തിങ്ങി നിറഞ്ഞ ക്ലാസ്മുറികൾ, റിസൾട്ട് വിചാരണ, കുട്ടികൾ മാത്രമല്ല അധ്യാപകരും പ്രശ്നത്തിലാണ്


കെ.വി. കലSERIES

പ്രതീകാത്മക ചിത്രം| Getty

പുറത്തുനിന്ന് കാണുംപോലെയല്ല സ്‌കൂളുകള്‍ക്കകത്തെ കാര്യങ്ങള്‍. നമ്മുടെ കുട്ടികളും അധ്യാപകരും പലതരം പ്രശ്നങ്ങളാല്‍ സംഘര്‍ഷത്തിലാണ്, അസംതൃപ്തരാണ്. കൂടുന്ന വിജയശതമാനം ചൂണ്ടിക്കാട്ടി കാര്യങ്ങളെല്ലാം ഭംഗിയായി നടക്കുന്നു എന്നു വിശ്വസിച്ച് മുന്നോട്ടുപോവുന്നത് കണ്ണടച്ച് ഇരുട്ടാക്കലാവും. തിരുത്താനും പരിഹരിക്കാനും ഒട്ടേറെ വിഷയങ്ങളുണ്ടെന്നാണ് അധ്യാപകര്‍ പറയുന്നത്. സര്‍ക്കാരിന്റെ, പൊതുസമൂഹത്തിന്റെ, രക്ഷിതാക്കളുടെ ഇടപെടല്‍ അതിനാവശ്യമാണ്. ആ പിന്തുണയിലൂടെ അധ്യാപകരുടെ മുഴുവന്‍ സമയവും അക്കാദമിക് രംഗത്തേക്കു തിരികെ കൊണ്ടുവരണം

എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് തൊട്ടുമുമ്പാണ് എയ്ഡഡ് സ്‌കൂള്‍ അധ്യാപിക കടുത്തതലവേദനയും ശാരീരികാസ്വാസ്ഥ്യങ്ങളും കാരണം ആശുപത്രിയിലെത്തിയത്. അവധിയെടുത്ത് വിശ്രമിക്കാന്‍ ഡോക്ടര്‍ പറഞ്ഞെങ്കിലും പരീക്ഷ അടുത്തിരിക്കുകയാണ്, അതൊന്നും പറ്റില്ല എന്നായിരുന്നു അവരുടെ മറുപടി. ഫലപ്രഖ്യാപനത്തിന് തൊട്ടുമുമ്പും ഇതേ പ്രശ്‌നവുമായി അധ്യാപിക ആശുപത്രിയിലെത്തി. ഡോക്ടര്‍ ആവര്‍ത്തിച്ചുചോദിച്ചപ്പോള്‍ മടിച്ചുമടിച്ച് ദിവസങ്ങളായി തന്നെ അലട്ടുന്ന വിഷയം അവര്‍ തുറന്നുപറഞ്ഞു. സ്‌കൂളില്‍ ഇത്തവണ 50 ഫുള്‍ എ പ്ലസ് എങ്കിലുമാക്കണമെന്നാണ് മാനേജ്മെന്റ് നിശ്ചയിച്ച ടാര്‍ഗറ്റ്, നൂറുശതമാനം വിജയവും. കണക്കാണ് അധ്യാപികയുടെ വിഷയം. എ പ്ലസ് സാധ്യതയുള്ളവര്‍ക്കൊക്കെ പ്രത്യേകം പരിശീലനവും നോട്ടുകളും ഓണ്‍ലൈന്‍ ക്ലാസ് ലിങ്കുകളുമെല്ലാം നല്‍കിയിട്ടുണ്ട്. എങ്കിലും ആധി കുറയുന്നില്ല. നൂറുശതമാനം വിജയം എന്ന ലക്ഷ്യം പൊളിയാനും കണക്കുതന്നെയാവും കാരണം. ഫലപ്രഖ്യാപനദിവസം പൂര്‍ണമായും കിടപ്പിലായ അധ്യാപിക സ്‌കൂളില്‍ ഫുള്‍ എ പ്ലസ് ഉണ്ടെന്ന സഹപ്രവര്‍ത്തകയുടെ ഫോണ്‍കോളിലാണ് തലയുയര്‍ത്തിയത്.'റിസല്‍ട്ട് വിചാരണ'

