തെരുവില്‍ പ്രതിഷേധിക്കുന്ന കന്യാസ്ത്രീമാരോട്; ഭയപ്പെടേണ്ട, കര്‍ത്താവ് നിങ്ങള്‍ക്കൊപ്പമുണ്ട്


By ഡോ എം സുമിത്ര

3 min read
Read later
Print
Share

"രണ്ടര മാസം പിന്നിട്ടിട്ടും ഇരകള്‍ക്കൊപ്പം എന്ന് ഉറച്ചു പറയാന്‍ സി പി എമ്മിന്റെ പ്രമുഖ നേതാക്കളെ കണ്ടില്ല".

മാനതകളില്ലാത്ത വിപ്ലവമാണ് സംസ്ഥാനത്ത്. നീതി തേടി വിലപിക്കുകയാണ് ഒരു പറ്റം നിസ്സഹായരായ കന്യാസ്ത്രീകള്‍. അവര്‍ പറയുന്നു-''ഉടുതുണി മാത്രമേയുള്ളൂ. പോലീസും സഭയും സര്‍ക്കാരും ഞങ്ങളെ കൈവിട്ടിരിക്കുന്നു. എന്നാലും സഹോദരിക്കു വേണ്ടി ഞങ്ങള്‍ സമരം തുടരും. '
ദിവസം എഴുപത്തിയഞ്ചായി ആ സഹോദരി പരാതിപ്പെട്ടിട്ട്. ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചു എന്നാണ് പരാതി.

പലവട്ടം പോലീസെത്തി സഹോദരിയെ ചോദ്യം ചെയ്തു. ഒരു തവണ പേരിന് ബിഷപ്പിനേയും. സംസ്ഥാന പോലീസിനെ ഇളിഭ്യരാക്കി അന്ന് ബിഷപ്. കാക്കിക്കാര്‍ കാത്തുനിന്നു. ബിഷപ് അരമനയില്‍നിന്ന് ഇറങ്ങി. ഇടവകയില്‍ സഞ്ചരിച്ചു. അവസാനം തിരിച്ചു വന്നു. പോലീസ് തിരിച്ചു പോന്നു.

സ്ത്രീകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് വന്ന സര്‍ക്കാരാണ് ഇത്. ജിഷയുടെ ചോരയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്. ഇപ്പോള്‍ നിരാലംബരായി കേഴുകയാണ് കന്യാസ്ത്രീകള്‍.

ജറമിയാ പ്രവാചകന്‍ പറയുന്നുണ്ട്. മ്ലേച്ഛതയെ പിന്തുടര്‍ന്ന് മ്ലേച്ഛരായിത്തീര്‍ന്ന ജനതയെ പറ്റി. വെള്ളരിത്തോട്ടത്തിലെ നോക്കുകുത്തി പോലുള്ള ദൈവങ്ങളെ പറ്റി. ലജ്ജിക്കാന്‍ പോലും മറന്നു പോയവരെ പറ്റി. പഴയ നിയമം മറിച്ചു നോക്കിയാല്‍ മതി. വിലാപങ്ങള്‍ കാണാം.

അഞ്ചു പതിറ്റാണ്ട് മുമ്പാണ് ആദ്യമായി ഒരു കന്യാസ്ത്രീയെ അടുത്തു കണ്ടത്. ആശുപത്രിക്കിടക്കയില്‍ വച്ച്. അഞ്ചാം പനിയും മഞ്ഞപ്പിത്തവും ഒന്നിച്ചു വന്ന കുട്ടിക്ക് ഇന്‍ജക്ഷനെ പേടി. അന്ന് സിസ്റ്റര്‍ ജസീന്ത അടുത്തെത്തി. ''അയ്യേ , എന്താദ്? കൊതുകു കുത്തുന്ന പോലെ അല്ലേ ഉള്ളൂ. ദാ , കഴിഞ്ഞു.''

പിന്നീട് ഞങ്ങളെ പഠിപ്പിക്കാന്‍ വന്നു കന്യാസ്ത്രീകള്‍. പലരും കാര്‍ക്കശ്യക്കാര്‍. അതിലെ കരുണയും കരുതലും മനസ്സിലായത് പിന്നീടാണ്. കര്‍ത്താവിലുള്ള അചഞ്ചലമായ വിശ്വാസം അവരെ നയിച്ചു. ഓശാനപ്പെരുന്നാളിന് കുരുത്തോലയുമായി അവരെ കണ്ടു. രാഷ്ട്രീയം പറയാറില്ല മിക്കവരും. കമ്യൂണിസ്റ്റുകാരെ ഇഷ്ടമല്ലാത്തത് അവര്‍ പള്ളിക്ക് എതിരായതിനാലാണ്.

