പരിഷ്‌കൃതരാജ്യങ്ങളില്‍ പ്രകൃതിദുരന്തങ്ങളുടെ സമയത്ത് അവിടത്തെ സര്‍വകലാശാലകളും മറ്റ് ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളും സര്‍ക്കാറിനെ ഉപദേശിക്കാന്‍ മുന്‍പന്തിയിലുണ്ടാകും. എന്നാൽ കേരളത്തിലെ സർവ്വകലാശാലകളുടെ അത്തരത്തിലുള്ള സംഭാവന ശൂന്യമായിരുന്നുവെന്ന് എഴുത്തുകാരനും സാമൂഹിക നിരീക്ഷകനുമായ എന്‍ എസ് മാധവന്‍. പുതുകേരളം എങ്ങനെ വളരണമെന്നതു സംബന്ധിച്ച് മാതൃഭൂമി ദിനപത്രത്തില്‍ എഴുതിയ നവ കേരളപ്പിറവിയിലെ നവ ചിന്തകൾ എന്ന ലേഖനത്തിലാണ് എൻ എസ് മാധവൻ തന്റെ അഭിപ്രായങ്ങൾ തുറന്നു പറഞ്ഞത്.

നവ കേരളപ്പിറവിയിലെ നവ ചിന്തകളില്‍ എൻ എസ് മാധവൻ പറഞ്ഞത്

  • ആദ്യമായി കേരളം തീരുമാനിക്കേണ്ടത് എന്തായിരിക്കണം വികസനമാതൃക എന്നതാണ്. എന്തായിരിക്കണം പുനര്‍നിര്‍മാണത്തിന്റെ രാഷ്ട്രീയം? പ്രളയം അദ്ഭുതാവഹമായി തുറന്നുകാട്ടിയത് കൊച്ചുകൊച്ചു അനവധി സമൂഹങ്ങള്‍ പ്രകൃതിദുരന്തത്തെ നേരിടാന്‍ മുന്നോട്ടുവന്നുവെന്നാണ്. നമ്മുടെ സമൂഹത്തില്‍ ലീനമായി ഇത്തരമൊരു മഹാശക്തിയുടെ സാന്നിധ്യമുണ്ട്. അത് പരമാവധി ഉപയോഗിക്കുന്ന രീതിയില്‍ പുതിയ കേരളം നിര്‍മിക്കണം. നിര്‍ഭാഗ്യവശാല്‍ കണ്‍സെന്റുകളൈവച്ച് കേന്ദ്രീകൃതപദ്ധതികള്‍ ഉപയോഗിച്ചുള്ള പുനര്‍നിര്‍മാണത്തെക്കുറിച്ചാണ് ആദ്യം കേട്ടത്. പുനര്‍നിര്‍മാണത്തിന് മാനുഷികമായ ഒരു ചട്ടക്കൂട് വേണം. കാരണം, അതിന്റെ പ്രധാന ഇര ജനങ്ങളായിരുന്നു.
  • രണ്ടാമതായി ശ്രദ്ധിക്കേണ്ടത് ജീവിതോപായം നഷ്ടപ്പെട്ടവരെയാണ്. ജോലി നഷ്ടപ്പെട്ടവര്‍ കൂടാതെ കന്നുകാലികള്‍തൊട്ട് പണിയായുധങ്ങള്‍ നഷ്ടപ്പെട്ടവര്‍വരെയുള്ള അസംഖ്യം കുടുംബങ്ങള്‍ ഇപ്പോഴും ദാരിദ്ര്യത്തിലാണ്. അവര്‍ക്ക് സഹായത്തിന് പലയിടത്തും നേരത്തേ പറഞ്ഞ കേരളസമൂഹത്തിന്റെ കരുത്തായ ആദര്‍ശശാലികളായ സന്നദ്ധസേവകര്‍ പ്രളയത്തിനുശേഷവും കൂടെയുണ്ട് എന്നതാണ് ആശ്വാസം. ഈ രംഗത്തേക്ക് വേണ്ടത്ര ശ്രദ്ധ ഉടന്‍ പതിയേണ്ടതുണ്ട്.
  • അടിസ്ഥാനസൗകര്യങ്ങളെപ്പറ്റി പറയുമ്പോള്‍ ഗതാഗതരംഗത്താണ് പ്രളയം ഏറ്റവും കൂടുതല്‍ നാശം വിതച്ചിട്ടുള്ളത്. പിന്നെ കുടിവെള്ളപദ്ധതികളും. ഇവയുടെ പുനര്‍നിര്‍മാണത്തെ സംബന്ധിച്ച് വ്യക്തമായ നിര്‍ദേശങ്ങള്‍ കേരളത്തിലെ പ്രളയക്കെടുതികളെപ്പറ്റി തയ്യാറാക്കിയ യു.എന്‍. റിപ്പോര്‍ട്ടിലുണ്ട്.  സാങ്കേതികവിദ്യക്കുപുറമേ റോഡുകള്‍ക്കും കുടിവെള്ളത്തിനും സാമൂഹികമായ ഒരു മാനവുമുണ്ട്. അവ പലപ്പോഴും പാവപ്പെട്ടവരെയും സമൂഹത്തിന്റെ അടിത്തട്ടില്‍ കിടക്കുന്നവരെയും തഴയുകയാണ് പതിവ്. ഇത്തരം സാമൂഹികമായ വക്രീകരണങ്ങള്‍ മാറ്റുകയെന്നതും പുനര്‍നിര്‍മാണത്തിലൂടെ സാധ്യമാകണം.
