'താഴ്മയായി' പടിയിറങ്ങി, പക്ഷെ ആരാണ് 'മസാൽച്ചി', ഇനിയും 'പ്രേതപരിശോധന' തുടരണോ? മാറണ്ടേ പദാവലികൾ


സരിൻ. എസ്. രാജൻ

പുരുഷനായാലും സ്ത്രീയാണെങ്കിലും മറ്റേത് ജെന്‍ഡറിലോ പെട്ട ആളായാലും മിസ്റ്റര്‍, മിസിസ്സ് എന്നിവയ്ക്ക് പകരം എംഎക്സ് എന്ന പദമാണ് അവിടെ  മുമ്പില്‍ ചേര്‍ക്കുക', ശ്യാമ പറയുന്നു. 

പ്രതീകാത്മക ചിത്രം | ഫോട്ടോ:മാതൃഭൂമി

വന്യൂ വകുപ്പിലെ മേലുദ്യോഗസ്ഥയാണ് രമ (സാങ്കല്‍പികം). ഔദ്യോഗിക കത്തുകള്‍ പ്രകാരം അവര്‍ സാറാണ്. ഇതേ ഓഫീസില്‍ ജോലി ചെയ്യുന്ന രാജീവും സര്‍ തന്നെ. കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ട്രാന്‍സ്‌ജെന്‍ഡറുടെ കാര്യം പിന്നെ പറയേണ്ടതുണ്ടോ... അതും സര്‍ തന്നെ. ചുരുക്കി പറഞ്ഞാല്‍ എല്ലാരും സാറുമാരാണ് സാറെ. എല്ലാം ശീലമായതുകൊണ്ട് തുടർന്നു പോവുകയാണ്. പക്ഷെ ഇത്തരം ലിംഗവിവേചന പദങ്ങള്‍ക്ക് പകരമായി പൊതുപദങ്ങള്‍ അല്ലേ നിലവില്‍ വേണ്ടതെന്ന ചോദ്യങ്ങൾ ഉയർന്നു കഴിഞ്ഞു.

സൂചക പദങ്ങളുടെ അഭാവം വേണ്ട വിധത്തിലുണ്ട് നമ്മുടെ ഭരണ ഭാഷയിൽ. സർക്കാരിന്റെ ഔദ്യോഗിക കത്തുകളില്‍ ഭൂരിഭാഗവും പുരുഷസൂചകപദങ്ങളാണ് പ്രയോഗിക്കുന്നത്. ബ്രിട്ടീഷുകാരുടെ വരവോടെ കേരളത്തില്‍ പതിഞ്ഞ സര്‍, മാഡം വിളികളും മറ്റൊരു കല്ലുകടിയാണ്. അധികാര സ്ഥാനങ്ങളിലിരിക്കുന്നവര്‍ക്ക് മുമ്പില്‍ പൗരന്മാര്‍ വിധേയരാവുക എന്ന ലക്ഷ്യം കൂടി ഇത്തരം വിളികള്‍ക്ക് പിന്നിലുണ്ട്.

"സര്‍/മാഡം വിളിയുടെ ഏറ്റവും വലിയ ആപത്ത് സര്‍ക്കാര്‍ ബഹുമാനിക്കപ്പെടേണ്ട ഒരു വിഭാഗമാണെന്ന തോന്നലാണ്", ഭരണഭാഷയിലെ പദപ്രയോഗങ്ങളിലുണ്ടാവേണ്ട മാറ്റങ്ങള്‍ക്കായി നിരന്തരം പോരാടുന്ന സാമൂഹിക പ്രവര്‍ത്തകനായ ബോബന്‍ മാട്ടുമന്ത പറയുന്നു.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