പരീക്ഷാഫലം വന്നശേഷം നടത്തുന്ന എ പ്ലസ് കണക്കെടുപ്പും പരിശോധനയും ചില സ്റ്റാഫ്മുറികളില്‍ പരസ്യവിചാരണയിലേക്കുവരെ പോവുന്നുണ്ട്. കണ്ണൂര്‍ ജില്ലയിലെ പ്രശസ്തമായ സര്‍ക്കാര്‍ സ്‌കൂളില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ പ്ലസ്ടു എ പ്ലസ് കുറഞ്ഞപ്പോള്‍ അധ്യാപകരുടെ വാട്സാപ്പ് ഗ്രൂപ്പില്‍ സ്‌കൂളിലെ മുതിര്‍ന്ന അധ്യാപകനിട്ട സന്ദേശം സഹാധ്യാപകരെ അങ്ങേയറ്റം അപമാനിക്കുന്നതായിരുന്നു. 'എ പ്ലസുകളുടെ എണ്ണം കുറച്ച് സ്‌കൂളിന്റെ അഭിമാനം ഇകഴ്ത്തിയ എല്ലാ ***കള്‍ക്കും അഭിനന്ദനം എന്നായിരുന്നു' സന്ദേശം.

പരീക്ഷക്കാലത്തെ മാനസികസംഘര്‍ഷങ്ങള്‍ കുട്ടികളുടെ മാത്രം പ്രശ്‌നമല്ലാതായിമാറുകയാണ്. സ്‌കൂളുകള്‍ തമ്മിലുള്ള മത്സരം കനക്കുമ്പോള്‍, എ പ്ലസുകളുടെ എണ്ണം പ്രവേശനമാനദണ്ഡമാവുമ്പോള്‍, സര്‍ക്കാരിന്റെ പ്രവര്‍ത്തനവിലയിരുത്തല്‍ പോലുമാവുമ്പോള്‍ സംഘര്‍ഷത്തിലാവുന്നത് അധ്യാപകരാണ്.

Also Read
Series

മക്കളെ അധ്യാപകർ ശാസിക്കുന്നത് പോലും ഇഷ്ടപ്പെടാത്ത ...

SERIES

സ്‌കൂൾ ഉച്ചഭക്ഷണമെന്നാൽ കടവും കടക്കാരും ...

SERIES

അടിച്ചുവാരണം, നാപ്കിൻ കത്തിക്കണം, ക്ലർക്കും ...

പത്ത്, പ്ലസ്ടു ക്ലാസുകളുടെ ചുമതലയുള്ള ഗര്‍ഭിണികളായ അധ്യാപികമാര്‍ക്ക് രാവിലെയും വൈകീട്ടുമായുള്ള അധികക്ലാസുകള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായി അധ്യാപികമാര്‍ പറയുന്നു. പരീക്ഷാസമ്മര്‍ദങ്ങള്‍ക്കുപുറമേ സ്പെഷ്യല്‍ ക്ലാസുകള്‍ക്കായി രാവിലെ നേരത്തേയെത്തി വൈകുന്നേരം വൈകി മടങ്ങുമ്പോള്‍ മതിയായ വിശ്രമംപോലും ലഭിക്കുന്നില്ല. താഴ്ന്നക്ലാസുകളിലെ കുട്ടികള്‍ക്കും ഇതില്‍നിന്ന് മോചനമില്ല. എല്‍.എസ്.എസ്., യു.എസ്.എസ്. പരീക്ഷകളില്‍ രാവിലെയും വൈകുന്നേരവും രാത്രിയും വരെ അധികസമയം പരിശീലനം നല്‍കിയാണ് അധ്യാപകര്‍ ചെറിയ കുട്ടികളെ ഒരുക്കുന്നത്. ഇക്കഴിഞ്ഞ അവധിക്കാലത്ത് മിക്ക എല്‍.പി., യു.പി. സ്‌കൂളുകളിലും മുഴുവന്‍സമയ ക്ലാസ് നടന്നിട്ടുണ്ട്.