  • വീടുകളും ആവാസവ്യവസ്ഥകളും പുനര്‍നിര്‍മിക്കുക എന്നതാണ് മറ്റൊരു മഹാദൗത്യം. മലയാളിയുടെ ഭവനസങ്കല്പം വേരുറച്ചതാണ്; ഈ പ്രളയത്തിന്റെ ദുരിതം അത് മാറ്റുമെന്ന് ഉറപ്പുപറയാനും പറ്റില്ല. അതിവൃഷ്ടിപ്രദേശങ്ങളിലെങ്കിലും നൂതനസങ്കേതികവിദ്യ ബോധവത്കരണത്തിലൂടെ നടപ്പാക്കണം; പരാജയപ്പെട്ടാല്‍ നിയമത്തില്‍ക്കൂടി അടുത്തതായി പരിസ്ഥിതി. 400 പേരുടെ ജീവനെടുത്ത, 14 ലക്ഷം പേരെ ഭവനരഹിതരാക്കിയ മഹാപ്രളയത്തിന്റെ മുഖ്യകാരണം പരിസ്ഥിതിത്തകര്‍ച്ചയാണ്. ഒരു മലനിര, അതില്‍നിന്ന് ഒഴുകുന്ന കുറേ നദികള്‍, മലയ്ക്കും കടലിനും ഇടയില്‍ ഒരു ഇടുങ്ങിയ പ്രദേശം-  കേരളം ശരിക്കുമൊരു വലിയ നീര്‍ത്തടമാണ്. അതിലൂടെ സുഗമമായി ജലത്തിന് സഞ്ചരിക്കാനുള്ള വഴികള്‍ തുറന്നുവയ്ക്കുന്നതിന് വിദഗ്ധര്‍ പറയുന്ന കാര്യങ്ങള്‍, രാഷ്ട്രീയ അസൗകര്യങ്ങള്‍ നോക്കാതെ നടപ്പാക്കണം.
  • വിദഗ്ധരെപ്പറ്റി പറയുമ്പോള്‍ കേരളത്തിലെ ഉന്നതവിദ്യാഭ്യാസമേഖലയുടെ പാപ്പരത്തത്തെക്കുറിച്ചാണ് ഓര്‍ക്കുന്നത്. പരിഷ്‌കൃതരാജ്യങ്ങളില്‍ പ്രകൃതിദുരന്തങ്ങളുടെ സമയത്ത് അവിടത്തെ സര്‍വകലാശാലകളും മറ്റ് ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളും സര്‍ക്കാറിനെ ഉപദേശിക്കാന്‍ മുന്‍പന്തിയിലുണ്ടാകും. ഇവിടെ അവരുടെ സംഭാവന ശൂന്യമായിരുന്നു. അറിവിന്റെ ഈ വലിയ അഭാവത്തിന് മാറ്റമുണ്ടാകാന്‍ ഉന്നതവിദ്യാഭ്യാസം നവകേരളനിര്‍മിതിയില്‍ ഒരു പ്രധാന അജന്‍ഡയായിരിക്കണം.
  • എട്ടുലക്ഷംപേരെ പ്രതീക്ഷിച്ച മൂന്നാറിലെ നീലക്കുറിഞ്ഞിക്കാലത്ത് ആകെ വന്നത് ഒരുലക്ഷംപേര്‍മാത്രം. കേരളത്തിന്റെ പ്രധാന വരുമാനമാര്‍ഗങ്ങളിലൊന്നായ, വളരെയധികം തൊഴില്‍ നല്‍കുന്ന വിനോദസഞ്ചാരമേഖലയില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
  • പ്രളയദിനങ്ങളില്‍ ഒരുമയോടെ മലയാളി കാണിച്ചത് സേവനമനഃസ്ഥിതിയും ആദര്‍ശധീരതയുമാണ്. ഇതൊരു വലിയ മൂലധനമാണ്. ഇതിനെ, അതായത് ജനങ്ങളെ, ഉള്‍പ്പെടുത്തിക്കൊണ്ടായിരിക്കണം പുതിയ കേരളത്തിന്റെ നിര്‍മിതി.

Readmore: നവകേരളപ്പിറവിയിലെ നവ ചിന്തകൾ