പൊതുവായിട്ട് ഔദ്യോഗിക കത്തുകളില്‍ സര്‍ എന്ന് തന്നെയാണ് രേഖപ്പെടുത്തുകയെന്ന് പറയുന്നു ടി.ജി സെല്‍ നോഡല്‍ ഓഫീസറും ട്രാന്‍സ്‌ജെന്‍ഡററുമായ ശ്യാമ എസ് പ്രഭ. എന്നാല്‍ വിദേശ രാജ്യങ്ങളില്‍ ഇതിനൊരു ബദല്‍ മാര്‍ഗമെന്നോണം പൊതുപദങ്ങള്‍ ഉപയോഗിക്കാറുണ്ട്. 'വിദേശ രാജ്യങ്ങളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ ടേം ആയി അംഗീകരിച്ച എം.എക്സ് (mx) എന്ന പദമാണ് കൂടുതലായും ഉപയോഗിക്കുക.

പുരുഷനായാലും സ്ത്രീയാണെങ്കിലും മറ്റേത് ജെന്‍ഡറിലോ പെട്ട ആളായാലും മിസ്റ്റര്‍, മിസിസ്സ് എന്നിവയ്ക്ക് പകരം എംഎക്സ് എന്ന പദമാണ് അവിടെ മുമ്പില്‍ ചേര്‍ക്കുക', ശ്യാമ പറയുന്നു.

പുരുഷസൂചക പദങ്ങള്‍ മാത്രമാണ് ഭരണഭാഷയില്‍ നിലവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തരത്തിലുള്ള സൂചക പദങ്ങളില്‍ സമത്വം അത്യന്താപേക്ഷിതമാണെന്ന വാദം ഉയരുമ്പോഴും കാര്യമായ മാറ്റങ്ങളുണ്ടാകുന്നില്ല. ചക്രമുണ്ടായിട്ടും മുന്നോട്ട് നീങ്ങാത്ത വണ്ടിയായി ഭരണഭാഷ തുടരുകയാണ് ''സമത്വം മാത്രമല്ല ഐഡിന്ററ്റി കൂടി വെളിപ്പെടുത്താന്‍ ഇത്തരത്തിലുള്ള പൊതുപദങ്ങള്‍ സഹായകരമാകും. നിലവില്‍ ഔദ്യോഗിക രേഖകളില്‍ ട്രാന്‍സ്ജെന്‍ഡര്‍ എന്ന് തന്നെ രേഖപ്പെടുത്തണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. എല്ലാ വിഭാഗം ആളുകളെ അഭിസംബോധന ചെയ്യാനും ഒരു പൊതുപദം അനിവാര്യമാണ്. നമ്മുടെ ഭാഷാ ഇന്‍സ്റ്റിട്ട്യൂട്ട് അത്തരം കാര്യങ്ങള്‍ക്ക് കൂടി മുന്‍തൂക്കം നല്‍കണം'', ശ്യാമ പറഞ്ഞുനിര്‍ത്തി.

ഇതുപോലെതന്നെയാണ് ശ്രീ, ശ്രീമതി പ്രയോഗങ്ങളും. വിവാഹം കഴിക്കാത്ത പുരുഷനെയും വിവാഹിതനായ പുരുഷനെയും ശ്രീ എന്ന് അഭിസംബോധന ചെയ്യുമ്പോൾ സ്ത്രീകളുടെ കാര്യത്തിൽ വിവാഹം കഴിക്കാത്തവർ കുമാരിയും വിവാഹിതരായവർ ശ്രീമതിയുമാകുന്നു. ഈ വ്യത്യാസം സർക്കാർ സംവിധാനങ്ങളും ഇപ്പഴും പിന്തുടരുകയാണ്.