വിമോചനസമരത്തിന് കന്യാസ്ത്രീകള്‍ തെരുവില്‍ ഇറങ്ങി എന്ന് ചരിത്രം. പിന്നെ സംഘടിതമായി തെരുവില്‍ അവര്‍ മുദ്രാവാക്യം വിളിച്ചത് ക്രിസ്തുവിന്റെ ആറാം തിരുമുറിവ് നാടകത്തിന് എതിരായാണ്. പിന്നീടും പലവട്ടം അവരെ കണ്ടു. വ്യാജമദ്യത്തിന് എതിരേ, നിസ്സഹായര്‍ക്കൊപ്പം. മത്സ്യത്തൊഴിലാളി മേഖലയില്‍ സിസ്റ്റര്‍ ആലീസും സിസ്റ്റര്‍ ജെമ്മയുമൊക്കെ വാര്‍ത്തകളായി.

ഉത്തേരന്ത്യയിലെ വിദൂര ഗ്രാമങ്ങളില്‍ കന്യാസ്ത്രീകള്‍ വിദ്യയുടെ വെളിച്ചമായി. സിസ്റ്റര്‍ സുധയും വത്സാ ജോണുമൊക്കെ ഇതിഹാസങ്ങളായി. ഉത്തരാഖണ്ഡിലെ മഞ്ഞുപാളികളില്‍ അവര്‍ ആതുരശുശ്രൂഷയ്‌ക്കെത്തി. ജബല്‍പുരിലെ പിന്നാക്ക ഗ്രാമങ്ങളില്‍ അവരേ ചെന്നിട്ടുള്ളൂ പ്രാര്‍ത്ഥനയും മരുന്നുമായി. അകറ്റിനിര്‍ത്തപ്പെട്ടവരിലേക്ക് ആശ്വാസമായി.

ക്രിസ്തുവിന്റെ ആറാം തിരുമുറിവിന് എതിരായ സമരത്തിലാണ് ആദ്യമായി അവരെ സമരമുഖത്ത് കണ്ടത്. പിന്നേയും പലവട്ടം അവര്‍ സമരത്തിനെത്തി. വൈപ്പിനില്‍ മദ്യത്തിന് എതിരേ. കുടിവെള്ളത്തിന് വേണ്ടി ജനങ്ങള്‍ക്കൊപ്പം. കരയുന്ന ഇടവകയുടെ കണ്ണീര്‍മുഖമായി സഹോദരിമാര്‍.

തിരുവസ്ത്രത്തിനുള്ളിലെ കണ്ണീരും കേട്ടിട്ടുണ്ട് പലവട്ടം. സിസ്റ്റര്‍ ജെസ്മി പറഞ്ഞപ്പോള്‍ അത് എല്ലാവരും അറിഞ്ഞു. ബലിയര്‍പ്പിക്കാന്‍ കര്‍ത്താവിന്റെ മണവാട്ടികളെ ചില പുരോഹിതരെങ്കിലും തേടി എന്ന് അല്‍മായര്‍ അടക്കം പറഞ്ഞു. സിസ്റ്റര്‍ അഭയ ദൂരൂഹമായി മാഞ്ഞുപോയി. പരസ്യപ്പെട്ടതില്‍ ഒടുക്കത്തേതാണ് ജലന്ധര്‍ ബിഷപ്.

പറഞ്ഞല്ലോ, ഇപ്പോഴത്തേത് വലിയ വിപ്ലവമാണ്. ഓര്‍മ്മ ഉറച്ചപ്പോള്‍ തൊട്ടേ കൊടി പിടിച്ച അനുഭവമുള്ള കുട്ടികളും പീഡിപ്പിക്കപ്പെടുന്നുണ്ട് ഇവിടെ. വിപ്ലവകാരികള്‍ പുറത്ത് പറയാന്‍ ധൈര്യപ്പെടുന്നേയില്ല. അന്നേരമാണ് ഒരിക്കല്‍ പോലും പുറത്തു വന്നിട്ടില്ലാത്തവര്‍ കടന്നുവരുന്നത്. കണ്ണില്ലാത്ത അധികാരത്തിന് മുന്നില്‍ പ്രതിഷേധത്തിന്റെ അഗ്‌നി കൊളുത്തുന്നത്.
അവരോട് നമ്മുടെ മുഖ്യാധാരാ നേതാക്കള്‍ കാണിക്കുന്ന അവഗണനയുണ്ടല്ലോ. അതാണ് നമ്മളെ നാളെയുടെ നാണക്കേടുകളാക്കുന്നത്.

രണ്ടര മാസം പിന്നിട്ടിട്ടും ഇരകള്‍ക്കൊപ്പം എന്ന് ഉറച്ചു പറയാന്‍ സി പി എമ്മിന്റെ പ്രമുഖ നേതാക്കളെ കണ്ടില്ല. സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്ക് ഒപ്പമാണോ എന്ന ചോദ്യത്തിന് സി പി ഐ സംസ്ഥാന സെക്രട്ടറിയുടെ മറുപടി ഇങ്ങനെ'' അത് പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ഞങ്ങള്‍ക്ക് പോലീസില്‍ വിശ്വാസമുണ്ട്'' എത്ര എളുപ്പത്തിലാണ് പരാന്നഭോജികളായ ഉദരംഭരികളുടെ പദയാത്രയിലേക്ക് സഖാവ് കാനവും അണി ചേരുന്നത്.