തിങ്ങിനിറഞ്ഞ ക്ലാസ്മുറികള്‍

പൊതുവിദ്യാലയങ്ങളുടെ ഭൗതികസൗകര്യങ്ങള്‍ ഏറെ മെച്ചപ്പെട്ടെങ്കിലും മലപ്പുറമുള്‍പ്പെടെയുള്ള പല വടക്കന്‍ ജില്ലകളിലെയും സര്‍ക്കാര്‍ സ്‌കൂളുകളില്‍ കുട്ടികള്‍ക്കാനുപാതികമായി ക്ലാസ്മുറികളായിട്ടില്ല. കുത്തിനിറച്ചാണ് ഇവിടങ്ങളില്‍ കുട്ടികളെ ഇരുത്താറുള്ളത്. അധ്യാപകതസ്തിക നഷ്ടപ്പെടുമ്പോള്‍ ക്ലാസുകള്‍ കൂട്ടിച്ചേര്‍ക്കേണ്ടിവരുമ്പോഴും ഇതേ അവസ്ഥയാണ്. ഓരോ കുട്ടിയെയും മുന്നില്‍ക്കണ്ടുകൊണ്ടുള്ളതും ശിശുകേന്ദ്രീകൃതവുമായ പഠനരീതി ഇത്തരമൊരു ക്ലാസില്‍ എങ്ങനെ പ്രായോഗികമാവുമെന്നാണ് അധ്യാപകര്‍ ചോദിക്കുന്നത്. പ്രവര്‍ത്തനാധിഷ്ഠിതമാണ് അധ്യയനം എന്നു പറയുമ്പോഴും 35 മിനിറ്റുള്ള പിരീഡിനുള്ളില്‍ ഒന്നും ചെയ്യാനാവാതെ നിസ്സഹായാവസ്ഥയിലാണ് ഈ സ്‌കൂളുകളിലെ അധ്യാപകര്‍.

വടക്കന്‍ ജില്ലകളിലെ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും സ്ഥിതി സമാനമാണ്. സീറ്റുകളുടെ എണ്ണം ഓരോ വര്‍ഷവും നിശ്ചിതശതമാനം കൂട്ടിക്കൂട്ടി ഇപ്പോള്‍ ക്ലാസില്‍ 65 കുട്ടികള്‍ വരെയായി. ഒരധ്യാപകന് 50 കുട്ടികള്‍ എന്ന അനുപാതമാണ് 65-ലെത്തിയിരിക്കുന്നത്. ലക്ചര്‍ മാതൃകയില്‍ ക്ലാസെടുത്തുപോവുക എന്നതിനപ്പുറമൊന്നും ചെയ്യാന്‍ കഴിയുന്നില്ലെന്നാണ് അധ്യാപകരുടെ പരാതി. ക്ലാസ്മുറികളുടെ അസൗകര്യവും പ്രശ്‌നമാണ്. ലാബ് സൗകര്യങ്ങള്‍ കൂട്ടാത്തതിനാല്‍ പ്രാക്ടിക്കല്‍ ക്ലാസുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ചെയ്യേണ്ടിവരും. അധികബാച്ചും തസ്തികയും അനുവദിക്കുന്നതിനുപകരം സീറ്റുകൂട്ടുകയെന്ന എളുപ്പവഴി കുട്ടികളുടെ പഠനനിലവാരത്തിനുപോലും തിരിച്ചടിയാവും.