കല്ലുകടിയാവുന്ന പദങ്ങള്‍

വിധേയത്വ പദങ്ങള്‍, അധികാര പദങ്ങള്‍, അപരിഷ്‌കൃത പദങ്ങള്‍ എന്നിങ്ങനെ മൂന്ന് പദപ്രയോഗങ്ങളാണ് ഭരണഭാഷയില്‍ ശേഷിക്കുന്നത്. 'താഴ്മയായി' അപേക്ഷിക്കുന്നത് വിധേയത്വമാകുമ്പോള്‍ 'സര്‍' വിളി അധികാര പദമാകുന്നു. പ്രേതവിചാരണ, മസാല്‍ച്ചി തുടങ്ങിയ അപരിഷ്‌കൃത പദപ്രയോഗങ്ങളും ഭരണഭാഷയില്‍ തുടരുന്നു. ഇത്തരം സൗഹാര്‍ദമല്ലാത്ത പദങ്ങള്‍ പൊതുജനങ്ങള്‍ക്ക് എന്നും അമിതഭാരം തന്നെയാണ്.

രാജഭരണത്തിന്റെ ഹാങ്ങോവറും ജനാധിപത്യ വ്യവഹാരവും

രാജഭരണത്തിന്റെ ഹാങ്ങോവര്‍ ഇപ്പോഴും നമ്മെ വിട്ടു പോവാത്തതാണ് ഭരണഭാഷയിലെ ഇത്തരം കല്ലുകടികള്‍ക്ക് കാരണമെന്ന് പറയുന്നു കവിയും സാംസ്കാരിക പ്രവർത്തകനുമായ എം.എം സചീന്ദ്രന്‍. 'രാജഭരണത്തിന്റെ ശേഷിപ്പുകളായി ഇപ്പോഴും പല പദങ്ങളും സംസ്ഥാനത്ത് തുടരുകയാണ്. കൊളോണിയന്‍ കാലഘട്ടം ഇത്തരം പദപ്രയോഗങ്ങളെ ഊട്ടിയുറപ്പിച്ചു', സചീന്ദ്രന്‍ പറയുന്നു. രാജഭരണവും ബ്രിട്ടീഷ് സാമ്രാജ്യത്വവുമെല്ലാം പടിയിറങ്ങി. എന്നാല്‍ ജനാധിപത്യത്തിലേക്ക് സംസ്ഥാനം പൂര്‍ണമായി കടന്നുമില്ല. 70 വര്‍ഷമെന്ന കേരളത്തിന്റെ പാരമ്പര്യം ഒരു ജനാധിപത്യ സമൂഹം രൂപപ്പെടാനുള്ള കാലയളവായി കണക്കാക്കാന്‍ കഴിയില്ല. രാജ്യത്തിന്റെ മുന്നോട്ടുള്ള പോക്ക് ഭരണ ഘടന അടിസ്ഥാനമാക്കിയാണ്. അതിനാല്‍ ജനാധിപത്യമാണ് മുന്നില്‍ നില്‍ക്കേണ്ടതെന്നും പറയുന്നു എം.എം സചീന്ദ്രന്‍.

ജനാധിപത്യരാജ്യത്ത് ഒരു പൗരന്‍ വിധേയപ്പെടേണ്ട ആവശ്യമുണ്ടോ എന്ന ചോദ്യമാണ് ഇത് ഉയര്‍ത്തി കൊണ്ടുവരുന്നത്. നോട്ടീസുകളില്‍ അധ്യക്ഷ എന്ന് അച്ചടിക്കേണ്ടയിടത്ത് അധ്യക്ഷന്‍ എന്നാണെങ്കില്‍ ചിലപ്പോള്‍ ചോദ്യം ചെയ്യപ്പെടും. ഇത്തരം ചോദ്യങ്ങളിലൂടെ മാത്രമേ ജനാധിപത്യ വ്യവഹാരം പൂര്‍ത്തിയാക്കപ്പെടുകയുള്ളൂ. അത്തരമൊരു അവസ്ഥയിലേക്ക് നമ്മുടെ സമൂഹം രൂപാന്തരപ്പെടേണ്ടിയിരിക്കുന്നു.

