിന് നിങ്ങള്‍ക്ക് തോളോടൊപ്പം അണിചേരുന്ന സഖാവിനോടാണ് കോമ്രേഡ് അര്‍ബന്‍ എലീറ്റുകളുടെ ഭാഷയില്‍ സംസാരിക്കുന്നത്. പരാതിപ്പെടാന്‍ ത്രാണിയില്ലെന്ന തിരിച്ചറിവ് ആയുധമോ ആവലാതിയോ എന്നറിയാന്‍ വിമാനം കയറി വരേണ്ടതില്ല.

ഒളി കാമറകളിലും തെളികാമറകളിലും ഒക്കെയായി ഇത്രകാലമായിട്ടും വിരലില്‍ എണ്ണാവുന്ന പെണ്‍കുട്ടികള്‍ മാത്രമേ പരാതിപ്പെടാന്‍ തയ്യാറായിട്ടുള്ളൂ. പുരുഷകേന്ദ്രിതമായ സംവിധാനത്തില്‍ പരാതിക്കാരിയുടെ നിലയെന്ത് എന്ന്  മറ്റാരേക്കാളും അവര്‍ക്കറിയാം. നുണ പറഞ്ഞ് പാര്‍ട്ടിയെ തകര്‍ക്കുന്ന ഒരുമ്പെട്ടോള്‍മാരല്ല സഖാക്കളേ നമ്മുടെ വനിതാ ബ്രിഗേഡ്.

പാലക്കാട്ടെ പാടത്ത് വിതയ്ക്കുന്നത് അന്തകവിത്തുകളാവരുത്. ഉറവ വറ്റാതെ നദിയൊഴുകണമെങ്കില്‍ വേണ്ടത് ആരോഗ്യമല്ല, ആര്‍ജവം മാത്രമാണ്. അവിടെ കോണ്‍ഗ്രസ് ആര്‍ജവമോ കമ്മ്യൂണിസ്റ്റ് ആര്‍ജവമോ ഇല്ല. ഉണ്ടാകേണ്ടത് വകതിരിവ് മാത്രമാണ്.