മൂല്യനിര്‍ണയമെന്ന വാള്‍

തങ്ങളെ വിശ്വാസത്തിലെടുക്കാത്ത അധികൃതരുടെ സമീപനം മൂല്യനിര്‍ണയം ഭാരിച്ച ഉത്തരവാദിത്വമാക്കിമാറ്റുന്നതായി അധ്യാപകര്‍ പറയുന്നു. ഹയര്‍സെക്കന്‍ഡറി മൂല്യനിര്‍ണയ ക്യാമ്പുകളില്‍ നിരന്തരം കയറിയിറങ്ങുന്ന പ്രിന്‍സിപ്പല്‍മാരുടെ സ്‌ക്വാഡുകള്‍ അധ്യാപകരുടെ ആത്മവിശ്വാസത്തെ തകര്‍ക്കുന്നരീതിയിലാണ് പലപ്പോഴും പെരുമാറുന്നത്. ഭാഷ, മാനവിക വിഷയങ്ങളുടെ മൂല്യനിര്‍ണയത്തില്‍ വ്യക്തിനിഷ്ഠത പ്രകടമാവുമെന്നത് നിഷേധിക്കാനാവാത്ത യാഥാര്‍ഥ്യമാണ്. പുനര്‍മൂല്യനിര്‍ണയത്തില്‍ പത്തു ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് അധികമായി ലഭിച്ചിരുന്നെങ്കില്‍ മാത്രമാണ് നേരത്തേ വിദ്യാര്‍ഥിക്ക് പുതിയ മാര്‍ക്ക് നല്‍കിയിരുന്നുള്ളൂ. ഇപ്പോളത് അഞ്ചുശതമാനമാക്കിയത് കുട്ടികള്‍ക്ക് ആശ്വാസമാണ്. മുഴുവന്‍ മാര്‍ക്ക് ലഭിക്കാന്‍ സാഹചര്യമുണ്ടെങ്കിലോ വിജയിക്കാന്‍ സാധ്യതയുണ്ടെങ്കിലോ അഞ്ച് ശതമാനത്തില്‍ താഴെയുള്ള മാര്‍ക്കും അനുവദിക്കും. തങ്ങളുടെ കുട്ടികള്‍ക്ക് ഒരു മാര്‍ക്ക് അധികം കിട്ടുന്നതുപോലും അധ്യാപകര്‍ക്കും താത്പര്യമുള്ള കാര്യമാണ്. അതേസമയം, രണ്ടു മാര്‍ക്ക് വ്യത്യാസത്തിനുവരെ ആദ്യം മൂല്യനിര്‍ണയം നടത്തിയ അധ്യാപകരെ ശിക്ഷിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. മാര്‍ക്ക് വ്യത്യാസംവന്ന കുട്ടികളുടെയെല്ലാം രജിസ്റ്റര്‍ നമ്പര്‍ മൂല്യനിര്‍ണയക്യാമ്പുകളിലേക്ക് അയച്ചുനല്‍കി ആദ്യം ആ പേപ്പര്‍ ആരാണ് നോക്കിയത് എന്നാണ് ആരായുന്നത്. തിരുവനന്തപുരത്തേക്ക് വിളിപ്പിച്ച് താക്കീത്, മൂല്യനിര്‍ണയ പ്രതിഫലം, ഏണ്‍ഡ് ലീവ് സറണ്ടര്‍ എന്നിവ തിരിച്ചുപിടിക്കല്‍, സെന്‍ഷ്വര്‍, ഇന്‍ക്രിമെന്റ് സഞ്ചിതപ്രാബല്യമില്ലാതെ തടയല്‍ തുടങ്ങിയ നടപടികള്‍ സ്വീകരിച്ചുവരുന്നതായി ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റ് വിവരാവകാശനിയമപ്രകാരം നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു.

2017-2019 വര്‍ഷങ്ങളില്‍ ഇത്തരത്തില്‍ 108 അധ്യാപകരാണ് നടപടിനേരിട്ടത്. രണ്ടു മാര്‍ക്ക് വ്യത്യാസംവന്നതിനാണ് കണ്ണൂര്‍ പയ്യന്നൂരിലെയും ശ്രീകണ്ഠപുരത്തെയും രണ്ട് അധ്യാപകര്‍ ശിക്ഷിക്കപ്പെട്ടത്. ഇക്കാരണത്താല്‍ പുനര്‍മൂല്യനിര്‍ണയത്തില്‍ മാര്‍ക്ക് കൂട്ടിനല്‍കാതെ ആദ്യം പേപ്പര്‍ നോക്കിയ സഹപ്രവര്‍ത്തകനെ സഹായിക്കുക എന്ന തീരുമാനത്തില്‍ ചില അധ്യാപരെങ്കിലുമെത്തുമ്പോള്‍ ആത്യന്തികമായി തിരിച്ചടിയാവുന്നത് കുട്ടികള്‍ക്കാണ്.