ലിംഗവിവേചനം മാത്രമല്ല കടിച്ചാല്‍ പൊട്ടാത്ത പദങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ട് നമ്മുടെ ഭരണഭാഷയില്‍. പൊതുജനങ്ങളെ ഭരണ സംവിധാനങ്ങളോട് ചേര്‍ത്തു നിര്‍ത്തുവാന്‍ വേണ്ടിയാണ് പ്രാദേശിക ഭാഷ ഭരണ ഭാഷയായി തിരഞ്ഞെടുക്കുന്നത്. പക്ഷേ കേരളത്തില്‍ ഇതിന് വിപരീത ഫലമാണുണ്ടായിരിക്കുന്നത്. പൊതുജനങ്ങളോട് ചേര്‍ന്ന് നില്‍ക്കേണ്ട ഭരണഭാഷ പക്ഷേ അവരുള്ള സ്ഥലത്ത് നിന്നും രണ്ട് കൈ അകലം മാറിയാണിരിക്കുന്നത്.

കെ.ഡിയും കെ.ഡി ലിസ്റ്റും

കെ. ഡി എന്ന പദം യഥാര്‍ത്ഥത്തില്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഭരണകാലത്ത് ഗവര്‍ണര്‍ ജനറല്‍ മെക്കാളെയുടെ കാലഘട്ടത്തില്‍ പീനല്‍ കോഡില്‍ ചേര്‍ത്ത പദമാണ്. അറിയപ്പെടുന്ന കള്ളന്‍ (Known Depredator ) എന്നതിന്റെ ചുരുക്കപ്പേരാണ് കെ. ഡി (KD). കവര്‍ച്ച പോലുള്ള കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന കുറ്റവാളിയാണ് കെഡി (KD). എന്നാൽ ചെറിയ പെറ്റി കേസിൽ പെട്ടവരെ വരെ സ്റ്റേഷന്‍ ഡയറിയുടെ ഭാഗമായി കെഡി ലിസ്റ്റ് എന്നറിയപ്പെടുന്ന പ്രാദേശിക കുറ്റവാളികളുടെ ലിസ്റ്റിൽപ്പെടുത്തി സൂക്ഷിക്കുന്നത് ഇപ്പോഴും ചിലയിടങ്ങളിലെങ്കിലും തുടരുന്നുണ്ട് .

കൊളോണിയൽ പദങ്ങൾ സംബന്ധിച്ച് ബോബൻ മാട്ടുമന്ത നൽകിയ പരാതി

റവന്യു വകുപ്പിലെ കോളോണിയല്‍ പദങ്ങളാണ് ഒറ്റി, കുരവ എന്നിവ. ഒറ്റി എന്നാല്‍ പണയം വെയ്ക്കുന്ന രേഖ എന്നും കരുവ എന്നാല്‍ ചെളിക്കെട്ടിയ വയല്‍ എന്നുമാണ് അര്‍ത്ഥം.

മറ്റ് പദങ്ങളിങ്ങനെ...

നഞ്ച: വയല്‍, പാടം

പുഞ്ച: ഭൂമി

ജമതിരി, പോക്കുവരവ്: റജിസ്റ്റര്‍ ചെയ്ത ഭൂമി റവന്യുരേഖകളില്‍ സ്വന്തം പേരിലാക്കി മാറ്റുന്ന രീതി

വെറുമ്പാട്ടം: പട്ടയം ലഭിക്കാത്ത സ്ഥലത്തിന്റെ കൈമാറ്റ ആധാരങ്ങള്‍...

ഒറ്റി: പണയംവയ്ക്കുന്ന രേഖ

കുരവ: ചെളികെട്ടിയ വയല്‍

പട്ടാദാര്‍-പട്ടയത്തിന്റെ ഉടമ

കുഴിക്കൂറ്-ഭൂമിയിലെ വൃക്ഷലതാദികള്‍

ചമയങ്ങള്‍-ഭൂമിയിലെ മനുഷ്യ നിര്‍മ്മിത വസ്തുക്കള്‍ (വീട്,കിണര്‍ മുതലായവ)