അല്‍പം മുമ്പ് കേട്ടു ബൃന്ദാ കാരാട്ടിന്റെ വാക്കുകള്‍. ''കന്യാസ്ത്രീകളുടേത് അസാമാന്യ ധീരതയാണ്. ഞങ്ങള്‍ അവര്‍ക്കൊപ്പമാണ്'' നല്ലത്. അന്വേഷണത്തില്‍ എന്തെങ്കിലും അപാകതയുള്ളതായി ചെറുപ്പക്കാര്‍ക്ക് തോന്നുന്നതേ ഇല്ല. ഒരിക്കല്‍ കൂടി പറയാതെ വയ്യ. തൊണ്ണൂറ്റഞ്ചു വയസ്സുള്ള വി എസ് അച്യുതാനന്ദന്‍ മാത്രമേയുള്ളൂ ഡി വൈ എഫ് ഐക്കാരനായി.

രമേശ് ചെന്നിത്തല രാഹുല്‍ ഗാന്ധിയെ പോലെ തന്നെ ക്ഷേത്രദര്‍ശനത്തിലാണ്. ഹസ്സന്‍ജിക്ക് പറയാന്‍ ഹര്‍ത്താലുണ്ട്. പി ടി തോമസിനെ മാത്രമേ കണ്ടുള്ളൂ സമരമുഖത്ത്. ഉമ്മന്‍ ചാണ്ടിക്ക് പതിവു പോലെ നിയമം നിയമത്തിന്റെ വഴിക്കാണ്. ബിജെപി നേതാവ് ശ്രീധരന്‍ പിള്ള ക്രിസ്തീയ സഭയുമായുള്ള വിശാല സഖ്യത്തിന്റെ കൂട്ടിക്കിഴിക്കലിലാണ്.

സമരമുഖത്ത് ചെന്ന് ജസ്റ്റിസ് കെമാല്‍ പാഷ പറയുന്നു. ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്ത ഡി ജി പി സംസ്ഥാനത്തിന് നാണക്കേടാണ്. പണ്ടത്തെ സിനിമാപ്പേര് പറയുന്നു പോലീസ്; അന്വേഷിച്ചു, കണ്ടെത്തിയില്ല.

മുഖ്യമന്ത്രി പിണറായി വിജയന്‍ പണ്ടു പറഞ്ഞു. കടത്തുതോണി സമരത്തെ പറ്റി. ബ്രണ്ണന്‍ കോളജിലെ പ്രീഡിഗ്രി കാലം. വഞ്ചിക്കൂലി കൂട്ടിയതിന് എതിരേ സമരം. പുഴയുടെ നടുക്ക് തോണി നിര്‍ത്തി വഞ്ചിക്കാരന്‍ കുട്ടികളെ വിരട്ടി. ഒരു കുട്ടി മാത്രം നിര്‍ഭയനായി മുഖത്ത് നോക്കി നിന്നു. വിരട്ടലും വെല്ലുവിളിയുമൊന്നും ഇങ്ങോട്ട് വേണ്ട എന്നു പിന്നീട് പറഞ്ഞ പിണറായി വിജയന്‍. നേതാക്കള്‍ പിറക്കുന്നത് ജനങ്ങളില്‍നിന്നാണ്.

മുഖ്യമന്ത്രി നാട്ടിലില്ല. കതിരു കൊയ്യാന്‍ മാത്രം പോരാ പകരക്കാര്‍. പതിരു ചേറ്റിക്കളയാനും പക്വത വേണം.

content highlights: Nuns protests at Kochi demands arrest of Jalandhar Bishop Franco Mulakkal

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
little flower school issue
Special Story

6 min

ആണിനും പെണ്ണിനും വെവ്വേറെ ഇടനാഴി,അധ്യാപികമാര്‍ക്ക് കോട്ട്; വിവേചനത്തില്‍ രാജിയുമായി അധ്യാപിക

Sep 20, 2022


trans

4 min

എല്‍.ജി.ബി.ടി.ക്യു അവകാശ സംരക്ഷണത്തിന് സര്‍ക്കാര്‍ നിലപാട് സ്വീകരിക്കണമെന്ന് സംയുക്ത പ്രസ്താവന

Apr 23, 2023


LGBTQ (1)

2 min

ഇറാൻ പ്രക്ഷോഭങ്ങളിൽ ഉയരുന്ന എല്‍ജിബിടിക്യു സ്വരങ്ങള്‍

Apr 19, 2023

Most Commented