വിയോജിപ്പുകള്‍ക്ക് സ്ഥാനമില്ലാതാവുമ്പോള്‍

ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി. പരീക്ഷയുടെ മുന്നോടിയായി ഫോക്കസ് ഏരിയയുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളുടെ ഭാഗത്തുനിന്നുള്ള ചില ആശങ്കകള്‍ പങ്കുവെച്ചതിനാണ് കണ്ണൂരിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനോട് അധികാരികള്‍ വിശദീകരണം ആവശ്യപ്പെട്ടത്. പരീക്ഷ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്തതിനോ സമരപ്രഖ്യാപനം നടത്തിയതിനോ അല്ല ആ അധ്യാപകന്‍ നടപടിനേരിട്ടത്. ജനാധിപത്യസമൂഹത്തില്‍ അക്കാദമിക് വിഷയങ്ങളില്‍ അഭിപ്രായം പ്രകടിപ്പിക്കാന്‍ അധ്യാപകന് അവകാശമുണ്ടോ എന്നതാണ് ചോദ്യം.

ഏറെനാളത്തെ അധ്യയന, പരീക്ഷാനടത്തിപ്പ് അനുഭവമുള്ള ഒരു അധ്യാപകന്‍ ഫോക്കസ് ഏരിയയുമായി ബന്ധപ്പെട്ട് പ്രസക്തവും അവശ്യവുമായ ചില പ്രശ്നങ്ങള്‍ പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നതിനാണ് 'കുറ്റവാളി'യാക്കപ്പെട്ടത്. ഇത് ഒരു അധ്യാപകനുള്ള താക്കീതായിരുന്നില്ല. ഭയത്തിന്റെ അന്തരീക്ഷം അക്കാദമികമേഖലയിലാകെ പടരുന്നുണ്ടെന്നാണ് പിന്നാലെയുണ്ടായ അനുഭവം. ഈ പരമ്പരയുമായി ബന്ധപ്പെട്ട അധ്യാപകരൊക്കെയും പേരോ സ്‌കൂളോ പറയാതെവേണം പ്രശ്‌നങ്ങള്‍ പറയേണ്ടത് എന്നാണ് ആവശ്യപ്പെട്ടത്. വിയോജിപ്പുകളും എതിര്‍ശബ്ദങ്ങളുമില്ലാത്ത, മുകളില്‍നിന്ന് പറയുന്നത് അനുസരിക്കുന്ന ആള്‍ക്കൂട്ടമായി അധ്യാപകര്‍ മാറുന്നത് അപകടകരമാണ്.

ഡി.പി.ഇ.പി.യുടെ തുടര്‍ച്ചയായി നടപ്പാക്കപ്പെട്ട പാഠ്യപദ്ധതിയുടെ വിളവെടുപ്പ് സംബന്ധിച്ച് വിയോജിപ്പുകളുള്ള അധ്യാപകരേറെയുണ്ട്. ജ്ഞാനനിര്‍മിതിവാദമെന്ന പുരോഗമനപരമായ വിദ്യാഭ്യാസാശയം നടപ്പാക്കാന്‍മാത്രം നമ്മുടെ വിദ്യാലയാന്തരീക്ഷം പാകമായിരുന്നോ എന്നതുള്‍പ്പെടെയുള്ള സംശയങ്ങളാണ് അവര്‍ പങ്കുവെക്കുന്നത്.

പാഠ്യപദ്ധതി നവീകരണത്തിനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാരിപ്പോള്‍. മുന്നനുഭവങ്ങളില്‍നിന്ന് പാഠമുള്‍ക്കൊണ്ടുകൊണ്ടുള്ള പുതുക്കലിനും തിരുത്തലിനും ക്ലാസ്മുറി അനുഭവമുള്ള അധ്യാപകരുടെ അഭിപ്രായങ്ങളും വിലയിരുത്തലുകളും കേട്ടേ മതിയാവൂ. വിശാലമായ ജനാധിപത്യ അന്തരീക്ഷം സൃഷ്ടിക്കുകയെന്നതാണ് ശരിയിലേക്കുള്ള ആദ്യചുവട്.

(അവസാനിച്ചു)

Content Highlights: Overloaded classrooms, A Plus compulsions,Challenges of teachers,workload teachers,series,social


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022

Most Commented