സ്ഥാവര വസ്തു-ഭൂമി

ജംഗമ വസ്തുക്കള്‍-ഇളകുന്ന മുതലുകള്‍

കിസ്ത്-അടവാക്കേണ്ട നികുതി

കിസ്ത് ബന്ധി-നികുതി അടവാക്കേണ്ട തീയതി (ഇവ രണ്ടും അടിസ്ഥാന ഭൂനികുതിയല്ലാത്ത മറ്റ് നികുതികളെ സംബന്ധിച്ച പ്രയോഗങ്ങളാണ്)

പോക്കുവരവ്- ഒരു തണ്ടപ്പേരിലുള്ള ഭൂമിയില്‍നിന്ന് കുറച്ച് മറ്റൊരാള്‍ക്ക് നല്‍കുമ്പോള്‍ പുതിയതായി വാങ്ങുന്ന ആള്‍ക്ക് പുതിയ തണ്ടപ്പേര്‍ നല്‍കുന്നു. നേരത്തെയുള്ള തണ്ടപ്പേരില്‍ നിന്ന് ഭൂമി പോക്കും പുതിയ തണ്ടപ്പേരില്‍ വരവുമാണ് പോക്കുവരവ്.

ജമാബന്ധി-ലാന്റ് റവന്യൂ വരവുകളുടെ വാര്‍ഷിക ഓഡിറ്റാണ് ജമാബന്ധി. ജില്ലാ കളക്ടറോ അദ്ദേഹത്തിന് വേണ്ടി അധികാരപ്പെടുത്തുന്ന റവന്യൂ ഉദ്യോഗസ്ഥരോ നടത്തുന്ന വാര്‍ഷിക വില്ലേജ് ഓഫീസ് പരിശോധനയാണിത്.

ഹുസൂര്‍ ശിരസ്തദാര്‍(എച്ച്.എസ്.)- കളക്ടറേറ്റിലെ പ്രത്യേക ഉദ്യോഗസ്ഥ പദവി

മസാല്‍ച്ചി-ആര്‍.ഡി.ഒ. ഓഫീസുകളിലെ തൂപ്പുജോലി ചെയ്യുന്നയാള്‍.

ഡഫേദാര്‍- കോടതിയിലും കളക്ടേററ്റിലും ഫയലുകൾ എടുത്തു കൊടുക്കുന്ന സഹായി

സാധാരണക്കാർക്ക് മനസ്സിലാകാത്ത ഇത്തരത്തിലുള്ള പല പ്രയോഗങ്ങളിലും മാറ്റം വരേണ്ടതുണ്ട്.

വിവാഹ രജിസ്‌ട്രേഷന്‍ ഒരു വര്‍ഷം വൈകിയാല്‍ മാപ്പ് അപേക്ഷ നല്‍കണമെന്ന് ചൂണ്ടിക്കാട്ടിയുള്ള കത്ത്‌

ഭീതിപ്പെടുത്തുന്ന അധികാരപദ പ്രയോഗങ്ങള്‍

അധികാര ഗര്‍വ് കാട്ടാനായി പദപ്രയോഗങ്ങളുപയോഗിക്കുന്നതും വിരളമല്ല. പലപ്പോഴും പരാതിയിന്മേലുള്ള വിശദീകരണത്തിനായി പൗരന്മാരെ ഭരണ വകുപ്പ് വിളിക്കുമ്പോള്‍ ഹാജരാക്കേണ്ടതാണ് എന്നാണ് രേഖപ്പെടുത്തുക. ഹാജരായില്ലെങ്കില്‍ എന്തോ വലിയ വിപത്ത് അല്ലെങ്കില്‍ കേസുണ്ടാകുമെന്ന പ്രതീതിയാണ് ഇത് ജനിപ്പിക്കുക. 1996-ലെ കെട്ടിട നിര്‍മ്മാണതൊഴിലാളി ക്ഷേമനിധി സെസ്സ് ആക്ട് പ്രകാരം കെട്ടിട ഉടമ അയാള്‍ നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ ചെലവിന്റെ ഒരു ശതമാനം സെസ്സായി അടച്ചില്ലെങ്കില്‍ ജപ്തി നടപടികള്‍ സ്വീകരിക്കുമെന്നാണ് സര്‍ക്കാര്‍ നോട്ടീസ് വരിക. ജപ്തി എന്ന വാക്കിന്റെ അര്‍ത്ഥം കുട്ടികള്‍ക്ക് പോലും സുപരിചിതമാണ്. ഇത്തരം വാക്കുകള്‍ക്ക് പകരം സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ഭാവിയില്‍ ലഭിച്ചേക്കില്ല എന്നാക്കാവുന്നതാണെന്ന് ബോബൻ മാട്ടുമന്ത പറയുന്നു. സര്‍ക്കാര്‍ അധികാരം ഉപയോഗിച്ച് ജനങ്ങളെ ഭയപ്പെടുത്തുകയാണിവിടെയെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു

ജപ്തി നടപടികള്‍ സ്വീകരിക്കുമെന്ന് ചൂണ്ടിക്കാട്ടിയുള്ള കത്ത്‌

ബഹു. പ്രയോഗങ്ങള്‍

ബഹു. പദങ്ങള്‍ തീര്‍ച്ചയായും ബഹുമാനം അര്‍ഹിക്കുന്നവര്‍ക്ക് ചേരുന്നത് തന്നെയാണ്. അതില്‍ തര്‍ക്കമില്ല. എന്നാല്‍ ഇത്തരത്തില്‍ ബഹു. വിശേഷണം അര്‍ഹിക്കുന്നവരുടെ കൃത്യമായ പട്ടിക സര്‍ക്കാര്‍ തയ്യാാക്കിയിട്ടില്ല. അതിവിശേഷണ പദങ്ങളാണ് ബഹു. ബഹു.മുഖ്യമന്ത്രി മുതല്‍ ബഹു. പ്രിന്‍സിപ്പല്‍ സെക്രട്ടറി വരെ ബഹു അര്‍ഹിക്കുന്ന ബഹുമാനപ്പെട്ടവരുടെ നീണ്ട നിര തന്നെയുണ്ട്. എന്നാല്‍ ആരൊക്കെയാണ് ബഹു. എന്ന ബഹുമാന സൂചക പദത്തിന് അര്‍ഹരെന്ന് സര്‍ക്കാര്‍ പട്ടികപ്പെടുത്തിയിട്ടുമില്ല.

മാപ്പ് അപേക്ഷിക്കുമ്പോള്‍

സംസ്ഥാനത്ത് വിവാഹ രജിസ്ട്രേഷന് ഒരു വര്‍ഷം വൈകിയാല്‍ മാപ്പ് അപേക്ഷയും സത്യവാങ്മൂലവും നല്‍കണമെന്നാണ് നിയമം. ഏതെങ്കിലും പരാതിയുടെ പുറത്തോ മറ്റോ കൂടിക്കാഴ്ചയ്ക്ക് വിളിച്ചിട്ട കൃത്യസമയത്ത് എത്തിച്ചേരാന്‍ കഴിഞ്ഞില്ലെങ്കില്‍ ബോധിപ്പിക്കാനുള്ളത് രേഖാ മൂലം ആവശ്യപ്പെടുന്നതല്ലേ ജനാധിപത്യപരം. മാപ്പ് അപേക്ഷയ്ക്ക് പകരം കാലതാമസം ബോധ്യപ്പെടുത്താനുള്ള ഒരു കത്ത് അല്ലേ വേണ്ടത്. മാപ്പ് കൊടുക്കാന്‍ അര്‍ഹതയുള്ളത് ഇന്ത്യന്‍ പ്രസിഡന്റിനും ജ്യുഡീഷ്യറിക്കുമാണ്. ഉദാ-വധശിക്ഷ വിധിച്ച ഒരാള്‍ വിധി പുനഃപരിശോധിക്കാന്‍ വേണ്ടിയുളള ഹര്‍ജി നല്‍കി അത് കോടതി തള്ളിയാല്‍ പിന്നെയെത്തുക പ്രസിഡന്റിന് മുമ്പിലാണ്.

ഹാജരാക്കേണ്ടതാണെന്ന് കാണിച്ചു കൊണ്ടുള്ള കത്ത്

തുക്കിടിസായിപ്പില്‍ നിന്ന് കലക്ടറിലേക്ക്

പണ്ടത്തെ സബ് കളക്ടർ, ആർഡിഒ റാങ്കിലുള്ളവർ തുക്കിടി സായിപ്പ് എന്നാണ് അറിയപ്പെട്ടിരുന്നത്. രാജഭരണത്തിന്റെ അവശേഷിപ്പുകളായി തുടര്‍ന്ന ഇത്തരം പദങ്ങള്‍ ഇപ്പോള്‍ പടിയിറങ്ങിയെങ്കിലും കൊളോണിയന്‍ ഭരണത്തിന്റെ അവശേഷിപ്പുകള്‍ ശേഷിക്കുകയാണ്. ഇത്തരം പ്രധാനപദവിയിലില്ലാത്തവരുടെ പേരുകളിൽ മാറ്റം വന്നില്ലെന്നത് വിവേചനപരമാണ്. കളക്ടറേറ്റ് സുരക്ഷയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന ഡഫേദാര്‍, ചൗക്കീദാര്‍ എന്നീ രണ്ട് പേരുകൾ രാജഭരണകാലം മുതൽ ഇപ്പോഴും തുടരുന്നു. അവരുടെ വേഷത്തിലും ഇപ്പോഴും മാറ്റമില്ല. ഇത് രണ്ട് തരത്തിലുള്ള സന്ദേശമാണ് പൊതുജനങ്ങള്‍ക്ക് നല്‍കുന്നത്.

കോടതി ഭാഷ

കോടതിയില്‍ ഉപയോഗിച്ചിരുന്ന യെസ് മൈ ലോഡ് എന്ന വിളിയിൽ മാറ്റം വന്നത് അതിലെ വിധേയത്വ പ്രശ്നം ചൂണ്ടിക്കാട്ടിയാണ്. മൈ ലോഡ് എന്നത് കുറെ കൂടി വിധേയപ്പെടുന്ന പദങ്ങളാണ്. മൈ ലോര്‍ഡ് എന്നാല്‍ പ്രഭുവെന്നാണ് അര്‍ത്ഥം. ഭരണഘടനയ്ക്ക് വിധേയപ്പെട്ടാണല്ലോ നമ്മള്‍ ജീവിക്കുന്നത്. ഇപ്പോള്‍ യെസ് യുവര്‍ ഓണറാണ്.

ബഹു പദത്തിന് അർഹരായവരുടെ പട്ടിക തയ്യാറാക്കിയിട്ടില്ലെന്ന് ബോബൻ മാട്ടുമന്തയ്ക്ക് വിവരാവകാശ നിയമ പ്രകാരമുള്ള മറുപടി

മഹാരഥന്മാരെ പോലും പ്രേതങ്ങളാക്കിയ പ്രേതവിചാരണ

ഭാഷയിലുണ്ടാവുന്ന പരിവര്‍ത്തനങ്ങള്‍ രേഖപ്പെടുത്തുന്നതാണ് ഔദ്യോഗിക ഭാഷാ വകുപ്പിന്റെ ചുമതല. പക്ഷെ അത് വേണ്ട രീതിയിൽ നടക്കുന്നില്ലെന്നതിന്റെ ഉദാഹരണമാണ് പോസ്റ്റ്മോർട്ടത്തിന് പകരമായി പ്രേതപരിശോധന എന്ന പദം ഉപയോഗിക്കുന്നത്. യുക്തിക്ക് നിരക്കാത്തത് മാത്രമല്ല ഇത്തരം പദങ്ങളുടെ പ്രശ്നം. പലപ്പോഴും ഇത് വ്യക്തികളോടുള്ള അവഹേളനം കൂടിയാണ്.

മൃതദേഹം കണ്ടാല്‍ പോലീസുകാര്‍ തൊപ്പി ഊരുന്നത് പോലും മൃതശരീരത്തോടുളള ആദര സൂചകമാണെന്നിരിക്കെയാണ് ഇത്തരം പദങ്ങള്‍ ഭരണ ഭാഷയില്‍ ശേഷിക്കുന്നത്. മാധ്യമങ്ങള്‍ പണ്ട് ഉപയോഗിച്ചിരുന്ന ശവം എന്ന വാക്ക് മെല്ലെ അച്ചടി കടലാസുകളില്‍ നിന്നും പിന്‍വലിഞ്ഞു. പദങ്ങള്‍ മാറ്റാന്‍ അധികാരമുള്ള ആഭ്യന്തര വകുപ്പും ഇത്തരത്തിലൊരു മാറ്റത്തെ പറ്റി ചിന്തിച്ചു തുടങ്ങിയിട്ടില്ല. മൃതദേഹത്തിന് കാവല്‍ നില്‍ക്കുന്ന ഡ്യൂട്ടിയുടെ പേര് ഇന്നും പ്രേത ബന്ധവസ്സ് ഡ്യൂട്ടിയാണ്.

പ്രേതവിചാരണ എന്ന പദം നീക്കം ചെയ്യണമെന്നത് സംബന്ധിച്ച ബോബൻ നൽകിയ പരാതിയിലുള്ള മറുപടി

നിലവില്‍ പ്രേതവിചാരണയ്ക്ക് എതിരെ ബോബന്‍ മാട്ടുമന്ത നല്‍കിയ പരാതി ആഭ്യന്തര വകുപ്പ് പരിശോധിച്ചു വരികയാണ്. ''പ്രേതവിചാരണയ്ക്ക് എതിരായി നല്‍കിയ പരാതി ആഭ്യന്തര വകുപ്പിലെ നിയമവകുപ്പിന് കീഴിലാണ്. എഡിജിപിമാരുടെ യോഗത്തില്‍ ഇത്തരം പദങ്ങള്‍ മാറ്റുന്നതിനോട് യോജിച്ചിട്ടുണ്ട്', ബോബന്‍ പറയുന്നു.

''ഇവിടെയുള്ള പ്രധാന പ്രശ്നം മലയാളത്തിലെ പ്രേതമല്ല സംസ്‌കൃതത്തിലെ പ്രേതം. സംസ്‌കൃതത്തില്‍ ശവശരീരമെന്ന അര്‍ത്ഥത്തിലാണ് പ്രേതമെന്ന വാക്ക് പലപ്പോഴും വ്യാഖ്യാനിക്കപ്പെടുന്നത്.'', സചീന്ദ്രന്‍ കൂട്ടിച്ചേര്‍ക്കുന്നു.

ഭരണഭാഷയിൽ നിലവിൽ ഉപയോഗിക്കുന്ന ഇത്തരം വിവിധ പദാവലികൾ ലിംഗവിവേചനം നിറഞ്ഞതും വിധേയത്വമുള്ളതുമാണ്. അത്തരത്തിൽ മാറ്റം വരണമെന്ന് കരുതുന്ന വിവേചനപരമായ വാക്കുകളും പദാവലികളും വായനക്കാർക്കും നിർദേശിക്കാം. അയക്കേണ്ട വാട്സാപ്പ് നമ്പർ: 9400318888 മെയിൽ : onlinedeskmbi@gmail.com

Content Highlights: Outdated and apolitical terms used in official language

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
arvind kejriwal, sabu m jacob

1 min

കേരളവും പിടിക്കുമെന്ന് കെജ്‌രിവാള്‍; ട്വന്റി ട്വന്റിയുമായി ആം ആദ്മി പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു

May 15, 2022


Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022

More from this section
Most Commented